കല്‍പറ്റ: മുണ്ടക്കൈയിലും ചൂരല്‍മലയിലും ഉരുള്‍ ദുരന്തത്തില്‍ മരണ സഖ്യ അഞ്ചൂറു കടന്നേക്കും. 189 പേര്‍ മരിച്ചതായാണ് വ്യാഴാഴ്ച വൈകുന്നേരംവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചത്. 425 പേരെ കണ്ടെത്താനുണ്ട്. എന്നാല്‍ 300 മരണങ്ങളുണ്ടായെന്ന് അനൗദ്യോഗിക കണക്കുമുണ്ട്. ഏതായാലും കാണാതയവരും കണക്ക് കൂടി കൂട്ടുമ്പോള്‍ വലിയ ആള്‍നാശം ഉണ്ടായിട്ടുണ്ടെന്ന വിലയിരുത്തല്‍ സജീവമാണ്. ഇനി ആരും ദുരന്ത സ്ഥലത്ത് ജീവനോടെ ഇല്ലെന്ന് സൈന്യവും സ്ഥിരീകരിച്ചിട്ടുണ്ട്. അതുകൊണ്ട് കൂടിയാണ് ഇപ്പോള്‍ മൃതദേഹങ്ങള്‍ക്ക് വേണ്ടിയുള്ള തിരച്ചിലായി രക്ഷാപ്രവര്‍ത്തനം മാറുന്നത്.

രാജ്യത്തെത്തന്നെ ഏറ്റവുംവലിയ പ്രകൃതിദുരന്തങ്ങളിലൊന്നായി മാറിയ മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടലില്‍ മരണസംഖ്യ 400 കടക്കുമെന്ന ആശങ്ക സര്‍ക്കാരിനുണ്ട്. മുണ്ടക്കൈ, അട്ടമല ഉള്‍പ്പെടെ ദുരന്തമേഖലയില്‍ തിരച്ചില്‍ തുടരുന്നുണ്ടെങ്കിലും ഇനിയാരും ജീവനോടെ കുടുങ്ങിക്കിടക്കാന്‍ സാധ്യതയില്ലെന്നാണ് സൈന്യത്തിന്റെ വിലയിരുത്തല്‍. മൃതദേഹങ്ങളാവും ഇനി കണ്ടെടുക്കാനുള്ളതെന്ന് കേരള-കര്‍ണാടക സബ് ഏരിയ ജനറല്‍ ഓഫീസര്‍ കമാന്‍ഡിങ് (ജി.ഒ.സി.) മേജര്‍ ജനറല്‍ വിനോദ് മാത്യു മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ചേര്‍ന്ന യോഗത്തില്‍ വ്യക്തമാക്കി.

മലപ്പുറത്തുനിന്നുകിട്ടിയ മൃതദേഹങ്ങളും മൃതദേഹാവശിഷ്ടങ്ങളും വയനാട്ടിലേക്ക് കൊണ്ടുവന്നു. ശരീരഭാഗങ്ങളുള്‍പ്പെടെ 279 മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടം ചെയ്തു. അവകാശികളില്ലാത്ത മൃതദേഹങ്ങള്‍ സംസ്‌കരിക്കാനായി പ്രോട്ടക്കോളും തയ്യാറായിട്ടുണ്ട്. 96 പേരാണ് ആശുപത്രികളില്‍ ചികിത്സയിലുള്ളത്. 129 പേരെ ചികിത്സയ്ക്കുശേഷം ക്യാമ്പുകളിലേക്ക് മാറ്റി. ചാലിയാര്‍ പുഴയുടെ 40 കിലോമീറ്ററിലെ 8 പൊലീസ് സ്റ്റേഷന്‍ അതിര്‍ത്തികളില്‍ ഇന്ന് പരിശോധന നടത്തുമെന്നാണ് മന്ത്രിതല ഉപസമിതി അറിയിച്ചിട്ടുള്ളത്. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന മന്ത്രിമാരായ കെ രാജന്‍, മുഹമ്മദ് റിയാസ്, എ കെ ശശീന്ദ്രന്‍, ഒ കെ കേളു എന്നിവരാണ് ഇക്കാര്യം വ്യക്തമാക്കിയത്.

പൊലീസും സന്നദ്ധ പ്രവര്‍ത്തകരും ചേര്‍ന്നാകും ചാലിയാറിന്റെ തീരങ്ങളില്‍ തെരച്ചില്‍ നടത്തുക. കോസ്റ്റ് ഗാര്‍ഡ്,ഫോറസ്‌ററ്, നേവി ടീമും ഇവിടെ തെരച്ചില്‍ നടത്തും. മുണ്ടക്കൈ, ചൂരല്‍മല മേഖലയില്‍ ഇന്നുമുതല്‍ 6 സോണുകളായി തിരിച്ച് 40 ടീമുകളാകും തിരച്ചിലിന് രംഗത്തുണ്ടാകുക. അട്ടമലയും ആറന്‍മലയും ചേര്‍ന്നതാണ് ആദ്യത്തെ സോണ്‍. മുണ്ടക്കൈ രണ്ടാമത്തെ സോണും പുഞ്ചിരിമട്ടം മൂന്നാമത്തേതും വെള്ളാര്‍മല വില്ലേജ് റോഡ് നാലാമത്തേതും ജിവിഎച്ച്എസ്എസ് വെള്ളാര്‍മല അഞ്ചാമത്തെ സോണും പുഴയുടെ അടിവാരം ആറാമത്തെ സോണുമാണെന്ന് മന്ത്രിതല സമിതി വ്യക്തമാക്കിയിട്ടുണ്ട്.

സൈന്യം, എന്‍ഡിആര്‍എഫ്, ഡി എസ്ജി, കോസ്റ്റ് ഗാര്‍ഡ്, നേവി, എംഇജി ഉള്‍പ്പെടെയുള്ള സംയുക്ത സംഘമാണ് തെരച്ചില്‍ നടത്തുക. ഓരോ ടീമിലും മൂന്നു നാട്ടുകാരും ഒരു വനംവകുപ്പ് ജീവനക്കാരനും ഉണ്ടാവും. 40 കിലോമീറ്ററില്‍ ചാലിയാറിന്റെ പരിധിയില്‍ വരുന്ന എട്ട് പൊലീസ് സ്റ്റേഷന്റെ പുഴ ഭാഗങ്ങളില്‍ പൊലീസും നീന്തല്‍ വിദഗ്ധമായ നാട്ടുകാരും ചേര്‍ന്നാകും തിരച്ചില്‍ നടത്തുക.

പൊലീസ് ഹെലികോപ്റ്റര്‍ ഉപയോഗിച്ച് സമാന്തരമായും തെരച്ചില്‍ നടത്തും. ഇതോടൊപ്പം കോസ്റ്റ്ഗാര്‍ഡും നേവിയും വനം വകുപ്പും ചേര്‍ന്ന് പുഴയുടെ അരികുകളും മൃതദേഹങ്ങള്‍ തങ്ങാന്‍ സാധ്യതയുള്ള ഇടങ്ങള്‍ കേന്ദ്രീകരിച്ചും തെരച്ചില്‍ നടത്തും.