ന്യൂഡല്‍ഹി: ഇന്ത്യയുടെ ആകാശം സുരക്ഷിതമാ്ക്കാന്‍ മിഷന്‍ സുദര്‍ശന്‍ ചക്ര. ഭഗവാന്‍ ശ്രീകൃഷ്ണന്റെ സുദര്‍ശന്‍ ചക്രത്തില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട്, ഇസ്രയേലിന്റെ അയേണ്‍ ഡോമിന് സമാനമായ 'സുദര്‍ശന്‍ ചക്ര മിഷന്‍' പ്രഖ്യാപിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. അടുത്ത പത്ത് വര്‍ഷത്തിനുള്ളില്‍, അതായത് 2035-ഓടെ രാജ്യത്തിന് വ്യോമ പ്രതിരോധ കവചവും കൃത്യതയാര്‍ന്ന പ്രത്യാക്രമണ ശേഷിയും നല്‍കുന്നതാകും ഈ പദ്ധതി. ചെങ്കോട്ടയില്‍ നടത്തിയ സ്വാതന്ത്ര്യദിന പ്രസംഗത്തിലാണ് പ്രധാനമന്ത്രി ഈ നിര്‍ണായക പ്രഖ്യാപനം നടത്തിയത്. 'ശത്രുവിന്റെ ആക്രമണങ്ങളെ നിര്‍വീര്യമാക്കുക മാത്രമല്ല, അവര്‍ക്ക് പലമടങ്ങ് തിരിച്ചടി നല്‍കുകയും ചെയ്യുന്ന ശക്തമായ ആയുധ സംവിധാനമായിരിക്കും സുദര്‍ശന്‍ ചക്ര മിഷന്‍,' മോദി പറഞ്ഞു. ഇസ്രയേലിന്റെ അയേണ്‍ ഡോം പോലെ, എല്ലാ വ്യോമാക്രമണ ഭീഷണികളില്‍ നിന്നും രാജ്യത്തിന് സംരക്ഷണം നല്‍കാന്‍ ഈ മിഷന് കഴിയും.

ഓപ്പറേഷന്‍ സിന്ദൂറിന് ശേഷം പാക്കിസ്ഥാന്‍ ഇന്ത്യയില്‍ നടത്താന്‍ ശ്രമിച്ചതിന് സമാനമായ ആക്രമണങ്ങളെ ഭാവിയില്‍ പ്രതിരോധിക്കുക എന്നതും സുദര്‍ശന്‍ ചക്ര മിഷന്റെ ലക്ഷ്യമാണ്. ഭഗവാന്‍ ശ്രീകൃഷ്ണന്റെ സുദര്‍ശന്‍ ചക്രത്തില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടുകൊണ്ട്, ദേശീയ പ്രാധാന്യമുള്ള കെട്ടിടങ്ങള്‍, ആശുപത്രികള്‍, ആരാധനാലയങ്ങള്‍, മറ്റ് തന്ത്രപ്രധാനമായ പ്രദേശങ്ങള്‍ എന്നിവയെല്ലാം സംരക്ഷിക്കുന്നതിനായി പുതിയ സാങ്കേതിക പ്ലാറ്റ്ഫോമുകള്‍ 'രാഷ്ട്ര സുരക്ഷാ കവച്' പദ്ധതിക്ക് കീഴില്‍ വിന്യസിക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. പത്ത് വര്‍ഷത്തിനുള്ളില്‍, 2035-ഓടെ ഈ ദേശീയ സുരക്ഷാ കവചം വികസിപ്പിക്കാനും ശക്തിപ്പെടുത്താനും ആധുനികവല്‍ക്കരിക്കാനുമാണ് രാജ്യം ലക്ഷ്യമിടുന്നത്. ശത്രുക്കള്‍ക്ക് കൃത്യതയോടെ തിരിച്ചടി നല്‍കാന്‍ ഇന്ത്യയെ സജ്ജമാക്കുന്ന ഈ സാങ്കേതികവിദ്യ, രാജ്യത്തിന്റെ പ്രതിരോധശേഷിയില്‍ ഒരു പുതിയ അധ്യായം കുറിക്കുമെന്നും മോദി പറയുന്നു.

ഇന്ത്യയുടെ 79-ാം സ്വാതന്ത്ര്യദിനത്തില്‍ ചരിത്രപരമായ അഞ്ച് പ്രഖ്യാപനങ്ങളാണ് മോദി നടത്തിയത്. പഹല്‍ഗാം ഭീകരാക്രമണത്തിനും, പിന്നാലെ നടന്ന ഓപ്പറേഷന്‍ സിന്ദൂറിനും ശേഷം മോദിയുടെ ആദ്യ സ്വാതന്ത്ര്യദിന പ്രസംഗമാണിത്. 103 മിനിറ്റ് നീണ്ട പ്രസംഗം റെഡ് ഫോര്‍ട്ടില്‍ നിന്നുള്ള അദ്ദേഹത്തിന്റെ ഏറ്റവും ദൈര്‍ഘ്യമേറിയ പ്രസംഗങ്ങളിലൊന്നായി രേഖപ്പെടുത്തി. രാജ്യത്തിന് പുതിയ ദിശാബോധം നല്‍കുന്ന അഞ്ച് സുപ്രധാന പദ്ധതികളാണ് മോദി പ്രഖ്യാപിച്ചത്. ഈ ദീപാവലി ഇരട്ടി ദീപാവലി ആക്കുമെന്ന് പ്രഖ്യാപിച്ച്, ജിഎസ്ടി പരിഷ്‌കരണങ്ങളുടെ അടുത്ത ഘട്ടം നടപ്പിലാക്കുമെന്ന് പ്രധാനമന്ത്രി അറിയിച്ചു. കഴിഞ്ഞ എട്ട് വര്‍ഷത്തിനിടെ ജിഎസ്ടിയില്‍ വലിയ പരിഷ്‌കാരങ്ങള്‍ കൊണ്ടുവന്നെന്നും, പുതിയ മാറ്റങ്ങള്‍ രാജ്യത്തുടനീളമുള്ള നികുതിദായകരുടെ ഭാരം കുറയ്ക്കുമെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.

ഈ വര്‍ഷാവസാനത്തോടെ ഇന്ത്യയില്‍ നിര്‍മ്മിച്ച ആദ്യത്തെ സെമികണ്ടക്ടര്‍ ചിപ്പ് വിപണിയിലെത്തുമെന്ന് മോദി പ്രഖ്യാപിച്ചു. നിലവില്‍ ആറ് സെമികണ്ടക്ടര്‍ യൂണിറ്റുകള്‍ പ്രവര്‍ത്തനത്തിലുണ്ട്. കൂടാതെ, നാല് പുതിയ യൂണിറ്റുകള്‍ക്ക് കൂടി കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്. 'ഇന്ത്യന്‍ ജനത ഇന്ത്യയില്‍ നിര്‍മ്മിച്ച ചിപ്പുകള്‍ ഈ വര്‍ഷാവസാനത്തോടെ വിപണിയിലെത്തും,' അദ്ദേഹം പറഞ്ഞു. രാജ്യത്തെ യുവജനങ്ങള്‍ക്ക് വേണ്ടി ഒരു ലക്ഷം കോടി രൂപയുടെ മെഗാ പദ്ധതി പ്രഖ്യാപിച്ചു. 'പ്രധാനമന്ത്രി വികസിത് ഭാരത് റോസ്ഗാര്‍ യോജന' എന്ന പേരില്‍ ഈ പദ്ധതി ഇന്ന്, ഓഗസ്റ്റ് 15 മുതല്‍ നടപ്പിലാക്കും. ആദ്യ ജോലിക്ക് സാമ്പത്തിക സഹായം പദ്ധതി പ്രകാരം, സ്വകാര്യമേഖലയില്‍ ആദ്യമായി ജോലി നേടുന്ന യുവതി-യുവാക്കള്‍ക്ക് സര്‍ക്കാരില്‍ നിന്ന് 15,000 രൂപ ധനസഹായം ലഭിക്കും. കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്ന കമ്പനികള്‍ക്ക് പ്രോത്സാഹന തുക നല്‍കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ഇതിനൊപ്പമാണ് സുദര്‍ശന്‍ ചക്ര മിഷനും പ്രഖ്യാപിക്കുന്നത്.

ശത്രുരാജ്യങ്ങളുടെ ഏത് നീക്കങ്ങളെയും തകര്‍ത്തെറിയാന്‍ ശേഷിയുള്ള കരുത്തുറ്റ ആയുധ സംവിധാനം വികസിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ള 'മിഷന്‍ സുദര്‍ശന്‍ ചക്ര' പദ്ധതിക്കാണ് ഇന്ത്യ തുടക്കം കുറിച്ചത്. രാജ്യത്തിന്റെ സുരക്ഷാകവചം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനുള്ള ഈ സുപ്രധാന നീക്കം ദേശീയ സുരക്ഷാ രംഗത്ത് പുതിയ അധ്യായം കുറിക്കും. ശത്രുക്കളുടെ ഏത് വെല്ലുവിളിയും നേരിടാന്‍ പര്യാപ്തമായ, അതിനൂതന സാങ്കേതികവിദ്യയില്‍ അധിഷ്ഠിതമായ ഒരു പ്രതിരോധ വലയം തീര്‍ക്കുകയാണ് 'സുദര്‍ശന്‍ ചക്ര'യുടെ പ്രഥമ ലക്ഷ്യം. ഇത് കേവലം ഒരു ആയുധ സംവിധാനമല്ല, മറിച്ച് രാജ്യത്തിന്റെ ആത്മാഭിമാനം സംരക്ഷിക്കാനുള്ള ഉറച്ച പ്രതിജ്ഞ കൂടിയാണ്. ദേശീയ സുരക്ഷാ കവചം എന്ന ആശയത്തിന് പുതിയ മാനം നല്‍കിക്കൊണ്ട്, ഭാവിയിലെ വെല്ലുവിളികളെ മുന്‍കൂട്ടി കണ്ട് പ്രതിരോധിക്കാന്‍ ഇന്ത്യയെ സജ്ജമാക്കുകയാണ് ഈ മിഷന്‍.

രാജ്യത്തിന്റെ പ്രതിരോധ ശേഷിക്ക് പുതിയ മാനങ്ങള്‍ നല്‍കുന്ന ഈ പദ്ധതി, മുന്‍കാലങ്ങളില്‍ നേരിട്ടേക്കാവുന്ന പ്രതിരോധ പോരായ്മകളെ മറികടന്ന്, ഇന്ത്യക്ക് അഭേദ്യമായ ഒരു സുരക്ഷാ വലയം തീര്‍ക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. രാജ്യത്തിന്റെ പ്രതിരോധ കരുത്തിന് വര്‍ദ്ധിച്ച ഊര്‍ജ്ജം പകരുമ്പോള്‍, ഭീഷണികളെ നേരിടുന്നതില്‍ രാജ്യം ഇപ്പോള്‍ കൂടുതല്‍ സജ്ജമാണെന്ന സന്ദേശമാണ് ഈ മിഷന്‍ നല്‍കുന്നത്.