കൊച്ചി: മുന്‍കൂര്‍ ജാമ്യം തേടി കോടതിയില്‍ സിപിഎം എംഎല്‍എ മുകേഷ് സമര്‍പ്പിച്ച തെളിവുകള്‍ നിഷേധിച്ച് പരാതിക്കാരിയായ നടി. ഇമെയില്‍ അയച്ചെന്ന വാദമടക്കമാണ് പരാതിക്കാരി നിഷേധിച്ചത്. ഇതെല്ലാം മുകേഷിന്റെ 'കുക്ക്ഡ് അപ്പ്' സ്റ്റോറി ആണെന്ന് നടി ഒരു ചാനലിനോട് പ്രതികരിച്ചത്.

'ഹര്‍ജിയില്‍ പറയുന്ന ഇമെയിലിനെക്കുറിച്ച് എനിക്കോര്‍മയില്ല. വേറെ ചില കാര്യങ്ങള്‍ എനിക്ക് ഓര്‍മയുണ്ട്. അദ്ദേഹത്തെ പരിചയപ്പെട്ട സമയം, എന്റെ കൈയില്‍ ലാപ്ടോപ്പ് ഉണ്ടായിരുന്നു. 2009ല്‍ കലണ്ടര്‍ സിനിമയുടെ സെറ്റില്‍ വച്ച് ആ ലാപ്ടോപ് എന്നെ വീട്ടില്‍ വന്ന് പഠിപ്പിക്കാമോ എന്ന് ചോദിച്ചു. ചിലപ്പോള്‍ റോംഗ് ആയിട്ടായിരിക്കാം ചോദിച്ചത്. എന്തായാലും അന്ന് ഈ പുള്ളിക്കാരന് ലാപ്ടോപ്പിനെപ്പറ്റി ഒന്നും അറിയത്തില്ല. മാത്രമല്ല അന്ന് ഇമെയില്‍ സന്ദേശത്തിന് വലിയ പ്രസ്‌ക്തിയുമില്ല. ഇതെല്ലാം കെട്ടിച്ചമച്ചതാണ്. കേസില്‍ നിന്ന് എങ്ങനെയെങ്കിലും രക്ഷപ്പെടാനുള്ള നമ്പരാണെന്നാണ് എനിക്ക് തോന്നുന്നത്.'- നടി പറഞ്ഞു.

അതേസമയം ആദ്യഭാര്യ സരിതയുമായുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ താന്‍ സഹായിക്കാമെന്ന് മുകേഷ് പറഞ്ഞത് ശരിയാണെന്ന് നടി വ്യക്തമാക്കി. 'സരിത ചേച്ചി മലയാളിയല്ലെങ്കിലും, മുകേഷേട്ടന്റെ രണ്ട് മക്കളെ പ്രസവിച്ചത് ചേച്ചിയല്ലേ. നിങ്ങള്‍ക്കൊന്ന് കോംപ്രമൈസ് ആയിക്കൂടേ, ഞാന്‍ പോയി സംസാരിക്കട്ടേ ചേച്ചിയോടെന്ന് ചോദിച്ചു. അപ്പോള്‍ പുള്ളിക്കാരന്‍ പറഞ്ഞത് എന്റെ പേഴ്‌സണല്‍ കാര്യത്തെക്കുറിച്ച് മമ്മൂട്ടി പോലും ഇങ്ങനെ സംസാരിച്ചിട്ടില്ലെന്നാണ്.

ഞാനൊരു സഹോദരിയായി പറയുകയാണെന്നും പറഞ്ഞു. പിന്നെ ഞാന്‍ എന്തിനാണ് പുള്ളിക്കാരന് എന്റെ അക്കൗണ്ട് നമ്പര്‍ അയച്ചുകൊടുക്കുന്നത്. 2022ല്‍ ഞാന്‍ ബ്ലാക്ക് മെയില്‍ ചെയ്തെന്ന് പറയുന്നു. 2009ല്‍ അക്കൗണ്ട് നമ്പര്‍ അയച്ചെന്നുമാണ് പറയുന്നത്. ഇത് രണ്ടും സിങ്ക് ആകുന്നില്ലല്ലോ. പുള്ളിയും ഞാനും തമ്മില്‍ സാമ്പത്തിക ഇടപാടുണ്ടായിട്ടില്ല.'- നടി വ്യക്തമാക്കി.

മുകേഷിന്റെ കൊല്ലത്തെ വീട്ടില്‍ പോയിട്ടില്ലെന്നും നടി കൂട്ടിച്ചേര്‍ത്തു. മുകേഷിന്റെ മരടിലെ വില്ലയില്‍ വച്ചാണ് കേസിനാസ്പദമായ സംഭവമുണ്ടായതെന്നും അതിനുള്ള തെളിവുകളുണ്ടെന്നും പരാതിക്കാരി വ്യക്തമാക്കി.തനിക്കെതിരെയുള്ള ലൈംഗികാതിക്രമ പരാതിയില്‍ പരാതിക്കാരിക്ക് ഗൂഢലക്ഷ്യമുണ്ടെന്നായിരുന്നു മുകേഷ് ജാമ്യഹര്‍ജിയില്‍ ആരോപിച്ചത്.

തന്റെ സിനിമാ രാഷ്ട്രീയ ജീവിതം തകര്‍ക്കാന്‍ ലക്ഷ്യമിട്ടാണ് ആരോപണമെന്നും ഇത് തെറ്റെന്ന് തെളിയിക്കാന്‍ 2009 മാര്‍ച്ച് ഏഴിന് അയച്ച മെയില്‍ സന്ദേശം തെളിവായുണ്ടെന്നും ഹര്‍ജിയില്‍ പറയുന്നു. തന്റെ മാന്യമായ പെരുമാറ്റത്തെ പരാതിക്കാരി അഭിനന്ദിച്ചിട്ടുണ്ട്. അറസ്റ്റ് ചെയ്ത് റിമാന്‍ഡിലായാല്‍ നികത്താനാകാത്ത നഷ്ടമുണ്ടാകും. അന്വേഷണവുമായി എല്ലാത്തരത്തിലും സഹകരിക്കാമെന്നും നടന്‍ വ്യക്തമാക്കിയിരുന്നു.

അതേസമയം ലൈംഗിക പീഡന ആരോപണം നേരിടുന്ന മുകേഷ് എംഎല്‍എ സ്ഥാനം രാജിവെക്കണമെന്ന ആവശ്യത്തില്‍ കടുത്ത സമ്മര്‍ദ്ദവുമായി സിപിഐ രംഗത്തുണ്ട്. മുകേഷിന്റെ രാജി ആവശ്യം ചൂണ്ടിക്കാട്ടി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. പാര്‍ട്ടിയുടെ നിലപാട് മുഖ്യമന്ത്രിയെ ബിനോയ് വിശ്വം നേരിട്ടറിയിച്ചു.

സംസ്ഥാന നിര്‍വാഹക സമിതിയുടെ തീരുമാനത്തിന്റെ ഭാഗമായിട്ടാണ് ബിനോയ് വിശ്വം മുഖ്യമന്ത്രിയെ കണ്ടത്. ബലാത്സംഗക്കുറ്റം ചുമത്തി പോലീസ് കേസെടുത്ത ആളെ സംരക്ഷിക്കുന്നത് ഇടതുപക്ഷ നിലപാട് അല്ലെന്നാണ് സിപിഐ യോഗത്തില്‍ ഉയര്‍ന്നത്. മുകേഷിന്റെ രാജി സംബന്ധിച്ച് സിപിഐ നിര്‍വാഹക സമിതിയില്‍ ഭിന്നത ഉണ്ടായിരുന്നെങ്കിലും എംഎല്‍എ സ്ഥാനമൊഴിയണമെന്ന നിലപാടാണ് പൊതുതീരുമാനമായി വന്നത്.

കോണ്‍ഗ്രസ് എം.എല്‍.എ.മാരായ എം. വിന്‍സെന്റ്, എല്‍ദോസ് കുന്നപ്പള്ളി എന്നിവര്‍ക്കെതിരേയുള്ള ആരോപണം, മുകേഷിന്റെ രാജി ഒഴിവാക്കാനുള്ള ന്യായീകരണമായി കണക്കാക്കാനാവില്ല. സിനിമാമേഖലയിലെ സ്ത്രീകള്‍ നേരിടുന്ന വലിയ ചൂഷണത്തിന്റെ വിവരങ്ങളാണ് ഹേമ കമ്മിറ്റിയിലൂടെ പുറത്തുവന്നത്. അതിനുപിന്നാലെയാണ് ഒട്ടേറെ വെളിപ്പെടുത്തലുകളുമുണ്ടായത്. ബലാത്സംഗക്കുറ്റം ചുമത്തി പോലീസ് കേസെടുത്ത ഒരാളെ സംരക്ഷിച്ചുനിര്‍ത്തുന്നത് ഇടതുപക്ഷത്തിന് ചേര്‍ന്നതല്ല. അതിനാല്‍, രാജി ആവശ്യം മുഖ്യമന്ത്രിയെയും എല്‍.ഡി.എഫ്. കണ്‍വീനറെയും സി.പി.എം. സംസ്ഥാന സെക്രട്ടറിയെയും അറിയക്കണമെന്നായിരുന്നു യോഗത്തിലുണ്ടായ അഭിപ്രായം.