പ്രപഞ്ചത്തിൽ അമ്മയേക്കാൾ വലിയ പോരാളി ഇല്ലയെന്ന് പറയുന്നത് വളരെ സത്യമാണ്. അത് ഇപ്പോൾ മനുഷ്യരിൽ ആയാലും മൃഗങ്ങളിലായാലും ഒരുപ്പോലെയാണ്. വളർത്തുമൃഗങ്ങൾ തന്റെ കുഞ്ഞുങ്ങളെ ലാളിക്കുന്ന വീഡിയോ പലതും സോഷ്യൽ മീഡിയയിൽ വൈറലാണ്. അതുപോലെ നോമ്പരിപ്പിക്കുന്ന വീഡിയോകളും ഉണ്ട്. അത് പോലൊരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.

തന്റെ മരിച്ചുപോയ കുഞ്ഞിന്റെ ശരീരത്തില്‍ തട്ടിയുണര്‍ത്താന്‍ ശ്രമിക്കുന്ന ആനയുടെ വീഡിയോ വളരെ വേഗത്തിലാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ പിടിച്ചുപറ്റിയത്. കുഞ്ഞിനെ നഷ്ടപ്പെട്ട അമ്മയുടെ വേദന വ്യക്തമാക്കുന്ന ഈ വീഡിയോ ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വ്വീസ്‌ ഓഫീസര്‍ പര്‍വ്വീണ്‍ കസ്വാനാണ് എക്‌സിലൂടെ പങ്കുവെച്ചിരിക്കുന്നത്.

എ.ഡി.എഫ്.ഒ ആയ ജയന്ത മൊണ്ടാലാണ് ഈ ദൃശ്യങ്ങള്‍ എടുത്തിരിക്കുന്നത്. ആനക്കുട്ടിയുടെ മരണം ഉള്‍ക്കൊള്ളാന്‍ കഴിയാത്ത അമ്മയാനയെ വീഡിയോയില്‍ കാണാം. ചത്ത ആനക്കുട്ടിയുടെ ജഡം തിരിച്ചും മറിച്ചുമിടുന്നതും വീഡിയോയില്‍ ദൃശ്യമാകുന്നുണ്ട്. ഇത് നേരിട്ട് കണ്ടുനിന്നവർ പറയുന്നതനുസരിച്ച് ചത്ത ആനക്കുട്ടിയെ ഉപേക്ഷിക്കാന്‍ മടിച്ച് ദിവസങ്ങളോളം അമ്മയാന ജഡത്തിന് അരികെ കിടന്നതായും ചിലർ പറയുന്നു.

'അമ്മയാനയ്ക്ക് കുഞ്ഞിന്റെ മരണത്തെ ഉള്‍ക്കൊള്ളാന്‍ പറ്റുന്നില്ല. അവര്‍ നമ്മളെപ്പോലെയാണ്, മനുഷത്വമുള്ളവരാണ്" എന്നിങ്ങനെയുള്ള കുറിപ്പും അദ്ദേഹം എക്‌സില്‍ പങ്കുവെയ്ക്കുകയുണ്ടായി. ഇത് ഒറ്റപ്പെട്ട സംഭവമല്ലെന്നും അദ്ദേഹം പറയുന്നു. തന്റെ ജോലിയുടെ ഭാഗമായി ഇതിനുമുന്‍പും സമാനമായ സംഭവങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.