- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മന്ത്രിമാരുടെയും പ്രതിപക്ഷ നേതാവിന്റെയും ശമ്പളം 1.2 ലക്ഷമാകും; എംഎൽഎമാരുടെ ശമ്പളം ഒരു ലക്ഷമായി ഉയരും; രാമചന്ദ്രൻ നായരുടെ ശുപാർശയിൽ ആനുകൂല്യങ്ങളിൽ 35 ശതമാനം വർധിക്കുമ്പോഴും മറ്റു സംസ്ഥാനങ്ങളുടെ സമാജികരുടെ അടുത്തെത്തില്ല; രാജ്യത്ത് ഏറ്റവും ഉയർന്ന എംഎൽഎ ശമ്പളമുള്ള തെലങ്കാനയിൽ ലഭിക്കുക സാമാജികർക്ക് ലഭിക്കുക 2.68 ലക്ഷം
തിരുവനന്തപുരം: സംസ്ഥാനത്തെ നിയമസഭാ സാമാജികരുടെ ശമ്പളം വർധിപ്പിക്കാനുള്ള ശുപാർശ ജസ്റ്റിസ് (റിട്ട.) സി.എൻ. രാമചന്ദ്രൻനായർ സർക്കാറിന് കൈമാറിയിട്ടുണ്ട്. ഇതോടെ അധികം താമസിയായതെ തന്നെ മന്ത്രിമാരുടെയും എംഎൽഎ.മാരുടെയും ശമ്പളവും അലവൻസുകളും പെൻഷനും അടക്കം വർധിക്കും. 35 ശതമാനംവരെ വർധനവിലാണ് ശുപാർശ ലഭിച്ചിരിക്കുന്നത്. സാമ്പത്തിക പ്രതിസന്ധിക്കിടെയിലും സ്വന്തം കാര്യം നോക്കാനാണ് എംഎൽഎമാരുടെ തീരുമാനമെന്ന വിമർശനം ഇതിനോടകം തന്നെ ഉയർന്നു കഴിഞ്ഞു.
ശമ്പളവർധന നിർദേശിക്കാൻ നിയോഗിച്ച ജസ്റ്റിസ് (റിട്ട.) സി.എൻ. രാമചന്ദ്രൻനായരാണ് ശുപാർശ ചെയ്തത്. സ്പീക്കർ എ.എൻ. ഷംസീറിന് സമർപ്പിച്ച റിപ്പോർട്ട് മുഖ്യമന്ത്രിക്ക് കൈമാറിയിരിക്കയാണ്. ഇത് അനുസരിച്ച് മന്ത്രിമാരുടെയും പ്രതിപക്ഷ നേതാവിന്റെയും ചീഫ് വിപ്പിന്റെയും ശമ്പളം അലവൻസുകളും ചേർന്ന് 96,000 രൂപയാണ്. ഇത് ഏകദേശം 1.2 ലക്ഷവും എംഎൽഎ.മാരുടേത് 70,000-ൽനിന്ന് ഒരുലക്ഷത്തിലധികവും ആയി വർധിപ്പിക്കാനാണ് ശുപാർശയെന്ന് അറിയുന്നു. യാത്രപ്പടി ഉൾപ്പെടെയുള്ള ആനുകൂല്യങ്ങളിലും 35 ശതമാനംവരെ വർധന ശുപാർശ ചെയ്തിട്ടുണ്ട്. ചെലവുകൾ വർധിച്ച പശ്ചാത്തലത്തിൽ കൂടിയാണ് ഇത്തരമൊരു ശുപാർശ എത്തിയതും.
8,000 രൂപ മുതൽ 20,000 രൂപവരെയുള്ള പെൻഷൻ 11,000 മുതൽ 27,000 രൂപവരെയാവും. ഒരുദിവസമെങ്കിലും എംഎൽഎ. ആയിരുന്നവർക്കാണ് നിലവിൽ 8,000 രൂപ ലഭിക്കുന്നത്. അഞ്ചുവർഷം എംഎൽഎ. ആയിരുന്നവർക്ക് 20,000 രൂപയും. അഞ്ചുവർഷത്തിൽ കൂടുതൽകാലം എംഎൽഎ. ആയിരുന്നാൽ ഓരോ അധികവർഷത്തിനും ആയിരം രൂപ കൂടുതൽ കിട്ടും. 2018-ലാണ് ഒടുവിൽ മന്ത്രിമാർക്കും എംഎൽഎ.മാർക്കും ശമ്പളം കൂട്ടിയത്. റിപ്പോർട്ട് മന്ത്രിസഭ അംഗീകരിച്ചാൽ മാർച്ച് 30-നുമുമ്പ് സഭയിൽ ബില്ലായി എത്തും.
എംഎൽഎ.മാർക്ക് അലവൻസുകളായാണ് വേതനം ലഭിക്കുന്നത്. ചെറിയനിരക്കിലുള്ള സ്ഥിരം അലവൻസും മറ്റു അലവൻസുകളും. മന്ത്രിമാർക്ക് ക്ഷാമബത്തയോടെ ശമ്പളം ലഭിക്കും. യാത്രപ്പടി കുറഞ്ഞത് 20,000 രൂപ ലഭിക്കും. ഇതിലധികം യാത്രചെയ്താൽ മന്ത്രിമാർക്ക് കിലോമീറ്ററിന് 15 രൂപയും എംഎൽഎ.മാർക്ക് 10 രൂപയും ലഭിക്കും. മന്ത്രിമാരുടെ ഒദ്യോഗിക വാഹനത്തിന്റെ ഇന്ധനച്ചെലവ് അവരാണ് വഹിക്കുന്നത്.
മന്ത്രിമാരുൾപ്പെടെ എല്ലാ എംഎൽഎ.മാർക്കും വർഷം മൂന്നുലക്ഷം രൂപയുടെ യാത്രക്കൂപ്പൺ അനുവദിക്കും. ജീവിത പങ്കാളിക്കുകൂടിചേർത്താണിത്. ഇതിൽ 50,000 രൂപയ്ക്ക് വിമാനയാത്ര നടത്താം. സഭാസമ്മേളനമോ അതുമായി ബന്ധപ്പെട്ട യോഗങ്ങളോ ഉള്ളപ്പോൾ ദിവസം 1000 രൂപയും കേരളത്തിനുപുറത്ത് 1200 രൂപയും ദിനബത്തയുണ്ട്. ഈ അലവൻസുകളും വർധിപ്പിക്കാനാണ് ശുപാർശ. എംഎൽഎ.യ്ക്കും ജീവിതപങ്കാളിക്കും ചികിത്സയ്ക്കുള്ള യഥാർഥചെലവും ലഭിക്കും. ഇത് മുൻ എംഎൽഎ.മാർക്കും ബാധകമാണ്. പുസ്തകംവാങ്ങാൻ വർഷം 15,000 രൂപയനുവദിക്കും.
സർക്കാർ ഉദ്യോഗസ്ഥരുടെ ശമ്പള സ്കെയിലിൽ ഇതിനോടകം മാറ്റംവന്നെന്നും ജീവിത ചെലവ് എല്ലാവർക്കും ഒരുപോലെയാണെന്നും ചൂണ്ടിക്കാട്ടിയാണ് സർക്കാർ സാമാജികരുടെയും നടപടി. ഇപ്പോൾ തന്നെ സർക്കാർ ജീവനക്കാർക്കടക്കം ശമ്പളം നൽകാനായി കടമെടുക്കേണ്ട സ്ഥിതിയുള്ളപ്പോഴാണ് കേരളത്തിൽ ജനപ്രതിനിധികൾക്ക് ശമ്പളം വർധിപ്പിക്കുന്നതെന്നാണ് പ്രധാന വിമർശനം.
എന്നാൽ വിവിധ സംസ്ഥാനങ്ങളിലെ എംഎൽഎമാരുടെ ശമ്പളം പരിശോധിച്ചാൽ കേരളത്തിലെ എംഎൽഎമാരാണ് ഏറ്റവും കുറവ് അടിസ്ഥാന ശമ്പളം കൈപറ്റുന്നത്. 2,000 രൂപയാണ് കേരളത്തിലെ എംഎൽഎമാരുടെ അടിസ്ഥാന ശമ്പളം. അതിന് പുറമെ മറ്റ് അലവൻസായി എംഎൽഎമാർക്ക് 68,000 രൂപയും ലഭിക്കുന്നുണ്ട്. ഇതോടെ 70,000 രൂപയാണ് മൊത്തം ശമ്പളമായി ലഭിക്കുന്നത്. ഇതിന് പുറമെ വിമാന യാത്ര, സൗജന്യ ട്രെയിൻ, ബസ് യാത്ര, ഓരോരുത്തർക്കും ഇന്ധനമടിക്കാൻ നിശ്ചിത തുക അങ്ങനെ ടി.എ, ഡി.എ ഇനത്തിൽ മറ്റൊരു തുകയും ലഭിക്കുന്നു. 2018 ൽ ശമ്പളം കൂടിയത് ഏകദേശം 90 ശതമാനത്തോളമാണ്. ഏറക്കുറേ ഇരട്ടിയോളം ഇത്തവണയും വർധിപ്പിക്കാനാണ് സാധ്യത അങ്ങനെയെങ്കിൽ ഇപ്പോഴത്തെ 70,000രൂപ എന്നത് 1.30,000 ത്തിന് അടുത്ത തുകയായി വരാനാണ് സാധ്യത.
കേരളത്തിലെ ഒരു എംഎൽഎയുടെ പ്രതിമാസ അടിസ്ഥാന ശമ്പളം നിലവിൽ 2000 രൂപയാണ്. മണ്ഡല അലവൻസ് ഇനത്തിൽ 25,000 രൂപ ലഭിക്കും. ടെലഫോൺ അലവൻസായി 11,000 രൂപയും ഇൻഫർമേഷൻ അലവൻസ് 4000 രൂപയുമുണ്ട്. അതിഥി സൽക്കാരത്തിനുള്ള അലവൻസ് 8000 രൂപ. ആകെ 50,000 രൂപ അലവൻസായി ലഭിക്കും. ഒപ്പം യാത്രാ ചെലവുകൾക്കായി 20,000 രൂപ അനുവദിച്ചിട്ടുണ്ട്. ഇതെല്ലാം ചേർത്ത് 70,000 രൂപയാണ് ഒരു എംഎൽഎയ്ക്ക് പ്രതിമാസം ലഭിക്കുന്നത്. മന്ത്രിമാരുടെ പ്രതിമാസ അലവൻസ് 2000 രൂപയാണ്. ഡിഎ 38,429 രൂപ, മണ്ഡലം അലവൻസ് 40,000 രൂപയും ലഭിക്കും.
കേരളത്തിൽ 2018-ലാണ് ഇതിന് മുമ്പ് സാമാജികരുടെ ശമ്പളം വർധിപ്പിച്ചത്. മന്ത്രിമാരുടെ ശമ്പളം 55012-ൽ നിന്ന് 97,429 ആയും എംഎൽഎമാരുടെ ശമ്പളം 39500-ൽ നിന്ന് 70000 ആയിട്ടുമാണ് അന്ന് വർധിപ്പിച്ചിരുന്നത്. മന്ത്രിമാരുടെ യാത്രാ ബത്ത കിലോമീറ്ററിന് പത്ത് രൂപയിൽ നിന്ന് 15 രൂപയാക്കുകയും ചെയ്തിരുന്നു.
കേരളത്തിലെ എംഎൽഎമാരുടെ ആനുകൂല്യങ്ങൾ
കേരളത്തിനകത്തും പുറത്തുമുള്ള റോഡ് യാത്രയ്ക്ക് കിലോമീറ്ററിന് 10 രൂപ
ട്രെയിൻ യാത്രഫസ്റ്റ് ക്ലാസ്, എസി ടിക്കറ്റ് ചാർജിന് പുറമേ കിലോമീറ്ററിന് 25 പൈസ നിരക്കിൽ ലഭിക്കും
വാഹന ഇന്ധനം മൂന്ന് ലക്ഷം രൂപ ഒരു വർഷത്തേക്ക്
നിയമസഭാ സമ്മേളനം ഉൾപ്പെടെയുള്ള ഔദ്യോഗിക യോഗങ്ങളിൽ പങ്കെടുക്കുമ്പോൾ അലവൻസ് കേരളത്തിൽ ദിവസം - 1000 രൂപ.
കേരളത്തിനു പുറത്ത് ഡിഎ ദിവസം- 1200 രൂപ
യോഗങ്ങളിൽ പങ്കെടുക്കാനുള്ള വിമാന യാത്രാക്കൂലി - 50000 രൂപ (ഒരു വർഷത്തേക്ക്)
മെട്രോ പൊളിറ്റൻ നഗരങ്ങൾ സന്ദർശിക്കുമ്പോൾ നൽകുന്ന ആനുകൂല്യം 3500 രൂപ
ചികിത്സാ ചെലവ് മുഴുവൻ മടക്കിക്കിട്ടും
പലിശരഹിത വാഹന വായ്പ 10 ലക്ഷം രൂപ വരെ
ഭവന വായ്പ അഡ്വാൻസ്- 20 ലക്ഷം വരെ
പുസ്തകങ്ങൾ വാങ്ങാൻ പ്രതിവർഷം 15000 രൂപ
കെ.എസ്.ആർ.ടി.സി ബസിലും ബോട്ടിലും സൗജന്യയാത്ര
സർക്കാർ ചെലവിൽ ഇരുപത് ലക്ഷം രൂപയിൽ കൂടാത്ത തുകയ്ക്ക് അപകട ഇൻഷുറൻസ്
കേരളത്തിലെ മന്ത്രിമാരുടെ ആനുകൂല്യങ്ങൾ
തിരുവനന്തപുരത്തും അതിനോട് ചേർന്നുള്ള 8 കിലോമീറ്റർ പരിധിയിലും സഞ്ചരിക്കാൻ 17,000 രൂപയുടെ ഇന്ധനം നിറയ്ക്കാം.
കേരളത്തിന് അകത്തും പുറത്തും റോഡ് യാത്രയ്ക്ക് കിലോമീറ്ററിനു 15രൂപ അലവൻസ്
കേരളത്തിനകത്തെ യാത്രകളിൽ താമസത്തിനു ദിവസേന 1000 രൂപ അലവൻസ്
ട്രെയിൻ യാത്രഫസ്റ്റ് ക്ലാസ് എസി യാത്ര
സംസ്ഥാനത്തിനകത്തും പുറത്തും വിമാന യാത്ര സൗജന്യം
ഔദ്യോഗിക വസതിയും ടെലഫോണും
കെ.എസ്.ആർ.ടി.സിയിലും സർക്കാർ ബോട്ടുകളിലും സൗജന്യയാത്ര
ചികിത്സാ ചെലവ് മുഴുവൻ മടക്കിക്കിട്ടും
സംസ്ഥാനത്തിനു പുറത്തുള്ള യാത്രകളിൽ 1500 രൂപ ദിവസേന യാത്രാബത്ത
അതേസമയം നിയമസഭാ സാമാജികർക്ക് പ്രതിമാസം ഏറ്റവും ഉയർന്ന തുക ശമ്പളമായി നൽകുന്ന സംസ്ഥാനം തെലങ്കാനയാണ്. തെലങ്കാന നിയമസഭയുടെ ഔദ്യോഗിക വെബ്സൈറ്റിലെ കണക്ക് അനുസരിച്ച് സംസ്ഥാനത്തെ എംഎൽഎമാർക്ക് പ്രതിമാസം 2.68 ലക്ഷമാണ് ശമ്പളമായി നൽകുന്നത്. അടിസ്ഥാന ശമ്പളമായി 20,000 രൂപയണ് തെലങ്കാനയിൽ ഒരു എംഎൽഎയ്ക്ക് ലഭിക്കുക. മറ്റ് അലവൻസ് ഇനത്തിൽ 2.3 ലക്ഷം രൂപ പ്രതിമാസം ലഭിക്കും. ഒപ്പം താമസ അലവൻസായി 25,000 രൂപയും യോഗങ്ങളിൽ പങ്കെടുക്കുമ്പോൾ ദിവസ അലവൻസായി 1000 രൂപയും ലഭിക്കും. മഹാരാഷ്ട്രയിൽ 2.3 ലക്ഷവും ഹിമാചൽ പ്രദേശിൽ 2.1 ലക്ഷം രൂപയും ഝാർഖണ്ഡിൽ 2.08 ലക്ഷം രൂപയും ഉത്തരാഖണ്ഡിൽ രണ്ട് ലക്ഷം രൂപയുമാണ് ശമ്പളമായി നൽകുന്നത്.
മറ്റ് സംസ്ഥാനങ്ങളുടെ കണക്ക് പരിശോധിച്ചാൽ ഡൽഹി, കേരളം അടക്കമുള്ള സംസ്ഥാനങ്ങളാണ് കുറവ് ശമ്പളം എംഎൽഎമാർക്ക് നൽകുന്നത്. ഒഡീഷയിൽ അടിസ്ഥാന ശമ്പളം 35,000 രൂപയും അലവൻസായി 65,000 രൂപയുമടക്കം മൊത്തം ഒരു ലക്ഷം രൂപ ശമ്പളമായി ലഭിക്കുന്നു. ഡൽഹിയിൽ 30,000 രൂപ അടിസ്ഥാന ശമ്പളവും മറ്റ് അലവൻസുകളും കൂട്ടി 90,000 രൂപയാണ് മൊത്തം ശമ്പളമായി ലഭിക്കുന്നത്. ത്രിപുരയിൽ 48,420 രൂപ അടിസ്ഥാന ശമ്പളവും 36,422 രൂപ മറ്റ് അലവൻസുമായി 84,842 രൂപയാണ് മൊത്തം ശമ്പളമായി ലഭിക്കുന്നത്. പഞ്ചിമ ബംഗാളിൽ 10,000 രൂപയാണ് അടിസ്ഥാന ശമ്പളം മറ്റ് അലവൻസ് ആയി 81,300 രൂപയും ലഭിക്കുന്നുണ്ട്.
മറുനാടന് മലയാളി ബ്യൂറോ