കൊച്ചി: കേരളതീരത്ത് എം എസ് സി എല്‍സ 3 കപ്പല്‍ മുങ്ങി പരിസ്ഥിതിയ്ക്കടക്കമുണ്ടായ നാശനഷ്ടത്തിന് 9531 കോടി രൂപ നഷ്ടപരിഹാരമാവശ്യപ്പെട്ട് കേരളം. സ്വിറ്റ്‌സര്‍ലന്‍ഡ് ആസ്ഥാനമായ എം എസ് സി കമ്പനിക്കെതിരേ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അഡ്മിറാലിറ്റി സ്യൂട്ട് ഫയല്‍ചെയ്തു. സംസ്ഥാനചരിത്രത്തില്‍ ആദ്യമായാണ് ഇത്രവലിയ നഷ്ടപരിഹാരത്തുകയ്ക്ക് അഡിമിറാലിറ്റി സ്യൂട്ട് ഫയല്‍ചെയ്യുന്നത്. കപ്പല്‍ മുങ്ങിയതുമൂലമുള്ള പരിസ്ഥിതിനാശം, ഇതിന് പരിഹാരംകാണാനുള്ള നടപടികള്‍ക്കായുള്ള ചെലവ്, മത്സ്യത്തൊഴിലാളികളുടെ ജീവിതമാര്‍ഗം തടസ്സപ്പെട്ടതിനുള്ള നഷ്ടപരിഹാരം എന്നിവയാണ് കണക്കിലുള്ളത്.

അപകടവുമായി ബന്ധപ്പെട്ട ഹര്‍ജി നേരത്തേ പരിഗണിച്ച ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് നഷ്ടപരിഹാരം ഖജനാവില്‍നിന്നല്ല ചെലവഴിക്കേണ്ടതെന്നും കപ്പല്‍ക്കമ്പനിയില്‍നിന്നാണ് ഈടാക്കേണ്ടതെന്നും വ്യക്തമാക്കിയിരുന്നു. ഇതിനുപിന്നാലെയാണ് സര്‍ക്കാര്‍ അഡ്മിറാലിറ്റി സ്യൂട്ട് ഫയല്‍ചെയ്തത്. നേരത്തെ കേരളാ സര്‍ക്കാരുമായി നല്ല ബന്ധം പുലര്‍ത്തുന്ന എംഎസ്സി കമ്പനിക്കെതിരേ കേസെടുക്കാന്‍ പോലും സര്‍ക്കാര്‍ തയ്യാറായിരുന്നില്ല. എന്നാല്‍ കോടതിയുടെ വിമര്‍ശനം ഭയന്ന് ആ തീരുമാനം മാറ്റി. കേരളത്തിന്റെ ആവശ്യത്തോട് എംഎന്‍സി കമ്പനി എടുക്കുന്ന നിലപാട് നിര്‍ണ്ണായകമാകും.

വിഴിഞ്ഞം തുറമുഖവുമായി നല്ല ബന്ധമാണ് എംസ് സിയ്ക്ക്. ലോകത്തെ ഏറ്റവും വലിയ ചരക്ക് കപ്പല്‍ കമ്പനിയായ എംഎസ് എസിയുടെ മിക്കാവാറും എല്ലാ ചരക്കു കപ്പലും വിഴിഞ്ഞത്ത് എത്തുന്നുണ്ട്. ഈ സാഹചര്യത്തില്‍ കമ്പനിക്കെതിരെ നടപടി എടുക്കുന്നത് വിഴിഞ്ഞത്തെ ബാധിക്കുമോ എന്ന ആശങ്ക ഉയര്‍ന്നിട്ടുണ്ട്. ഇത്ര വലിയ നഷ്ടപരിഹാരം ചോദിച്ചതോടെ ഇനി ആ കമ്പനി എന്ത് നിലപാട് എടുക്കുമെന്നത് നിര്‍ണ്ണായകമാണ്. എന്നാല്‍ ഇന്‍ഷുര്‍ ചെയ്ത കപ്പലായതിനാല്‍ നഷ്ടപരിഹാരം നല്‍കുക എന്നത് കമ്പനിയ്ക്ക് വലിയ ബാധ്യതയാകില്ലെന്ന വാദവും സജീവമാണ്. ഏതായാലും ഹര്‍ജിയില്‍ കപ്പല്‍ കമ്പനി ഇനി എടുക്കുന്ന നിലപാട് നിര്‍ണ്ണായകമാകും.

കടലില്‍ പടര്‍ന്ന ഓയില്‍പാടയും ഒഴുകിനടക്കുന്ന കാര്‍ഗോയും പരിസ്ഥിതിക്കും മത്സ്യസമ്പത്തിനും കടലിലെ ആവാസവ്യവസ്ഥയ്ക്കും പൊതുജനാരോഗ്യത്തിനും വെല്ലുവിളിയുണ്ടായി. മത്സ്യ മേഖല ആകെ താളം തെറ്റി. ഇതു കാരണം 78,498 മത്സ്യ ബന്ധന കുടുംബങ്ങള്‍ക്കും 27,020 അനുബന്ധകുടുംബങ്ങള്‍ക്കുമായി ഒരാള്‍ക്ക് 1000 രൂപവീതം സാമ്പത്തികസഹായം സര്‍ക്കാര്‍ പ്രഖ്യാപിച്ചു. ആറുകിലോവീതം അരി സൗജന്യമായി നല്‍കുന്നുവെന്നും ഹര്‍ജിയില്‍ പറയുന്നു അഞ്ച് ഡോള്‍ഫിനും ഒരു തിമിംഗലവും തീരത്ത് ചത്തടിഞ്ഞത് കപ്പലില്‍നിന്നുള്ള പ്ലാസ്റ്റിക് തരികളടക്കം ഭക്ഷിച്ചാണെന്ന് സംശയിക്കുന്നുവെന്നും സര്‍ക്കാര്‍ പറയുന്നു.

ഈ ഹര്‍ജി പരിഗണിച്ച ജസ്റ്റിസ് എം.എ. അബ്ദുള്‍ ഹക്കിം എംഎസ് സി കമ്പനിയുടെ വിഴിഞ്ഞം തുറമുഖത്തെത്തിയ എംഎസ്സി അകിറ്റേറ്റ 2 എന്ന കപ്പല്‍ അറസ്റ്റുചെയ്യാന്‍ ഉത്തരവിട്ടു. ഈ കപ്പല്‍ ചൊവ്വാഴ്ച രാവിലെ തീരംവിടാനുള്ള സാധ്യത കണക്കിലെടുത്താണ് തിങ്കളാഴ്ച വൈകീട്ട് 5.30-ന് അടിയന്തിരഹര്‍ജി കോടതിയുടെ പരിഗണനയ്‌ക്കെത്തിച്ചത്. വിഴിഞ്ഞത്തുള്ള കപ്പല്‍ ജൂലായ് 10 വരെ അറസ്റ്റുചെയ്യാനാണ് കോടതിയുടെ ഇടക്കാല ഉത്തരവ്. സര്‍ക്കാരിനായി അഡ്വക്കേറ്റ് ജനറല്‍ കെ. ഗോപാലകൃഷ്ണക്കുറുപ്പ്, ഗവണ്‍മെന്റ് പ്ലീഡര്‍ പാര്‍വതി കോട്ടോള്‍ എന്നിവര്‍ ഹാജരായി. സര്‍ക്കാരിന്റെ മാരിടൈം ക്ലെയിമിന് സെക്യൂരിറ്റിയായി വിഴിഞ്ഞം തുറമുഖത്തുള്ള 'അകിറ്റേറ്റ' കപ്പലിന്റെ അറസ്റ്റ് ആവശ്യപ്പെട്ടാണു പരിസ്ഥിതി സ്പെഷല്‍ സെക്രട്ടറി ഹര്‍ജി നല്‍കിയത്.

മേയ് 25ന് എല്‍സ3 മുങ്ങിയതിനെത്തുടര്‍ന്ന് പരിസ്ഥിതി, ആവാസ മേഖലയിലും സാമ്പത്തിക മേഖലയിലും വന്‍ നഷ്ടമുണ്ടായി. 643 കണ്ടെയ്നറുകളുമായാണു കപ്പല്‍ മുങ്ങിയത്. പ്ലാസ്റ്റിക് നര്‍ഡില്‍സ് ഉള്‍പ്പെടെ ഒഴുകിപ്പരന്നതായും ഹര്‍ജിയില്‍ പറയുന്നു. ഹര്‍ജിയില്‍ തീര്‍പ്പാകുന്നതുവരെ ആറു ശതമാനം പലിശസഹിതം ഇടക്കാല സഹായം അനുവദിക്കണമെന്നാണ് സര്‍ക്കാരിന്റെ ആവശ്യം. കപ്പലില്‍നിന്നു വീണ 61 കണ്ടെയ്നറുകള്‍ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം ജില്ലകളുടെ തീരത്തടിഞ്ഞു. 59.6 ടണ്‍ പ്ലാസ്റ്റിക് തരികള്‍ നീക്കം ചെയ്തു. മറൈന്‍ എമര്‍ജന്‍സി റസ്പോണ്‍സ് സെന്ററിന്റെ മേല്‍നോട്ടത്തില്‍ 600 ഉദ്യോഗസ്ഥരും 300 വോളണ്ടിയര്‍മാരും യന്ത്രസഹായത്തോടെയും അല്ലാതെയും ശുചീകരണം നടത്തുന്നുണ്ട്.

ക്ലെയിമുകള്‍ മറികടക്കാനുള്ള ലക്ഷ്യത്തോടെ എംഎസ് സിയുടെ കപ്പലുകളുടെ രജിസ്ട്രേഷന്‍ വിവിധ ഉപകമ്പനികളുടെ പേരിലാണെങ്കിലും പ്രവര്‍ത്തന നിയന്ത്രണവും വിലാസവും എംഎസ്സി കമ്പനിയുടേതാണെന്നും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഹര്‍ജിയില്‍ പത്തിന് വീണ്ടും വാദം കേള്‍ക്കും.