തിരുവനന്തപുരം: താരസംഘടനയായ അമ്മയിലെ ചില അംഗങ്ങളെ കുറിച്ചുള്ള ആരോപണം മാത്രമല്ല മറ്റുചില മേഖലയിലേക്കും അന്വേഷണം വ്യാപിപ്പിക്കേണ്ടതുണ്ടെന്ന് മുരളി തുമ്മാരുകുടി. താരസംഘടനയിലെ അംഗത്വത്തിനുള്ള മാനദണ്ഡങ്ങള്‍ എന്തൊക്കെയാണെന്നും അദ്ദേഹം ചോദിക്കുന്നു.

ഇപ്പോഴത്തെ അന്വേഷണം വ്യക്തികളില്‍ മാത്രം ഒതുക്കരുത്. കാരണം പുതുമുഖങ്ങളെ ലൈംഗികമായി ദുരുപയോഗം ചെയ്യാനുള്ള ഒരു ഉപാധിയായി പ്രസ്ഥാനം ഉപയോഗിച്ചിട്ടുണ്ടോ എന്ന് അറിയേണ്ടതുണ്ട്. സിനിമയില്‍ കാണിക്കുന്ന ധാര്‍മ്മിക രോഷത്തിന്റെ ഒരു തരിയെങ്കിലും യഥാര്‍ത്ഥ ജീവിതത്തില്‍ ഉള്ള നായകന്മാര്‍ അമ്മ സംഘടനയില്‍ ഉണ്ടെങ്കില്‍ അവര്‍ ഈ സംഘടന ശുദ്ധീകരിക്കാന്‍ ഇറങ്ങണമെന്നും തുമ്മാരുകുടി ഫേസ്ബുക്ക് പോസ്റ്റില്‍ ആവശ്യപ്പെട്ടു.

മുരളി തുമ്മാരുകുടിയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ:

വാക്കുകള്‍-ആരുടെ അമ്മ?

മലയാളത്തിലെ സിനിമാതാരങ്ങളുടെ സംഘടനയെ (എ എം എം എ) പറ്റി കേള്‍ക്കുന്ന കാര്യങ്ങള്‍ പേടിപ്പിക്കുന്നു.ആ സംഘടനയിലെ ഇപ്പോഴത്തെയോ മുന്‍പത്തേയോ ഭാരവാഹികള്‍ ആയ/ആയിരുന്ന നടന്‍മാര്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറി, ബലാത്സംഗം വരെ ചെയ്തു എന്നുള്ള ആരോപണം വരുന്നു. ആരോപണ വിധേയര്‍ ഓരോരുത്തരും വ്യകതിപരമായി അതിന് മറുപടി പറയേണ്ടി വരും, അതിജീവിതമാര്‍ കേസുമായി മുന്നോട്ട് പോയാല്‍ വിചാരണ നേരിടേണ്ടി വരും.

ആരോപണവിധേയനായ സിദ്ദിഖ് സെക്രട്ടറി സ്ഥാനം രാജി വച്ച സ്ഥിതിക്ക് ഇനി ഭാരവാഹികളുടെ ആരുടെയെങ്കിലും പേരുണ്ടായാല്‍ അവരും രാജി വച്ച് അന്വേഷണം നേരിടും എന്ന് കരുതാം. അത് ശരിയായ കാര്യമാണ്അമ്മയിലെ ഒരു അംഗത്തെ പറ്റി ആരോപണം വന്നാല്‍ സംഘടന എന്ത് ചെയ്യും എന്നറിയാന്‍ താല്പര്യമുണ്ട്. ആരോപണം പരാതിയായി കോടതിയില്‍ തെളിയിക്കപ്പെടുന്നത് വരെ ആരോപണവിധേയനെ പിന്തുണക്കുമോ? ആരോപണത്തെ നേരിടാന്‍ അംഗത്തെ സഹായിക്കുമോ?ആരോപണം ഉന്നയിച്ചത് അമ്മയിലെ അംഗം ആണെങ്കില്‍ എന്ത് സ്റ്റാന്‍ഡ് ആയിരിക്കും എടുക്കുക?, അവര്‍ക്ക് പിന്തുണ നല്‍കുമോ?, ആരോപണം പരാതിയായി എഴുതിക്കൊടുത്ത് നിയമം അനുശാസിക്കുന്ന പരമാവധി ശിക്ഷ പ്രതിക്ക് കൊടുക്കാന്‍ അതിജീവിതയെ സഹായിക്കുമോ?ഇനി എപ്പോഴെങ്കിലും അമ്മയുടെ ഭാരവാഹികള്‍ മാദ്ധ്യമങ്ങളെ കാണുമ്പോള്‍ ഇക്കാര്യം ഒന്ന് ചോദിക്കണം.പക്ഷെ പുതിയതായി വരുന്ന ആരോപണങ്ങള്‍ സംഘടനയെ സംബന്ധിച്ചിടത്തോളം കൂടുതല്‍ ഗുരുതരമാണ്. കാരണം അത് സംഘടനയിലെ അംഗങ്ങളെ പറ്റിയല്ല, അംഗത്വത്തെ പറ്റിയാണ്.

'അമ്മ എന്ന സംഘടനയില്‍ അംഗത്വം ലഭിക്കുന്നതിന് വേണ്ടി പോലും 'അഡ്ജസ്റ്റ്‌മെന്റ്' ചെയ്യണമെന്ന് ആവശ്യപ്പെട്ടു എന്ന്, അമ്മയുടെ അംഗത്വത്തിന്റെ ഫോം പൂരിപ്പിക്കാന്‍ വീട്ടില്‍ ചെന്ന നടിയെ കോണ്‍സെന്റ് ഇല്ലാതെ ചുംബിച്ചു എന്ന്, എതിര്‍പ്പ് കാണിച്ചപ്പോള്‍ അംഗത്വം നല്‍കിയില്ല എന്നൊക്കെയാണ് ആരോപണങ്ങള്‍. സത്യമാണെങ്കില്‍ ധാര്‍മ്മികമായി എത്ര ജീര്‍ണ്ണമാണ് ഈ പ്രസ്ഥാനം?. പുതുമുഖങ്ങളുടെ കരിയര്‍ നിര്‍മ്മിക്കാനും തകര്‍ക്കാനും കഴിവുള്ളവര്‍ കൂട്ടായ്മയില്‍ ഉണ്ടെന്നുള്ള ബലത്തില്‍, അവരോടുള്ള അടുപ്പത്തിന്റെ പേരില്‍, എത്ര പച്ചയായിട്ടാണ് ഭാരവാഹിത്തം വഹിക്കുന്നവര്‍ ലൈംഗികമായ പ്രത്യുപകാരം ആവശ്യപ്പെടുന്നതെന്ന് അതിജീവിതമാര്‍ പറയുന്നത്?മറ്റു കേസുകളില്‍ എന്ന പോലെ ഈ കേസിലും തീര്‍ച്ചയായും അന്വേഷണങ്ങള്‍ നടത്തണം.

പക്ഷെ ഇതിലേക്കുള്ള അന്വേഷണം വ്യക്തികളില്‍ മാത്രം ഒതുക്കരുത്. കാരണം പുതുമുഖങ്ങളെ ലൈംഗികമായി ദുരുപയോഗം ചെയ്യാനുള്ള ഒരു ഉപാധിയായി പ്രസ്ഥാനം ഉപയോഗിച്ചിട്ടുണ്ടോ എന്ന് അറിയേണ്ടതുണ്ട്.എന്താണ് അമ്മയില്‍ അംഗത്വത്തിനുള്ള മാനദണ്ഡം?അപേക്ഷ നല്‍കുന്നതിനുള്ള രീതി എന്താണ് ?അപേക്ഷ നല്‍കിയവര്‍ക്ക് അംഗത്വം നിഷേധിച്ചിട്ടുണ്ടോ ? ഉണ്ടെങ്കില്‍ കാരണം രേഖപ്പെടുത്തിയിട്ടുണ്ടോ ?ഭാരവാഹികളുടെ വീട്ടില്‍ പോയിട്ടാണോ ഫോം ഫില്‍ ചെയ്യേണ്ടത്?'അമ്മ അംഗങ്ങളില്‍ നിന്നോ അംഗങ്ങളെ കുറിച്ചോ തെറ്റായ പെരുമാറ്റങ്ങളെ പറ്റി പരാതികള്‍ ലഭിച്ചിട്ടുണ്ടോ? അവ എങ്ങനെ കൈകാര്യം ചെയ്തു?, അതിന്റെ റെക്കോര്‍ഡ് എന്തൊക്കെയാണ്?

ഈ താര സംഘടനയിലെ ഏറെപ്പേര്‍ ആരോപണവിധേയര്‍ ആയിട്ടുണ്ടെങ്കിലും ഭൂരിഭാഗം ആളുകളും അത്തരക്കാര്‍ അല്ല എന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം. അതുകൊണ്ട് തന്നെ സിനിമയില്‍ കാണിക്കുന്ന ധാര്‍മ്മിക രോഷത്തിന്റെ ഒരു തരിയെങ്കിലും യഥാര്‍ത്ഥ ജീവിതത്തില്‍ ഉള്ള നായകന്മാര്‍ ഈ സംഘടനയില്‍ ഉണ്ടെങ്കില്‍ അവര്‍ ഈ സംഘടന ശുദ്ധീകരിക്കാന്‍ ഇറങ്ങണം.
മുരളി തുമ്മാരുകുടി