- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ക്രിമിനല്‍ കേസ് പ്രതികളായാല്‍ ഇനി അഡ്മിഷന്‍ ലഭിക്കില്ല; തീരുമാനവുമായി കേരള വിസി മുന്നോട്ട്; കോളേജുകള്‍ക്ക് സര്‍ക്കുലര്‍ നല്കി മോഹന്‍ കുന്നുമ്മല്‍; പ്രവേശനം നേടുന്നവര്‍ ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ടിട്ടില്ല എന്ന് സത്യവാങ്മൂലം നല്‍കണം; സത്യവാങ്മൂലം ലംഘിച്ച് കേസില്‍ പ്രതികളായാല്‍ നടപടി എടുക്കാമെന്നും സര്‍ക്കുലറില്‍; പ്രതിഷേധവുമായി എസ്എഫ്‌ഐ രംഗത്ത്
ക്രിമിനല്‍ കേസ് പ്രതികളായാല്‍ ഇനി അഡ്മിഷന്‍ ലഭിക്കില്ല
തിരുവനന്തപുരം: കേരളാ സര്‍വകലാശാലയില്‍ വീണ്ടും വിവാദ തീരുമാനമായി വി സി മോഹന്‍ കുന്നുമ്മല്‍. ക്രിമിനല്‍ കേസ് പ്രതികളായാല്‍ യൂണിവേഴ്‌സിറ്റികളിലെ കോളേജുകളില്‍ അഡ്മിഷന്‍ ഇല്ലെന്ന തീരുമാനവുമായി കേരള വി സി മുന്നോട്ട് പോകുകയാണ്. വിഷയത്തില്‍ കോളേജുകള്‍ക്ക് വിസി മോഹന്‍ കുന്നുമ്മല്‍ സര്‍ക്കുലര്‍ അയച്ചിരിക്കുകയാണ്. പ്രവേശനം നേടുന്നവര്‍ ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ടിട്ടില്ല എന്ന് സത്യവാങ്മൂലം നല്‍കണമെന്നും സര്‍ക്കുലറിലുണ്ട്. സത്യവാങ്മൂലം ലംഘിച്ച് കേസില്‍ പ്രതികളായാല്‍ നടപടി എടുക്കാം. സത്യവാങ്മൂലത്തില്‍ നാല് ചോദ്യങ്ങളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.
കോളേജുകളില്‍ നിന്ന് ഡീബാര്‍ ചെയ്യപ്പെട്ടിട്ടുണ്ടോ? ക്രിമിനല്‍ കേസുകളില്‍ പ്രതികളാണോ? സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമ കേസുകളിലോ ക്രിമിനല്‍ കേസുകളിലോ ശിക്ഷിക്കപ്പെട്ടിട്ടുണ്ടോ? പരീക്ഷ ക്രമക്കേടിന് പെട്ടിട്ടുണ്ടോ? എന്നിവയാണവ. ഈ ചോദ്യങ്ങള്‍ക്ക് പ്രവേശനം നേടുന്ന വിദ്യാര്‍ത്ഥികള്‍ മറുപടി നല്‍കണം. സര്‍ക്കുലര്‍ ലംഘിച്ചാല്‍ നടപടി കോളേജ് കൗണ്‍സിലിന് തീരുമാനിക്കാമെന്നും സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു.
പഠനം ഉപേക്ഷിച്ചവര്‍ സംഘടനാ പ്രവര്‍ത്തനം ലക്ഷ്യം വച്ച് കോഴ്‌സുകളില്‍ പുനഃപ്രവേശനം നേടുന്നത് ശ്രദ്ധയില്‍പപെട്ട പശ്ചാത്തലത്തിവാണ് ഇപ്പോഴത്തെ തീരുമാനം. വിസി ഡോ. മോഹനന്‍ കുന്നുമ്മലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സിന്‍ഡിക്കേറ്റ് ഉപസമിതിയാണ് തീരുമാനം എടുത്തത്. വാട്‌സ്ആപ്പ് കോപ്പിയടിച്ചതിനെത്തുടര്‍ന്ന് മൂന്ന് വര്‍ഷത്തേക്ക് ഡീബാര്‍ ചെയ്യപ്പെട്ട വിദ്യാര്‍ഥി മറ്റൊരു വിഷയത്തില്‍ പുനഃപ്രവേശനം നേടിയത് കേരള സര്‍വകലാശാല റദ്ദാക്കിയിരുന്നു.
അതേസമയം, നടപടിയില്‍ പ്രതിഷേധമറിയിച്ച് എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവ് രംഗത്തെത്തി. ചരിത്ര നിഷേധ ഉത്തരവുകള്‍ പൊതുജനങ്ങള്‍ ചവറ്റുകുട്ടയിലേക്ക് വലിച്ചെറിയുമെന്ന് എസ്എഫ് ഐ ഫേസ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി. വൈസ് ചാന്‍സലറുടെ നടപടിക്കെതിരെ ശക്തമായ പ്രതിഷേധം ഉയരുമെന്നും പി എസ് സഞ്ജീവ് പറഞ്ഞു.
'ഇര്‍വിന്‍ പ്രഭു അന്ന്, മോഹനന്‍ കുന്നുമ്മല്‍ പ്രഭു ഇന്ന്,,കേസുള്ള വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനമില്ലെന്ന് വി.സിയാവാന്‍ യോഗ്യതയില്ലാത്ത ഡോ. മോഹനന്‍ കുന്നുമ്മല്‍',, എന്നിങ്ങനെയാണ് പോസ്റ്റില്‍ ഉള്ളത്. വൈസ് ചാന്‍സലറുടെ നടപടിക്കെതിരെ ശക്തമായ പ്രതിഷേധം ഉയരുമെന്നും സഞ്ജീവ് പോസ്റ്റില്‍ കുറിച്ചു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:
ഇര്‍വിന്‍ പ്രഭു അന്ന്
മോഹന്‍ കുന്നുമ്മല്‍ പ്രഭു ഇന്ന്
'കേസുകളില്‍ പ്രതിച്ചേര്‍ക്കപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് അഡ്മിഷന്‍ ഇല്ലെന്ന് വിസി ആവാന്‍ യോഗ്യത ഇല്ലാത്ത ഡോ. മോഹന്‍ കുന്നുമ്മല്‍.'
പണ്ട് ബ്രിട്ടീഷ് ഭരണവും ഇങ്ങനെയായിരുന്നു ഇന്ത്യയിലെ സാധരണക്കാര്‍ക്ക് നേരെ, അവരുടെ അവകാശങ്ങളെ സമാനമായ ഉത്തരവിലൂടെ വ്യത്യസ്ത ഘട്ടത്തില്‍ നേരിട്ടു.
സമരത്തിലൂടെയും, ജനവിരുദ്ധ നിയമങ്ങളെ നേരിട്ടും ഉടലെടുത്ത ഇന്ത്യ എന്ന രാജ്യവുംഅതിന്റെ ദേശീയതയും, ഐതിഹാസിക സമരങ്ങളും മനുഷ്യരുടെ ജീവനും കൊടുത്ത് കുട്ടികള്‍ക്ക് പഠിക്കാന്‍ അവകാശം നേടിയെടുത്ത ഈ കേരളത്തില്‍,സംഘപരിവാര്‍ എന്ന രാജ്യവിരുദ്ധ സംഘം കൂടെ ഉണ്ടെന്ന് കരുതി നടത്തുന്ന ഇത്തരം ചരിത്രനിഷേധ ഉത്തരവുകള്‍ പൊതുജനങ്ങള്‍ ചവറ്റുകുട്ടയിലേക്ക് വലിച്ചെറിയുമെന്നുറപ്പ്. ശക്തമായ പ്രതിഷേധം ഉയരും.
അതിനിടെ ചട്ടലംഘനം ഒഴിവാക്കാന്‍ അസാധാരണ നീക്കവുമായി കേരള വി.സി ഡോ. മോഹനന്‍ കുന്നുമ്മല്‍ രംഗത്തുണ്ട്. നവംബറില്‍ തീരുമാനിച്ചിരുന്ന സെനറ്റ് യോഗത്തിന് മുന്‍പേ പെട്ടെന്ന് സ്‌പെഷല്‍ സെനറ്റ് വിളിച്ചു. ഒക്ടോബര്‍ നാലിനാണ് സ്‌പെഷ്യല്‍ സെനറ്റ് യോഗം വിളിച്ചിരിക്കുന്നത്. യോഗത്തിലെ ഒരേ ഒരു അജണ്ട ഡിഗ്രി സര്‍ട്ടിഫിക്കറ്റ് അംഗീകരിക്കല്‍ മാത്രമാണ്. നവംബര്‍ ഒന്നിന് ആണ് സെനറ്റ് യോഗം വി.സി തീരുമാനിച്ചത്. ഇത് ഗവര്‍ണര്‍ക്ക് പങ്കെടുക്കാന്‍ ഉള്ള സൗകര്യം കൂടി കണക്കിലെടുത്തണെന്നാണ് സൂചന.
ഇതോടെ നാലുമാസത്തിലൊരിക്കല്‍ യോഗം വിളിക്കണം എന്ന് ചട്ടം വിസി പാലിച്ചില്ല എന്ന വിമര്‍ശനം ഉയര്‍ന്നിരുന്നു. ഭാവിയില്‍ ഉണ്ടാകാനിടയുള്ള നിയമക്കുരുക്ക് മറികടക്കാന്‍ വേണ്ടിയാണ് വിസിയുടെ അസാധാരണ നീക്കം എന്ന് വിലയിരുത്തപ്പെടുന്നു.