- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൊല്ലത്ത് പ്രതിഷേധം നിറഞ്ഞപ്പോള്‍ കൊച്ചിയിലെത്തിയത് 'സൂംബ' കളിച്ച് മുഖ്യമന്ത്രിയുടെ കൈയ്യടി നേടാന്‍; മരിച്ച മിഥുന്‍ ഉള്‍പ്പെടെയുള്ള കുട്ടികള്‍ പന്തുകൊണ്ടല്ല ചെരുപ്പുകൊണ്ടാണ് കളിച്ചതെന്ന കളിയാക്കല്‍ അതിരുവിട്ടു; പിണറായി അതൃപ്തിയില്‍; ശശീന്ദ്രന്റെ പാട്ടിനെ പോലെ മന്ത്രി ചിഞ്ചുറാണിയുടെ ഡാന്‍സും ദുരന്തമാകുമ്പോള്‍
തിരുവനന്തപുരം: കൊല്ലം ജില്ലയില്‍ വിദ്യാര്‍ഥി സ്‌കൂളില്‍ വൈദ്യുതാഘാതമേറ്റ് മരിച്ച സംഭവത്തെ ലഘൂകരിച്ച് സംസാരിച്ച കൊല്ലം ജില്ലയില്‍ നിന്ന് തന്നെയുള്ള മന്ത്രി ചിഞ്ചുറാണിയുടെ നടപടിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അതൃപ്തിയില്‍. മന്ത്രിയുടെ ഭാഗത്ത് മതിയായ കരുതല്‍ ഉണ്ടായില്ലെന്നാണ് വിലയിരുത്തല്‍. സിപിഐയിലും മന്ത്രിയുടെ പ്രസ്താവന ചര്‍ച്ചയാകുന്നുണ്ട്. സിപിഐയുടെ തെക്കന്‍ കേരളത്തിലെ ശക്തികേന്ദ്രങ്ങളില്‍ ഒന്നാണ് കൊല്ലം. അതുകൊണ്ട് തന്നെ പ്രവര്‍ത്തകരും മന്ത്രിയുടെ പ്രസ്താവനയെ ഗൗരവത്തില്‍ എടുത്തിട്ടുണ്ട്. സ്വന്തം ജില്ലയില്‍ ദാരുണ അപകടം നടന്നിട്ടും മന്ത്രി തൃപ്പൂണിത്തുറയില്‍ പാര്‍ട്ടി പരിപാടിയിലെത്തി വനിതാനേതാക്കള്‍ക്കൊപ്പം സൂംബാ ഡാന്‍സ് കളിച്ചതും വിവാദമായി.
''വിദ്യാര്‍ഥി മരിച്ച സംഭവത്തില്‍ അധ്യാപകരെ കുറ്റംപറയാന്‍ കഴിയില്ല, സഹപാഠികള്‍ ഷീറ്റിനു മുകളില്‍ കയറരുതെന്ന്് പറഞ്ഞിട്ടുപോലും കുട്ടി പിന്തിരിഞ്ഞില്ല'' -സിപിഐ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി ലായം കൂത്തമ്പലത്തില്‍നടന്ന വനിതാ സംഗമം ഉദ്ഘാടനം ചെയ്യവേ മന്ത്രി പറഞ്ഞു. ''കാലൊന്നു തെന്നിയപ്പോള്‍ പെട്ടെന്ന് കയറിപ്പിടിച്ചത് കറന്റ് കടന്നുവന്ന കമ്പിയിലായിരുന്നു. കുട്ടികള്‍ കളിച്ച് ഷീറ്റിന് മുകളില്‍ കയറുമെന്നോ ഇത്തരം അപകടങ്ങള്‍ സംഭവിക്കുമെന്നോ ആരും കരുതുന്നില്ല. രാവിലെ സ്‌കൂളിലേക്ക് ഒരുങ്ങിപ്പോയ കുഞ്ഞാണ്. പക്ഷേ, തിരികെ വീട്ടിലേക്ക് മരിച്ചുവരേണ്ട അവസ്ഥ ദൗര്‍ഭാഗ്യകരമാണ്''-ഇതാണ് മന്ത്രിയുടെ കമന്റ്. അവിടെ അധ്യാപകരൊന്നും ഉണ്ടായില്ല. കുട്ടികള്‍ മാത്രമായിരുന്നു കളിച്ചിരുന്നത്. കുട്ടികളില്‍ ചിലരാണ് തടയാന്‍ ശ്രമിച്ചത്. ഇതിനൊപ്പം വൈദ്യുതി ലൈന്‍ കടന്നു പോയത് അടക്കം നിയമവിരുദ്ധമാണ്. വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി തന്നെ എല്ലാം സമ്മതിച്ചു. ഇതിനിടെയാണ് മന്ത്രിയുടെ പ്രതികരണം. മന്ത്രിയുടെ സൂംബാ നൃത്തം വിവാദമായതോടെയാണ് ഈ പ്രതികരണം.
സമ്മേളനത്തിന് മുമ്പായി മന്ത്രി വനിതാ നേതാക്കളോടും പ്രവര്‍ത്തകരോടുമൊപ്പം സൂംബ നൃത്തച്ചുവടുകളും വെച്ചു. കുട്ടിയുടെ മരണത്തെ ന്യായീകരിക്കുന്നില്ല. കുറ്റക്കാര്‍ക്കെതിരേ നടപടി സ്വീകരിക്കും. കെഎസ്ഇബിയുടെയും സ്‌കൂളിന്റെയും ഭാഗത്ത് തെറ്റുണ്ടെങ്കില്‍ അന്വേഷിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. മുഖ്യമന്ത്രി പിണറായി വിജയനാണ് സൂംബ നൃത്ത ചര്‍ച്ച മുമ്പോട്ട് വച്ചത്. സ്‌കൂളുകളില്‍ സൂംബ നൃത്തവും വന്നു. ഇത് വിവാദമായി. അതിനാല്‍ മുഖ്യമന്ത്രിയുടെ പിന്തുണയ്ക്കായി പലരും സൂംബാ നൃത്തം കളിക്കാറുണ്ട്. അതിന് വേണ്ടി കൂടിയാണ് മന്ത്രി ചിഞ്ചു റാണിയും സൂംബാ നൃത്തം കളിക്കാന്‍ എത്തിയത്. പക്ഷേ തിരഞ്ഞെടുത്ത സമയവും കാലവും തെറ്റി. ഇതോടെ ആ സൂംബാ നൃത്തം ഇടതു സര്‍ക്കാരിനും പ്രതിസന്ധിയായി. മന്ത്രി ഈ കളി ഒഴിവാക്കേണ്ടതാണെന്ന വിലയിരുത്തല്‍ സജീവമാണ്. മുമ്പൊരിക്കല്‍ വന്യജീവി ആക്രമണത്തില്‍ ഒരാള്‍ മരിച്ചപ്പോള്‍ വനംമന്ത്രി എകെ ശശീന്ദ്രന്‍ പാട്ടു പാടിയാഘോഷിച്ചത് വിവാദമായിരുന്നു. ഈ സാഹചര്യത്തില്‍ കൂടിയാണ് ചിഞ്ചു റാണിയുടെ ദുരന്ത ദിവസത്തെ നൃത്തം സര്‍ക്കാരിന് തലവേദനയാകുന്നത്.
'ഒരു പയ്യന്റെ ചെരിപ്പാണ്.. ആ പയ്യനാ ചെരുപ്പെടുക്കാന്‍ ഷെഡിന്റെ മുകളില്‍ കയറി... ചെരിപ്പെടുക്കാന്‍ പോയപ്പോള്‍ കാലൊന്ന് തെന്നി പെട്ടെന്ന് കേറി പിടിച്ചത് വലിയ കമ്പിയിലാണ്. ഇതിലാണ് കറണ്ട് കടന്നു വന്നത്. ആ കുഞ്ഞ് അപ്പോഴേ മരിച്ചു. അത് അധ്യാപകരുടെ കുഴപ്പമൊന്നുമില്ല പക്ഷെ നമ്മുടെ കുഞ്ഞുങ്ങള്‍ കളിച്ചു കളിച്ചു ഇതിന്റെ മുകളില്‍ ഒക്കെ ചെന്ന് കേറുമ്പോള്‍ ഇത്രയും ആപല്‍കരമായിട്ടുള്ള സംഭവങ്ങള്‍ ഉണ്ടാകുമ്പോള്‍ നമ്മള്‍ അന്താളിച്ച് പോകും. രാവിലെ സ്‌കൂളില്‍ ഒരുങ്ങി പോയ കുഞ്ഞാണ്.. കുഞ്ഞ് മരിച്ചു വരുന്ന അവസ്ഥ. പക്ഷേ നമുക്ക് അധ്യാപകരെ പറയാന്‍ പറ്റില്ല. അവിടെ കയറരുതെന്ന് സഹപാഠികള്‍ പറഞ്ഞിട്ട് പോലും അവന്‍ അവിടെ കയറി'-ഇതായിരുന്നു വാക്കുകള്‍.
കൊല്ലത്ത് പ്രതിഷേധം കൊടുമ്പിരികൊണ്ട് നില്‍ക്കുന്നതിനിടെയാണ് സിപിഐ വനിത സംഗമത്തില്‍ പങ്കെടുക്കാന്‍ കൊച്ചിയിലെത്തിയത്. സാമൂഹിക ജീര്‍ണതയ്‌ക്കെതിരെയെന്ന തലക്കെട്ടോടെ സംഘടിപ്പിച്ച പരിപാടിയില്‍ സൂംബ നൃത്തതോടെയായിരുന്നു തുടക്കം. നേതാകള്‍ക്കും അണികള്‍ക്കുമൊപ്പം മന്ത്രിയുടെ നൃത്തം. ഇതിന് പിന്നാലെ സംഗമം ഉദ്ഘാടനം ചെയ്തുള്ള പ്രസംഗത്തിലാണ് കുട്ടികളുടെ അനുസരണക്കേടിനെ പഴിച്ചുകൊണ്ട് മന്ത്രി തുടങ്ങിയത്. മരിച്ച മിഥുന്‍ ഉള്‍പ്പെടെയുള്ള കുട്ടികള്‍ പന്തുകൊണ്ടല്ല ചെരുപ്പുകൊണ്ടാണ് കളിച്ചതെന്നും മന്ത്രി പറഞ്ഞു. അപകടം, വരുത്തിവെച്ച വിന എന്ന മട്ടില്‍ മന്ത്രിയുടെ തുടര്‍ പ്രസംഗം. അധ്യാപകരെ കുറ്റംപറയാനാകില്ലെന്ന് വീണ്ടും വീണ്ടും ആവര്‍ത്തിച്ചു മന്ത്രി.