- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
'500 ലോക്കല്‍ ബസ് പണിതീര്‍ത്ത് കുട്ടപ്പനാക്കിയിട്ടുണ്ട്; ഡ്രൈവറെ വച്ച് ഡീസല്‍ അടിച്ച് വണ്ടി നിരത്തിലിറക്കും; സ്വകാര്യ ബസുകള്‍ പണിമുടക്കിയാല്‍ കെഎസ്ആര്‍ടിസിയെ വച്ച് നേരിടും'; ബസ് ഉടമകള്‍ക്ക് താക്കീതുമായി മന്ത്രി ഗണേശ് കുമാര്‍
ബസ് ഉടമകള്‍ക്ക് താക്കീതുമായി മന്ത്രി ഗണേശ് കുമാര്‍
തൃശൂര്‍: സ്വകാര്യ ബസുടമകള്‍ സമരം പ്രഖ്യാപിച്ചാല്‍ നേരിടുമെന്ന് ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാര്‍. 500 സ്‌പെയര്‍ ബസുകള്‍ കെഎസ്ആര്‍ടിസിക്കുണ്ട്. ഡ്രൈവറെ വെച്ച് ഡീസല്‍ അടിച്ച് വണ്ടി ഓടിക്കും. വിദ്യാര്‍ഥികളുടെ കണ്‍സഷന്‍ വര്‍ധിപ്പിക്കാനാവില്ലെന്നും മന്ത്രി തൃശൂരില്‍ പറഞ്ഞു. ബസ് ഉടമകളുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് മന്ത്രിയുടെ പ്രതികരണം. വേണ്ടിവന്നാല്‍ ഓണക്കാലത്ത് സമരം നടത്തുമെന്ന് ബസുടമകള്‍ പറഞ്ഞിരുന്നു.
സ്വകാര്യ ബസ് ഉടമകളുടെ സമരത്തെ നേരിടാന്‍ 500ഓളം ബസ് പണിതീര്‍ത്തുവച്ചിട്ടുണ്ട്. സ്വകാര്യ ബസുകാര്‍ സമരം ചെയ്യുകയാണെങ്കില്‍ ചെയ്തോട്ടെ. കെഎസ്ആര്‍ടിസിയുടെ മുഴുവന്‍ ബസും റോഡിലിറങ്ങുമെന്നും വിദ്യാര്‍ത്ഥികളുടെ നിരക്ക് വര്‍ദ്ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് സമവായത്തില്‍ എത്തണമെന്നും ഗണേശ് കുമാര്‍ മാദ്ധ്യമങ്ങളോട് വ്യക്തമാക്കി.
'അവര്‍ ആദ്യം മത്സരയോട്ടം ഒന്ന് നിര്‍ത്തട്ടെ. കുട്ടികളുടെ കണ്‍സെഷന്‍ വര്‍ദ്ധിപ്പിച്ചിട്ട് ഈ നാട്ടിലൊരു വഴക്കുണ്ടാക്കാന്‍ അനുവദിക്കില്ല. സമരം ചെയ്യുമെന്നാണ് പറയുന്നത്. ഞാന്‍ പറഞ്ഞു ചെയ്തോളാന്‍. ഓണക്കാലത്ത് ഓടിയിട്ടില്ലെങ്കില്‍ കെഎസ്ആര്‍ടിസിയുടെ അഞ്ഞൂറ് ബസുകള്‍ റോഡിലിറങ്ങും. പണി തീര്‍ത്ത് ബസുകള്‍ കുട്ടപ്പനാക്കിയിട്ടുണ്ട്. ഡീസലടിക്കുക, ഡ്രൈവറെ വയ്ക്കുക, ഓടിക്കുക. അവര്‍ സമരം ചെയ്യുകയാണെങ്കില്‍ ഈ ബസ് മുഴുവന്‍ റോഡിലിറങ്ങും.1200 വണ്ടികളാണ് എല്ലാ ദിവസവും ശരാശരി വര്‍ക്ക്ഷോപ്പില്‍ കിടന്നത്. ഇന്ന് അത് 450 ആയി ചുരുങ്ങിയിട്ടുണ്ട്. അത്രയും വണ്ടി ഞങ്ങളുടെ കയ്യില്‍ സ്പെയര്‍ ഉണ്ട്. അവര്‍ സമരം ചെയ്യുകയാണെങ്കില്‍ അത് ഇങ്ങിറക്കും. കുട്ടികളുടെ ചാര്‍ജ് വര്‍ദ്ധിപ്പിക്കണമെന്ന് പറയുമ്പോള്‍ അവരുമായി ഒരു സമവായത്തില്‍ എത്താതെ, ചാര്‍ജ് വര്‍ദ്ധിപ്പിച്ചാല്‍ എന്തായിരിക്കും ഇവിടുത്തെ സ്ഥിതി. എന്തിനാണ് ആവശ്യമില്ലാതെ ആളുകളെ സമരത്തിലേക്ക് തള്ളിവിട്ട് പ്രശ്‌നമുണ്ടാക്കുന്നത്. ഒരു രാജ്യത്ത് അരാജകത്വം സൃഷ്ടിക്കാന്‍ നമ്മള്‍ നില്‍ക്കണോ?'- ഗണേശ് കുമാര്‍ പറഞ്ഞു. രാമനിലയത്തില്‍ എത്തി ബസ് ഉടമകള്‍ കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് ഗതാഗത മന്ത്രിയുടെ പ്രതികരണം.
വേണ്ടിവന്നാല്‍ ഓണക്കാലത്ത് പണിമുടക്കും എന്നായിരുന്നു ബസ്സുടമകളുടെ നിലപാട്. ഇതിനോടാണ് മന്ത്രി മുന്നറിയിപ്പ് നല്‍കിയത്. വിദ്യാര്‍ത്ഥി കണ്‍സെഷന്‍ വര്‍ദ്ധിപ്പിക്കണമെന്ന ആവശ്യം അംഗീകരിക്കാന്‍ കഴിയാത്തതാണെന്ന് മന്ത്രി വ്യക്തമാക്കി. വിദ്യാര്‍ഥികളെ കൊണ്ട് സമരം ചെയ്യിപ്പിക്കാനുള്ള നീക്കമാണ് നടക്കുന്നതെന്ന് ഗതാഗത മന്ത്രി പറഞ്ഞു. ആദ്യം അവര്‍ മത്സര ഓട്ടം നിര്‍ത്തട്ടെയെന്നും മന്ത്രി പറഞ്ഞു. സമരം ചെയ്യട്ടയെന്ന് ചോദിച്ചാല്‍ സമരം ചെയ്തോളാന്‍ പറഞ്ഞുവെന്ന് മന്ത്രി പറഞ്ഞു.