- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പത്തു മണിക്കൂര്‍ നീണ്ടുനിന്ന മൊഴിയെടുക്കല്‍; നടിയുടെ പരാതിയില്‍ മുകേഷും ജയസൂര്യയും അടക്കം 7 പേര്‍ക്കെതിരെ കേസെടുക്കും; എല്ലാ കേസും പരിഗണനയില്‍
കൊച്ചി: നടനും എംഎല്‍എയുമായ മുകേഷ്, ജയസൂര്യ, മണിയന്‍പിള്ള രാജു, ഇടവേള ബാബു എന്നിവര്‍ ഉള്‍പ്പെടെ ഏഴു പേര്‍ക്കെതിരെ ആരോപണമുന്നയിച്ച നടിയില്‍ നിന്ന് പ്രത്യേകാന്വേഷണ സംഘം മൊഴിയെടുത്തു. നടിയുടെ ആലുവയിലെ വീട്ടിലെത്തിയാണ് പ്രത്യേകാന്വേഷണ സംഘത്തില്‍ ഉള്‍പ്പെട്ട ഡിഐജി അജിതാ ബീഗം, ജി.പൂങ്കുഴലി എന്നിവരുടെ നേതൃത്വത്തില്‍ മൊഴിയെടുത്തത്. എല്ലാ കേസുകളും പരിഗണനയിലുണ്ടെന്നും ഇതിന്റെ എല്ലാ വശങ്ങളും പരിശോധിച്ച ശേഷമായിരിക്കും തുടര്‍നടപടികളിലേക്ക് കടക്കുക എന്നും ഇരുവരും വ്യക്തമാക്കി. നടിയുടെ പരാതിയില്‍ നാല് താരങ്ങള്‍ അടക്കം ഏഴുപേര്‍ക്കെതിരെ കേസ് എടുക്കാനാണ് തീരുമാനം. മുകേഷ്, […]
കൊച്ചി: നടനും എംഎല്‍എയുമായ മുകേഷ്, ജയസൂര്യ, മണിയന്‍പിള്ള രാജു, ഇടവേള ബാബു എന്നിവര്‍ ഉള്‍പ്പെടെ ഏഴു പേര്‍ക്കെതിരെ ആരോപണമുന്നയിച്ച നടിയില്‍ നിന്ന് പ്രത്യേകാന്വേഷണ സംഘം മൊഴിയെടുത്തു. നടിയുടെ ആലുവയിലെ വീട്ടിലെത്തിയാണ് പ്രത്യേകാന്വേഷണ സംഘത്തില്‍ ഉള്‍പ്പെട്ട ഡിഐജി അജിതാ ബീഗം, ജി.പൂങ്കുഴലി എന്നിവരുടെ നേതൃത്വത്തില്‍ മൊഴിയെടുത്തത്. എല്ലാ കേസുകളും പരിഗണനയിലുണ്ടെന്നും ഇതിന്റെ എല്ലാ വശങ്ങളും പരിശോധിച്ച ശേഷമായിരിക്കും തുടര്‍നടപടികളിലേക്ക് കടക്കുക എന്നും ഇരുവരും വ്യക്തമാക്കി.
നടിയുടെ പരാതിയില്‍ നാല് താരങ്ങള്‍ അടക്കം ഏഴുപേര്‍ക്കെതിരെ കേസ് എടുക്കാനാണ് തീരുമാനം. മുകേഷ്, ഇടവേള ബാബു, മണിയന്‍ പിളള രാജു എന്നിവര്‍ക്കെതിരെ കൊച്ചിയിലും ജയസൂര്യക്കെതിരെ തിരുവനന്തപുരത്തുമാകും എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യുക. നടിയുടെ വിശദമായ മൊഴി പ്രത്യേക അന്വേഷണസംഘം ഇന്ന് രേഖപ്പെടുത്തി. പത്തു മണിക്കൂര്‍ നീണ്ടുനിന്ന മൊഴിയെടുക്കല്‍ രാത്രി എട്ടരയോടെയാണ് പൂര്‍ത്തിയായത്. മൊഴികള്‍ പരിശോധിച്ചശേഷമായിരിക്കും അന്വേഷണ സംഘം തുടര്‍ നടപടികളിലേക്ക് കടക്കുക.
ഇന്ന് രാവിലെ പത്തരയോടെയാണ് ഡിഐജി അജിതാബീഗം, എ.ഐ.ജി ജി.പൂങ്കുഴലി എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം നടിയുടെ ആലുവയിലെ ഫ്‌ലാറ്റില്‍ എത്തിയത്. ഏഴ് പരാതികളാണ് പൊലീസിന് നല്‍കിയിട്ടുള്ളത്. മുകേഷ് എം.എല്‍.എ, ഇടവേള ബാബു, മണിയന്‍പിള്ള രാജു, കോണ്‍ഗ്രസ് നേതാവ് അഡ്വ.വി.എസ്.ചന്ദ്രശേഖരന്‍, കാസ്റ്റിംഗ് ഡയറക്ടര്‍ വിച്ചു , പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ നോബിള്‍ എന്നിവര്‍ക്കെതിരെ കൊച്ചിയില്‍ കേസ് രജിസ്റ്റര്‍ ചെയ്യാനാണ് തീരുമാനം.
കേസ് റജിസ്റ്റര്‍ ചെയ്യുന്നത് ലോക്കല്‍ പൊലീസ് ആണെങ്കിലും പ്രത്യേകാന്വേഷണ സംഘത്തിനു തന്നെയായിരിക്കും അന്വേഷണ ചുമതല. നിലവില്‍ പരാതിക്കാരില്‍നിന്ന് മൊഴികള്‍ സ്വീകരിക്കുന്ന നടപടികളാണ് പുരോഗമിക്കുന്നത്. പലതും വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന കേസുകള്‍ ആയതിനാല്‍ മൊഴികള്‍ എടുക്കുന്നതിനും കൂടുതല്‍ സമയം ആവശ്യമുണ്ട്. ഈ മൊഴികള്‍ പിന്നീട് വിശദമായി പരിശോധിക്കും.
കേസ് റജിസ്റ്റര്‍ ചെയ്യേണ്ടതാണെങ്കില്‍ കുറ്റകൃത്യം നടന്ന പ്രദേശത്തെ പൊലീസ് സ്റ്റേഷനിലേക്ക് ഇതു കൈമാറും. തുടര്‍ന്ന് ഇവിടെയായിരിക്കും കേസിലെ എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്യുന്നത്. ഇതിനു ശേഷം സംസ്ഥാന ഡിജിപിക്ക് സമര്‍പ്പിക്കുന്ന നടപടി ക്രമങ്ങളുടെ വിശദാംശങ്ങള്‍, പ്രത്യേകാന്വേഷണ സംഘം തലവനു കൈമാറും.
പ്രത്യേകാന്വേഷണ സംഘമാണ് ആരാണ് കേസ് അന്വേഷിക്കേണ്ടത് എന്നു തീരുമാനിക്കുന്നത്. തുടര്‍ന്നായിരിക്കും വിശദമായ അന്വേഷണം. വ്യത്യസ്ത സമയങ്ങളില്‍ വ്യത്യസ്ത പ്രദേശങ്ങളില്‍ വച്ച് തനിക്കു നേരെ ലൈംഗിക അതിക്രമമുണ്ടായി എന്നായിരുന്നു നടിയുടെ ആരോപണം. 2008ല്‍ സെക്രട്ടേറിയറ്റില്‍ നടന്ന ഷൂട്ടിങ്ങിനിടെയാണ് ജയസൂര്യയുടെ ഭാഗത്തുനിന്ന് മോശം പെരുമാറ്റമുണ്ടായത് എന്ന് നടി പറഞ്ഞിരുന്നു. റെസ്റ്റ് റൂമില്‍ പോയി വരുമ്പോള്‍ ജയസൂര്യ പുറകില്‍നിന്ന് കെട്ടിപ്പിടിച്ച് ചുംബിച്ചെന്നും ഫ്‌ലാറ്റിലേക്ക് വരാന്‍ ക്ഷണിച്ചെന്നുമാണ് നടി ആരോപിച്ചത്.
2013ലാണ് ഇടവേള ബാബുവില്‍നിന്ന് മോശം പെരുമാറ്റമുണ്ടായത് എന്നാണ് നടി പറഞ്ഞത്. അമ്മയില്‍ അംഗത്വം നേടാനായി ഇടവേള ബാബുവിനെ വിളിച്ചപ്പോള്‍ ഫോം പൂരിപ്പിക്കാന്‍ ഫ്‌ലാറ്റിലേക്ക് വരാന്‍ ആവശ്യപ്പെടുകയായിരുന്നു. ഫോം പൂരിപ്പിച്ചുകൊണ്ടിരുന്നപ്പോള്‍ ബാബു കഴുത്തില്‍ ചുംബിച്ചെന്നും നടി പറയുന്നു.നടന്‍ മുകേഷ് ഫോണില്‍ വിളിച്ചും നേരില്‍ കണ്ടപ്പോഴും മോശമായി സംസാരിച്ചെന്നാണ് നടിയുടെ ആരോപണം. വില്ലയിലേക്ക് വരാന്‍ ക്ഷണിച്ചെന്നും അവര്‍ പറഞ്ഞിരുന്നു.
മണിയന്‍പിള്ള രാജുവുമൊത്ത് ഒരുമിച്ച് സഞ്ചരിച്ചപ്പോള്‍ മോശമായി സംസാരിച്ചെന്നും മുറിയുടെ വാതിലില്‍ മുട്ടിയെന്നും നടി ആരോപിക്കുന്നുണ്ട്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ നോബിള്‍, വിച്ചു, അഭിഭാഷകനും കോണ്‍ഗ്രസ് നേതാവുമായ വി.എസ്.ചന്ദ്രശേഖരന്‍ എന്നിവരാണ് നടിയോട് മോശമായി പെരുമാറിയെന്ന് ആരോപണമുള്ള മറ്റുള്ളവര്‍.
ജയസൂര്യക്കെതിരെ തിരുവനന്തപുരം കന്റോണ്‍മെന്റ് പൊലീസ് സ്റ്റേഷനിലാകും എഫ് ഐ ആര്‍ നിലവില്‍ വരിക. ഓരോ പരാതിയും വിശദമായി അന്വേഷിക്കുമെന്ന് അന്വേഷണസംഘം വ്യക്തമാക്കി. ആരോപണങ്ങള്‍ വര്‍ഷങ്ങള്‍ക്ക് മുന്നെ നടന്നിട്ടുളളതും ഗൗരവമേറിയതുമായതിനാല്‍ സാഹചര്യ തെളിവുകള്‍ ഉള്‍പ്പെടെ ശേഖരിക്കേണ്ട ദൗത്യമാണ് പ്രത്യേക അന്വേഷണ സംഘത്തിന് മുന്നിലുള്ളത്. നടിയുടെ പക്കലുള്ള തെളിവുകളും പൊലീസ് ശേഖരിക്കും. കേസ് മുന്നില്‍ക്കണ്ട് ആരോപണം നേരിടുന്നതാരങ്ങളും മുന്‍കൂര്‍ ജാമ്യത്തിനായി നിയമനടപടികള്‍ ആരംഭിച്ചിട്ടുണ്ട്.