ന്യൂഡല്‍ഹി: 70 വയസിന് മുകളില്‍ ഉള്ളവര്‍ക്കായി ആരോഗ്യ പരിരക്ഷ ഉറപ്പാക്കുന്ന 'ആയുഷ്മാന്‍ ഭാരത് പ്രധാന്‍ മന്ത്രി ജന്‍ ആരോഗ്യ യോജന' കാര്‍ഡ് ഔദ്യോഗികമായി പുറത്തിറക്കി പ്രധാനമന്ത്രി. വയോധികരുടെ വരുമാനവും സാമ്പത്തിക നിലയും പരിഗണിക്കാതെ ആരോഗ്യ പരിരക്ഷ നല്‍കുന്ന പദ്ധതിയാണിത്. ആയുഷ്മാന്‍ വയ വന്ദന കാര്‍ഡ് പൊതുജനാരോഗ്യ സംരക്ഷണത്തിന്റെ മുഖച്ഛായ മാറ്റുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും പദ്ധതി വിപുലമാക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

ഉയര്‍ന്ന വിലയുള്ള മരുന്നുകളുടെ ചിലവ് കാരണം മതിയായ ചികിത്സ ഇക്കൂട്ടര്‍ക്ക് ഇനി ലഭിക്കാതിരിക്കില്ല. ഏകദേശം 6 കോടിയോളമുള്ള മുതിര്‍ന്ന പൗരന്മാര്‍ക്ക് അധികമായി പ്രയോജനം ചെയ്യുന്ന ആരോഗ്യ പരിരക്ഷാ പദ്ധതിക്ക് ഈ മാസം ആദ്യം കേന്ദ്ര കാബിനറ്റ് അംഗീകാരം നല്‍കിയിരുന്നു. പദ്ധതിയുടെ കീഴില്‍ വരുന്ന കുടുംബങ്ങളിലെ 70 വയസും അതില്‍ കൂടുതലു മുള്ള മുതിര്‍ന്ന പൗരന്മാര്‍ക്ക് പ്രതിവര്‍ഷം 5 ലക്ഷം രൂപ വരെ അധിക പരിരക്ഷ ലഭിക്കും.

എന്താണ് വയ വന്ദന കാര്‍ഡ്

വിശ്രമകാലത്ത് മികച്ച ഒരു വരുമാനമാര്‍ഗം കൂടി ലഭിക്കുന്നതിന് വേണ്ടിയുള്ള കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയാണ് പ്രധാന്‍ മന്ത്രി വയ വന്ദന യോജന അഥവാ പിഎംവിവിവൈ. 2020 മെയ് മാസത്തിലാണ് പദ്ധതി പ്രഖ്യാപിച്ചത്. ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയാണ് ഈ പെന്‍ഷന്‍ പദ്ധതി നടപ്പാക്കുന്നത്. പത്ത് വര്‍ഷം മുടങ്ങാതെ പണമടച്ചാല്‍ ഈ പദ്ധതി വഴി 7.40 % വാര്‍ഷിക നിരക്കില്‍ പെന്‍ഷന്‍ ലഭിക്കും. 60 വയസ് കഴിഞ്ഞാലാണ് പെന്‍ഷന്‍ തുക ലഭിച്ച് തുടങ്ങുക. 15 ലക്ഷം രൂപ വരെയാണ് നിക്ഷേപ പദ്ധതി. മികച്ച പലിശ വാഗ്ദാനം ചെയ്തിരുന്ന ഒരു റിട്ടയര്‍മെന്റ് പദ്ധതികൂടിയാണിത്.

കേന്ദ്ര, സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ അല്ലാത്തവര്‍ക്ക് പ്രതിമാസ പെന്‍ഷന്‍ പദ്ധതിയെ ആശ്രയിക്കാം. പദ്ധതിയില്‍ ചേരാനുള്ള കാലാവധി 2023 മാര്‍ച്ച് 31വരെ നീട്ടി നല്‍കിയിട്ടുണ്ട്. നേരത്തെ, 2020 മാര്‍ച്ച് 31നായിരുന്നു പദ്ധതിയുടെ അവസാന തിയതി. പെന്‍ഷന്‍ തുക വാര്‍ഷികം, അര്‍ധവാര്‍ഷികം, ത്രൈമാസം എന്നീ രീതിയിലോ അല്ലെങ്കില്‍ മാസംതോറുമോ നിക്ഷേപകര്‍ക്ക് ലഭിക്കും. അടയ്ക്കുന്ന തുക അനുസരിച്ച് 1000 മുതല്‍ 9,250 രൂപ വരെ പ്രതിമാസ പെന്‍ഷന്‍ ലഭിക്കാന്‍ അര്‍ഹതയുണ്ടാകും. നിക്ഷേപ പദ്ധതിയില്‍ പരമാവധി നിക്ഷേപിയ്ക്കാവുന്ന തുക 7.5 ലക്ഷം രൂപയില്‍ നിന്ന് 15 ലക്ഷം രൂപ വരെയായി ഉയര്‍ത്തിയത് പ്രതിമാസ പെന്‍ഷന്‍ തുക ഇരട്ടിയാകാന്‍ സഹായകരമാകും. ഓണ്‍ലൈനായോ ഓഫ്‌ലൈനായോ ഒരാള്‍ക്ക് ഈ പദ്ധതിയില്‍ അംഗമാകാന്‍ സാധിക്കും.

പത്ത് വര്‍ഷ കാലാവധിയിലുള്ള പദ്ധതിയില്‍ നടത്തുന്ന തുടര്‍ച്ചയായ നിക്ഷേപം കാലാവധി പൂര്‍ത്തിയാകുമ്പോള്‍ നിക്ഷേപകര്‍ക്ക് തിരികെ ലഭിക്കും. അതിനിടയില്‍ മരണം സംഭവിച്ചാല്‍ ഇന്‍ഷുറന്‍സ് തുക നോമിനിക്ക് ലഭിക്കും. അതേസമയം, നിക്ഷേപം മൂന്ന് വര്‍ഷം പൂര്‍ത്തിയാക്കിയാല്‍ തുകയുടെ 75 ശതമാനം വായ്പയെടുക്കാന്‍ സാധിക്കും. പലിശ നിരക്ക് ഓരോ വര്‍ഷവും പുതുക്കി നിശ്ചയിക്കും. സമാനമായി പോളിസി ഉടമയ്‌ക്കോ ജീവിത പങ്കാളിയ്‌ക്കോ മാരകമായ രോഗങ്ങള്‍ ഉണ്ടായാല്‍ തുകയുടെ 98 ശതമാനം സറണ്ടര്‍ ചെയ്യാനാകും.

എന്നാല്‍ ഒരു മാസം മുന്‍പ് പദ്ധതി പ്രഖ്യാപിച്ചെങ്കിലും ആയുഷ്മാന്‍ ഭാരത് ഇന്‍ഷുറന്‍സ് പദ്ധതിയില്‍ കേരളത്തില്‍ ഉള്‍പ്പെടെ ഇതുവരെ റജിസ്‌ട്രേഷന്‍ ആരംഭിച്ചിട്ടില്ല. റജിസ്‌ട്രേഷന്‍ തുടങ്ങിയെന്നും മൊബൈല്‍ ഫോണ്‍ ആപ്ലിക്കേഷനിലും (ആയുഷ്മാന്‍ ആപ്പ്) വെബ് പോര്‍ട്ടലിലും (beneficiary.nha.gov.in) മൊഡ്യൂള്‍ തയാറാക്കിയെന്നും കേന്ദ്രം പ്രഖ്യാപിച്ചെങ്കിലും ഔദ്യോഗിക നിര്‍ദേശം ലഭിച്ചില്ലെന്നാണ് സംസ്ഥാനങ്ങളുടെ വിശദീകരണം.