തിരുവനന്തപുരം: നടനും താരസംഘടനയായ അമ്മയുടെ മുന്‍ പ്രസിഡന്റുമായ മോഹന്‍ലാല്‍ ഇന്ന് മാധ്യമങ്ങളെ കാണും. തിരുവനന്തപുരത്ത് ഉച്ചയ്ക്കാകും മോഹന്‍ലാലിന്റെ വാര്‍ത്താസമ്മേളനം. 'ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തു വന്നതിന് പിന്നാലെ 'അമ്മ'സംഘടനയിലെ ഭരണ സിമിതിയിലെ ചില ഭാരവാഹികള്‍ നേരിടേണ്ടി വന്ന ലൈംഗികാരോപണങ്ങളുടെ പശ്ചാത്തലത്തില്‍ മോഹന്‍ലാല്‍ പ്രസിഡന്റ് സ്ഥാനം രാജിവെച്ചിരുന്നു. ഹേമ കമ്മിറ്റിയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കിടെ ആദ്യമായിട്ടാണ് മോഹന്‍ലാല്‍ പ്രതികരണത്തിന് എത്തുന്നത്.

മോഹന്‍ലാല്‍ റിപ്പോര്‍ട്ടിനെക്കുറിച്ച് പ്രതികരിക്കാത്തതിനെതിരേയും വിമര്‍ശനമുയര്‍ന്നിരുന്നു. നടിമാര്‍ക്കുണ്ടായ ദുരനുഭവങ്ങളില്‍ താരസംഘടനയുടെ അംലംഭാവം ചോദ്യം ചെയ്യപ്പെടുകയും അമ്മ അംഗത്വത്തിനടക്കം നടിമാര്‍ വിട്ടുവീഴ്ച ചെയ്യേണ്ടിവരുന്നുണ്ടെന്ന ആരോപണവും ഉയര്‍ന്നു വന്നു.അമ്മയുടെ നേതൃത്വം മുഴുവന്‍ മാറണമെന്നും സ്ത്രീകള്‍ക്ക് മേല്‍ക്കൈയുള്ള ഒരു നേതൃത്വം വരണമെന്ന തരത്തിലും ചര്‍ച്ചകള്‍ വന്നു. ഈ സാഹചര്യത്തിലായിരുന്നു മോഹന്‍ലാലിന്റെ നേതൃത്വത്തിലുള്ള ഭരണസമിതിയുടെ കൂട്ട രാജി. കേരള ക്രിക്കറ്റ് ലീഗിന്റെ ലോഞ്ചിന് ശേഷമായിരിക്കും മോഹന്‍ലാല്‍ പ്രതികരിക്കുക.

സ്വാഭാവികമായി ഹേമാ കമ്മറ്റി റിപ്പോര്‍ട്ടില്‍ ലാലിന് മറുപടി പറയേണ്ടി വരും. വൈകിട്ട മുഖ്യമന്ത്രി പിണറായി വിജയനുമായി മോഹന്‍ലാല്‍ വേദി പങ്കിടുന്നുണ്ട്. അതിന് മുമ്പ് തന്നെ മോഹന്‍ലാല്‍ മാധ്യമങ്ങളെ കാണുന്നുവെന്നതും ശ്രദ്ധേയമാണ്. കൊച്ചിയില്‍ ഫുട്‌ബോള്‍ ക്ലബ്ബുമായി ബന്ധപ്പെട്ട പത്ര സമ്മേളനത്തിലാണ് നടന്‍ പൃഥ്വിരാജ് മോഹന്‍ലാല്‍ അടങ്ങുന്ന അമ്മ ഭരണ സമിതിയെ വിമര്‍ശിച്ചത്. ഇതിന് പിന്നാലെയാണ് അമ്മയില്‍ നിന്നും മോഹന്‍ലാല്‍ രാജിവച്ചത്. ഈ വിഷയത്തില്‍ മോഹന്‍ലാലിന്റെ പ്രതികരണം ക്രിക്കറ്റ് ലീഗിന്റെ വേദിയിലാകുമെന്നതാണ് മറ്റൊരു യാദൃശ്ചികത.

ഗാനരചയിതാവ് ശ്രീകുമാരന്‍ തമ്പിയുടെ ശതാഭിഷേകത്തോടനുബന്ധിച്ച് ശ്രീകുമാരന്‍ തമ്പി ഫൗണ്ടേഷന്‍ പുരസ്‌കാരം മോഹന്‍ലാല്‍ നേരിട്ട് ഏറ്റുവാങ്ങും. മുഖ്യമന്ത്രി പിണറായി വിജയനും ഈ വേദിയിലുണ്ടാകും. ലാലിനെ സാക്ഷിയാക്കി മുഖ്യമന്ത്രി ഈ വേദിയില്‍ പറയുന്ന ഓരോ വാക്കും അതിനിര്‍ണ്ണായകമാകും. പുരസ്‌കാരം ഏറ്റുവാങ്ങിയ ശേഷം മോഹന്‍ലാല്‍ നടത്തുന്ന പ്രസംഗത്തിനും മലയാളികള്‍ കാതോര്‍ക്കുകയാണ്. അതുകൊണ്ട് തന്നെ ആദ്യ ശ്രീകുമാരന്‍ തമ്പി പുരസ്‌കാരദാന ചടങ്ങ് അതിനിര്‍ണ്ണായകമാകുമെന്നായിരുന്നു വിലയിരുത്തല്‍. എന്നാല്‍ അതിന് മുമ്പേ വിശദീകരണത്തിന് എത്തുകായണ് ക്രിക്കറ്റ് ലീഗ് വേദിയിലൂടെ മോഹന്‍ലാല്‍.

മലയാള സിനിമയിലെ തിരുത്തലിന്റെ പ്രതീകമാണ് ശ്രീകുമാരന്‍ തമ്പി. തെറ്റുകളോട് സന്ധിയില്ലാ സമരം നടത്തിയ സിനിമാക്കാരന്‍. അതുകൊണ്ട് തന്നെ സിനിമയിലെ മോശം പ്രവണതകളെ കുറിച്ച് ഗുരുതുല്യനായ ശ്രീകുമാരന്‍ തമ്പി നടത്തുന്ന പ്രതികരണവും നിര്‍ണ്ണായകമാകും. ചടങ്ങില്‍ പങ്കെടുക്കാന്‍ ഉറപ്പായും എത്തുമെന്ന് മോഹന്‍ലാല്‍ സ്ഥിരീകരിച്ചിട്ടുണ്ട്. അടുത്ത ദിവസങ്ങളില്‍ തിരുവനന്തപുരത്ത് മോഹന്‍ലാലിന്റെ സാന്നിധ്യവുമുണ്ടാകും. കേരളാ ക്രിക്കറ്റ് അസോസിയേഷന്റെ കെപിഎല്ലിന്റെ ബ്രാന്‍ഡ് അംബാസിഡര്‍ മോഹന്‍ലാലാണ്. സെപ്റ്റംബര്‍ രണ്ടിന് ഇത് തുടങ്ങും.

ഗാനരചയിതാവ്, സംവിധായകന്‍, തിരക്കഥാകൃത്ത്, നിര്‍മാതാവ്, സംഗീത സംവിധായകന്‍, ടെലിവിഷന്‍ സീരിയല്‍ നിര്‍മാതാവ്… വിശേഷണങ്ങള്‍ക്കും അപ്പുറമാണ് മലയാളികള്‍ക്ക് ശ്രീകുമാരന്‍ തമ്പി. മലയാള സിനിമയുടെ ചരിത്രത്തിലെ സമാനതകളില്ലാത്ത കലാകാരന്‍. മലയാളികള്‍ക്ക് ഒരിക്കലും മറക്കാനാകാത്ത ഗാന വസന്തം സമ്മാനിച്ച കവി സിനിമയുടെ എല്ലാ മേഖലയിലും തിളങ്ങി. സിനിമയുടെ സമസ്ത മേഖലയിലും കയ്യൊപ്പ് ചാലിച്ച പ്രതിഭയെ ആദരിക്കേണ്ടത് മോഹന്‍ലാലിന്റേയും കടമയാണ്. കരിയറിലെ ആദ്യ ഘട്ടങ്ങളില്‍ ലാലിന് മികച്ച സിനിമകള്‍ നല്‍കിയ ചലച്ചിത്രകാരനാണ് ശ്രീകുമാരന്‍ തമ്പി. ഇതെല്ലാം പരിഗണിച്ച് ലാല്‍ ചടങ്ങിനെത്തുമെന്ന് സിനിമാ ലോകവും പ്രതീക്ഷിച്ചിരുന്നു. ഇത് തെറ്റുന്നുമില്ല.

മുഖ്യമന്ത്രിയും പരിപാടിക്ക് വരുമെന്ന് സംഘടാകരെ അറിയിച്ചിട്ടുണ്ട്. സാംസ്‌കാരിക സിനിമ മന്ത്രി സജി ചെറിയാനും ചടങ്ങിലെത്തും. വൈകിട്ട് 5.30ന് നിശാഗന്ധിയില്‍ നടക്കുന്ന ചടങ്ങില്‍ നടന്‍ മോഹന്‍ലാലിന് മുഖ്യമന്ത്രി പിണറായി വിജയന്‍ പുരസ്‌കാരം സമ്മാനിക്കും. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവുമാണ് പുരസ്‌കാരം. 'ശ്രീമോഹനം' എന്ന പരിപാടിയില്‍ മന്ത്രി സജി ചെറിയാന്‍ ശ്രീകുമാരന്‍ തമ്പിയെ ആദരിക്കും. ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ഗോകുലം ഗോപാലന്‍ അധ്യക്ഷനാകും. സിനിമയിലെ സമഗ്ര സംഭാവനയ്ക്ക് കല്ലിയൂര്‍ ശശിക്കും ഗാനാലാപന മത്സരത്തിലെ വിജയികള്‍ക്കും മോഹന്‍ലാല്‍ ഉപഹാരങ്ങള്‍ നല്‍കും.

പിന്നണി ഗായകന്‍ എം ജി ശ്രീകുമാറിന്റെ നേതൃത്വത്തില്‍ പ്രമുഖ ഗായകര്‍ അണിനിരക്കുന്ന ശ്രീകുമാരന്‍ തമ്പിയുടെ ഗാനങ്ങള്‍ കോര്‍ത്തിണക്കിയ ഗാനസന്ധ്യയും നടക്കും. മലയാള ഭാഷയുടെ തനിമയും സൗന്ദര്യവും ഒരിറ്റുപോലും ചോര്‍ന്നുപോകാതെ, ഗൃഹാതുരതയുടെയും ഗ്രാമീണതയുടെയും വശ്യതയില്‍ ചാലിച്ച എത്രയെത്ര പാട്ടുകള്‍. സ്‌നേഹവും പ്രണയവും കാമവും ഭക്തിയും യുക്തിയും വിരഹവും വാത്സല്യവുമെല്ലാം ശ്രീകുമാരന്‍ തമ്പി തന്റെ വരികളിലേക്ക് ആവാഹിച്ചു. ഏറെ സ്‌നേഹത്തോടെ മലയാളികള്‍ ആ വരികള്‍ ഏറ്റുപാടി. ജി ദേവരാജന്‍, ദക്ഷിണാമൂര്‍ത്തി, എം കെ അര്‍ജുനന്‍ കൂട്ടുകെട്ടില്‍ തമ്പിയുടെ കാവ്യഭംഗി നിറഞ്ഞ വരികള്‍ ഹിറ്റായി മാറി. ഈ ഗാനങ്ങളാകും സന്ധ്യയില്‍ പ്രധാനമായും അവതരിപ്പിക്കുക.