വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്തതിന് തൊട്ടു പിന്നാലെ ജനക്കൂട്ടത്തിന്റെ മുമ്പിലിരുന്ന് ഡൊണാള്‍ഡ് ട്രംപ് ഒപ്പിട്ടത് എണ്‍പത് ഫയലുകളിലാണ്. ഇവയില്‍ ഏറ്റവും പ്രധാനപ്പെട്ട ഉത്തരവ് മെക്സിക്കന്‍ അതിര്‍ത്തിയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നതായിരുന്നു. ഈ തീരുമാനം ആയിരങ്ങളെയാണ് കണ്ണീരിലാഴ്ത്തിയത്. അതിര്‍ത്തി കടക്കാന്‍ കാത്തിരുന്നവരായിരുന്നു ഇവര്‍. മെക്സിക്കന്‍ അതിര്‍ത്തി കടക്കുന്നതിനായി ഉപയോഗിച്ചിരുന്ന ആപ്പിന്റെ പ്രവര്‍ത്തനം അവസാനിപ്പിച്ചതിനെ തുടര്‍ന്നാണ് അഭയാര്‍ത്ഥികള്‍ ദുരിതത്തിലായത്.

സി.ബി.പി വണ്‍ ആപ്പ്് എന്നാണ് അമേരിക്കയിലേക്ക് അഭയാര്‍ത്ഥികള്‍ക്ക് പ്രവേശിക്കാനുള്ള ആപ്പ്് അറിയപ്പെട്ടിരുന്നത്. കൊളംബിയക്കാരിയായ മാര്‍ജെനിസ് ടിനോക്കോ ഒരു മെക്സിക്കന്‍ നഗരത്തില്‍ നിന്ന് അമേരിക്കയിലേക്ക് പ്രവേശിക്കുന്നതിന് തൊട്ടു മുമ്പാണേ് ഈ ആപ്പ് പ്രവര്‍ത്തനരഹിതമായത്. ക്യൂബയില്‍ നിന്നുള്ള അഭയാര്‍ത്ഥിയായ യെയ്മേ പെരസിനും അവസാന നിമിഷമാണ് ഇത്തരത്തില്‍ അമേരിക്കയില്‍

എത്താന്‍ അനുമതി നിഷേധിക്കപ്പെട്ടത്.

ജോ ബൈഡന്‍ ഭരണകൂടമാണ് അഭയാര്‍ത്ഥികള്‍ക്ക് സുരക്ഷിതമായി അമേരിക്കയിലേക്ക് പ്രവേശിക്കാനായി സി.ബി.പി വണ്‍ എന്ന ഈ ആപ്പ് തയ്യാറാക്കിയത്. 10 ലക്ഷത്തോളം പേരാണ് ഈ ആപ്പ് ഉപയോഗിച്ച് അമേരിക്കയിലേക്ക് എത്തിയത്. അമേരിക്കയിലേക്ക് അഭയം തേടുന്നവര്‍ക്ക് മാത്രമല്ല ടൂറിസ്റ്റുകള്‍ക്കും ഈ ആപ്പ് ഏറെ പ്രയോജനകരമായിരുന്നു. കമലാ ഹാരിസ് വൈസ് പ്രസിഡന്റായിരുന് കാലഘട്ടത്തിലാണ് ഏറ്റവുമധികം അഭയാര്‍ത്ഥികള്‍ അമേരിക്കയിലേക്ക് കടന്നു വന്നത്. എന്നാല്‍ അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ കമലക്ക് ഇത് വന്‍ തിരിച്ചടിയായി മാറിയിരുന്നു.

ട്രംപ് ആകട്ടെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഉടനീളം അനധികൃത കുടിയേറ്റക്കാരെ പുറത്താക്കുമെന്ന് പ്രഖ്യാപിച്ചത് തെരഞ്ഞെടുപ്പില്‍ ഏറെ ഗുണം ചെയ്തിരുന്നു. സത്യപ്രതിജ്ഞാ ചടങ്ങിന് ശേഷം നടത്തിയ പ്രസംഗത്തിലും ട്രംപ് ഊന്നിപ്പറഞ്ഞത് ഇത്തരം കാര്യങ്ങളായിരുന്നു. തെക്കന്‍ അതിര്‍ത്തിയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്ന കാര്യവും അദ്ദേഹം അവിടെ വെച്ചാണ് അറിയിച്ചത്. അനധകൃതമായി അമേരിക്കയിലേക്ക് എത്തിയവരെ കുറ്റവാളികള്‍ എന്ന് വിശേഷിപ്പിച്ച ട്രംപ് അവരെയെല്ലാം വന്ന സ്ഥലത്തേക്ക് തിരിച്ചയക്കുമെന്നും പ്രഖ്യാപിച്ചപ്പോള്‍ വന്‍തോതിലുള്ള ഹര്‍ഷാരവത്തോടെയാണ് അത് സ്വീകരിച്ചത്.

നേരത്തേ അമേരിക്കയിലേക്ക് പ്രവേശിപ്പിക്കാന്‍ നിയമപരമായി അനുമതി കിട്ടിയവര്‍ക്ക് പോലും കഴിഞ്ഞ ദിവസം പ്രവേശനം നിഷേധിച്ച നടപടിയില്‍ പ്രതിഷേധവും ശക്തമാകുകയാണ്. ബൈഡന്‍ ഭരണകൂടത്തിന്റ കാലത്ത് 32,0000 പേരാണ് അഭയാര്‍ത്ഥികളായി അമേരിക്കയില്‍ എത്തിയത്. ട്രംപിന്റെ സത്യപ്രതിജ്ഞാ ചടങ്ങുകള്‍ ആരംഭിച്ച സമയത്താണ് ടെക്സാസിലെ അതിര്‍ത്തി പട്ടണമായ എല്‍-പാസോ അടച്ചിട്ടതും പുതിയ തീരുമാനത്തിന്റ ഭാഗമായിട്ടായിരുന്നു. ഇവിടെ ശക്തമായ സുരക്ഷാ സന്നാഹങ്ങളും വിന്യസിച്ചിരുന്നു.

കൂടാതെ അമേരിക്കയിലേക്ക് കുടിയേറിയവരുടെ മക്കള്‍ക്ക് പൗരത്വം നല്‍കുന്ന രീതിയും ട്രംപ് നിര്‍ത്തലാക്കുകയാണ്. എന്നാല്‍ ഇത് ഭരണഘടനയുടെ ലംഘനമാണെന്നാണ് ഇതിനെ എതിര്‍ക്കുന്നവര്‍ വാദിക്കുന്നത്.Migrants break down in tears as Trump shuts down border