ന്യൂഡല്‍ഹി: നരേന്ദ്രമോദി എന്ന പേരല്ല, ഇന്ത്യന്‍ ജനതയാണ് തന്റെ കരുത്തെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോക നേതാക്കള്‍ക്ക് ഹസ്തദാനം നല്‍കുമ്പോള്‍ അത് മോദി നല്‍കുന്നതല്ല, 140 കോടി ഇന്ത്യക്കാര്‍ക്ക് വേണ്ടി നല്‍കുന്നതാണ് എന്ന ബോധത്താലാണ് ഞാന്‍ പ്രവര്‍ത്തിക്കുന്നതെന്നും മോദി പറഞ്ഞു. കഴിഞ്ഞ യുഎസ് സന്ദര്‍ശനവേളയില്‍ അമേരിക്കന്‍ പോഡ് കാസ്റ്റര്‍ ലെക്‌സ് ഫ്രിഡ്മാനുമായി മോദി നടത്തിയ രണ്ടാമത്തെ പോഡ്കാസ്റ്റ് അഭിമുഖമാണ് പ്രസിദ്ധീകരിച്ചത്.

ഉപവാസത്തെപ്പറ്റിയും ആദ്യകാല ജീവിതത്തെപ്പറ്റിയും ഹിമാലയന്‍ യാത്രയെപ്പറ്റിയും സന്ന്യാസ ജീവിതത്തെപ്പറ്റിയുമെല്ലാം പ്രധാനമന്ത്രി ഫ്രിഡ്മാനുമായി മനസ്സുതുറന്നു. ആര്‍എസ്എസിനെപ്പറ്റിയും ഹിന്ദു ദേശീയതയെപ്പറ്റിയും ദീര്‍ഘനേരമാണ് മോദി വിശദീകരിക്കുന്നത്. ഇന്ത്യ-പാക്കിസ്ഥാന്‍ പ്രശ്നങ്ങളും, യുക്രൈന്‍ സംഘര്‍ഷവും ക്രിക്കറ്റ്, ഫുട്ബോള്‍ കളികളെപ്പറ്റിയും ചൈനയെപ്പറ്റിയും 2002ലെ ഗുജറാത്ത് കലാപത്തെപ്പറ്റിയും സംഭാഷണത്തിലുണ്ട്.

ഡൊണാള്‍ഡ് ട്രംപ് അസാമാന്യ ധൈര്യമുള്ള വ്യക്തിയാണ്. ഞാന്‍ വളരെ കര്‍ക്കശക്കാരനാണെന്ന ട്രംപിന്റെ പ്രസ്താവനയെപ്പറ്റി പ്രതികരിക്കില്ല, കാരണം ഞാന്‍ എന്റെ രാജ്യത്തിന്റെ താല്‍പ്പര്യങ്ങള്‍ മാത്രമാണ് ചര്‍ച്ചകളില്‍ ഉന്നയിക്കുന്നത്. പാക്കിസ്ഥാന ഭരണാധികാരിയെ വരെ എന്റെ സത്യപ്രതിജ്ഞയ്ക്ക് ക്ഷണിച്ചിരുന്നു. സമാധാന ശ്രമങ്ങള്‍ക്ക് മുന്‍കൈ എടുക്കുന്നതില്‍ ഏറെ പ്രാധാന്യം നല്‍കുന്നയാളാണ് താനെന്നും മോദി പറഞ്ഞു.

അമേരിക്കന്‍ പോഡ്കാസ്റ്റര്‍ ലെക്‌സ് ഫ്രിഡ്മാന്റെ പോഡ്കാസ്റ്റില്‍ മൂന്നേകാല്‍ മണിക്കൂറോളമാണ് മോദി സംസാരിച്ചത്. മോദിയെന്ന പേരല്ല ഇന്ത്യന്‍ ജനതയാണ് തന്റെ കരുത്തെന്ന് പറഞ്ഞ പ്രധാനമന്ത്രി അമേരിക്കന്‍ പ്രസിഡന്റിനെ അസാമാന്യ ധീരനെന്ന് വാഴ്ത്തി. ലോകയുദ്ധങ്ങളിലെല്ലാം സമാധാനം എത്രയും വേഗം പുനസ്ഥാപിക്കപ്പെടും എന്ന് പ്രതീക്ഷിക്കാമെന്നും സമാധാനത്തെ കുറിച്ചുള്ള ഇന്ത്യയുടെ വാക്കുകള്‍ ലോകം ശ്രവിക്കുന്നത് ഇത് ഗാന്ധിയുടെയും ബുദ്ധന്റെയും മണ്ണായതിനാലാണ്. ഗാന്ധിജിയുടെ ആശയങ്ങളില്‍ ആകൃഷ്ടനായാണ് താന്‍ ആദ്യമായി നിരാഹാരം അനുഷ്ഠിച്ചതെന്നും അഭിമുഖത്തില്‍ മോദി പറഞ്ഞു. ആര്‍എസ്എസിനെയും മൂന്നര മണിക്കൂറിലേറെ നീണ്ട പോഡ്കാസ്റ്റില്‍ പ്രധാനമന്ത്രി പുകഴ്ത്തുന്നുണ്ട്.

വിമര്‍ശനം ജനാധിപത്യത്തിന്റെ കാതലാണെന്നാണ് അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞത്. എല്ലാ വിമര്‍ശനങ്ങളെയും താന്‍ സ്വാഗതം ചെയ്യുന്നു. ഇന്ത്യയിലെ 140 കോടി ജനങ്ങളാണ് തന്റെ കരുത്ത്. സമാധാന ശ്രമങ്ങള്‍ക്കുള്ള അവസരം ഉത്തരവാദിത്തത്തോടെയും, സന്തോഷത്തോടെയും ഏറ്റെടുക്കും. ഡോണള്‍ഡ് ട്രംപ് അസാമാന്യ ധൈര്യമുള്ള വ്യക്തിയാണ്. പരസ്പര വിശ്വാസവും, സുശക്തമായ ബന്ധവും താനും ട്രംപും തമ്മിലുണ്ട്. ഹൗഡി മോദി പരിപാടി മുതല്‍ തനിക്ക് അത് അനുഭവിക്കാന്‍ കഴിഞ്ഞു. പ്രചാരണത്തിനിടെ വെടിയേറ്റപ്പോഴും നിശ്ചയദാര്‍ഢ്യം ട്രംപില്‍ കണ്ടു. ഇന്ത്യ ആദ്യം എന്ന തന്റെ മുദ്രാവാക്യം പോലെയാണ് ട്രംപിന്റെ അമേരിക്ക ആദ്യം എന്ന നയമെന്നും പ്രധാനമന്ത്രി മോദി പറഞ്ഞു.

മാധ്യമങ്ങളുടെ വിലയിരുത്തലുകളാണ് പലപ്പോഴും ജനം സ്വീകരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ജനം നേരിട്ട് കാര്യങ്ങള്‍ മനസിലാക്കുന്നില്ല. മൂന്നാം കക്ഷിയുടെ ഇടപെടലാണ് പലപ്പോഴും കാര്യങ്ങള്‍ പ്രശ്‌നമുള്ളതാക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തികുട്ടിക്കാലത്ത് ഗാന്ധിജിയുടെ ആശയങ്ങളില്‍ ആകൃഷ്ടനായാണ് ആദ്യമായി താന്‍ നിരാഹാരം അനുഷ്ഠിച്ചതെന്ന് അദ്ദേഹം പറഞ്ഞു. അതിന് ശേഷം കേവലം ഭക്ഷണം ഒഴിവാക്കുന്നതിനപ്പുറം നിരാഹാരത്തിന് പ്രത്യേകതകളുണ്ടെന്ന് മനസിലാക്കി. ഇതിന് ശേഷം പല പരീക്ഷണങ്ങളിലൂടെ തന്റെ ശരീരത്തെയും മനസിനെയും താന്‍ ശുദ്ധീകരിച്ചു. ജൂണ്‍ മാസം പകുതി മുതല്‍ നവംബര്‍ ദീപാവലി വരെ നാലര മാസത്തോളം താന്‍ ഒരു നേരം മാത്രം ഭക്ഷണം കഴിച്ച് വൃതം നോല്‍ക്കാറുണ്ട്. ഇത് പൗരാണിക കാലം തൊട്ട് ഇന്ത്യയില്‍ ജനങ്ങള്‍ പാലിക്കുന്ന ശീലമാണെന്നും മോദി അഭിമുഖത്തില്‍ പറഞ്ഞു.

പ്രസിഡന്റ് പദവിയില്‍ അല്ലാതിരുന്ന കാലത്തും മോദി നല്ല സുഹൃത്തെന്നാണ് ട്രംപ് പറഞ്ഞത്. പരസ്പരം കാണാതിരുന്ന കാലത്തും ബന്ധം ശക്തമായിരുന്നു. ആദ്യ ഭരണകാലത്തെ ട്രംപിനെയല്ല രണ്ടാം ടേമില്‍ കാണുന്നത്. അദ്ദേഹത്തിനിപ്പോള്‍ കൃത്യമായ പദ്ധതികളുണ്ട്. താന്‍ ഒരു കര്‍ക്കശക്കാരനായ വിലപേശലുകാരനാണെന്ന ട്രംപിന്റെ പരാമര്‍ശത്തോട് പ്രതികരിക്കുന്നില്ല. തന്റെ രാജ്യത്തിന്റെ താത്പര്യമാണ് ട്രംപിന് മുന്നില്‍ അവതരിപ്പിച്ചത്. ഏത് വേദിയിലും രാജ്യതാത്പര്യമാണ് താന്‍ മുന്നോട്ട് വെക്കുന്നത്. ആ ഉത്തരവാദിത്തമാണ് ജനം തന്നെ ഏല്‍പ്പിച്ചത്. തന്റെ രാജ്യമാണ് തന്റെ ഹൈക്കമാന്‍ഡ്.

2014ല്‍ താന്‍ അധികാരമേല്‍ക്കുമ്പോള്‍ രാജ്യത്തെ ബാധിച്ചിരുന്ന ദുഷ്പ്രവണതകളുടെ വേരറുക്കാന്‍ കഴിഞ്ഞു. സര്‍ക്കാരിന്റെ ക്ഷേമപദ്ധതികള്‍ മുന്‍പ് അനര്‍ഹര്‍ക്കായിരുന്നു കിട്ടിയത്. കല്യാണം കഴിക്കാത്തവര്‍ വിധവ പെന്‍ഷന്‍ വാങ്ങുന്നുണ്ടായിരുന്നു. ഒരു വൈകല്യവുമില്ലാത്തവര്‍ വികലാംഗ പെന്‍ഷന്‍ വാങ്ങിയിരുന്നു. അങ്ങനെയുള്ള തെറ്റായ കീഴ്വഴക്കങ്ങളെല്ലാം ശുദ്ധികലശം നടത്തി. അര്‍ഹരായവര്‍ക്ക് നേരിട്ട് സഹായം എത്തിച്ചു കൊടുക്കുകയാണ്. തെറ്റായ കൈകളിലെത്തിയിരുന്ന 30 ലക്ഷം കോടി രൂപ അര്‍ഹരായവര്‍ക്ക് നല്‍കാന്‍ കഴിഞ്ഞു.

ചൈനയുമായുള്ള ഇന്ത്യയുടെ ബന്ധം ശക്തമായി തുടരും. ഭാവിയിലും ആ ബന്ധം വളരും. അതിര്‍ത്തി രാജ്യങ്ങളാകുമ്പോള്‍ അഭിപ്രായ വ്യത്യാസങ്ങള്‍ സ്വാഭാവികമാണ്. നമ്മുടെയെല്ലാം വീടുകള്‍ പെര്‍ഫെക്ടാണോ അഭിപ്രായ വ്യത്യാസം വലിയ കലഹത്തിലേക്ക് വഴി മാറരുതെന്നാണ് ആഗ്രഹം. ഇരു രാജ്യങ്ങളുടെയും താല്‍പര്യം പരസ്പരം പരിഗണിച്ച് ചര്‍ച്ചകളിലൂടെ സുസ്ഥിര ബന്ധത്തിന് ശ്രമിക്കുകയാണ്. അതിര്‍ത്തിയില്‍ തര്‍ക്കമുണ്ടായെന്നത് ശരിയാണ്. 2020 ലെ അതിര്‍ത്തി സംഘര്‍ഷം സംഭവങ്ങള്‍ ഇരു രാജ്യങ്ങളുടെയും സമ്മര്‍ദ്ദം കൂട്ടി. ഷീജിന്‍പിംഗുമായുള്ള തന്റെ കൂടിക്കാഴ്ചക്ക് ശേഷം അതിര്‍ത്തി ശാന്തമായി. 2020 ന് മുന്‍പത്തെ സാഹചര്യത്തിലേക്ക് കാര്യങ്ങള്‍ മടങ്ങുകയാണെന്നും മോദി പറഞ്ഞു.

ആര്‍എസ്എസിനെ പോലൊരു സംഘടന ലോകത്ത് മറ്റെവിടെയും കാണില്ലെന്നാണ് പ്രധാനമന്ത്രി പറഞ്ഞത്. ജീവിതത്തിന്റെ യഥാര്‍ത്ഥ ലക്ഷത്തിലേക്ക് ആര്‍എസ്എസ് വഴികാട്ടുന്നു. ആര്‍എസ്എസിനെ മനസിലാക്കുക എളുപ്പമല്ല. ലക്ഷക്കണക്കിന് പേര്‍ ആര്‍എസ്എസിലൂടെ ബന്ധപ്പെട്ടിരിക്കുന്നു. വേദത്തില്‍ പറയുന്നതും, സ്വാമി വിവേകാനന്ദന്‍ പറഞ്ഞതുമാണ് ആര്‍എസ്എസ് പറയുന്നതെന്നും മോദി ചൂണ്ടിക്കാട്ടി. ആര്‍എസ്എസിന്റെ വിവിധ പോഷക സംഘടനകളെയും പദ്ധതികളെയും മോദി പുകഴ്ത്തി.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ രണ്ടാമത്തെ പോഡ്കാസ്റ്റ് അഭിമുഖമാണിത്. അമേരിക്കന്‍ പോഡ് കാസ്റ്റര്‍ ലെക്സ് ഫ്രിഡ്മാനുമായി മൂന്നേകാല്‍ മണിക്കൂര്‍ ദൈര്‍ഘ്യമുള്ള അഭിമുഖമാണ് പ്രധാനമന്ത്രി നടത്തിയത്. താന്‍ നടത്തിയ ഏറ്റവും വത്യസ്തമാര്‍ന്നതും അവിസ്മരണീയവുമായ അഭിമുഖമാണ് മോദിയുമായി നടന്നതെന്ന് ലെക്സ് ഫ്രീമാന്‍ പറഞ്ഞു.