ന്യൂഡല്‍ഹി: ബംഗ്ലാദേശിലെ ഹിന്ദുക്കള്‍ക്ക് ലോകമെങ്ങുമുള്ള ഹിന്ദുക്കള്‍ സഹായം നല്കണമെന്ന് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്. ഹിന്ദു യുവാവിനെ ആള്‍ക്കൂട്ടം തീകൊളുത്തി കൊലപ്പെടുത്തിയ സംഭവത്തിലാണ് മോഹന്‍ ഭാഗവതിന്റെ പ്രതികരണം. വിഷയത്തില്‍ കേന്ദ്രം ഇടപെടണം. ബംഗ്ലാദേശിലെ ഹിന്ദുക്കള്‍ ഒറ്റക്കെട്ടായി നില്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഇന്ത്യ സുരക്ഷ ഉറപ്പാക്കാന്‍ ആവശ്യമായതെല്ലാം ചെയ്യണമെന്നും ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത് ആവശ്യപ്പെട്ടു. ഹിന്ദുക്കള്‍ക്കുള്ള ഏക രാജ്യമാണ് ഇന്ത്യക്ക് ഇതിന് ബാധ്യതയുണ്ട്. ഇതിനകം സര്‍ക്കാര്‍ ഇത് ചെയ്യുന്നുണ്ടാവും എന്നാണ് താന്‍ കരുതുന്നതെന്നും ആര്‍എസ്എസ് മേധാവി അറിയിച്ചു.

അതേ സമയം, ബംഗ്ലാദേശിലെ ന്യൂനപക്ഷങ്ങളുടെ സുരക്ഷയില്‍ ആശങ്ക അറിയിച്ച് ഇന്ത്യ. ബംഗ്ലാദേശിലെ സാഹചര്യം നിരീക്ഷിക്കുന്നു എന്നും ഇന്ത്യ പ്രസ്താവനയില്‍ വ്യക്തമാക്കി. ഡല്‍ഹിയില്‍ ബംഗ്ലാദേശ് ഹൈക്കമ്മീഷന്‍ ആക്രമിച്ചു എന്ന ബംഗ്ലാദേശ് മാധ്യമങ്ങളുടെ പ്രചാരണം ഇന്ത്യ തള്ളി. ഷെയ്ക് ഹസീനയ്‌ക്കെതിരായ പ്രക്ഷോഭം നടത്തിയ യുവാക്കളുടെ സംഘടനയായ ഈന്‍ക്വിലാബ് മഞ്ചിന്റെ നേതാവ് ഷെരീഫ് ഒസ്മാന്‍ ഹാദിയുടെ കൊലപാതകത്തിനു ശേഷമുള്ള സാഹചര്യത്തെക്കുറിച്ച് ഇന്ത്യ ഇന്നാണ് ഔദ്യോഗികമായി പ്രതികരിച്ചത്.

ഡല്‍ഹിയിലെ ബംഗ്ലാദേശി ഹൈക്കമ്മീഷന്‍ ഒരു സംഘം ആക്രമിച്ചു എന്ന് ചില ബംഗ്ലാദേശി മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നുണ്ട്. ഇത് അടിസ്ഥാഹരിതമാണെന്ന് ഇന്ത്യ പ്രസ്താവനയില്‍ വ്യക്തമാക്കി. ഇന്നലെ രാത്രി ഇരുപത്തഞ്ചോളം പേര്‍ ഹൈക്കമ്മീഷന് അടുത്ത് നിന്ന് മുദ്രാവാക്യം വിളിച്ചിരുന്നു. അക്രമത്തിനിടെ ബംഗ്ലാദേശി ഹിന്ദു യുവാവ് ദിപു ചന്ദ്രദാസിനെ മരത്തില്‍ കെട്ടിയിട്ട് കത്തിച്ച് കൊലപ്പെടുത്തിയതിലായിരുന്നു പ്രതിഷേധം.

ഈ ചെറിയ സംഘം ഹൈക്കമ്മീഷനിലേക്ക് തള്ളിക്കയറിയെന്ന വാര്‍ത്ത തെറ്റെന്നും ഇന്ത്യ വ്യക്തമാക്കി. ദിപു ചന്ദ്രദാസിന്റെ കൊലയാളികളെ ബംഗ്ലാദേശ് നിയമത്തിനു മുന്നില്‍ കൊണ്ടു വരണം. ഹിന്ദുക്കള്‍ അടക്കമുള്ള ബംഗ്‌ളദേശിലെ ന്യൂനപക്ഷങ്ങളുടെ സുരക്ഷ ഉറപ്പാക്കണം. ഇക്കാര്യത്തില്‍ ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ ബംഗ്ലാദേശ് അധികൃതരുമായി നിരന്തരം സമ്പര്‍ക്കത്തിലാണ്. ബംഗ്‌ളദേശിലെ ഉരുത്തിരിയുന്ന സാഹചര്യം നിരീക്ഷിക്കുകയാണെന്നും ഇന്ത്യയുടെ പ്രസ്താവന പറയുന്നു.

രാജ്യത്തെ നയതന്ത്രകാര്യാലയങ്ങളുടെ സുരക്ഷ ഉറപ്പാക്കാന്‍ പ്രതിജ്ഞാബദ്ധമാണെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി,. കഴിഞ്ഞ ദിവസം ഇന്ത്യന്‍ അസിസ്റ്റന്റ് ഹൈക്കമ്മിഷന്‍ ഓഫിസിനു നേരെ ആക്രമണ ശ്രമം ഉണ്ടായതിനെ തുടര്‍ന്നാണ് ചിറ്റഗോങ്ങിലെ വിസാ സേവനകേന്ദ്രത്തിന്റെ പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിയത്. സുരക്ഷ വിലയിരുത്തിയ ശേഷമെ കേന്ദ്രം തുറക്കുവെന്നും അധികൃതര്‍ വ്യക്തമാക്കി.