പത്തനംതിട്ട: നടന്‍ മോഹന്‍ലാലിനൊപ്പം ശബരിമല കയറിയതിന്റെ പിറ്റേന്നു സ്ഥലംമാറ്റം കിട്ടിയ പൊലീസ് ഇന്‍സ്‌പെക്ടര്‍ക്കു കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത് വിവാദത്തില്‍. തിരുവല്ല മുന്‍ എസ് എച്ച് ഒ ബി സുനില്‍ കൃഷ്ണനോട് തിരുവല്ല ഡിവൈഎസ്പിയാണ് വിശദീകരണം തേടിയത്. മോഹന്‍ലാലിനൊപ്പം മല കയറുന്നു എന്ന വിവരം മറച്ചുവച്ച് ശബരിമലയ്ക്കു പോകാന്‍ അനുമതി തേടി എന്നതാണ് കാരണം. എന്നാല്‍ ശബരിമല ദര്‍ശനമെന്ന് പറഞ്ഞ് അവധി എടുത്ത ഉദ്യോഗസ്ഥനെതിരെ ഇത്തരത്തില്‍ നടപടി എടുക്കുന്നത് അനീതിയാണെന്നും വാദമുണ്ട്.

ശബരിമല ദര്‍ശനം ദീര്‍ഘകാല അഭിലാഷമാണെന്നു പറഞ്ഞാണ് സുനില്‍കൃഷ്ണ അനുമതി നേടിയത്. മറ്റു കാര്യങ്ങള്‍ ബോധപൂര്‍വം മറച്ചുവച്ചെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. സേനയിലെ അച്ചടക്കം ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്നു പറയുന്നു. ശബരിമലയില്‍ നിന്നു തിരികെയെത്തിയതിന്റെ പിറ്റേന്ന് സുനിലിനെ തിരുവല്ലയില്‍ നിന്നു സ്ഥലം മാറ്റിയിരുന്നു. മോഹന്‍ലാലിനൊപ്പം സുനില്‍ കൃഷ്ണ പോകുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ അടക്കം നിറഞ്ഞിരുന്നു. മമ്മൂട്ടിക്കായി മോഹന്‍ലാല്‍ വഴിപാട് നടത്തിയ വിവാദത്തോടെ ചാനലുകളില്‍ പലവട്ടം മോഹന്‍ലാലിന്റെ ദര്‍ശന വീഡിയോകളെത്തി. ഇതില്‍ പലതിലും സിഐ റാങ്കിലുള്ള ഉദ്യോഗസ്ഥനുമുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് നടപടികളെടുത്തത്. മോഹന്‍ലാലിന്റെ വിഐപി ദര്‍ശനം ഹൈക്കോടതിയുടെ പരിഗണനയില്‍ എത്തിയാല്‍ വെട്ടിലാകാതിരിക്കാനുള്ള പോലീസ് തന്ത്രമായും ഇതിനെ വിലയിരുത്തുന്നുണ്ട്. അവധി എടുത്ത് പോയിട്ടും സിഐയ്‌ക്കെതിരെ നടപടി എടുത്തത് അസാധാരണമാണെന്നതാണ് വസ്തുത.

ശബരിമലയിലെ മോഹന്‍ലാലിന്റെ ദര്‍ശന വിവാദം വലിയ ചര്‍ച്ചയായിരുന്നു. ശബരിമലയില്‍ ദര്‍ശനം നടത്തിയപ്പോള്‍ മമ്മൂട്ടിക്ക് വേണ്ടി നടത്തിയ വഴിപാട് വിവരം പുറത്തായത് സംബന്ധിച്ച ചലച്ചിത്ര നടന്‍ മോഹന്‍ലാലിന്റെ പ്രസ്താവന തെറ്റിദ്ധാരണ മൂലമാണെന്നും തിരുത്തണമെന്നും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ആവശ്യപ്പെട്ടിരുന്നു. വഴിപാട് വിവരങ്ങള്‍ ദേവസ്വം ഉദ്യോഗസ്ഥര്‍ പരസ്യപ്പെടുത്തിയതായി മോഹന്‍ലാല്‍ ഒരു അഭിമുഖത്തില്‍ പരാമര്‍ശിച്ചിരുന്നു. വഴിപാട് രസീതിലെ വിവരങ്ങള്‍ പരസ്യപ്പെടുത്തിയത് ദേവസ്വം ഉദ്യോഗസ്ഥരല്ല. വഴിപാട് ഒടുക്കുമ്പോള്‍ കൗണ്ടര്‍ ഫോയില്‍ മാത്രമാണ് ദേവസ്വം സൂക്ഷിക്കുക. രസീതിന്റെ ബാക്കി ഭാഗം വഴിപാട് നടത്തുന്ന ആള്‍ക്ക് കൈമാറും. വഴിപാട് നടത്താന്‍ മോഹന്‍ലാല്‍ ചുമതലപ്പെടുത്തിയ ആള്‍ക്കും രസീത് കൈമാറിയിട്ടുണ്ട്. ദേവസ്വം ഉദ്യോഗസ്ഥരുടെ ഭാഗത്ത് യാതൊരു വീഴ്ചയുമില്ല.

മോഹന്‍ലാല്‍ ശബരിമലയില്‍ വരുമ്പോള്‍ അവിടെയുണ്ടായിരുന്ന ഏഷ്യാനെറ്റ് ന്യൂസ് ലേഖകന്‍ കൃഷ്ണ മോഹന്റെ ഫെയ്‌സ് ബുക്ക് കുറിപ്പിലാണ് വഴിപാടിന് പിന്നിലെ കാര്യ കാരണങ്ങളുള്ളതെന്ന് ദേവസ്വം ബോര്‍ഡ് പറയുന്നു. സത്യം അതായിരിക്കെ എങ്ങനെ ദേവസ്വമാണ് വിവരം ചോര്‍ത്തിയെന്ന് പറയുമെന്ന വാദമാണ് ദേവസ്വം ബോര്‍ഡ് ഉയര്‍ത്തുന്നത്. ഈ മുകളിലെ കുറിപ്പിനൊപ്പം മോഹന്‍ലാല്‍ തന്റെ കൈപ്പടയില്‍ എഴുതി നല്‍കിയ കുറിപ്പ് അടക്കം ഏഷ്യാനെറ്റ് ന്യൂസിലെ ലേഖകന്‍ ഫെയ്‌സ് ബുക്കിലിട്ടിട്ടുണ്ട്. അതായത് വിവരം മാധ്യമ പ്രവര്‍ത്തകരിലേക്ക് എത്തിയത് മോഹന്‍ലാല്‍ വഴിയാണ്. മാധ്യമ പ്രവര്‍ത്തകനെ കൊണ്ട് കുറിപ്പെടുത്ത ശേഷം അത് ദേവസ്വം ബോര്‍ഡ് ചോര്‍ത്തിയെന്ന തരത്തില്‍ വാര്‍ത്തകള്‍ വരുന്നത് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനെ അലോസരപ്പെടുത്തുന്നുണ്ട്. പക്ഷേ മോഹന്‍ലാല്‍ ആയതു കൊണ്ട് പരസ്യ പ്രതികരണത്തിന് ബോര്‍ഡ് നില്‍ക്കില്ല. ദേവസ്വം ബോര്‍ഡിനെ കുറ്റപ്പെടുത്തി വിവാദങ്ങളില്‍ നിന്നും രക്ഷപ്പെടാനുള്ള ശ്രമമായി ഇതിനെ വിലയിരുത്തുന്നവരുണ്ട്. ഈ സാഹചര്യത്തിലാണ് സൂപ്പര്‍ താരത്തിനെതിരെ പരസ്യ നിലപാട് പ്രഖ്യാപനം. മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കം ദേവസ്വം ബോര്‍ഡിനെ വിമര്‍ശിച്ച മോഹന്‍ലാലിന്റെ പ്രസ്താവനയില്‍ അതൃപ്തിയിലാണ്.

ഉഷഃപൂജ വഴിപാടാണ് മോഹന്‍ലാല്‍ നടത്തിയത്. മുഹമ്മദ് കുട്ടി എന്ന പേരില്‍ വിശാഖം നക്ഷത്രത്തിലാണ് വഴിപാട് നടത്തിയത്. ഭാര്യ സുചിത്രയുടെ പേരിലും മോഹന്‍ലാല്‍ വഴിപാട് നടത്തി. ശബരിമലയിലേക്ക് പോകുംമുമ്പ് കഴിഞ്ഞദിവസം മോഹന്‍ലാല്‍ മമ്മൂട്ടിയുമായി സംസാരിക്കുകയും ശബരിമലദര്‍ശനത്തിന്റെ കാര്യം അറിയിക്കുകയും ചെയ്തിരുന്നെന്നാണ് വിവരം. ചൊവ്വാഴ്ച മോഹന്‍ലാല്‍ സുഹൃത്തുക്കള്‍ക്കൊപ്പമാണ് ദര്‍ശനത്തിനായി ശബരിമലയില്‍ എത്തിയത്. പമ്പയിലെ ഗണപതി കോവിലില്‍നിന്ന് കെട്ടുനിറച്ചാണ് മലകയറിയത്. സന്ധ്യയോടെ അയ്യപ്പദര്‍ശനം നടത്തി. രാത്രിയോടെ അദ്ദേഹം മലയിറങ്ങി. മോഹന്‍ലാല്‍ ശബരിമലയില്‍ ഉള്ളപ്പോള്‍ തന്നെ മമ്മൂട്ടിയുടെ പേരിലെ നേര്‍ച്ചാ രസീത് പുറത്തായിരുന്നു. ഇതോടെ ഈ പൂജയുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് മാധ്യമങ്ങള്‍ക്ക് മുന്നില്‍ മറുപടി പറയേണ്ടി വരുമോ എന്ന തോന്നല്‍ മോഹന്‍ലാലിനുണ്ടായി. ഇതുകൊണ്ടാണ് രാത്രിയില്‍ തന്നെ സന്നിധാനത്ത് നിന്നും ലാല്‍ മടങ്ങിയതെന്നും സൂചനകളുണ്ട്. ഇതെല്ലാം പലവിധ വിവാദ ചര്‍ച്ചകള്‍ക്കും കാരണമായി. ഇതിനിടെയാണ് പോലീസുകാരന്റെ കാരണം കാണിക്കല്‍ നോട്ടീസും ചര്‍ച്ചകളില്‍ എത്തുന്നത്. സുനില്‍ കൃഷ്ണയ്‌ക്കെതിരെ വലിയ നടപടികള്‍ എടുക്കില്ലെന്നും സൂചനകളുണ്ട്.

അതിനിടെ മമ്മൂട്ടിക്കുവേണ്ടി ശബരിമലയില്‍ മോഹന്‍ലാല്‍ വഴിപാട് കഴിച്ചതിനെതിരെ എഴുത്തുകാരനും, പ്രഭാഷകനുമായ ഒ അബ്ദുല്ല രംഗത്തു വന്നിരുന്നു. വഴിപാടിനെ നിശിതമായി വിമര്‍ശിച്ചാണ് രംഗത്ത് എത്തിയത്. അള്ളാഹുവിനെ അല്ലാതെ മറ്റാരെയും, ഒരു മുസ്ലീം ആരാധിക്കരുത് എന്നും, മമ്മുട്ടിയുടെ സമ്മതത്തോടെയാണ് ഈ വഴിപാട് നടന്നതെങ്കില്‍ അദ്ദേഹം മാപ്പുപറയണം എന്നും അബ്ദുള്ള പറയുന്നു. ഇത്തരം വിവാദങ്ങളില്‍ അടക്കം മമ്മൂട്ടിയെ കൊണ്ടു ചെന്നെത്തിച്ചത് മോഹന്‍ലാലിന്റെ വഴിപാട് രസീത് ചോര്‍ച്ചയിലെ പിഴവാണെന്നതാണ് വസ്തുത.