തിരുവനന്തപുരം: കേരളം കണ്ട ഏറ്റവും വലിയ പ്രകൃതി ദുരന്തമായി മാറുകയാണ് മുണ്ടക്കൈയിലെ ഉരുള്‍പൊട്ടല്‍. എങ്ങും നിലവിളികളാണ്. മുണ്ടക്കൈയില്‍ ഉണ്ടായ ദുരന്തത്തില്‍ കുരുന്നുകള്‍ അടക്കമുള്ളവര്‍ മരിച്ചുവെന്ന് വാര്‍ത്തകള്‍ മലയാളികളുടെ ഹൃദയം തകര്‍ക്കുന്നതാണ്. വയനാട്ടിലെ ദുരന്തം ലോകമെമ്പാടുമുള്ള മലയാളികളുടെ നെഞ്ചുലക്കുന്ന ദുരന്തമായി മാറിയിട്ടുണ്ട്.

മനുഷ്യ മനസാക്ഷിയെ മരവിപ്പിക്കുന്ന തരത്തിലുള്ള ദയനീയമായ കാഴ്ചകളാണ് വയനാട്ടില്‍ നിന്നും പുറത്തേക്ക് വരുന്നത്. തീരാനോവായ ഈ ദുരന്തം നടന്നതിന്റെ തൊട്ടടുത്ത ദിവസമായ ഇന്ന് മലയാളത്തിലെ 5 പത്രങ്ങള്‍ ഇറങ്ങിയത് ഒരേ തലക്കെട്ടില്‍. ഉള്ളുപൊട്ടി എന്ന ഒരേ തലക്കെട്ടലാമ് ദുരന്തത്തേ വിശേഷിപ്പിച്ചത്. ദുരന്തത്തിലേ റിപോര്‍ട്ടിങ്ങിലെ അച്ചടി മാധ്യമങ്ങളുടെ ഐക്യവും യോജിച്ച വിലയിരുത്തലും വ്യത്യസ്തമായി മാറി.

ഇതേക്കുറിച്ച് സോഷ്യല്‍ മീഡിയയിലും കമന്റുകള്‍ എത്തിയിട്ടുണ്ട്. ഇതേക്കുറിച്ച് സോഷ്യല്‍ മീഡിയയില്‍ വന്ന കമന്റ് ഇങ്ങനെ: തികച്ചും വ്യത്യസ്തമായ സ്ഥാപനങ്ങള്‍, വ്യത്യസ്തമായ അന്തരീക്ഷം, വ്യത്യസ്തരായ ആളുകള്‍, ജോലി സമയങ്ങളില്‍ പ്രഫഷണല്‍ വിഷയങ്ങളില്‍ പരസ്പരം യാതൊരു ബന്ധവും പുലര്‍ത്താത്തവര്‍… പക്ഷേ, അവരെല്ലാം വയനാടന്‍ ജനതയുടെ സങ്കടങ്ങളോട് ഉള്ളു ചേര്‍ത്തുവച്ചപ്പോള്‍ പിറന്നത് ഒരേ തലക്കെട്ട്… ജേര്‍ണലിസത്തിന്റെ ഉള്ളറിയുന്ന നിമിഷങ്ങള്‍ കൂടിയാണിത്. ജീവന്‍ പണയപ്പെടുത്തിയും സൗകര്യങ്ങള്‍ നോക്കാതെയും പാറക്കൂട്ടങ്ങളും ചെളിയും പുതഞ്ഞ മണ്ണില്‍ അപരന്റെ ജീവനു വേണ്ടി തിരയുന്ന രക്ഷാപ്രവര്‍ത്തകര്‍ക്കും ആ ദുരന്തക്കാഴ്ചകള്‍ പുറം ലോകത്ത് എത്തിച്ചു ഉള്ളു പൊട്ടിയ മനസുകള്‍ക്കു സാന്ത്വനമേകാന്‍ ശ്രമിക്കുന്ന മാധ്യമ പ്രവര്‍ത്തകര്‍ക്കുമൊപ്പം ഉള്ളു ചേര്‍ത്തു വയ്ക്കുന്നു.

അതേസമയം ഉരുള്‍ പൊട്ടലുണ്ടായ വയനാട്ടില്‍ മരണം ഉരുകയാണ്. വയനാട്ടിലെ മുണ്ടക്കൈ, ചൂരല്‍മല ഉരുള്‍പൊട്ടലില്‍ മരണസംഖ്യ 166 ആയി ഉയര്‍ന്നു. ഇതില്‍ 75 മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞു. 123 മരണങ്ങള്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. മരിച്ചവരില്‍ 91 പേരുടെ മൃതദേഹങ്ങള്‍ മേപ്പാടി കുടുംബരോഗ്യ കേന്ദ്രത്തിലും 32 മൃതദേഹങ്ങള്‍ നിലമ്പൂര്‍ ഗവ. ആശുപത്രിയിലുമായിരുന്നു. 123 പേരുടെയും പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയായി. മലപ്പുറത്ത് നിന്നുള്ള മൃതദേഹങ്ങള്‍ വയനാട്ടില്‍ എത്തിച്ച ശേഷം എല്ലാ മൃതദേഹങ്ങളും മേപ്പാടിയിലാണ് പോസ്റ്റുമോര്‍ട്ടം നടത്തിയത്.

പരിക്കേറ്റ 195 പേര്‍ വിവിധ ആശുപത്രികളിലായി ചികിത്സയിലുണ്ട്. ഇതില്‍ 190 പേര്‍ വയനാട്ടിലും 5 പേര്‍ മലപ്പുറത്തുമായിരുന്നു. വയനാട്ടിലെത്തിയ 190 പേരില്‍ 133 പേര്‍ വിംസ് മെഡിക്കല്‍ കോളജ് ആശുപത്രിയിലും 28 പേര്‍ മേപ്പാടി കുടുംബരോഗ്യ കേന്ദ്രത്തിലും 24 പേര്‍ കല്‍പറ്റ ജനറല്‍ ആശുപത്രിയിലും 5 പേര്‍ വൈത്തിരി താലൂക് ആശുപത്രിയിലും എത്തി. നിലവില്‍ 97 പേര്‍ വയനാട്, മലപ്പുറം ജില്ലകളിലായി ചികിത്സയിലുണ്ട്. ഇതില്‍ 92 പേരും വയനാട്ടിലാണ്.