കൊച്ചി: കഴിഞ്ഞ ദിവസം ലോക്‌സഭ പാസാക്കിയ വഖഫ് നിയമഭേദഗതി ബില്‍ മുനമ്പം ജനതയ്ക്ക് ആശ്വാസം നല്‍കുന്നതാണെന്ന പ്രതീക്ഷയിലാണ് മുനമ്പം നിവാസികള്‍. അതേസമയം തങ്ങളുടെ കണ്ണീരു കാണാതെ ബില്ലിനെ എതിര്‍ത്ത് വോട്ടു ചെയ്ത കോണ്‍ഗ്രസ്, ഇടതു എംപിമാര്‍ക്കെതിരെ കടുത്ത പ്രതിഷേധം ഇരുമ്പുകയാണിവിടെ. അതേസമയം നരേന്ദ്ര മോദി തങ്ങളുടെ രക്ഷകനാകുമെന്ന് ഇവര്‍ പ്രതീക്ഷിക്കുകയും ചെയ്യുന്നു. സീറോ മലബാര്‍ സഭയും ബില്ലിനെ അനുകൂലിച്ചു കൊണ്ട് രംഗത്തുവന്നു.

മുനമ്പത്തെ ജനങ്ങളുടെ കണ്ണീര് കേരളത്തില്‍ നിന്നുള്ള എംപിമാര്‍ കണ്ടില്ലെന്ന് കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ ഡയറക്ടര്‍ ഫാ ഫിലിപ്പ് കവിയില്‍ പ്രതികരിച്ചു. അടുത്ത തെരഞ്ഞെടുപ്പില്‍ ഇത് തീര്‍ച്ചയായും പ്രതിഫലിക്കുമെന്നും അദ്ദേഹം പറഞ്ഞു. ദുരിതമനുഭവിക്കുന്ന ആളുകളുടെ പക്ഷത്താണ് നിന്നതെന്നും ബില്ല് പാസാക്കുന്നതോടെ മുനമ്പത്തെ സമരത്തിന് പരിഹാരമായെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

മുനമ്പത്തെ ജനതയെ സംബന്ധിച്ചിടത്തോളം പ്രതീക്ഷയുടെ പുലരിയാണിത്. വഖഫ് ബോഡിന്റെ അവകാശവാദങ്ങള്‍ കാരണം വിഷമിക്കുന്ന പലരുമുണ്ട്. അതില്‍ ക്രിസ്ത്യാനികളും മുസ്ലിംകളുമുണ്ട്. കേരളത്തിലെ എംപിമാര്‍ക്ക് ബില്ലിനെതിരായി വോട്ട് ചെയ്യാതിരിക്കാമായിരുന്നുവെന്നും ഫാ ഫിലിപ്പ് കവിയില്‍ അഭിപ്രായപ്പെട്ടു.

വഖഫ് ബില്ലിനെതിരായുള്ള എംപിമാരുടെ പ്രതിഷേധം മുനമ്പത്തെ ജനങ്ങളുടെ ഹൃദയത്തില്‍ അത് വലിയൊരു മുറിവായി മാറിയെന്നും അത് ജനങ്ങളുടെ മനസില്‍ അവശേഷിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. പൗരന്മാരുടെ ആവശ്യമാണ് പരിഗണിക്കേണ്ടത്. അതല്ലാതെ അധികാരം നിലനിര്‍ത്താനുള്ള വഴികളല്ല തേടേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം എന്നാല്‍ സിറോ മലബാര്‍ സഭയുടെ നിലപാട് ഏതെങ്കിലും പാര്‍ട്ടിക്കുള്ള തുറന്ന പിന്തുണയല്ലെന്നും വക്താവ് ഫാദര്‍ ആന്റണി വടക്കേക്കര പറഞ്ഞു. സ്വത്ത് വഖഫ് ചെയ്യുന്നതിനോ മുസ്ലിം സമുദായത്തിനോ തങ്ങള്‍ എതിരല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുനമ്പം ജനതയ്ക്ക് സിറോ മലബാര്‍ സഭ അഭിവാദ്യം അര്‍പ്പിക്കുന്നുവെന്ന് ആന്റണി വടക്കേക്കര പറഞ്ഞു. ഇന്ത്യന്‍ ഭരണഘടനയെ ചോദ്യം ചെയ്യുന്ന നിയമമായിരുന്നു നിലവിലുണ്ടായിരുന്ന വഖഫ് നിയമം. അക്കാര്യത്തില്‍ സര്‍ക്കാര്‍ ഉത്തരവാദിത്വം നിറവേറ്റി. ജനപ്രതിനിധികള്‍ എല്ലാവരും മുനമ്പം ജനതയോടൊപ്പമാണ്. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ കൃതതയോടെ നിലപാട് എടുത്തു.

കേരളത്തില്‍ നിന്ന് സംസാരിച്ച എല്ലാ ജനപ്രതിനിധികളും മുനമ്പത്തിന് അനുകൂലമായ നിലപാടാണ് എടുത്തതെന്നും അദ്ദേഹം പറഞ്ഞു. ന്യൂനപക്ഷ അവകാശങ്ങളുടെ മേല്‍ കടന്ന് കയറ്റം ഉണ്ടാകരുത്. സ്വത്ത് വഖഫ് ചെയ്യുന്നതിനും മുസ്ലിം സമുദായത്തിനും എതിരല്ലെന്ന് അഭിപ്രായപ്പെട്ട അദ്ദേഹം ഇന്ത്യന്‍ ഭരണഘടനയ്ക്ക് എതിരായ നിയമങ്ങളെയാണ് ചോദ്യം ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.

ഇന്നലെ രാത്രി 14 മണിക്കൂറിലേറെ നീണ്ട നടപടികള്‍ക്ക് ശേഷമാണ് 232നെതിരെ 288 വോട്ടോടുകൂടി ബില്‍ ലോക്‌സഭ പാസാക്കിയത്. പ്രതിപക്ഷ അംഗങ്ങള്‍ അവതരിപ്പിച്ച ഭേദഗതികള്‍ വോട്ടിനിട്ട് തള്ളി. കെ.സി. വേണുഗോപാല്‍, ഇ.ടി. മുഹമ്മദ് ബഷീര്‍, കെ. രാധാകൃഷ്ണന്‍, എന്‍.കെ. പ്രേമചന്ദ്രന്‍ എന്നിവരുടെ നിര്‍ദേശങ്ങളും സഭ വോട്ടിനിട്ട് തള്ളുകയായിരുന്നു. തുടര്‍ന്ന് വ്യാഴാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെയാണ് ബില്‍ പാസായത്. ബില്‍ വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷം രാജ്യസഭയിലും അവതരിപ്പിക്കും.

അതേസമയം വഖ്ഫ് ഭേദഗതി ബില്ലിന്മേല്‍ ലോക്‌സഭയില്‍ വോട്ടെടുപ്പ് പുരോഗമിക്കുന്നതിനിടെയും പാസായ ശേഷവും മുനമ്പത്ത് ജനങ്ങളുടെ ആഹ്ലാദ പ്രകടനം നടന്നിരുന്നു. സമരം നടത്തുന്നവര്‍ കേന്ദ്രസര്‍ക്കാരിന് അഭിവാദ്യം അര്‍പ്പിച്ച്, നിരത്തില്‍ ഇറങ്ങുകയും പടക്കം പൊട്ടിച്ച് ആഹ്ലാദ പ്രകടനം നടത്തുകയും ചെയ്തു. ബിജെപിക്ക് അനുകൂലമായും ഇവര്‍ മുദ്രാവാക്യം മുഴക്കി.വഖ്ഫ് ഭേദഗതി ബില്ലില്‍ ലോക്സഭയില്‍ നടന്ന ചര്‍ച്ചകള്‍ മുനമ്പത്തെ സമരപന്തലില്‍ സ്ഥാപിച്ച ടെലിവിഷനില്‍ സമരക്കാര്‍ ലൈവായി കണ്ടിരുന്നു.

ബിജെപി സര്‍ക്കാര്‍ അനുകൂല നിലപാടാണ് സ്വീകരിച്ചതെന്ന് സമരത്തിന്റെ ഭാഗമായവരില്‍ ഒരാള്‍ മാദ്ധ്യമങ്ങളോട് പറയുന്നുണ്ടായിരുന്നു. ''കേന്ദ്രസര്‍ക്കാരിനും ബിജെപിക്കും നന്ദി പറയുന്നു. തങ്ങളെ ചതിക്കാന്‍ നോക്കിയവര്‍ക്ക് തിരിച്ചടിയാണ് ലോക്സഭയിലെ നടപടികള്‍. വഖ്ഫ് ബോര്‍ഡ് ഇനിയും പഠിക്കാന്‍ ഇരിക്കുന്നതേയുള്ളൂ. തങ്ങള്‍ക്ക് ആകെയുണ്ടായിരുന്ന പ്രതീക്ഷ കേന്ദ്രസര്‍ക്കാരിന്റെ ഭേദഗതി ബില്ലായിരുന്നു. ഡല്‍ഹിയില്‍ നിന്ന് തിരിച്ചുവരുന്ന എംപിമാര്‍ക്കായി ഒരു സാധനം കരുതിവെച്ചിട്ടുണ്ട്. രാഷ്ട്രീയമായി പ്രതികരിച്ചിരിക്കും. ഹൈബി ഈഡന്‍ അടക്കമുള്ള എംപിമാര്‍ തങ്ങള്‍ക്ക് എതിരായിരുന്നു. ഇന്ത്യന്‍ ജനാധിപത്യത്തിന്റെ വിജയമാണിത്. മുനമ്പം വിജയിച്ചു എന്നു പറഞ്ഞാല്‍ ഇന്ത്യ വിജയിച്ചു എന്നാണ്'' മുനമ്പംകാര്‍ പറയുന്നു.

വഖഫ് ബില്ല് മുസ്ലിം വിരുദ്ധമല്ലെന്നും ബില്ല് പാസായാല്‍ മുനമ്പം വിഷയം പരിഹരിക്കപ്പെടുമെന്നും കേന്ദ്ര ന്യൂനപക്ഷ കാര്യ മന്ത്രി കിരണ്‍ റിജിജു ഇന്നലെ പാര്‍ലമെന്റില്‍ വ്യക്തമാക്കിയിരുന്നു. ട്രൈബ്യൂണലില്‍ നിരവധി കേസുകള്‍ നിലവിലുണ്ട്. ഇതില്‍ കെട്ടിക്കിടക്കുന്ന കേസുകള്‍ക്ക് ബില്ല് പരിഹാരമാകുമെന്ന് അദ്ദേഹം പറഞ്ഞു. ക്രൈസ്തവസംഘടനകള്‍ പിന്തുണയ്ക്കുന്നത് പഠിക്കാതെയാണോ എന്നും മന്ത്രി ചോദിച്ചു.