കാല്‍നൂറ്റാണ്ടായി ശബരിമലയിലെ തീര്‍ഥാടകരുടെ യാത്രയ്ക്ക് വഴികാട്ടിയായി സേവനമനുഷ്ഠിക്കുന്ന ഒരാള്‍ എം.എം. കുമാര്‍. കര്‍ണാടകയിലെ ചിക്കമംഗളൂരുവില്‍ നിന്നുള്ള കുമാര്‍ തന്റെ അറിവും ശബ്ദവും ഉപയോഗിച്ച് മലയാളം, തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളില്‍ അനൗണ്‍സ് ചെയ്യുന്നതിലൂടെ ഭക്തരുടെ സഹയാത്രികനാകുന്നു. ഇതൊരു നിയോഗമാണ്. കഴിഞ്ഞ 25 വര്‍ഷമായി കുമാര്‍ ശബരിമലയില്‍ അനൗണ്‍സറായി ജോലി നോക്കുകയാണ്.

1999 മുതല്‍ സന്നിധാനത്തും പമ്പയിലും തീര്‍ഥാടകര്‍ക്ക് വേണ്ടിയുള്ള അനൗണ്‍സ്മെന്റുകള്‍ക്കായി ദേവസ്വം ബോര്‍ഡിന്റെ വിശ്വസ്തനായി എം.എം. കുമാര്‍ ഉണ്ട്. ഭക്തരുടെ ചോദ്യങ്ങള്‍ക്കും സംശയങ്ങള്‍ക്കും തികച്ചും അനായാസമായി മറുപടി നല്‍കുന്ന അദ്ദേഹത്തിന്റെ ശബ്ദം, ശബരിമലയിലെ ഒരു അവിഭാജ്യ ഘടകമായിത്തീര്‍ന്നിരിക്കുകയാണ്.

ഭക്തിമാര്‍ഗത്തിന്റെ സമ്പ്രദായത്തിനും ഭക്തജനങ്ങളുടെ ആവശ്യങ്ങള്‍ക്കും ഏറെ പ്രാധാന്യം നല്‍കുന്ന എം.എം. കുമാര്‍ ഭക്തരുടെ വിശ്വാസയാത്രയെ സുലഭമാക്കാന്‍ തന്റെ ജീവിതത്തെ സമര്‍പ്പിച്ചിരിക്കുന്ന നിസ്വാര്‍ത്ഥസേവകന്‍ മാത്രമല്ല, തീര്‍ഥാടനത്തിന്റെ ആത്മീയസൂചികയുമായിത്തീര്‍ന്നിരിക്കുന്നു.

കര്‍ണാടക ചിക്കമംഗളൂര്‍ സ്വദേശിയായ കുമാര്‍ മലയാളം, തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളില്‍ അനായാസം അനൗണ്‍സ് ചെയ്യും. എല്ലാ വര്‍ഷവും മണ്ഡല മകര വിളക്ക് കാലത്ത് മുഴുവന്‍ ശബരിമലയിലുണ്ടാകും. അമ്മ രാധമ്മ മലയാളിയാണ്. അച്ഛന്റെ സ്വദേശം തമിഴ്‌നാട്. കുട്ടിക്കാലത്തേ കുടുംബം കര്‍ണാടകത്തിലാണ്. അതിനാല്‍ ഈ മൂന്ന് ഭാഷകളും നന്നായി അറിയാമായിരുന്നു. ഇംഗ്ലീഷും ഹിന്ദിയും സ്‌കൂളില്‍ നിന്ന് പഠിച്ചു. മറ്റ് ഭാഷകള്‍ തീര്‍ഥാടകരുമായുള്ള സമ്പര്‍ക്കത്തിലൂടെയും പഠിച്ചുവെന്ന് എം.എം. കുമാര്‍ പറഞ്ഞു.

1999 ല്‍ സന്നിധാനത്തെത്തിയപ്പോഴാണ് വിവിധ ഭാഷകളില്‍ അനൗണ്‍സ് ചെയ്യുന്ന ഒരാളെ ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥര്‍ അന്വേഷിക്കുന്നതും കുമാറിനെ ചുമതല ഏല്‍പ്പിക്കുന്നതും. മകരവിളക്ക് കഴിഞ്ഞ് ചിക്കമംഗലൂരുവിലേക്ക് മടങ്ങും. അവിടെ ചെറിയ ജോലിയുണ്ട്. ഭാര്യ പഞ്ചായത്തംഗമാണ്. വിദ്യാര്‍ഥിനികളായ രണ്ട് പെണ്‍മക്കളുമുണ്ട്.

എം.എം.കുമാറിനു പുറമേ മലയാളത്തില്‍ 25 വര്‍ഷമായി അനൗണ്‍സ് ചെയ്യുന്ന കോഴഞ്ചേരി സ്വദേശി എ.പി. ഗോപാലന്‍, തമിഴ്‌നാട് സ്വദേശികളായ ബാല ഗണേഷ്, നരസിംഹമൂര്‍ത്തി എന്നിവരും സന്നിധാനത്തെ അനൗണ്‍സ്‌മെന്റ് കേന്ദ്രത്തിലുണ്ട്.