- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
കപ്പ തിന്നുന്നത് പോലെയോ പന്ത് കറക്കുന്നതുപോലെയോ അല്ല; മോഹന്‍ലാലും മുഖ്യമന്ത്രിയും തമ്മില്‍ നല്ല സൗഹൃദമാണെന്ന് പറഞ്ഞ് അഭിമുഖത്തെ പൊക്കിയടിച്ചു പി രാജീവ്; മോദി-അക്ഷയ് കുമാര്‍ അഭിമുഖം ചുണ്ടിക്കാട്ടി കോണ്‍ഗ്രസ് സൈബര്‍ ഹാന്‍ഡിലുകള്‍; ഈ സീനൊക്കെ ഉമ്മന്‍ചാണ്ടി പണ്ടേ വിട്ടതാണെന്ന് പഴയ അഭിമുഖം ചൂണ്ടി കോണ്‍ഗ്രസുകാരും; തെരഞ്ഞെടുപ്പു കാലത്തെ പിആര്‍ ചര്‍ച്ചയാകുമ്പോള്‍..
കപ്പ തിന്നുന്നത് പോലെയോ പന്ത് കറക്കുന്നതുപോലെയോ അല്ല

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും മോഹന്‍ലാലും ഒന്നിക്കുന്ന 'ഇരുവര്‍' എന്ന അഭിമുഖത്തിന്റെ ടീസറാണ് ഇപ്പോല്‍ സോഷ്യല്‍ മീഡിയയില്‍ സംസാര വിഷയം. ഇരുവര്‍ എന്ന് പേരിട്ടിരിക്കുന്ന അഭിമുഖത്തിന്റെ 1.15 മിനിറ്റ് ദൈര്‍ഘ്യമുള്ള ടീസറാണ് പുറത്തുവിട്ടിരിക്കുന്നത്. 'കണ്ടും മിണ്ടിയും ഇരുവര്‍. ജനങ്ങള്‍ നെഞ്ചിലേറ്റിയ, ജനങ്ങളെ നെഞ്ചിലേറ്റിയ രണ്ടുപേര്‍' എന്ന ടാഗ്ലൈനോടെയാണ് അഭിമുഖം. തിരഞ്ഞെടുപ്പു മുന്നില്‍ കണ്ടുള്ള പി ആര്‍ പ്രവര്‍ത്തനമാണ് ഈ അഭിമുഖത്തിലൂടെ സിപിഎം ലക്ഷ്യമിട്ടത്. മുഖ്യമന്ത്രിയുടെ അഭിമുഖ ടീസര്‍ ഇടതു സോഷ്യല്‍ മീഡിയ കാര്യമായി തന്നെ പൊക്കിയടിക്കുന്നുണ്ട്. ഈ അഭിമുഖം വലിയ കാര്യമാണെന്നാണ് സഖാക്കളുടെ പക്ഷം.
നിയമസഭാ തിരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍നില്‍ക്കെ ചിത്രീകരിച്ച അഭിമുഖത്തിന്റെ പൂര്‍ണ്ണരൂപം എപ്പോള്‍ പുറത്തുവിടുമെന്ന് പ്രഖ്യാപിച്ചിട്ടില്ല. മോഹന്‍ലാല്‍ ക്ലിഫ് ഹൗസില്‍ വന്നിറങ്ങുന്ന ദൃശ്യത്തോടെയാണ് ടീസര്‍ ആരംഭിക്കുന്നത്. ക്ലിഫ് ഹൗസ് അങ്കണത്തില്‍ ഇരുവരും ഒന്നിച്ച് നടക്കുന്നതും നായയെ പരിപാലിക്കുന്നതും ടീസറിലുണ്ട്. മുഖ്യമന്ത്രിക്ക് ഇഷ്ടപ്പെട്ട സിനിമകള്‍ രജനീകാന്തിന്റേതാണെന്ന് ഒരാള്‍ തന്നോട് പറഞ്ഞുവെന്ന് മോഹന്‍ലാല്‍ പറയുമ്പോള്‍, പൊതുവില്‍ ആക്ഷന്‍ പടങ്ങള്‍ ഇഷ്ടമുള്ള ആളാണ് താനെന്ന് മുഖ്യമന്ത്രി മറുപടി പറയുന്നുണ്ട്. ഇപ്പോഴിതാ അഭിമുഖത്തിന്റെ ടീസര്‍ സംബന്ധിച്ച് പ്രതികരിച്ചിരിക്കുകയാണ് മന്ത്രി പി രാജീവ്.
മനോഹരമായ ടീസറാണ് കണ്ടത്. കപ്പ തിന്നുന്നത് പോലെയോ പന്ത് കറക്കുന്നതുപോലെയോ അല്ല ഇത്. കനഗോലുവിന് വേണ്ടി ഒരു പിആര്‍ ഏജന്‍സി തന്നെ പ്രവര്‍ത്തിക്കുന്നില്ലേ. മോഹന്‍ലാലും മുഖ്യമന്ത്രിയും തമ്മില്‍ നല്ല സൗഹൃദമാണ്. മനോഹരമായ ടീസറാണ് നന്നായി പ്രചരിപ്പിക്കൂവെന്നും മന്ത്രി പറഞ്ഞു. കോണ്‍ഗ്രസ് നേതാവ് കെ.സി. വേണുഗോപാല്‍ കഴിഞ്ഞ ദിവസം ഒരു വീട്ടില്‍ ചെന്ന് കപ്പ കഴിക്കുന്ന വിഡിയോ വൈറലായിരുന്നു. ഇതിനെ കൂടി ഉദ്ദേശിച്ചാണ് പി രാജീവിന്റെ വാക്കുകള്‍.
അതേസമയം ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി അക്ഷയ് കുമാര്‍ പ്രധാനമന്ത്രി മോദിയെ അഭിമുഖം ചെയ്ത കാര്യം ചൂണ്ടിക്കാട്ടിയും സോഷ്യല്‍ മീഡിയയില്‍ ആളുകളുണ്ട്. മോദിയുടെ അതേ പി ആര്‍ സംഘമാണ് പിണറായിയുടേത് എന്നാണ് ഇവര്‍ ചൂണ്ടിക്കാട്ടുന്ന കാര്യം. അതേസമയം ഈ സീനൊക്കെ ഉമ്മന്‍ചാണ്ടി പണ്ടേ വിട്ടതാണെന്ന് പറഞ്ഞ് മോഹന്‍ലാല്‍- ഉമ്മന്‍ചാണ്ടി അഭിമുഖവും കോണ്‍ഗ്രസുകാര്‍ ചൂണ്ടിക്കാട്ടുന്നു. അന്നും ഇരുവര്‍ പേരിലാണ് അഭിമുഖം നടത്തിയത്.
ഉമ്മന്‍ചാണ്ടി പ്രതിപക്ഷ നേതാവായിരുന്ന സമയത്ത് എടുത്താണ് ഈ അഭിമുഖം എന്ന പ്രത്യേകതയുമുണ്ട്. പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയായ കന്റോണ്‍മെന്റ് ഹൗസിലായിരുന്നു ഇരുവരും തമ്മിലുള്ള അഭിമുഖത്തിന് വേദിയായത്. 2011ലാണ് അഭിമുഖം ഷൂട്ട് ചെയ്തത്. സാഗര്‍ ഏലിയാസ് ജാക്കി സിനിമയുടെ ലുക്കില്‍ വെള്ള ഷര്‍ട്ടും മുണ്ടും ധരിച്ചാണ് മോഹന്‍ലാല്‍ എത്തിയത്. സിനിമയും രാഷ്ട്രിയവും എല്ലാം പങ്കുവയ്ക്കുന്ന അഭിമുഖത്തില്‍ മോഹന്‍ലാലിന്റെ പിതാവിനെ കുറിച്ചും പറയുന്നുണ്ട്.
സര്‍ക്കാരിനു വേണ്ടി പി.ആര്‍.ഡി തയ്യാറാക്കിയതാണ് അഭിമുഖം. 'കണ്ടും മിണ്ടിയും ഇരുവര്‍' എന്ന അഭിമുഖ പരിപാടിയുടെ ടീസര്‍ ഇന്നലെ പുറത്തിറങ്ങി. സംവിധായകന്‍ ടി.കെ രാജീവ്കുമാര്‍ അടക്കമുള്ളവരാണ് അണിയറയില്‍ പ്രവര്‍ത്തിച്ചത്. മുഖ്യമന്ത്രിയുടെ പ്രത്യേക ആവശ്യം പരിഗണിച്ചാണ് മോഹന്‍ലാല്‍ അഭിമുഖത്തിനെത്തിയത്.
പിണറായി വിജയനുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന മോഹന്‍ലാല്‍ അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തെയും സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെയും ആധാരമാക്കിയുള്ള ചോദ്യങ്ങളാണ് ചോദിച്ചത്. രണ്ടു ദിവസം കൊണ്ട് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസില്‍ വച്ചാണ് ചിത്രീകരിച്ചത്. അതീവരഹസ്യമായിട്ടായിരുന്നു ചിത്രീകരണം. അതേസമയം,സര്‍ക്കാര്‍ അമിതമായ പി.ആര്‍ വര്‍ക്ക് നടത്തുന്നുവെന്ന പ്രതിപക്ഷ ആരോപണങ്ങള്‍ക്കിടെയാണ് മുഖ്യമന്ത്രി-മോഹന്‍ലാല്‍ അഭിമുഖം എത്തുന്നത്.


