- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിജിലന്‍സ് അന്വേഷണം നടക്കുന്നതു കൊണ്ടു മാത്രം സ്ഥാനക്കയറ്റം തടയാനാകില്ല; കുറ്റപത്രം നല്കിയിട്ടുണ്ടെങ്കിലോ അച്ചടക്ക നടപടിക്കായി മെമ്മോ കൊടുത്തിട്ടുണ്ടെങ്കിലോ സസ്‌പെന്‍ഷനില്‍ നില്‍ക്കുകയാണെങ്കിലോ മാത്രമേ സ്ഥാനക്കയറ്റം നഷ്ടമാകൂ; എആര്‍ അജിത് കുമാര്‍ ഡിജിപിയാകും; അന്‍വറിസം തളരുമ്പോള്‍
തിരുവനന്തപുരം : പിവി അന്‍വറിന്റെ ആരോപണമൊന്നും ഏറ്റില്ല. എഡിജിപി എംആര്‍ അജിത് കുമാറിന് ഡിജിപി റാങ്ക് കിട്ടും. വിജിലന്‍സ് അന്വേഷണം നടക്കുന്നുണ്ടെങ്കിലും എഡിജിപി എം.ആര്‍.അജിത്കുമാറിനു ഡിജിപിയാകാന്‍ തടസ്സമില്ലെന്നതാണ് വസ്തുത. ഈ വിജിലന്‍സ് അന്വേഷണവും അതിവേഗം തീരും. ഈ സാഹചര്യത്തിലാണ് തിങ്കളാഴ്ച ചേര്‍ന്ന ഐപിഎസ് സ്‌ക്രീനിങ് കമ്മിറ്റി അജിത് കുമാറിന്റെ സ്ഥാനക്കയറ്റത്തിന് അനുമതി നല്‍കി. തൃശൂര്‍ പൂരം കലക്കല്‍, ആര്‍എസ്എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ച എന്നിവ സംബന്ധിച്ച് അജിത്കുമാറിനെതിരെ അന്വേഷണം നടക്കുകയാണ്. വരവിലേറെ സ്വത്തുണ്ടെന്ന ആരോപണത്തില്‍ വിജിലന്‍സ് അന്വേഷണവുമുണ്ട്. ഇതെല്ലാം അജിത് കുമാറിന് ക്ലീന്‍ ചിറ്റ് നല്‍കുന്ന തരത്തിലേക്ക് എത്താനാണ് സാധ്യത. തൃശൂര്‍ പൂരം കലക്കലില്‍ എഡിജിപിയുടെ പങ്കിന് വ്യക്തമായ തെളിവൊന്നുമില്ല. ആര്‍ എസ് എസ് കൂടിക്കാഴ്ച വ്യക്തിപരവും. അതുകൊണ്ട് തന്നെ അതിലും നടപടി എടുക്കാന്‍ സാങ്കേതികമായി സര്‍ക്കാരിന് കഴിയില്ല.
ചീഫ് സെക്രട്ടറിയും ഡിജിപിയും ആഭ്യന്തര സെക്രട്ടറിയും വിജിലന്‍സ് ഡയറക്ടറുമടങ്ങുന്നതാണ് സ്‌ക്രീനിങ് കമ്മിറ്റി. വരുന്ന ജൂലൈയിലുണ്ടാകുന്ന ഒഴിവില്‍ അജിത്കുമാര്‍ ഡിജിപി റാങ്കിലെത്തും. വിജിലന്‍സ് കേസില്‍ അജിത് കുമാറില്‍ നിന്നും കഴിഞ്ഞയാഴ്ച വിജിലന്‍സ് വിശദമായി മൊഴിയെടുക്കുകയും ചെയ്തു. വിജിലന്‍സ് അന്വേഷണം നടക്കുന്നതുകൊണ്ടുമാത്രം സ്ഥാനക്കയറ്റം തടയാനാകില്ലെന്ന് ചീഫ് സെക്രട്ടറി ശാരദ മുരളീധരന്‍ പറഞ്ഞു. കോടതിയില്‍ ചാര്‍ജ്ഷീറ്റ് ഫയല്‍ ചെയ്ത് വിചാരണയ്ക്കു കാത്തിരിക്കുകയാണെങ്കിലോ അച്ചടക്കനടപടിക്കായി മെമ്മോ കൊടുത്തിട്ടുണ്ടെങ്കിലോ സസ്‌പെന്‍ഷനില്‍ നില്‍ക്കുകയാണെങ്കിലോ മാത്രമേ സ്ഥാനക്കയറ്റത്തില്‍ നിന്നു മാറ്റിനിര്‍ത്താന്‍ ചട്ടമുള്ളൂവെന്നും വിശദീകരിച്ചു.
വിജിലന്‍സ് അന്വേഷണം നടത്തി കേസെടുത്ത് റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചാല്‍ മാത്രമേ സ്ഥാനക്കയറ്റത്തില്‍നിന്നു മാറ്റിനിര്‍ത്താന്‍ വ്യവസ്ഥയുള്ളൂവെന്നു വിജിലന്‍സ് ഡയറക്ടറും സ്‌ക്രീനിങ് കമ്മിറ്റിയെ അറിയിച്ചു. അനധികൃത സ്വത്ത് ആരോപണത്തില്‍ വിജിലന്‍സ് രണ്ടാഴ്ചയ്ക്കുള്ളില്‍ റിപ്പോര്‍ട്ട് നല്‍കുമെന്നാണു വിവരം. അതേസമയം, ആര്‍എസ്എസ് കൂടിക്കാഴ്ച സ്വകാര്യമെന്ന അജിത്കുമാറിന്റെ വാദം തള്ളി പരോക്ഷ കുറ്റപ്പെടുത്തലുമായി ഡിജിപി റിപ്പോര്‍ട്ട് നല്‍കിയിരുന്നു. എന്നാല്‍ അട്ടിമറിക്കു വേണ്ടിയാണ് ആര്‍ എസ് എസ് നേതാക്കളെ കണ്ടതെന്നതിന് തെളിവും ഉണ്ടായില്ല. രണ്ടു പേര്‍ തമ്മില്‍ രഹസ്യമായി ചര്‍ച്ച ചെയ്തത് എന്തെന്ന് കണ്ടു പിടിക്കാന്‍ കഴിയില്ലെന്ന തരത്തിലായിരുന്നു അന്വേഷണ റിപ്പോര്‍ട്ട്. ഡിജിപി റാങ്കിന് അര്‍ഹനായ അജിത് കുമാറിന് സ്വാഭാവികമായി പോലീസ് മേധാവിയാകാനും സാധിക്കും. ഷെയ്ഖ് ദര്‍വേശ് സാഹിബ് വിരമിക്കുമ്പോള്‍ അജിത് കുമാറും പോലീസ് മേധാവിയാകാന്‍ അര്‍ഹതയുള്ളവരുടെ പട്ടികയിലുണ്ടാകും.
വിജിലന്‍സിന് നാലുതരം അന്വേഷണമാണുള്ളത്. കോണ്‍ഫിഡന്‍ഷ്യല്‍ വെരിഫിക്കേഷന്‍ (15 ദിവസം), ക്വിക് വെരിഫിക്കേഷന്‍ (ഒരു മാസം), പ്രിലിമിനറി എന്‍ക്വയറി (2 മാസം) എന്നിവയ്ക്കു പകരം 6 മാസം കൊണ്ടു പൂര്‍ത്തിയാക്കേണ്ട വിജിലന്‍സ് അന്വേഷണത്തിനാണ് അജിത്കുമാറിനെതിരെ ഉത്തരവിട്ടത്. പ്രത്യേക മാനദണ്ഡങ്ങള്‍ പ്രകാരമുള്ള ഈ അന്വേഷണം നീണ്ടാല്‍ സ്‌ക്രീനിങ് കമ്മിറ്റി സാങ്കേതിക കാരണങ്ങള്‍ പറഞ്ഞ് പ്രമോഷന്‍ നീട്ടിവച്ചേക്കാമെന്നു വാദമുണ്ടായിരുന്നു. എന്നാല്‍ അജിത് കുമാറിനൊപ്പമാണ് സര്‍ക്കാരെന്ന് അറിയാവുന്ന ആരും അത്തരത്തിലേക്ക് കാര്യങ്ങള്‍ കൊണ്ടു പോയില്ല. അനധികൃത സ്വത്തു സമ്പാദനം, കവടിയാറിലെ വീട് നിര്‍മാണം എന്നിവയടക്കമുള്ള പരാതികളുടെ അടിസ്ഥാനത്തിലാണു പ്രത്യേക അന്വേഷണ സംഘം അജിത് കുമാറിനെ ചോദ്യം ചെയ്തതത്. അഴിമതി ആരോപണങ്ങള്‍ ആദ്യം ഉന്നയിച്ച പി.വി.അന്‍വര്‍ എംഎല്‍എ പിന്നീടു പ്രത്യേക സംഘത്തിനു നല്‍കിയ മൊഴിയിലാണ് അജിത്തിനെതിരെ അനധികൃത സ്വത്തു സമ്പാദനവും ഉന്നയിച്ചത്. ഈ മൊഴി പരിശോധിച്ച ശേഷമാണ് അതിലെ ആരോപണങ്ങളില്‍ വിജിലന്‍സ് അന്വേഷണത്തിനു സംസ്ഥാന പൊലീസ് മേധാവി എസ്.ദര്‍വേഷ് സാഹിബ് സര്‍ക്കാരിന്റെ അനുമതി തേടിയത്.
പ്രാഥമിക അന്വേഷണത്തിനു ശേഷമായിരിക്കും കേസെടുത്ത് അന്വേഷിക്കണമോയെന്ന കാര്യത്തില്‍ വിജിലന്‍സ് തീരുമാനമെടുക്കുക. തനിക്കെതിരായ അനധികൃത സ്വത്തു സമ്പാദനമെന്ന ആരോപണത്തില്‍ ഒരു വസ്തുതയുമില്ലെന്നും എഡിജിപി അജിത് കുമാര്‍ അന്വേഷണ സംഘത്തെ അറിയിച്ചു. ബാങ്ക് സ്റ്റേറ്റ്മെന്റുകള്‍, ലോണ്‍ വിവരങ്ങള്‍, കവടിയാറിലെ വീടു നിര്‍മാണവുമായി ബന്ധപ്പെട്ട രേഖകള്‍ തുടങ്ങിയവ വിജിലന്‍സിനു കൈമാറി. ആരോപണത്തിനു പിന്നില്‍ മതമൗലിക വാദികളാണെന്നും പ്രത്യേക ലക്ഷ്യങ്ങളോടെയാണു തനിക്കെതിരെ ആരോപണങ്ങള്‍ ഉയര്‍ന്നതെന്നും അജിത് കുമാര്‍ പറഞ്ഞു. വിജിലന്‍സ് സംഘം ഉടന്‍ തന്നെ റിപ്പോര്‍ട്ട് വിജിലന്‍സ് ഡയറക്ടര്‍ക്ക് കൈമാറും. ഇതില്‍ കുറ്റവിമുക്തനാക്കുമെന്നാണ് സൂചന. പ്രാഥമിക അന്വേഷണത്തിനും തെളിവ് ശേഖരണത്തിനും ശേഷമാണ് എ.ഡി.ജി.പിയുടെ മൊഴിയെടുത്തത്. അന്വേഷണം നടത്തുന്ന പ്രത്യേക യൂണിറ്റില്‍ വിളിച്ചുവരുത്തിയാണ് ചോദ്യംചെയ്തത്.