കൊച്ചി: സിനിമ പാഷനാണെന്നും അഭിനയിക്കാനായില്ലെങ്കില്‍ ചത്തു പോകുമെന്നും കേന്ദ്രമന്ത്രി സുരേഷ് ഗോപി. കേരള ഫിലിം ചേംബര്‍ ഓഫ് കൊമേഴ്‌സ് സുരേഷ് ഗോപിയെ ആദരിക്കാനായി സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒറ്റക്കൊമ്പന്‍ സിനിമയില്‍ അഭിനയിക്കാന്‍ അനുവാദം ചോദിച്ചിട്ടുണ്ടെന്നും സിനിമയില്‍ അഭിനയിക്കുന്നതിന്റെ പേരില്‍ മന്ത്രിസ്ഥാനം പോയാല്‍ രക്ഷപ്പെട്ടുവെന്നും അദ്ദേഹം ചടങ്ങില്‍ സംസാരിക്കവേ ഹാസ്യരൂപേണ അദ്ദേഹം പറഞ്ഞു

സിനിമ ഞാന്‍ ചെയ്യും. അതിന് ഞാന്‍ അനുവാദം ചോദിച്ചിട്ടുണ്ട്. അതിന് മന്ത്രി സ്ഥാനത്ത് നിന്ന് തന്നെ മാറ്റുന്നുണ്ടെങ്കില്‍ രക്ഷപ്പെട്ടു, ചടങ്ങില്‍ താരം വ്യക്തമാക്കി. സെപ്റ്റംബര്‍ ആറിന് ഒറ്റക്കൊമ്പന്‍ തുടങ്ങുകയാണ്. സിനിമകള്‍ കുറേയുണ്ട് എന്ന് ഞാന്‍ പറഞ്ഞപ്പോള്‍ അമിത് ഷാ പേപ്പര്‍ മാറ്റിവെച്ചതാണ്. മന്ത്രി സ്ഥാനത്തെ ബാധിക്കാത്ത രീതിയില്‍ സിനിമ ഷൂട്ടിംഗ് സെറ്റില്‍ അതിനുള്ള സൗകര്യം ഉണ്ടാകണം എന്നാണ് ആഗ്രഹം. മന്ത്രി സ്ഥാനത്ത് നിന്ന് മാറ്റുന്നുണ്ടെങ്കില്‍ താന്‍ രക്ഷപ്പെട്ടു. ചരിത്രം എഴുതിയ തൃശൂര്‍ക്കാര്‍ക്ക് താന്‍ എന്തായാലും നന്ദി അര്‍പ്പിക്കണം എന്ന് നേതാക്കള്‍ പറഞ്ഞതുകൊണ്ടത് വഴങ്ങിയതാണ്. സിനിമ ഇല്ലാതെ പറ്റില്ല. അത് എന്റെ പാഷണാണ്. അതില്ലെങ്കില്‍ ശരിക്കും ചത്തു പോകുമെന്നും പറയുന്നു സുരേഷ് ഗോപി.

ഏതാണ്ട് ഇരുപത്തിരണ്ടോളം സിനിമകളുടെ തിരക്കഥ ആര്‍ത്തിയോടെ ചെയ്യണമെന്ന് ആഗ്രഹിച്ച് സമ്മതിച്ചിട്ടുണ്ട്. ഇനിയെത്ര സിനിമ ചെയ്യാനുണ്ട് എന്ന ചോദ്യത്തിന് ഇരുപത്തിരണ്ടോളം എണ്ണമുണ്ടെന്ന് പറഞ്ഞപ്പോള്‍ അമിത് ഷാ ആ പേപ്പറുകെട്ട് ഒരു സൈഡിലേക്ക് എടുത്തങ്ങ് കളഞ്ഞു. പക്ഷേ അനുവദിക്കാമെന്ന് പറഞ്ഞിട്ടുണ്ട്. എന്തു തന്നെയായാലും ഞാന്‍ സെപ്റ്റംബര്‍ ആറിന് ഇങ്ങ് പോരും. ഇനി അതിന്റെ പേരില്‍ അവര്‍ പറഞ്ഞയക്കുകയാണെങ്കില്‍ ഞാന്‍ രക്ഷപ്പെട്ടു എന്നേ പറയാനുള്ളൂ. സുരേഷ് ഗോപി പറഞ്ഞു

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെ കുറിച്ചും വേദിയില്‍ പരോക്ഷമായി സൂചിപ്പിച്ചു സുരേഷ് ഗോപി. സിനിമയില്‍ മാത്രം അല്ല പ്രശ്‌നങ്ങള്‍. എല്ലാ മേഖലയിലും അത്തരം കാര്യങ്ങള്‍ ഉണ്ട്. എല്ലാ സമ്പ്രദായത്തിനും ശുദ്ധി വേണം. വ്യക്തിപരമായ ആവശ്യങ്ങള്‍ക്കായി അത് കോട്ടം വരുത്തരുത് എന്നും കേന്ദ്രമന്ത്രി സുരേഷ് ഗോപി വ്യക്തമാക്കി. വിശദമായ പ്രതികരണം നടത്താന്‍ തയ്യാറായിട്ടില്ല. ഫിലിം ചേംമ്പര്‍ യോഗത്തില്‍ ആയിരുന്നു താരത്തിന്റെ പ്രതികരണം.

സിനിമയ്ക്കുള്ളില്‍ മാത്രമല്ല പ്രശ്‌നങ്ങള്‍ ഉള്ളതെന്നും അങ്ങനെ ചിന്തിക്കുന്നവരാണ് വിഘടനവാദികളെന്നും സുരേഷ് ഗോപി പറഞ്ഞു. പ്രശ്‌നങ്ങള്‍ എല്ലാ മേഖലയിലും ഉണ്ട്. അത് താന്‍ 25 വര്‍ഷം മുമ്പേ പറഞ്ഞിട്ടുണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു. ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് ഏകപക്ഷീയമാണെന്നും സജീവമല്ലാത്തവരെ പറഞ്ഞു പഠിപ്പിച്ച മൊഴികളാണ് റിപ്പോര്‍ട്ടിലുള്ളതെന്നും എല്ലാവരുടെയും സ്വഭാവ സര്‍ടിഫിക്കറ്റ് ഹാജരാക്കാന്‍ പറയാനാവില്ലെന്നും ഫിലിം ചേംബര്‍ വ്യക്തമാക്കി.

സുരേഷ് ഗോപി നായകനായി നിരവധി സിനിമകളാണ് പ്രഖ്യാപിച്ചിട്ടുള്ളത്. മമ്മൂട്ടി കമ്പനി നിര്‍മിക്കുന്ന ഒരു ചിത്രത്തിലും സുരേഷ് ഗോപി നായകനാകുന്നുവെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. സുരേഷ് ഗോപി ബിജെപി സീറ്റില്‍ ആദ്യമായി കേരളത്തില്‍ തെരഞ്ഞെടുക്കപ്പെട്ട ലോകസഭാ അംഗമാണ്. ടൂറിസം, പെട്രോളിയം വകുപ്പിന്റെ ചുമതലാണ് താരം സഹമന്ത്രി എന്ന നിലയില്‍ വഹിക്കുന്നത്.