മുംബൈ: മുംബൈയിൽ പരീക്ഷണയോട്ടം നടത്തുന്നതിനിടെ മോണോ റെയിൽ പാളം തെറ്റി. വഡാലയ്ക്ക് സമീപം ഗൈഡ് വേ ബീമിൽ നിന്ന് ഒരു കോച്ച് തെന്നി മാറിയാണ് അപകടമുണ്ടായത്. ഭാഗ്യവശാൽ, ട്രെയിനിലുണ്ടായിരുന്ന ഓപ്പറേറ്ററെയും എഞ്ചിനീയറെയും അത്ഭുതകരമായി രക്ഷപ്പെടുത്തി. എന്നാൽ, അപകടത്തിൽ കോച്ചിന് ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടം സംഭവിച്ചതായി പ്രാഥമിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

ബുധനാഴ്ച രാവിലെ 9.30 ഓടെയാണ് സംഭവം നടന്നത്. പുതുതായി നിർമ്മിച്ച ബീമിലൂടെ പരീക്ഷണയോട്ടം നടത്തുകയായിരുന്ന മോണോ റെയിലിന്റെ ഒരു കോച്ചാണ് ഗൈഡ് വേ ബീമിൽ നിന്ന് തെന്നിമാറി സമീപത്തെ മറ്റൊരു ബീമിൽ തൂങ്ങിയ നിലയിലായത്. മേധ സെർവേ ഡ്രൈവ്സ് എന്ന സ്ഥാപനമാണ് ഈ ബീം നിർമ്മിച്ചത്.

യാത്രക്കാരുമായി സർവീസ് പുനരാരംഭിക്കുന്നതിന് മുന്നോടിയായി സാങ്കേതിക തകരാറുകൾ പരിഹരിച്ച് സർവീസ് മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പരീക്ഷണയോട്ടം നടത്തിയത്. സെപ്തംബർ 20 മുതൽ മുംബൈയിലെ ഏക മോണോ റെയിൽ സംവിധാനം പ്രവർത്തനരഹിതമായിരുന്നു. കാലവർഷ സമയത്തുണ്ടായ തുടർച്ചയായ സാങ്കേതിക തകരാറുകളാണ് ഇതിന് കാരണം.

അപകടത്തെ തുടർന്ന് സ്ഥലത്തെത്തിയ അഗ്നി രക്ഷാ സേനാംഗങ്ങൾ മോണോ റെയിലിനുള്ളിൽ കുടുങ്ങിയ ഓപ്പറേറ്ററെയും എഞ്ചിനീയറെയും നിമിഷങ്ങൾക്കുള്ളിൽ സുരക്ഷിതമായി പുറത്തെത്തിച്ചു. ഇവർക്ക് കാര്യമായ പരിക്കുകളൊന്നും ഏറ്റിട്ടില്ല.

മുംബൈ മെട്രോപൊളിറ്റൻ റീജിയൻ ഡെവലപ്‌മെന്റ് അതോറിറ്റിയുടെ (MMRDA) ഉപ വിഭാഗമായ മഹാ മുംബൈ മെട്രോ ഓപ്പറേഷൻ കോർപ്പറേഷൻ ലിമിറ്റഡ് ആണ് മോണോ റെയിലിന്റെ പ്രവർത്തനങ്ങളും അറ്റകുറ്റപ്പണികളും ഏകോപിപ്പിക്കുന്നത്.

സാങ്കേതിക പ്രശ്നങ്ങൾ പരിഹരിച്ച് സർവീസ് വീണ്ടും സജീവമാക്കുന്നതിനായി 10 പുതിയ ട്രെയിനുകളാണ് അധികൃതർ വാങ്ങിയത്. ഓരോ ട്രെയിനിനും 55 കോടി രൂപയാണ് വില. ഇവയിൽ ഒന്നിന്റെ പരീക്ഷണയോട്ടത്തിനിടെയാണ് ഈ ഗുരുതരമായ അപകടം സംഭവിച്ചിരിക്കുന്നത്. രാജ്യത്തെ ആദ്യത്തെ മോണോ റെയിൽ സർവീസ് ആരംഭിച്ചത് മുംബൈയിലാണ്.

ഈ സംഭവം മുംബൈയിലെ പൊതുഗതാഗത സംവിധാനത്തിന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്നതായി രാഷ്ട്രീയ വൃത്തങ്ങളിൽ നിന്ന് വിമർശനങ്ങൾ ഉയർന്നു കഴിഞ്ഞു. മോണോ റെയിൽ പദ്ധതിയുടെ നിർമ്മാണത്തിലും നടത്തിപ്പിലുമുണ്ടായ അപാകതകളാണ് ഇത്തരം അപകടങ്ങൾക്ക് കാരണമെന്ന് പലരും ചൂണ്ടിക്കാണിക്കുന്നു. അപകട കാരണം സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. കേടുപാടുകൾ സംഭവിച്ച കോച്ചിന്റെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി എത്രയും പെട്ടെന്ന് സർവീസ് പുനരാരംഭിക്കാനുള്ള ശ്രമങ്ങൾ നടന്നു വരികയാണ്.