- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നില്‍ക്കണോ അതോ പോണോ? സൈനിക മേധാവിയുമായി ഉടക്ക്; പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കാന്‍ വൈകിയതോടെ സമ്മര്‍ദ്ദമേറ്റി രാഷ്ട്രീയ കക്ഷികള്‍; ഒപ്പം അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകളുടെ മുന്നറിയിപ്പും; രാഷ്ട്രീയ ത്രിശങ്കുവിലായ ബംഗ്ലാദേശ് ഇടക്കാല സര്‍ക്കാര്‍ തലവന്‍ മുഹമ്മദ് യുനുസ് രാജിയുടെ വക്കില്‍
ബംഗ്ലാദേശ് ഇടക്കാല സര്‍ക്കാര്‍ തലവന്‍ മുഹമ്മദ് യുനുസ് രാജിയുടെ വക്കില്‍
ധാക്ക: ബംഗ്ലാദേശില്‍ തുടരുന്ന രാഷ്ട്രീയ പ്രതിസന്ധിയെ തരണം ചെയ്യാന്‍ കഴിയാതെ ഇടക്കാല സര്‍ക്കാര്‍ തലവന്‍ മുഹമ്മദ് യൂനുസ് രാജി ഭീഷണി മുഴക്കി. രാജ്യത്ത് നടപ്പാക്കേണ്ട മുഖ്യ പരിഷ്‌കാരങ്ങളില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ സമവായത്തില്‍ എത്താന്‍ പരാജയപ്പെട്ടതോടെ മുഖ്യ ഉപദേഷ്ടാവിന്റെ റോളില്‍ യൂനുസ് തുടരുന്നതില്‍ അനിശ്ചിതാവസ്ഥയുണ്ടെന്ന് വിദ്യാര്‍ഥികള്‍ നയിക്കുന്ന നാഷണല്‍ സിറ്റിസണ്‍ പാര്‍ട്ടി അദ്ധ്യക്ഷന്‍ അന്‍ഹിദ് ഇസ്സാം പറഞ്ഞു.
' ബഹുജനപ്രക്ഷോഭത്തെ തുടര്‍ന്ന് രാജ്യത്ത് മാറ്റവും പരിഷ്‌കാരവും കൊണ്ടുവരാനാണ് തന്നെ കൊണ്ടുവന്നത്. പക്ഷേ നിലവിലെ സാഹചര്യത്തില്‍ തന്നെ രാഷ്ട്രീയ പാര്‍ട്ടികള്‍ ഒതുക്കുന്നതായും പ്രവര്‍ത്തിക്കാന്‍ കഴിയാത്തതായും യൂനുസിന് തോന്നുന്നതായി അന്‍ഹിദ് ഇസ്സാം ബിബിസി ബംഗ്ലയോട് പറഞ്ഞു. ഈ പദവിയില്‍ നേരാംവണ്ണം പ്രവര്‍ത്തിക്കാന്‍ കഴിയുന്നില്ലെങ്കില്‍ തുടരുന്നതില്‍ എന്തര്‍ഥമാണ് ഉളളതെന്ന് യൂനുസ് തന്റെ ഉപദേഷ്ടാക്കളുടെ യോഗത്തില്‍ ചോദിച്ചതായി ബംഗ്ലാദേശ് പത്രം പ്രോതോം എഐ റിപ്പോര്‍ട്ട് ചെയ്തു.
വിദ്യാര്‍ഥി പ്രക്ഷോഭത്തെ തുടര്‍ന്ന് മുന്‍ പ്രധാനമന്ത്രി ഷെയ്ക് ഹസീന രാജ്യം വിട്ടതോടെയാണ് 84 കാരനായ നൊബേല്‍ സമാധാന പുരസ്‌കാര ജേതാവ് ഇടക്കാല സര്‍ക്കാര്‍ തലവനായത്.
എന്തിനാണ് യൂനുസ് രാജി ഭീഷണി മുഴക്കുന്നത്?
സൈന്യവും ഇടക്കാല സര്‍ക്കാരും തമ്മിലുള്ള വര്‍ദ്ധിച്ചുവരുന്ന സംഘര്‍ഷമാണ് ഒരുകാരണമായി പറയുന്നത്. വിശേഷിച്ചും പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് എന്നുനടത്തണമെന്നതിനെ ചൊല്ലിയുള്ള തര്‍ക്കം. വ്യക്തമായ തിരഞ്ഞെടുപ്പ് സമയക്രമം പ്രഖ്യാപിക്കാന്‍ യൂനുസിന് മേല്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ സമ്മര്‍ദ്ദം കൂട്ടി വരികയാണ്.
തിരഞ്ഞെടുപ്പ് വൈകുന്നതില്‍ വിമര്‍ശനം
കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ ചുമതലയേറ്റ യൂനുസ് അതിവേഗ പരിഷ്‌കരണങ്ങളും ജനാധിപത്യ ഭരണത്തിലേക്കുള്ള മടക്കവും വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍, തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കാന്‍ വൈകുന്നതോടെ, പൊതുജനപിന്തുണയും കുറഞ്ഞുവരികയാണ്. പൊതുജന പ്രതീക്ഷകള്‍ക്ക് ഒത്തുയരാന്‍ സര്‍ക്കാര്‍ പരാജയപ്പെട്ടാല്‍ പിന്തുണ തുടരാന്‍ ബുദ്ധിമുട്ടായിരിക്കുമെന്ന് ബിഎന്‍പി പ്രഖ്യാപിച്ചു. തങ്ങളുടെ മേയര്‍ സ്ഥാനാര്‍ഥിയുടെ സ്ഥാനാരോഹണം ഉടന്‍ നടത്തണമെന്ന് ആവശ്യപ്പെട്ട് വ്യാപകമായി പ്രതിഷേധം തുടരുകയാണ് ബിഎന്‍പി. 2020ലെ വിവാദമായ മേയര്‍ തിരഞ്ഞെടുപ്പില്‍ തങ്ങളുടെ സ്ഥാനാര്‍ഥി ഇഷ്‌റാഖ് ഹുസൈനെ വിജയിയായി പ്രഖ്യാപിച്ച തിരഞ്ഞെടുപ്പ് കമ്മീഷന്‍ റൂളിങ്ങിനെ ഇടക്കാല സര്‍ക്കാര്‍ തടസ്സപ്പെടുത്തുവെന്നാണ് ബി എന്‍ പി ആരോപണം.
യൂനുസും സൈനിക മേധാവിയും തമ്മിലുള്ള തര്‍ക്കം
ബംഗ്ലാദേശ് സൈനിക മേധാവി ജനറല്‍ വാക്കര്‍ ഉസ് സമനും യൂനുസിന് ശക്തമായ മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്. ഡിസംബറോടെ ദേശീയ തിരഞ്ഞെടുപ്പ് നടത്തണമെന്നാണ് സൈനിക മേധാവി ആവശ്യപ്പെട്ടത്. മ്യാന്‍മറിലെ റാഖൈന്‍ സംസ്ഥാനത്തേക്ക് മാനുഷിക ഇടനാഴി സ്ഥാപിക്കണമെന്ന യൂനുസ് സര്‍ക്കാരിന്റെ നിര്‍ദ്ദേശത്തെയും സമന്‍ തള്ളിക്കളഞ്ഞു. അത് രാജ്യത്തിന്റെ പരമാധികാരത്തിന് ഭീഷണിയാണെന്നാണ് സൈനിക മേധാവി വിലയിരുത്തിയത്. അങ്ങനെയൊരു നീക്കത്തിന് രാഷ്ട്രീയ സമവായം വേണമെന്നും സമന്‍ ശാഠ്യം പിടിച്ചു. 10 ലക്ഷത്തോളം വരുന്ന റോഹിംഗ്യ അഭയാര്‍ഥികള്‍ക്ക് സഹായം എത്തിക്കാനുള്ള പദ്ധതിയെ യുഎന്നും, അമേരിക്കയും പിന്തുണച്ചിരുന്നു. എന്നാല്‍, ബിഎന്‍പിയും മറ്റുപ്രതിപക്ഷ പാര്‍ട്ടികളും അത് ഏകപക്ഷീയവും അനധികൃതവും ആണെന്ന് മുദ്ര കുത്തി. ഇതെല്ലാം യൂനുസിനെ ചൊടിപ്പിച്ചതായാണ് സൂചന.
മുന്‍ഭരണകക്ഷി അവാമി ലീഗിനെ നിരോധിച്ചതടക്കം രാഷ്ട്രീയ എതിരാളികളെ ഇടക്കാല സര്‍ക്കാര്‍ അടിച്ചമര്‍ത്തുന്നുവെന്ന് ആരോപിച്ച ഹ്യൂമന്‍ റൈറ്റ്‌സ് വാച്ചും യൂനുസിന് മേല്‍ സമ്മര്‍ദ്ദം ചെലുത്തുന്നുണ്ട്. മൗലികാവകാശങ്ങള്‍ പോലും സര്‍ക്കാര്‍ നിഷേധിക്കുന്നുവെന്നും ആരോപണമുണ്ട്. മുന്‍ഗാമിയുടെ സ്വേച്ഛാധിപത്യ ശൈലി യുനുസ് സര്‍ക്കാര്‍ ആവര്‍ത്തിക്കുകയാണെന്നും ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് കുറ്റപ്പെടുത്തി.
രാഷ്ട്രീയ കക്ഷികള്‍, സൈന്യം, രാജ്യാന്തര മനുഷ്യാവകാശ ഗ്രൂപ്പുകള്‍ എന്നിവരുടെയെല്ലാം സമ്മര്‍ദ്ദമേറിയതോടെ മുഹമ്മദ് യുനുസിന്റെ നില പരിതാപകരമായിരിക്കുകയാണ്. യുനുസ് തുടരുമോ അതോ സ്ഥാനമൊഴിയുമോ എന്ന് കണ്ടറിയേണ്ടിയിരിക്കുന്നു.