- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ഡ്രാഗണിനും ആനയ്ക്കും ഇടയിലുള്ള ബാലെ നൃത്തം'! അതിര്‍ത്തിയിലെ പിരിമുറുക്കങ്ങള്‍ അവസാനിച്ചെന്ന മോദിയുടെ പരാമര്‍ശങ്ങളെ അഭിനന്ദിച്ച് ചൈന; ഇരു രാജ്യങ്ങളും തമ്മില്‍ സൗഹൃദപരമായ കൈമാറ്റങ്ങള്‍ നിലനിര്‍ത്തിയിട്ടുണ്ടെന്ന് ചൈനീസ് വിദേശകാര്യ വക്താവ്
'ഡ്രാഗണിനും ആനയ്ക്കും ഇടയിലുള്ള ബാലെ നൃത്തം'
ന്യൂഡല്‍ഹി: ഇന്ത്യ ചൈന ബന്ധത്തെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പരാമര്‍ശങ്ങളെ അഭിനന്ദിച്ച് ചൈന. ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങുമായുള്ള സമീപകാല ചര്‍ച്ചകള്‍ക്ക് ശേഷം ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ സാധാരണ നില തിരിച്ചെത്തിയെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അഭിപ്രായത്തെ അഭിനന്ദിച്ചാണ് ചൈന പ്രതികരിച്ചത്. 'ഡ്രാഗണിനും ആനയ്ക്കും ഇടയിലുള്ള ബാലെ നൃത്തം' എന്നായിരുന്നു ചൈനയുടെ പ്രതികരണം. പരസ്പര സഹകരണമാണ് ഇരുരാജ്യങ്ങള്‍ക്കും ഏറ്റവും അനുയോജ്യമായ തിരഞ്ഞെടുപ്പ് എന്ന നിലയിലാണ് ചൈനയുടെ പ്രതികരണം വിലയിരുത്തപ്പെടുന്നത്. അമേരിക്കന്‍ പോഡ്കാസ്റ്റര്‍ ലെക്‌സ് ഫ്രിഡ്മാനുമായുള്ള സംഭാഷണത്തിലായിരുന്നു ചൈനയുമായുള്ള ബന്ധത്തെക്കുറിച്ച് നരേന്ദ്ര മോദി പ്രതികരിച്ചത്.
'2000 വര്‍ഷത്തിലേറെ പഴക്കമുള്ള ഇടപെടലുകളുടെ ചരിത്രത്തില്‍, ഇരു രാജ്യങ്ങളും തമ്മില്‍ സൗഹൃദപരമായ കൈമാറ്റങ്ങള്‍ നിലനിര്‍ത്തിയിട്ടുണ്ട് എന്നായിരുന്നു ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് മാവോ നിംഗ് മാധ്യമപ്രവര്‍ത്തകരോട് പ്രതികരിച്ചത്. ഒക്ടോബറില്‍ റഷ്യയിലെ കസാനില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങും തമ്മില്‍ നടന്ന വിജയകരമായ കൂടിക്കാഴ്ച ഉഭയകക്ഷി ബന്ധങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും വികസനത്തിനും തന്ത്രപരമായ മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കിയതായും ചൈനീസ് വക്താവ് ചൂണ്ടിക്കാണിച്ചിരുന്നു.
കിഴക്കന്‍ ലഡാക്കില്‍ 2020-ല്‍ ഇരു സൈന്യങ്ങളും തമ്മിലുള്ള ഏറ്റുമുട്ടലിനെത്തുടര്‍ന്നുണ്ടായ സംഘര്‍ഷങ്ങള്‍ ലഘൂകരിക്കുന്നതിനായി പ്രസിഡന്റ് ഷി ജിന്‍പിങ്ങുമായി അടുത്തിടെ നടത്തിയ ചര്‍ച്ചയെക്കുറിച്ച് ലെക്‌സ് ഫ്രിഡ്മാനുമായുള്ള പോഡ്കാസ്റ്റ് അഭിമുഖത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി സൂചിപ്പിച്ചിരുന്നു. ചര്‍ച്ചകള്‍ക്ക് ശേഷം ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ സ്ഥിതി സാധാരണ നിലയിലായെന്നും മോദി വ്യക്തമാക്കിയിരുന്നു.
അഭിപ്രായവ്യത്യാസങ്ങള്‍ തര്‍ക്കങ്ങളിലേക്ക് നീങ്ങുന്നില്ലെന്ന് ഉറപ്പാക്കുന്നതിലാണ് തന്റെ സര്‍ക്കാര്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഈ വ്യത്യാസങ്ങള്‍ തര്‍ക്കങ്ങളായി മാറുന്നില്ലെന്ന് ഉറപ്പാക്കുക എന്നതാണ് ഞങ്ങളുടെ ശ്രദ്ധ. അതിനാണ് ഞങ്ങള്‍ സജീവമായി പ്രവര്‍ത്തിക്കുന്നത്. അഭിപ്രായ വ്യത്യാസത്തിനുപകരം സംഭാഷണത്തിന് ഞങ്ങള്‍ ഊന്നല്‍ നല്‍കുന്നു. കാരണം സംഭാഷണത്തിലൂടെ മാത്രമേ ഇരു രാജ്യങ്ങളുടെയും താല്‍പ്പര്യങ്ങള്‍ നിറവേറ്റുന്ന സുസ്ഥിരവും സഹകരണപരവുമായ ബന്ധം കെട്ടിപ്പടുക്കാന്‍ കഴിയൂ എന്നും നരേന്ദ്ര മോദി പ്രധാനമന്ത്രി മോദി ലെക്‌സ് ഫ്രിഡ്മാനോട് പറഞ്ഞിരുന്നു.
യുഎസിന്റെ താരിഫ് യുദ്ധത്തെ മറികടക്കാന്‍ ഇന്ത്യയും ചൈനയും ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്ന ആവശ്യവുമായി ചൈനീസ് വിദേശകാര്യമന്ത്രി വാങ് യി നേരത്തെ മുന്നോട്ടുവന്നിരുന്നു. ന്യൂഡല്‍ഹിയും ബെയ്ജിങും ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്നും ആധിപത്യത്തെയും അധികാര രാഷ്ട്രീയത്തെയും എതിര്‍ക്കുന്നതില്‍ ഇരു രാജ്യങ്ങള്‍ക്കും നേതൃത്വം വഹിക്കാന്‍ സാധിക്കുമെന്നായിരുന്നു വാങ് യി പറഞ്ഞത്. ഈ പരാമര്‍ശത്തെ പിന്താങ്ങുന്നതായിരുന്നു മോദി ഫ്രിഡ്മാനു നല്‍കിയ അഭിമുഖത്തിലെ പ്രസ്താവന.