ന്യൂഡൽഹി: മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും. പ്രധാനമന്ത്രിയുടെ വസതിയിൽ രാവിലെ 10.30നാണ് കൂടിക്കാഴ്ച. ബഫർ സോൺ, സിൽവർലൈൻ, സംസ്ഥാനത്തിന്റെ കടമെടുപ്പു പരിധിയിൽ വർധന തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്യും. ബഫർ സോണിൽ കേരളത്തിലെ മലയോരത്തിനൊപ്പം കേന്ദ്രവും നിൽക്കും. സിറോ മലബാർ സഭാ ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത് കഴിഞ്ഞ ദിവസം പ്രധാനമന്ത്രിയെ വിഷയത്തിന്റെ ഗൗരവം ധരിപ്പിച്ചിരുന്നു. എന്നാൽ സിൽവർലൈനിനെ എതിർക്കുന്നത് കേരളത്തിലെ ബിജെപിയാണ്. അതുകൊണ്ട് തന്നെ ഈ വിഷയത്തിലെ പ്രധാനമന്ത്രിയുടെ നിലപാട് നിർണ്ണായകമാകും.

ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാനെ മാറ്റണമെന്ന ആവശ്യവും അനൗദ്യോഗികമായി മുഖ്യമന്ത്രി ഉയർത്തിയേക്കും. ഇക്കാര്യത്തിൽ ഔദ്യോഗിക ആവശ്യമൊന്നും ഉന്നയിക്കില്ല. ലോകായുക്താ-സർവ്വകലാശാലാ ബില്ലുകളിൽ ഗവർണ്ണറുടെ സമീപനം സംസ്ഥാന വിരുദ്ധമാണെന്നും വിശദീകരിക്കും. ഇതിനോട് പ്രധാനമന്ത്രി എന്തു നിലപാട് എടുക്കുമെന്നതാണ് നിർണ്ണായകം. അടുത്ത നിയമസഭാ സമ്മേളനത്തിൽ നയപ്രഖ്യാപനം വേണമോ എന്നതിൽ സംസ്ഥാന സർക്കാർ അന്തിമ തീരുമാനം എടുത്തിട്ടില്ല. ഈ സാഹചര്യത്തിലാണ് മോദിയെ പിണറായി കാണുന്നത്. ഇതിനൊപ്പം സംസ്ഥാന സർക്കാരിനെതിരെ കേന്ദ്ര ഏജൻസികൾ നടത്തുന്ന അന്വേഷണത്തിലും ആശങ്ക അറിയിക്കാൻ സാധ്യതയുണ്ട്.

ഓരോ രാഷ്ട്രീയ വിവാദം കേരളത്തിലുണ്ടാകുമ്പോഴും മോദിയെ കാണാൻ പിണറായി എത്തുന്നുവെന്ന വിലയിരുത്തലുമുണ്ട്. പി ജയരാജൻ ഉയർത്തിയ ആരോപണം ആളിക്കത്തുമ്പോഴാണ് ഇപ്പോഴത്തെ സന്ദർശനം. ഇപി ജയരാജനെതിരായ ആരോപണത്തിൽ ഇഡി അന്വേഷണം നടത്തുമെന്ന് കേന്ദ്രമന്ത്രി വി മുരളീധരനും വിശദീകരിച്ചിട്ടുണ്ട്. സ്വപ്‌നാ സുരേഷിന്റെ ആരോപണങ്ങളിൽ കേന്ദ്രം മൗനം പാലിക്കുന്നതും കേന്ദ്ര സർക്കാരിൽ പിണറായിക്കുള്ള സ്വാധീനം കൊണ്ടാണെന്ന വിലയിരുത്തലുണ്ട്. അതുകൊണ്ട് തന്നെ മോദിയെ കാണാൻ വീണ്ടും എത്തുന്ന പിണറായി ചില രാഷ്ട്രീയ ചർച്ചകൾക്കും കാരണമാകുന്നു.

സിപിഎം പൊളിറ്റ് ബ്യൂറോ യോഗത്തിൽ പങ്കെടുക്കാൻ എത്തുന്ന മുഖ്യമന്ത്രി ബുധനാഴ്‌ച്ചവരെ ഡൽഹിയിലുണ്ട്. ചീഫ് സെക്രട്ടറി വി പി ജോയിയും മുഖ്യമന്ത്രിക്കൊപ്പം ഡൽഹിയിൽ എത്തി. വായ്പാ പരിധി ഉയർത്തൽ, സിൽവർ ലൈൻ പദ്ധതി എന്നിവയും മുഖ്യമന്ത്രി ഉന്നയിക്കും. സിപിഎം പോളിറ്റ് ബ്യൂറോ യോഗത്തിനെത്തിയതാണ് മുഖ്യമന്ത്രി. ഡൽഹിയിൽ വരുമ്പോഴെല്ലാം പ്രധാനമന്ത്രിയെ കാണുന്നത് അടുത്തകാലത്തായി മുഖ്യമന്ത്രിയുടെ പതിവാണ്. ബിജെപി ഇതര സംസ്ഥാനങ്ങൾ ബഹിഷ്‌കരിച്ച കേന്ദ്ര ആഭ്യന്തര വകുപ്പിന്റെ സുരക്ഷാ അവലോകന യോഗത്തിലും പിണറായി പങ്കെടുത്തിരുന്നു. ഇതെല്ലാം ആവശ്യങ്ങൾ നേടിയെടുക്കാനുള്ള തന്ത്രമാണെന്ന വിലയിരുത്തലുണ്ട്.

ഡിസംബർ 27, 28 തീയതികളിൽ നടക്കുന്ന പോളിറ്റ് ബ്യൂറോ യോഗത്തിൽ പങ്കെടുക്കാൻ മുഖ്യമന്ത്രി തിങ്കളാഴ്ച ഉച്ചയോടുകൂടി ഡൽഹിയിൽ എത്തി. ഈ സമയത്താണ് പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് അനുമതി തേടിയത്. അനുമതി നൽകുകയും ചെയ്തു. കെ-റെയിൽ വിഷയത്തിൽ രാഷ്ട്രീയ എതിർപ്പിനെ മറികടക്കാനുള്ള ശ്രമവും കൂടിക്കാഴ്ചയിൽ ഉണ്ടായേക്കും.പിണറായി സർക്കാരിന്റെയും സിപിഎമ്മിന്റെയും കൗണ്ട് ഡൗൺ ആരംഭിച്ച് കഴിഞ്ഞുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ നേരത്തെ പറഞ്ഞിരുന്നു.

നിയമ വിരുദ്ധമായി പ്രവർത്തിച്ചാൽ പിണറായി സർക്കാരിനെ വലിച്ച് താഴെ ഇടാൻ മോദിക്ക് അഞ്ച് മിനുട്ട് പോലും വേണ്ടെന്നും സുരേന്ദ്രൻ വിശദീകരിച്ചിരുന്നു. ഈ സാഹചര്യത്തിലും മോദിയെ കാണാൻ പിണറായി എത്തുകയാണ്.