കൊച്ചി: ലൈംഗിക പീഡന കേസില്‍ പ്രതിയായ നടനും എംഎല്‍എയുമായ മുകേഷ് തിരുവനന്തപുരത്ത് നിന്നും കൊച്ചിയിലെത്തി. വാഹനത്തിലെ എംഎല്‍എ ബോര്‍ഡ് നീക്കിയായിന്നു കൊച്ചിയിലേക്കുള്ള മുകേഷിന്റെ യാത്ര. അഭിഭാഷകനുമായി കൂടിക്കാഴ്ച നടത്തും. തന്റെ കൈവശമുള്ള തെളിവുകള്‍ അഭിഭാഷകന് കൈമാറാന്‍ വേണ്ടിയാണ് ഇന്ന് മുകേഷ് അഭിഭാഷകനെ കാണുന്നത്. നിയമനടപടിയ്ക്കായി സമയം അനുവദിക്കണമെന്നും അത് വരെ അറസ്റ്റ് തടയണമെന്നുമായിരുന്നു ഇന്നലെ മുന്‍കൂര്‍ജാമ്യാപേക്ഷയില്‍ മുകേഷ് ആവശ്യപ്പെട്ടത്.

രണ്ടാം തിയ്യതി എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുമ്പോള്‍ തന്റെ കൈയ്യിലുള്ള വാട്‌സാപ്പ് ചാറ്റുകള്‍, ഇ മെയിലുകള്‍ തുടങ്ങി ഡിജിറ്റല്‍ തെളിവുകള്‍ ഹാജരാക്കാനാണ് മുകേഷിന്റെ നീക്കം. കനത്ത പൊലീസ് സുരക്ഷയിലാണ് യാത്ര ചെയ്തത്.

അതിനിടെ മുകേഷ് ഉള്‍പ്പടെയുള്ള ഏഴ് പേര്‍ക്കെതിരെ മൊഴി നല്‍കിയ ആലുവ സ്വദേശിയായ പരാതിക്കാരിയുടെ രഹസ്യമൊഴി ഇന്ന് അന്വേഷണസംഘം രേഖപ്പെടുത്തും. 164 ആം വകുപ്പ് പ്രകാരം എറണാകുളം മജിസ്‌ട്രേറ്റ് കോടതിയിലാകും നടപടികള്‍. ഇതിനിടെ പ്രത്യേക അന്വേഷണ സംഘം ഓണ്‍ലൈന്‍ ആയി യോഗം ചേര്‍ന്ന് നടപടികള്‍ തീരുമാനിച്ചു. ബലാത്സംഗ കേസുകള്‍ ഡിവൈഎസ് പി മാര്‍ ചുമതലയുള്ള പ്രത്യേക ടീമായാണ് അന്വേഷിക്കുക.

ലൈംഗികാതിക്രമ പരാതിയില്‍ മുകേഷിന്റെ രാജി ആവശ്യം ശക്തമായിരിക്കെയാണ് വാഹനത്തില്‍ നിന്നും എംഎല്‍എ ബോര്‍ഡ് നീക്കിയത്. പോകുന്നവഴികളില്‍ പ്രതിഷേധ സാധ്യത കണക്കിലെടുത്ത് കൂടിയാവാം ബോര്‍ഡ് നീക്കിയതെന്നും സൂചനയുണ്ട്.

മുകേഷിന്റെ രാജി സംബന്ധിച്ച നിര്‍ണ്ണായക ദിനമാണിന്ന്. മുകേഷ് നിയമസഭാംഗത്വം രാജിവെയ്ക്കണമെന്ന സിപിഐയുടെ ആവശ്യം ഇന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് ചര്‍ച്ച ചെയ്യുന്നുണ്ട്. മുകേഷ് എംഎല്‍എ സ്ഥാനം രാജി വയ്ക്കേണ്ടന്നാണ് സിപിഎമ്മിന്റെ ഇതുവരെയുള്ള നിലപാട്. എന്നാല്‍ മുകേഷ് രാജി വെയ്ക്കണമെന്ന ആവശ്യം മുന്നണിയില്‍ തര്‍ക്ക വിഷയമായ പശ്ചാത്തലത്തില്‍ ചര്‍ച്ച ചെയ്യാതെ പോകാനാകില്ല.

ധാര്‍മ്മികത മുന്‍നിര്‍ത്തി മുകേഷ് മാറി നില്‍ക്കണമെന്ന സിപിഐ നിലപാട് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം മുഖ്യമന്ത്രിയെ കണ്ട് അറിയിച്ചിരുന്നു. സമാന കേസുകളില്‍ പ്രതികളായ രണ്ട് കോണ്‍ഗ്രസ് എംഎല്‍എമാര്‍ രാജിവെച്ചിട്ടില്ലെന്നും അതുകൊണ്ടുതന്നെ മുകേഷിന്റെ രാജി ആവശ്യമില്ലെന്നുമാണ് സിപിഎംമ്മിന്റെ നിലപാട്. അനാവശ്യമായ ഒരു കീഴ്വഴക്കം ഉണ്ടാക്കി വഴങ്ങേണ്ടതില്ലെന്നാണ് ഇന്നലെ ചേര്‍ന്ന അവൈലബിള്‍ സെക്രട്ടറിയേറ്റും വിലയിരുത്തിയത്. സിപിഐ വിഷയത്തില്‍ സമ്മര്‍ദ്ദം ശക്തമാക്കിയതോടെ ഇന്ന് ചേരുന്ന സിപിഎമ്മിന്റെ സെക്രട്ടേറിയറ്റ് യോഗം നിര്‍ണായകമാണ്.