- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
താന്‍ ഒരിക്കല്‍ പോലും അംഗമല്ലാതിരുന്ന രാജ്യസഭയിലെ പേ ആന്‍ഡ് അക്കൗണ്ട്‌സ് സെക്ഷനെ ഉദ്ധരിച്ചാണ് വാര്‍ത്ത; നുണ ബോംബ് പൊളിച്ചെന്ന് ആരോപിച്ച് എംപി രാജേഷ്; ഇത് പകമൂത്ത് കടന്നാക്രമിക്കാനുള്ള ആവേശം; മന്ത്രി എംബി രാജേഷ് വിശദീകരണം നല്കുമ്പോള്

തിരഞ്ഞെടുപ്പ് അടുത്തതോടെ തനിക്കെതിരെ വ്യാജ വാര്‍ത്തകളുമായി രംഗത്തെത്തിയ ചാനലിനും ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്കുമെതിരെ കടുത്ത നിയമനടപടിയുമായി മുന്നോട്ട് പോകുമെന്ന് മന്ത്രി എം ബി രാജേഷ് വ്യക്തമാക്കി. മന്ത്രിയും കടന്നപ്പള്ളി രാമചന്ദ്രനും നിയമം ലംഘിച്ച് മന്ത്രിയുടെ ശമ്പളവും മുന്‍ എംപി പെന്‍ഷനും ഒരുമിച്ച് കൈപ്പറ്റിയെന്ന വാര്‍ത്ത പച്ചക്കള്ളമാണെന്നും, 'നുണ ബോംബ്' പൊളിഞ്ഞുവെന്നും അദ്ദേഹം പരിഹസിച്ചു. ഫേസ്ബുക്കിലൂടെ രേഖകള്‍ സഹിതം വിശദീകരണം നല്‍കിക്കൊണ്ടാണ് മന്ത്രി മാധ്യമങ്ങള്‍ക്കെതിരെ ആഞ്ഞടിച്ചത്.
നിയമസഭാ സ്പീക്കറായ കാലയളവില്‍ തന്നെ (10.01.2022) താന്‍ സ്പീക്കര്‍ എന്ന നിലയില്‍ ശമ്പളം കൈപ്പറ്റുന്ന വിവരം ലോക്‌സഭാ സെക്രട്ടറി ജനറലിനെ ഔദ്യോഗികമായി അറിയിച്ചിരുന്നുവെന്ന് അദ്ദേഹം വെളിപ്പെടുത്തി. പെന്‍ഷന്‍ തുക നിയമപ്രകാരം പുനര്‍നിശ്ചയിക്കണമെന്നും അക്കൗണ്ടില്‍ വന്ന അധിക തുക തിരിച്ചുപിടിക്കണമെന്നും ആവശ്യപ്പെട്ട് നാല് വര്‍ഷം മുമ്പ് തന്നെ കത്തയച്ചിട്ടുണ്ട്. പിന്നീട് മന്ത്രിയായ ശേഷവും 2023 ഫെബ്രുവരിയില്‍ ഇക്കാര്യം ആവര്‍ത്തിച്ച് കത്ത് നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ പെന്‍ഷന്‍ പുനഃക്രമീകരിച്ചതായും അധിക തുക കുറവുചെയ്തതായും അറിയിച്ച് 2023 മെയ് മാസത്തില്‍ ലോക്‌സഭാ സെക്രട്ടേറിയറ്റ് മറുപടി നല്‍കിയിട്ടുണ്ടെന്നും ഒരു നിയമലംഘനവും നടന്നിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
താന്‍ ഒരിക്കല്‍ പോലും അംഗമല്ലാതിരുന്ന രാജ്യസഭയിലെ പേ ആന്‍ഡ് അക്കൗണ്ട്‌സ് സെക്ഷനെ ഉദ്ധരിച്ചാണ് വാര്‍ത്ത വന്നിരിക്കുന്നതെന്ന് പരിഹസിച്ചു. പക മൂത്ത് കടന്നാക്രമിക്കാനുള്ള ആവേശത്തില്‍ അടിസ്ഥാന വിവരങ്ങള്‍ പോലും പരിശോധിക്കാതെയാണ് ഇത്തരമൊരു നുണപ്രചാരണം നടത്തിയതെന്നും ഇതിനെതിരെ ശക്തമായ നിയമപോരാട്ടം നടത്തുമെന്നും എം ബി രാജേഷ് കൂട്ടിച്ചേര്‍ത്തു.
മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം,
തെരഞ്ഞെടുപ്പായി. ജമാഅത്തെ ഇസ്ലാമി ചാനലായ മീഡിയാ വണ്‍ പുതിയ നുണ ബോംബ് സ്‌ഫോടനം നടത്തിയിട്ടുണ്ട്. ഞാനും കടന്നപ്പള്ളിയും നിയമം ലംഘിച്ച് മന്ത്രിയുടെ ശമ്പളവും മുന്‍ എംപിയുടെ പെന്‍ഷനും വാങ്ങി എന്നാണ് മീഡിയാ വണ്ണിന്റെ പുതിയ നുണ ബോംബ്. വ്യാജ വാര്‍ത്ത നല്‍കിയ മീഡിയ വണ്ണിനും ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്കുമെതിരെ നിയമനടപടി സ്വീകരിക്കുന്നതാണ്. ഇതില്‍ മൗദൂദി പരിവാറിന്റെ പണി പാളും.
സത്യം ഇതാണ്. നിയമസഭാ സ്പീക്കറായ ശേഷം 10.1.2022 ന് ലോക്സഭാ സെക്രട്ടറി ജനറലിന് ഞാന്‍ സ്പീക്കറെന്ന നിലയില്‍ ശമ്പളം കൈപ്പറ്റുന്ന കാര്യം അറിയിച്ചു കൊണ്ടും, അതു കുറച്ച് എന്റെ പെന്‍ഷന്‍ നിയമ പ്രകാരം പുനര്‍ നിശ്ചയിക്കണമെന്നും, ഏതാനും മാസം അധികമായി എന്റെ അക്കൗണ്ടിലേക്ക് ലോക്സഭാ സെക്രട്ടേറിയറ്റില്‍ നിന്ന് അയച്ച തുക deduct ചെയ്യണമെന്നും അറിയിച്ച് കത്തയച്ചിട്ടുണ്ട്. അതായത് നാലു വര്‍ഷം മുമ്പ് തന്നെ ഞാന്‍ ഇക്കാര്യം അങ്ങോട്ട് അറിയിച്ചു എന്നര്‍ത്ഥം. പിന്നീട് മന്ത്രിയായ ശേഷം ഇക്കാര്യങ്ങള്‍ ആവര്‍ത്തിച്ച് 17.02.2023ന് ഞാന്‍ വീണ്ടും ലോക്സഭാ സെക്രട്ടേറിയറ്റിന് കത്ത് നല്‍കി. തുടര്‍ന്ന് എന്റെ കത്തിന്റെ അടിസ്ഥാനത്തില്‍ ശമ്പളം കുറച്ച് പെന്‍ഷന്‍ നിയമപ്രകാരം പുന:ക്രമീകരിച്ചതായും, അതിനു മുമ്പ് നല്‍കിയ ഏതാനും മാസത്തെ തുക കുറവു ചെയ്തതായും അറിയിച്ച് എനിക്ക് 22.05.23 ന് ലോക്സഭാ സെക്രട്ടേറിയറ്റ് മറുപടിയും നല്‍കി. അതായത് ഒരു നിയമ ലംഘനവും ഇല്ല എന്നര്‍ത്ഥം. രേഖകളെല്ലാം ഇവിടെ പങ്കുവെക്കുന്നു.
ഇനി ഏറ്റവും വലിയ തമാശ എന്താണെന്നോ? വാര്‍ത്തയ്ക്കാധാരമായ AG ഓഫീസിന്റെ കത്തില്‍ പറയുന്നത്, രാജ്യസഭാ Pay&Accounts സെക്ഷനിലെ കത്തു പ്രകാരം എന്നാണ്. ഞാന്‍ രാജ്യസഭയില്‍ അംഗമായിട്ടേയില്ല. എന്റെ കാര്യത്തില്‍ ഉത്തരവാദിത്തം ലോക്സഭാ സെക്രട്ടേറിയറ്റിനാണ്. പക മൂത്ത് കടന്നാക്രമിക്കാനുള്ള ആവേശത്തില്‍ അതൊന്നും വായിച്ചു പോലുമില്ല. ഞാന്‍ രാജ്യസഭാംഗമായിരുന്നില്ല എന്ന വസ്തുതയൊന്നും നുണബോംബ് സ്‌ഫോടനം നടത്താന്‍ തക്കം പാര്‍ത്തിരിക്കുന്നവര്‍ക്ക് പ്രശ്‌നമല്ലല്ലോ.


