- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
ജനസംഖ്യാ അസന്തുലിതാവസ്ഥക്ക് മതപരിവര്‍ത്തനവും കുറഞ്ഞ ജനനനിരക്കും; രാജ്യത്ത് ഭൂരിപക്ഷ, ന്യൂനപക്ഷ സമുദായങ്ങളില്ലെന്നും എല്ലാവരും ഒരു സമൂഹം; മുസ്‌ലിം, ക്രൈസ്തവ സമുദായങ്ങളുമായി പരസ്പര വിശ്വാസവും സൗഹൃദവും സംവാദവും ഉണ്ടാകണം; സര്‍സംഘചാലക് ആകാന്‍ ബ്രാഹ്മണനായിരിക്കണമെന്നില്ല: മോഹന്‍ ഭാഗവത് നിലപാട് പറയുമ്പോള്‍
ജനസംഖ്യാ അസന്തുലിതാവസ്ഥക്ക് മതപരിവര്‍ത്തനവും കുറഞ്ഞ ജനനനിരക്കും

മുംബൈ: മതപരിവര്‍ത്തനം, നുഴഞ്ഞുകയറ്റം, കുറഞ്ഞ ജനനനിരക്ക് എന്നിവയാണ് രാജ്യത്തെ ജനസംഖ്യാ അസന്തുലിതത്വത്തിന് മുഖ്യ കാരണങ്ങളെന്ന് ആര്‍.എസ്.എസ് അധ്യക്ഷന്‍ മോഹന്‍ ഭാഗവത്. ആര്‍.എസ്.എസ് ശതാബ്ദിയോടനുബന്ധിച്ച് സംഘടിപ്പിച്ച സംവാദ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ഭാഗവത്.
കുടുംബങ്ങളില്‍ മൂന്ന് കുട്ടികള്‍ വേണമെന്നാണ് ശാസ്ത്രീയ പഠനങ്ങള്‍ സൂചിപ്പിക്കുന്നതെന്നും അതേസമയം, ഇത് ഓരോരുത്തരുടെയും ഇഷ്ടാനുസരണം നടപ്പാക്കേണ്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിര്‍ബന്ധിച്ചും പ്രലോഭനത്തിലൂടെയും മതത്തില്‍ ആളെക്കൂട്ടുന്നതിനെ അദ്ദേഹം അപലപിച്ചു. ആദ്യ വിശ്വാസത്തിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഘര്‍ വാപ്പസിയാണ് ഉത്തരമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഏകീകൃത സിവില്‍കോഡ് എല്ലാവരെയും വിശ്വാസത്തിലെടുത്ത് സമവായത്തോടെ വേണം നടപ്പാക്കാനെന്നും മോഹന്‍ ഭാഗവത് ആവശ്യപ്പെട്ടു. ബി.ജെ.പി അധികാരത്തിലെത്തിയപ്പോള്‍ ആര്‍.എസ്.എസിന് 'അച്ഛേ ദിന്‍' വന്നോ എന്ന ചോദ്യത്തിന് തിരിച്ചാണ് സംഭവിച്ചതെന്നായിരുന്നു മറുപടി. അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കാന്‍ ആര്‍.എസ്.എസ് പ്രതിജ്ഞാ ബദ്ധമായിരുന്നുവെന്നും അതിനെ പിന്തുണച്ചവര്‍ക്ക് ഗുണം കിട്ടിയെന്നും ആര്‍എസ്എസ് മേധാവി വ്യക്തമാക്കി.
രാജ്യത്ത് ഭൂരിപക്ഷ, ന്യൂനപക്ഷ സമുദായങ്ങളില്ലെന്നും എല്ലാവരും ഒരു സമൂഹമാണെന്നും മോഹന്‍ ഭാഗവത് പറഞ്ഞു. മുസ്‌ലിം, ക്രൈസ്തവ സമുദായങ്ങളുമായി പരസ്പര വിശ്വാസവും സൗഹൃദവും സംവാദവും ഉണ്ടാകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇസ്‌ലാമിനെ സമാധാനത്തിന്റെ മതം എന്ന് വിളിക്കുന്നു; പക്ഷേ, സമാധാനം കാണുന്നില്ല. ഇന്ന് ഇസ്‌ലാമിലും ക്രിസ്തുമതത്തിലും കാണുന്നത് യേശുക്രിസ്തുവിന്റെയും പ്രവാചകന്‍ മുഹമ്മദ് നബിയുടെയും പഠിപ്പിക്കലുകള്‍ക്കനുസരിച്ചുള്ള രീതികളല്ല. നമുക്ക് യഥാര്‍ഥ ഇസ്‌ലാമിന്റെയും ക്രിസ്തുമതത്തിന്റെയും രീതികളാണ് ആവശ്യമെന്നും അദ്ദേഹം പറഞ്ഞു.
ആര്‍എസ്എസ് സര്‍സംഘചാലക് സ്ഥാനത്തേക്ക് വ്യക്തികളെ തിരഞ്ഞെടുക്കുന്നതില്‍ ജാതി ഒരു ഘടകമല്ലെന്നും മോഹന്‍ ഭാഗവത് പറഞ്ഞു. സര്‍സംഘചാലക് ആകാന്‍ ബ്രാഹ്‌മണനായിരിക്കണം എന്നത് നിര്‍ബന്ധമല്ലെന്നും ഹിന്ദു ആയിരിക്കുക എന്നത് മാത്രമാണ് ഏക യോഗ്യതയെന്നും അദ്ദേഹം പറഞ്ഞു.
ആര്‍എസ്എസിന്റെ ഉന്നത നേതൃസ്ഥാനത്ത് ബ്രാഹ്‌മണരെ മാത്രമേ അനുവദിക്കൂ എന്ന കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള ഇന്ത്യ മുന്നണിയുടെ ആരോപണങ്ങള്‍ക്കുള്ള മറുപടിയായാണ് മോഹന്‍ ഭാഗവതിന്റെ വിശദീകരണം. ''ആരാകും സര്‍സംഘചാലക് ? ബ്രാഹ്‌മണനോ ക്ഷത്രിയനോ വൈശ്യനോ ശൂദ്രനോ ആകണമെന്നില്ല. ഒരു ഹിന്ദുവിനേ ആ സ്ഥാനത്തെത്താന്‍ കഴിയൂ. ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കാന്‍ പ്രാപ്തിയുള്ള ആരെയും ആ പദവിയിലേക്ക് നിയോഗിക്കാം. തുടക്കത്തില്‍ ആര്‍എസ്എസ് ഒരു ചെറിയ ബ്രാഹ്‌മണ കോളനിയില്‍ നിന്നാണ് പ്രവര്‍ത്തനം ആരംഭിച്ചത്.
അതുകൊണ്ടാണ് ആദ്യകാലത്ത് മുകളില്‍ നിന്ന് താഴെ വരെയുള്ള ഭാരവാഹികള്‍ ബ്രാഹ്‌മണരായത്. എന്നാല്‍ ഇത് ജാതി അടിസ്ഥാനത്തിലല്ല, മറിച്ച് ഭൂമിശാസ്ത്രപരമായ സാഹചര്യങ്ങള്‍ കാരണമായിരുന്നു. ആര്‍എസ്എസില്‍ ജാതി അടിസ്ഥാനത്തിലോ ജനസംഖ്യാ ആനുപാതികമായോ അല്ല ഭാരവാഹികളെ നിശ്ചയിക്കുന്നത്. പ്രവര്‍ത്തനം നടത്തുന്നവര്‍ നേതൃസ്ഥാനത്തേക്ക് വരുന്നു'' മോഹന്‍ ഭാഗവത് പറഞ്ഞു.
ഭാവിയില്‍ ഒരു എസ്സി/എസ്ടി വിഭാഗത്തില്‍ നിന്നുള്ളയാള്‍ സര്‍സംഘചാലക് ആകുമോ എന്ന ചോദ്യത്തിന് ഇപ്പോള്‍ ഉത്തരം നല്‍കാനാവില്ലെന്നും അത് അപ്പോഴത്തെ സാഹചര്യം പോലെയിരിക്കുമെന്നും മോഹന്‍ ഭാഗവത് പറഞ്ഞു. ''ഏറ്റവും മികച്ച ആളായിരിക്കണം, ഒപ്പം ആ സമയത്ത് ഉത്തരവാദിത്തം ഏല്‍ക്കാന്‍ ലഭ്യമായിരിക്കുകയും വേണം. എന്നെക്കാള്‍ മികച്ചവര്‍ വേറെയുമുണ്ടാകാം, പക്ഷേ അവര്‍ ആ സമയത്ത് ലഭ്യമല്ലാത്തതുകൊണ്ടാകാം ഞാന്‍ ഈ സ്ഥാനത്തെത്തിയത്. അതിനാല്‍ ബ്രാഹ്‌മണന്‍ എന്നത് ഒരു യോഗ്യതയോ, എസ്സി/എസ്ടി എന്നത് ഒരു അയോഗ്യതയോ അല്ല'' മോഹന്‍ ഭാഗവത് പറഞ്ഞു. സംഘ് ആവശ്യപ്പെട്ടാല്‍ അധ്യക്ഷ സ്ഥാനം ഒഴിയുമെന്നും പ്രായാധിക്യമുണ്ടെങ്കിലും ആര്‍.എസ്.എസ് പ്രവര്‍ത്തനം തുടരാന്‍ ആവശ്യപ്പെടുകയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


