കല്‍പ്പറ്റ: മുണ്ടക്കൈയിലേക്ക് കൂടുതല്‍ രക്ഷാപ്രവര്‍ത്തകരെത്തുന്നു. ചൊവ്വാഴ്ച രക്ഷാപ്രവര്‍ത്തകര്‍ക്ക് സ്ഥലത്തേക്ക് എത്തുന്നതിന് പരിമിതികളുണ്ടായിരുന്നു. വടം ഉപയോഗിച്ച് വളരെക്കുറച്ച് ആളുകള്‍ക്ക് മാത്രമേ സ്ഥലത്തേക്ക് എത്താന്‍ സാധിച്ചിരുന്നുള്ളൂ. ഹൈലികോപ്ടര്‍ രക്ഷാപ്രവര്‍ത്തനവും സൈന്യം തുടങ്ങി. പുഴയില്‍ തിരച്ചലിന് നാവിക സേനയും ഉണ്ട്.

എന്നാല്‍ ഇന്ന് താല്‍കാലിക പാലത്തിലൂടെ കൂടുതല്‍ പേരെത്തുന്നു. മുണ്ടക്കൈയില്‍ ജീവനുള്ളവരെ എല്ലാം കഴിഞ്ഞ ദിവസം ഒഴിപ്പിച്ചിരുന്നു. ഇതോടെ രക്ഷാപ്രവര്‍ത്തകര്‍ക്ക് കൂടുതലായി ദുരന്ത മുഖത്ത് എത്താനാകുന്നു. തകര്‍ന്ന വീടുകളില്‍ നിന്നും നിരവധി മൃതദേഹമാണ് കണ്ടെത്തിയത്. പുഴയിലും തിരച്ചില്‍ നടക്കുന്നു. ഇവിടേയും മൃതദേഹം കണ്ടെത്തുന്നുണ്ട്. മരണ സംഖ്യ 200ന് അപ്പുറം കടക്കുമെന്നാണ് വിലയിരുത്തല്‍.

വീടിനുള്ളില്‍ അകപ്പെട്ടവരേയും പരിക്കേറ്റവരേയും പുറത്തെത്തിക്കുന്നതിനായിരുന്നു ഇന്നലെ പ്രഥമപരിഗണന. അതിനാല്‍, തകര്‍ന്ന് വീടിനുള്ളില്‍ കുടുങ്ങിയ നിലയില്‍ മൃതദേഹങ്ങള്‍ കണ്ടിരുന്നെങ്കിലും പുറത്തേക്ക് എടുക്കാന്‍ കഴിയാത്ത സാഹചര്യമായിരുന്നു. തുടര്‍ന്ന്, പല മൃതദേഹങ്ങളും രക്ഷാപ്രവര്‍ത്തകര്‍ക്ക് ഉപേക്ഷിച്ച് തിരിച്ചുപോരേണ്ടി വന്നു. ഈ പ്രദേശങ്ങളിലാണ് ബുധനാഴ്ച രക്ഷാദൗത്യം പുരോ?ഗമിക്കുന്നത്. ഉരുള്‍പൊട്ടല്‍ കനത്ത നാശംവിതച്ച ചൂരല്‍മലയില്‍ നിര്‍മിച്ച താത്കാലിക പാലത്തിലൂടെ അഞ്ഞൂറിലധികം പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. സൈന്യവും കേരള ഫയര്‍ ഫോഴ്സും സംയുക്തമായാണ് പാലം നിര്‍മിച്ചത്. ഇവിടെ ബെയ്‌ലി പാലം ഉടന്‍ നിര്‍മ്മിക്കും. ഇതിന് സൈന്യം നീക്കം തുടങ്ങിയിട്ടുണ്ട്.

ബന്ധുക്കള്‍ ആരോഗ്യസ്ഥാപനങ്ങളില്‍ അറിയിച്ച കണക്കുകള്‍ പ്രകാരം ഇനിയും 211 പേരെ കണ്ടെത്താനുണ്ട്. അതിനായുള്ള പ്രവര്‍ത്തനങ്ങളാണ് ഇന്ന് നടക്കുന്നത്. രാവിലെ വരെ 156 മരണങ്ങളാണ് സ്ഥിരീകരിച്ചിരിക്കുന്നത്. രക്ഷാപ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കുന്നതിനുള്ള ബെയിലി പാലം നിര്‍മാണത്തിനുളള സാമഗ്രികള്‍ ബെംഗളൂരുവില്‍ നിന്ന് ഉച്ചയോടെ എത്തും. പാലം നിര്‍മിച്ചാല്‍ രക്ഷാപ്രവര്‍ത്തനം വേഗത്തിലാക്കാമെന്ന് റവന്യൂ മന്ത്രി കെ രാജന്‍ അറിയിച്ചു. രാവിലെ രക്ഷാപ്രവര്‍ത്തനം ആരംഭിച്ച മുതല്‍ നിരവധി മൃതദേഹങ്ങളാണ് കണ്ടെടുക്കുന്നത്.

മുണ്ടക്കൈയിലെ തകര്‍ന്ന വീടുകളില്‍ നിന്നാണ് മൃതദേഹങ്ങള്‍ പുറത്തെടുക്കുന്നത്. ഈ പ്രദേശത്ത് നിലവില്‍ നാലുവീടുകളില്‍ 8 മൃതദേഹങ്ങളാണ് കണ്ടെത്തിയത്. കസേരയില്‍ ഇരുന്ന അവസ്ഥയിലും മൃതദേഹങ്ങളുണ്ട് എന്നതാണ് ദയനീയമായ കാഴ്ച. എന്നാല്‍ തകര്‍ന്ന വീടിനുള്ളില്‍ നിന്ന് മൃതദേഹങ്ങള്‍ പുറത്തെടുക്കല്‍ ദുഷ്‌കരമാണ്. വടംകെട്ടി വലിച്ചാണ് വീടുകളുടെ മേല്‍ക്കൂര മാറ്റുന്നത്.

മുഖ്യമന്ത്രിയും ഗവര്‍ണറും ഇന്ന് വയനാട്ടിലെത്തുന്നുണ്ട്. റിസോര്‍ട്ടുകളിലും ആളുകള്‍ കൂടുങ്ങിക്കിടന്നിരുന്നു. ഇവരെയെല്ലാം പുറത്തെത്തിച്ചിട്ടുണ്ട്. ചൂരല്‍മലയില്‍ താല്‍ക്കാലികമായി നിര്‍മിച്ച പാലം വഴിയാണ് രക്ഷാപ്രവര്‍ത്തനം നടക്കുന്നത്. ഒരു പാലം കൂടി നിര്‍മിക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്.