തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന്് മുമ്പ് മുഖ്യമന്ത്രി പിണറായി വിജയനുമായി പ്രത്യേക വീഡിയോ അഭിമുഖം നടത്തിയത് കേരളത്തില്‍ ചര്‍ച്ചയായിരുന്നു. മുഖ്യമന്ത്രിക്ക് മുഖംമിനുക്കാന്‍ വേണ്ടായയിരുന്നു ഈ അഭിമുഖം. ഈ അഭിമുഖത്തിന് ഉപയോഗിച്ചത് സര്‍ക്കാര്‍ ഫണ്ടെന്ന് വിവരം പുറത്തുവന്നു. 11,21,000 രൂപയാണ് അഭിമുഖത്തിനായി ചെലവായത്. ഈ തുക മുഴുവന്‍ സര്‍ക്കാര്‍ ഫണ്ടില്‍ നിന്ന് ഉപയോഗിച്ചുവെന്നാണ് വിവരാവകാശപ്രകാരം വ്യക്തമാകുന്നത്. എന്നാല്‍, സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉപയോഗിച്ചിട്ടില്ലെന്നും വിവരാവകാശ പകര്‍പ്പില്‍ പറയുന്നു.

തിരുവല്ല സ്വദേശി റിജോ വള്ളംകുളം ആണ് വിവരാവകാശ രേഖ പുറത്തുവിട്ടത്.'കണ്ടും മിണ്ടിയും ഇരുവര്‍' എന്നായിരുന്നു അഭിമുഖത്തിന്റെ പേര്. രണ്ട് ദിവസമെടുത്ത് ക്ലിഫ് ഹൗസില്‍ ചിത്രീകരിച്ച അഭിമുഖമാണിത്. അഭിമുഖത്തിന്റെ ടീസര്‍ ഏറെ ചര്‍ച്ചയായിരുന്നു. മുഖ്യമന്ത്രിയുടെ രാഷ്ട്രീയ ജീവിതവും വ്യക്തി ജീവിതവുമായിരുന്നു ഉള്ളടക്കം. എന്നാല്‍, പിആര്‍ സ്റ്റണ്ട് എന്നാണ് പ്രതിപക്ഷം അഭിമുഖത്തെ പരിഹസിച്ചത്. മോഹന്‍ലാലും പിണറായിയും തമ്മിലുള്ള വ്യക്തിബന്ധമാണ് അഭിമുഖത്തിന് പിന്നിലെന്നായിരുന്നു സിപിഎമ്മിന്റെ പ്രതികരണം.

പ്രശസ്ത സംവിധായകന്‍ ടി കെ രാജീവ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അഭിമുഖത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചിരിക്കുന്നത്. തിരുവനന്തപുരത്ത് എത്തിയപ്പോള്‍ മുഖ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കിടെയാണ് ഇത്തരമൊരു പരിപാടിയെക്കുറിച്ച് പിണറായി വിജയന്‍ മോഹന്‍ലാലിനോട് സൂചിപ്പിച്ചത്. അത് മോഹന്‍ലാല്‍ സന്തോഷത്തോടെ സമ്മതിക്കുകയായിരുന്നു.

പിണറായി വിജയനുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന മോഹന്‍ലാല്‍ അദ്ദേഹത്തിന്റെ രാഷ്ട്രീയ ജിവിതത്തെയും സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെയും ആധാരമാക്കിയുള്ള ചോദ്യങ്ങളാണ് ചോദിച്ചത്. രണ്ടു ദിവസം കൊണ്ട് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസ്തിയായ ക്ലിഫ് ഹൗസില്‍ വച്ചാണ് അഭിമുഖം ചിത്രീകരിച്ചത്. അതീവരഹസ്യമായി നടത്തിയ ചിത്രീകരണത്തെക്കുറിച്ച് അധികമാരെയും അറിയിച്ചില്ല. ആദ്യ ദിവസം ഇരുവരും തമ്മില്‍ അനൗദ്യോഗിക കൂടിക്കാഴ്ച നടത്തി സംസാരിക്കേണ്ട കാര്യങ്ങളെക്കുറിച്ച് ഏകദേശ ധാരണയാക്കി.

പിറ്റേ ദിവസമാണ് എല്ലാ ആധുനിക ഉപകരണങ്ങളുടെയും സഹായത്തോടെ അഭിമുഖം ചിത്രീകരിച്ചത്. സര്‍ക്കാര്‍ അമിതമായ പി.ആര്‍ വര്‍ക്ക് നടത്തുന്നുവെന്ന പ്രതിപക്ഷ ആരോപണങ്ങള്‍ക്കിടെയാണ് മുഖ്യമന്ത്രിമോഹന്‍ലാല്‍ അഭിമുഖം എത്തിയതും. മുമ്പ് 2011ലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി അന്നത്തെ പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടിയുമായി മോഹന്‍ലാല്‍ ഇത്തരത്തിലൊരു അഭിമുഖം നടത്തിയിട്ടുണ്ട്.