- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുട്ടികള്‍ ഇങ്ങനെയൊക്കെ ചാടിക്കയറുമെന്ന് കരുതിയില്ലെന്ന ന്യായമൊന്നും വിലപ്പോവില്ല; മിഥുന്‍ ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ തേവലക്കര സ്‌കൂള്‍ അധികൃതര്‍ക്ക് വീഴ്ച്ച സംഭവിച്ചെന്ന് ഡിപിഐ റിപ്പോര്‍ട്ട്; താഴ്ന്നു കിടക്കുന്ന വൈദ്യുതി ലൈന്‍ മാറ്റുന്നതില്‍ കെ എസ് ഇ ബിയും ഫിറ്റ്‌നസ് നല്കുന്നതില് പഞ്ചായത്തും അനാസ്ഥ കാട്ടി; മിഥുന്റെ അമ്മ സുജ മറ്റന്നാള്‍ നാട്ടിലെത്തും
തേവലക്കര സ്‌കൂള്‍ അധികൃതര്‍ക്ക് വീഴ്ച്ച സംഭവിച്ചെന്ന് ഡിപിഐ റിപ്പോര്‍ട്ട്
കൊല്ലം: കൊല്ലം തേവലക്കര സ്‌കൂളില്‍ എട്ടാം ക്ലാസ്സ് വിദ്യാര്‍ഥി മിഥുന്‍ ഷോക്കേറ്റ് മരിച്ച സംഭവത്തില്‍, വിവിധ വകുപ്പുകള്‍ക്ക് ഗുരുതര വീഴ്ച സംഭവിച്ചതായി വ്യക്തമായി. സ്‌കൂള്‍ അധികൃതര്‍ക്ക് മാത്രമല്ല, പഞ്ചായത്തിനും കെ എസ്ബിക്കും ഒക്കെ വീഴ്ച പറ്റി.
സ്‌കൂളിന് അപകടത്തില്‍ നിന്ന് കൈകഴുകാനാവില്ല
പിടിഎ തീരുമാനപ്രകാരം 10 വര്‍ഷം മുന്‍പാണ് സ്‌കൂളിലെ സൈക്കിള്‍ ഷെഡ് നിര്‍മിച്ചത്. ഇതിന് പഞ്ചായത്തിന്റെ അനുമതി ആവശ്യമില്ലെന്നാണ്
സ്‌കൂള്‍ മാനേജറും സിപിഎം ലോക്കല്‍ കമ്മിറ്റി അംഗവുമായ ആര്‍.തുളസീധരന്‍ പിള്ളയുടെ വാദം. ക്ലാസ്മുറികള്‍ക്ക് മാത്രം വേണ്ട ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ഇക്കുറിയും ലഭിച്ചിരുന്നു. പഞ്ചായത്തിലെ എന്‍ജീനിയര്‍ വന്ന് പരിശോധന നടത്തിയെന്നും അദ്ദേഹം പറഞ്ഞു.
അപകടസാധ്യതയുള്ള സ്ഥലമല്ലെന്നും അദ്ദേഹം വാദിക്കുന്നു. കുട്ടികള്‍ ഇങ്ങനെയൊക്കെ ചാടിക്കയറുമെന്ന് കരുതിയില്ലെന്നും പലക വച്ച് അടച്ചിരിക്കുന്ന സ്ഥലത്തൂടെയുള്ള വിടവിലൂടെയാണ് കുട്ടി ചാടിയതെന്നും തുളസീധരന്‍ പിള്ള പറഞ്ഞു. എന്നാല്‍, സൈക്കിള്‍ ഷെഡ്ഡിന് തൊട്ടുമുകളില്‍ കൂടിയാണ് വൈദ്യുതി ലൈന്‍ പോകുന്നത് എന്നതുകൊണ്ട് തന്നെ സ്‌കൂള്‍ അധികൃതര്‍ക്ക് പൂര്‍ണമായി അപകടത്തില്‍ നിന്് കൈകഴുകാനാവില്ല.
സ്‌കൂളിന് വീഴ്ച സംഭവിച്ചെന്നാണ് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ പ്രാഥമിക റിപ്പോര്‍ട്ടിലും പറയുന്നത്. റിപ്പോര്‍ട്ടില്‍ ചില അനാസ്ഥകള്‍ ചൂണ്ടിക്കാട്ടിയതായി വിദ്യാഭ്യാസ മന്ത്രി പറഞ്ഞു. വിശദമായ റിപ്പോര്‍ട്ട് നാളെ കിട്ടുന്നതിന്റെ അടിസ്ഥാനത്തില്‍ കര്‍ശന നടപടി ഉണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി.
താഴ്ന്നു കിടക്കുന്ന വൈദ്യുതി ലൈന്‍ മാറ്റുന്നതില്‍ മാനേജ്‌മെന്റിന്റെയും കെഎസ്ഇബിയുടെ ഭാഗത്ത് നിന്നുണ്ടായ അനാസ്ഥയാണ് മിഥുന്റെ മരണത്തിന് കാരണം. തദ്ദേശ ഭരണ വകുപ്പിന്റെ എഞ്ചിനീയര്‍ ഇതൊന്നും പരിഗണിക്കാതെ സ്‌കൂളിന് ഫിറ്റ്‌നസ് നല്‍കുകയും ചെയ്തു.
കുറ്റം സമ്മതിച്ച് വൈദുതി വകുപ്പ്
മിഥുന്‍ ഷോക്കേറ്റ് മരിച്ചതിന് പിന്നാലെ കെ എസ് ഇ ബി ജീവനക്കാര്‍ സ്‌കൂളിലെ ഷെഡ്ഡിന് മുകളിലൂടെ ഉള്ള വൈദ്യുതി ലൈന്‍ മാറ്റുകയാണ്. ഇതേ തുടര്‍ന്ന് പ്രദേശത്ത് മണിക്കൂറുകള്‍ വൈദ്യുത തടസമുണ്ടായി. വൈദ്യുതി ലൈന്‍ പൂര്‍ണമായും വിച്ഛേദിച്ചതിന് ശേഷം മാത്രമാകും പ്രദേശത്ത് വൈദ്യുതി പുനഃസ്ഥാപിക്കുകയെന്ന് കെഎസ്ഇബി വ്യക്തമാക്കി.
ലൈന്‍ മാറ്റാന്‍ രണ്ടുദിവസം മുന്‍പ് കെഎസ്ഇബി ഉദ്യോഗസ്ഥര്‍ സ്‌കൂള്‍ മാനേജ്‌മെന്റിനോട് ആവശ്യപ്പെട്ടിരുന്നതായും വൈദ്യുതി മന്ത്രിക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. നിയമപ്രകാരം വൈദ്യുതി ലൈനിന് തറ നിരപ്പില്‍ നിന്ന് 4.6 മീറ്റര്‍ ഉയരം വേണം. എന്നാല്‍ ഉണ്ടായിരുന്നത് തറനിരപ്പില്‍ നിന്ന് 4.28 മീറ്റര്‍ അകലം മാത്രം. ഇരുമ്പ് ഷീറ്റില്‍ നിന്ന് വേണ്ടത് 2.5 മീറ്റര്‍ ഉയരം. പക്ഷേ ഉണ്ടായിരുന്നത് 0.88 മീറ്റര്‍. ലൈന്‍ കേബിള്‍ ചെയ്ത് സുരക്ഷിതമാക്കാന്‍ രണ്ടു ദിവസം മുന്‍പ് ഷെഡ് പൊളിച്ച് നല്‍കാന്‍ കെഎസ്ഇബി സ്‌കൂള്‍ മാനേജ്‌മെന്റിനോട് ആവശ്യപ്പെട്ടിരുന്നു. അടുത്ത യോഗത്തില്‍ വിഷയം ചര്‍ച്ച ചെയ്യുമെന്നാണ് സ്‌കൂള്‍ മാനേജ്‌മെന്റ് അറിയിച്ചിരുന്നെന്നും റിപ്പോര്‍ട്ടിലുണ്ട്. കെഎസ്ഇബിയുടെയും ചീഫ് ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റിന്റെയും റിപ്പോര്‍ട്ടുകളാണ് മന്ത്രിയ്ക്ക് സമര്‍പ്പിച്ചത്. ചീഫ് സേഫ്റ്റി കമ്മീഷണറുടെ അന്വേഷണത്തിനുശേഷം വീഴ്ച വരുത്തിയവര്‍ക്കെതിരെ നടപടി ഉണ്ടാകുമെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍ കുട്ടി വ്യക്തമാക്കി.
ലൈനിന് അടിയില്‍ നിര്‍മ്മാണ പ്രവര്‍ത്തി നടത്തുന്നതില്‍ സ്‌കൂളിന് വീഴ്ച വരുത്തി. ഷെഡ് നിര്‍മ്മിക്കാന്‍ അനുമതി വാങ്ങിയിട്ടുണ്ടോ സംശയമാണെന്നും കെഎസ്ഇബി റിപ്പോര്‍ട്ടില്‍ പറയുന്നു. ഗൂഗിളില്‍ തിരഞ്ഞാല്‍ കിട്ടുന്ന സ്‌കൂളിന്റെ എട്ട് വര്‍ഷം മുമ്പുള്ള ചിത്രത്തിലും വൈദ്യുതിലൈന്‍ താഴ്ന്നുപോകുന്നത് കാണാം. എന്നിട്ടും മാനേജ്‌മെന്റ് നടപടിയെടുത്തില്ല. സിപിഎം നിയന്ത്രണത്തിലുള്ള ജനകീയസമിതിയ്ക്കാണ് സ്‌കൂളിന്റെ നടത്തിപ്പ് ചുമതല.
അതേസമയം, മിഥുന്റെ അമ്മ സുജ മറ്റന്നാള്‍ നാട്ടിലെത്തും. നിലവില്‍ തുര്‍ക്കിയിലുള്ള സുജയെ മിഥുന്റെ മരണ വിവരം അറിയിച്ചിട്ടുണ്ട്. നാളെ വൈകീട്ട് തുര്‍ക്കിയില്‍ നിന്ന് ഇവര്‍ കുവൈറ്റില്‍ എത്തും. ശനിയാഴ്ച രാവിലെയായിരിക്കും തിരുവനന്തപുരത്ത് എത്തുക. മിഥുന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ശാസ്താംകോട്ട താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. സകൂളിന് നാളെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.