ടിയാന്‍ജിന്‍: ഷാങ്ഹായ് സഹകരണ കൗണ്‍സില്‍ (എസ്സിഒ) ഉച്ചകോടിക്കായി ചൈനയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിങ്ങുമായി നിര്‍ണായക കൂടിക്കാഴ്ച. ഇരുരാജ്യങ്ങള്‍ തമ്മിലുള്ള ബന്ധം നന്നായി മുന്നോട്ടു കൊണ്ടു പോകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ ശാന്തമായ അന്തരീക്ഷമാണ് നിലനില്‍ക്കുന്നത്. ഇന്ത്യയ്ക്കും ചൈനയ്ക്കും ഇടയില്‍ നേരിട്ടുള്ള വിമാന സര്‍വീസ് തുടങ്ങും. ബന്ധം നന്നാക്കേണ്ടത് 280 കോടി ജനങ്ങളുടെ ക്ഷേമത്തിന് പ്രധാനമെന്നും മോദി കൂട്ടിച്ചേര്‍ത്തു. മാനവരാശിയുടെ ആകെ പുരോഗതിക്ക് ഇന്ത്യ-ചൈന ബന്ധം അനിവാര്യമാണ്. കസാനിലെ ധാരണ നന്നായി മുന്നോട്ടു കൊണ്ടു പോകാനായെന്നും അദ്ദേഹം പറഞ്ഞു. അതിര്‍ത്തി തര്‍ക്കം പരിഹരിക്കാനുള്ള സംഭാഷണം കൂടിക്കാഴ്ചയില്‍ നടന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരബന്ധം ശക്തമാക്കുന്നതും ചര്‍ച്ചയായി. യുഎസ് ഉയര്‍ത്തിയ തീരുവ ഭീഷണി നേരിട്ട് നേതാക്കള്‍ ചര്‍ച്ച ചെയ്യുമോ എന്നാണ് ലോകം ഉറ്റുനോക്കിയത്.

കഴിഞ്ഞ വര്‍ഷം കസാനില്‍ വെച്ച് നടത്തിയ ചര്‍ച്ചകള്‍ വളരെ ഫലപ്രദമായിരുന്നു. അത് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിന് നല്ല ദിശാബോധം നല്‍കി. അതിര്‍ത്തിയിലെ സൈനിക പിന്മാറ്റത്തിന് ശേഷം, സമാധാനത്തിന്റെയും സ്ഥിരതയുടെയും അന്തരീക്ഷം സൃഷ്ടിക്കപ്പെട്ടുവെന്നും ഉഭയകക്ഷി കൂടിക്കാഴ്ചയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. അതിര്‍ത്തി നിയന്ത്രണം സംബന്ധിച്ച് ഇന്ത്യ-ചൈന പ്രത്യേക പ്രതിനിധികള്‍ക്കിടയില്‍ ഒരു ധാരണയിലെത്തിയിട്ടുണ്ട്. കൈലാസ് മാനസരോവര്‍ യാത്ര പുനരാരംഭിച്ചു. ഇരുരാജ്യങ്ങളിലേക്കുമുള്ള നേരിട്ടുള്ള വിമാന സര്‍വീസുകളും പുനരാരംഭിക്കുകയാണ്. പരസ്പര വിശ്വാസം, ബഹുമാനം എന്നിവയുടെ അടിസ്ഥാനത്തില്‍ ബന്ധം മുന്നോട്ട് കൊണ്ടുപോകാന്‍ ഇന്ത്യ പ്രതിജ്ഞാബദ്ധരാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിനുമായും പ്രധാനമന്ത്രി ചര്‍ച്ച നടത്തും. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ താരിഫ് സമ്മര്‍ദ്ദം ചൈന, ഇന്ത്യ, റഷ്യ രാജ്യങ്ങളെ പ്രതിസന്ധിയിലാക്കിയിരുന്നു. അമേരിക്കന്‍ സമ്മര്‍ദ്ദത്തെ നേരിടാന്‍ മൂന്ന് രാജ്യങ്ങളും ഒരുമിച്ച് നില്‍ക്കാനുള്ള സാധ്യത സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ക്കിടയിലാണ് ഈ നിര്‍ണ്ണായക കൂടിക്കാഴ്ച. ട്രംപിന്റെ താരിഫ്-ഉപരോധ ഭീഷണികള്‍ നേരിടുന്ന മൂവരും ഒരുമിക്കുമ്പോള്‍ എന്ത് സംഭവിക്കുമെന്നാണ് യുഎസ് അടക്കമുള്ള ലോകരാജ്യങ്ങള്‍ ഉറ്റുനോക്കുന്നത്.

ഏഴ് വര്‍ഷത്തിന് ശേഷം പ്രധാനമന്ത്രി മോദിയുടെ ആദ്യ ചൈന സന്ദര്‍ശനമാണിത്. ലഡാക്ക് സംഘര്‍ഷത്തിന് ശേഷം 2018-ലായിരുന്നു അദ്ദേഹത്തിന്റെ അവസാന സന്ദര്‍ശനം. ഇന്ത്യ-യുഎസ് ബന്ധം വഷളാവുകയും ഇന്ത്യയും ചൈനയും പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ ഈ ഉച്ചകോടിക്ക് കൂടുതല്‍ പ്രാധാന്യമുണ്ട്.

ഇന്ത്യയില്‍ നിന്നുള്ള ഇറക്കുമതിക്ക് യുഎസ് 50 ശതമാനം തീരുവ ചുമത്തിയതിനു പിന്നാലെ ചൈനയും റഷ്യയുമായുള്ള ബന്ധം ശക്തമാക്കാന്‍ ഇന്ത്യ ശ്രമം തുടങ്ങിയിരുന്നു. ചൈനയ്ക്കുള്ള തീരുവയും യുഎസ് വര്‍ധിപ്പിച്ചിരുന്നു. വ്യാപാര വിഷയങ്ങള്‍ കൂടാതെ അരുണാചല്‍ പ്രദേശ് ഉള്‍പ്പെടെയുള്ള മേഖലകളില്‍ നിലനില്‍ക്കുന്ന അതിര്‍ത്തി തര്‍ക്കം, അതിര്‍ത്തി സുരക്ഷ, അടിസ്ഥാന സൗകര്യ വികസനം, ഇന്ത്യയിലേക്ക് യന്ത്രഭാഗങ്ങളും ചിപ്പ് നിര്‍മാണ വസ്തുക്കളും കയറ്റുമതി ചെയ്യുന്നതില്‍ ചൈന ഏര്‍പ്പെടുത്തിയ വിലക്ക് എന്നിവയും ഉഭയകക്ഷി ചര്‍ച്ചയിലൂടെ പരിഹരിക്കാനാണ് ശ്രമം. ഇന്തോ - പസഫിക്കിലെ ചൈനീസ് വിരുദ്ധ നീക്കങ്ങള്‍, ദലൈലാമ വിഷയം എന്നിവയാണ് ചൈന ഉയര്‍ത്തുന്ന പ്രധാനവിഷയങ്ങള്‍.

ഏഴു വര്‍ഷത്തിനിടെ ആദ്യമായാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈനയിലെത്തുന്നത്. ഷി ചിന്‍പിങ്ങുമായി 10 മാസത്തിനിടെ നടത്തുന്ന രണ്ടാമത്തെ കൂടിക്കാഴ്ചയാണിത്. നേരത്തെ റഷ്യയിലെ കസാനില്‍ നടന്ന ബ്രിക്‌സ് ഉച്ചകോടിയില്‍ ഇരുനേതാക്കളും ചര്‍ച്ച നടത്തിയിരുന്നു.

ചൈനയുടെ തുറമുഖ നഗരമായ ടിയാന്‍ജിനിലാണ് അടുത്ത രണ്ട് ദിവസം ഷാങ്ഹായ് സഹകരണ സംഘടനയുടെ വാര്‍ഷിക ഉച്ചകോടി നടക്കുന്നത്. ഏഴ് വര്‍ഷത്തിന് ശേഷമാണ് പ്രധാനമന്ത്രി ചൈന സന്ദര്‍ശിക്കുന്നത് എന്നതും പ്രാധാന്യമേറിയ ഘടകമാണ്. ചൈനീസ് പ്രസിഡന്റുമായി സുരക്ഷ, പ്രതിരോധം, വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ മേഖലകളില്‍ മോദി ചര്‍ച്ച നടത്തുമെന്നാണ് വിവരം.

ഷിയുടെയും മോദിയുടെയും കൂടിക്കാഴ്ചയാണ് ലോകരാജ്യങ്ങള്‍ ഉറ്റുനോക്കുന്നത്. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം പുനഃസ്ഥാപിക്കുന്നതിന്റെ ഭാഗമായി വിമാനസര്‍വീസുകള്‍ പുനരാരംഭിക്കാന്‍ ഇരുവരും സമ്മതിച്ചു. കൂടാതെ വ്യാപാരം ആരംഭിക്കാനും വിസ അനുവദിക്കാനും ഇരുപക്ഷവും തീരുമാനിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കൂടിക്കാഴ്ച നടക്കുന്നത്.

രണ്ട് ദിവസത്തെ ജപ്പാന്‍ സന്ദര്‍ശനത്തിന് ശേഷമാണ് പ്രധാനമന്ത്രി മോദി എസ്സിഒ ഉച്ചകോടിക്കായി ചൈനയിലേക്കെത്തിയത്. ചൈനയുമായുള്ള ശക്തമായ സുഹൃദ്ബന്ധം മേഖലയെ സമൃദ്ധിയിലേക്കും സമാധാനത്തിലേക്കും നയിക്കുമെന്ന് മോദി ജപ്പാനില്‍ പറഞ്ഞിരുന്നു. ഇന്ത്യ-ചൈന സൗഹൃദം ആഗോള സമ്പദ്വ്യവസ്ഥയില്‍ സ്ഥിരതയുണ്ടാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഷി ജിന്‍പിങ്ങുമായുള്ള കൂടിക്കാഴ്ചയ്ക്ക് പുറമെ റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിനുമായും മോദി കൂടിക്കാഴ്ച നടത്തും.