കൊച്ചി: മറ്റക്കുഴി പണിക്കരുപടിയിലെ അങ്കണവാടിയില്‍നിന്ന് അമ്മ സന്ധ്യ കൂട്ടിക്കൊണ്ടുപോയ മൂന്നു വയസ്സുകാരിയുടെ മൃതദേഹം ചാലക്കുടി പുഴയില്‍ നിന്നും കണ്ടെത്തുമ്പോള്‍ ചര്‍ച്ചയാകുന്നത് അമ്മയുടെ ക്രൂരത. ചൊവ്വാഴ്ച പുലര്‍ച്ചെ 2.20 ഓടെയാണ് മൃതദേഹം കണ്ടെത്തിയത്. മറ്റക്കുഴി കീഴ്പിള്ളില്‍ സുഭാഷിന്റെ മകള്‍ കല്യാണിയെയാണ് തിങ്കളാഴ്ച വൈകീട്ട് കാണാതായത്. വൈകീട്ട് 3.30 - ഓടെ പണിക്കരുപടിയിലുള്ള അങ്കണവാടിയില്‍നിന്ന് അമ്മ കല്യാണിയെ കൂട്ടിക്കൊണ്ടുപോവുകയായിരുന്നു. പിന്നെ സംഭവിച്ചതെല്ലാം അസ്വാഭാവികതകള്‍. ഒടുവില്‍ തിരച്ചലിനൊടുവില്‍ മൃതദേഹം കിട്ടി. മൂഴിക്കുളം പാലത്തിന്റെ മൂന്നാമത്തെ കാലിന്റെ പരിസരത്ത് മണലില്‍ പതിഞ്ഞു കിടക്കുകയായിരുന്നു കുട്ടിയുടെ മൃതദേഹം. തിരച്ചല്‍ തുടങ്ങി മൂന്നു മണിക്കൂറിനുള്ളിലാണ് കുഞ്ഞുണ്ണിക്കര യു കെ സ്‌കൂബ ടീം മൃതദേഹം കണ്ടെത്തിയത്. ഭര്‍തൃവീട്ടില്‍ യുവതിക്ക് പലവിധത്തിലുള്ള പ്രശ്നങ്ങളുണ്ടായിരുന്നു. കുഞ്ഞിനുനേരെപോലും കൈയോങ്ങിയിരുന്നതായും വിവരങ്ങളുണ്ട്. ഇതാണ് അമ്മയെ ക്രൂരതയ്ക്ക് പ്രേരിപ്പിച്ചതെന്നാണ് നിഗമനം.

അമ്മയില്‍നിന്നു ലഭിച്ച വിവരമനുസരിച്ച് മൂഴിക്കുളം മേഖലയില്‍ കുഞ്ഞിനായി രാത്രി വൈകിയും തിരച്ചില്‍ നടത്തുകയായിരുന്നു. അമ്മ കുഞ്ഞുമായി മൂഴിക്കുളത്തിനടുത്ത് ബസ് ഇറങ്ങിയതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിരുന്നു. കുട്ടിയുടെ അമ്മയ്ക്ക് ചില മാനസിക പ്രശ്നങ്ങളുള്ളതായി പറയുന്നുണ്ട്. അമ്മ പരസ്പരവിരുദ്ധമായാണ് ആദ്യം പോലീസിന്റെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കിയത്. മൂഴിക്കുളം പാലത്തിനു സമീപം കുഞ്ഞിനെ ഉപേക്ഷിച്ചെന്ന് ഇവര്‍ പറഞ്ഞു. തുടര്‍ന്ന് അഗ്നിരക്ഷാസേനയും പ്രദേശവാസികളും പാലത്തിന് സമീപം പുഴയില്‍ തിരച്ചില്‍ നടത്തി. കുഞ്ഞിനെയും കൂട്ടി അമ്മ മടങ്ങിയെത്താത്തതിനെ തുടര്‍ന്നാണ് വീട്ടുകാര്‍ അന്വേഷണം തുടങ്ങിയത്. ഏഴു മണിയോടെ അമ്മ ഓട്ടോറിക്ഷയില്‍ കുറുമശ്ശേരിയിലെ സ്വന്തം വീട്ടിലെത്തി. പിന്നീടാണ് കുട്ടിയെ കാണാനില്ലെന്ന് മനസ്സിലായത്. ചെങ്ങമനാട് പോലീസിന്റെ കസ്റ്റഡിയിലാണ് കുട്ടിയുടെ അമ്മ. അമ്മയ്ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തു. കുഞ്ഞിന്റെ മൃതദേഹം അങ്കമാലി താലൂക്ക ്ആശുപത്രിയിലേക്ക് മാറ്റി.

ചാലക്കുടി പുഴയില്‍ വഞ്ചിയിലും ബോട്ടിലുമായി സ്‌കൂബ ടീമും ഫയര്‍ഫോഴ്സും പോലീസും നാട്ടുകാരും ചേര്‍ന്ന് കൂട്ടായാണ് പരിശോധന നടത്തിയത്. ആലുവ ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ പോലീസ് സംഘം സ്ഥലത്തുണ്ടായിരുന്നു. റോജി എം. ജോണ്‍ എംഎല്‍എയും സ്ഥലത്തെത്തി. കുട്ടിയെ ഉപേക്ഷിച്ച ശേഷം അമ്മ തനിയെ ഓട്ടോറിക്ഷയില്‍ കിഴക്കേ കുറുമശ്ശേരിയിലുള്ള വീട്ടിലേക്ക് പോവുകയായിരുന്നു. പോലീസ് കൂടുതല്‍ ചോദ്യം ചെയ്തപ്പോള്‍ പുഴയുടെ ഭാഗത്ത് കുട്ടിയെ ഉപേക്ഷിച്ചതായി അമ്മ സമ്മതിച്ചിരുന്നു. മറ്റക്കുഴി സ്വദേശിയായ സുഭാഷിന്റെ ഭാര്യ സന്ധ്യയാണ് കുഞ്ഞിനെ പുഴയിലെറിഞ്ഞ് കൊന്നത്. ഭര്‍തൃവീട്ടിലെ പീഡനത്തെ തുടര്‍ന്നാണ് സന്ധ്യ കുഞ്ഞിനെ വലിച്ചെറിഞ്ഞ് കൊന്നതെന്നും മാനസികമായി വെല്ലുവിളി നേരിടുന്നയാളാണെന്നും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇത് കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് പുരോഗമിക്കുന്നത്.

വൈകുന്നേരം നാലുമണിയോടെ മറ്റക്കുഴിയിലെ അങ്കണവാടിയിലെത്തി സന്ധ്യ തന്നെയാണ് കുട്ടിയെ കൂട്ടിക്കൊണ്ട് പോന്നത്. മറ്റക്കുഴിയില്‍ നിന്ന് ഓട്ടോയില്‍ കയറി തിരുവാങ്കുളത്തെത്തിയ ഇവര്‍ അവിടെ നിന്നും ആലുവ ബസില്‍ കയറി. ബസില്‍ വച്ച് കുട്ടിയെ കാണാതെയായി എന്നായിരുന്നു സന്ധ്യയുടെ ആദ്യ മൊഴി. ഇതനുസരിച്ച് ആലുവ മുഴുവന്‍ പൊലീസ് അരിച്ചു പെറുക്കി. കുഞ്ഞിനെ പക്ഷേ കണ്ടെത്താനായില്ല. ഇതിന് പിന്നാലെയാണ് മൂഴിക്കുളം പാലത്തില്‍ നിന്ന് താന്‍ കുഞ്ഞിനെ താഴേക്കിട്ടെന്ന വെളിപ്പെടുത്തല്‍ വന്നത്. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച പൊലീസ് മൂഴിക്കുളം പാലത്തിലേക്ക് കുഞ്ഞുമായി സന്ധ്യ പോകുന്നത് സ്ഥിരീകരിച്ചു. തുടര്‍ന്ന് മണിക്കൂറുകള്‍ നീണ്ട തിരച്ചില്‍. ഇതിനിടയില്‍ കുടുംബ പ്രശ്‌നങ്ങള്‍ സന്ധ്യയ്ക്കുണ്ടായിരുന്നുവെന്ന് ബന്ധുക്കള്‍ വെളിപ്പെടുത്തിയതോടെ കേസില്‍ ദുരൂഹതയുമേറി. വിശദമായി പൊലീസ് ചോദ്യം ചെയ്തതോടെ സന്ധ്യ കുറ്റം സമ്മതിച്ചു. വൈകിട്ട് ആറുമണിയോടെയാണ് സന്ധ്യ കുഞ്ഞിനെ പാലത്തില്‍ നിന്നും താഴേക്കെറിഞ്ഞത്.

അങ്കണവാടിയില്‍ നിന്ന് വിളിച്ചു കൊണ്ടുവന്ന മകളുമായി മറ്റക്കുഴിയിലെ വീട്ടിലേക്ക് പോകാതെ സന്ധ്യ പോയത് ആലുവയിലേക്കാണ്. കുറുമശേരിയിലാണ് സന്ധ്യയുടെ വീട്. ഇവിടേക്ക് പോകുന്ന വിവരം ആരോടും പറഞ്ഞിരുന്നതുമില്ല. ആറുമണിയോടെ കുഞ്ഞിനെ പാലത്തില്‍ നിന്നും പുഴയിലേക്കെറിഞ്ഞ സന്ധ്യ വീട്ടിലെത്തി അവിടെ ഇരുന്നു. ഏഴുമണിയോടെ സന്ധ്യയുടെ അമ്മ വീട്ടിലെത്തിയപ്പോള്‍ കുഞ്ഞെവിടെ എന്ന് തിരക്കി. ഇതോടെയാണ് കുഞ്ഞിനെ ആലുവയില്‍ വച്ച് കാണാതെ പോയെന്ന് പറയുന്നത്. അമ്മയും ബന്ധുക്കളും ആവര്‍ത്തിച്ച് ചോദിച്ചതോടെ സന്ധ്യ പരസ്പര വിരുദ്ധമായി സംസാരിക്കാന്‍ തുടങ്ങി. ഇതോടെ വീട്ടുകാര്‍ തന്നെ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു.