തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന് പിന്നാലെ തുറന്നുപറച്ചിലുമായി പീഡനത്തിന് ഇരകളായവര്‍ രംഗത്തുവന്നതോടെ ഇതിനോടകം രണ്ട് പ്രമുഖര്‍ക്കാണ് കസേര തെറിച്ചത്. കേരളാ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനത്തു നിന്നും സംവിധായകന്‍ രഞ്ജിത്ത് രാജിവെച്ചപ്പോള്‍ അമ്മയുടെ ജനറല്‍ സെക്രട്ടറി സ്ഥാനത്തു നിന്നും സിദ്ധിഖും രാജിവെച്ചു.

ഇതോടെ ഈ രണ്ട് വിഷയങ്ങളും മലയാളം സൈബര്‍ലോകത്തും ചര്‍ച്ചാവിഷമായി നില്‍ക്കുകയാണ്. ഇതിനിടെ യുഎന്‍ ഉദ്യോഗസ്ഥനായ മുരളീ തുമ്മാരുകുടി എഴുതി ഫേസ്ബുക്ക് പോസ്റ്റും വൈറലാണ്. ആരോപണ വിധേയര്‍ രാജിവെച്ചതിനെ സ്വാഗതം ചെയ്തു കൊണ്ടാണ് തുമ്മാരുകുടി രംഗത്തുവന്നത്. ഇത് നല്ലൊരു തുടക്കമായി കണ്ടാല്‍ മതിയെന്നും അദ്ദേഹം പറയുന്നു.

ഇനിയും തുറന്നു പറച്ചിലുകളും രാജികളും ഉണ്ടാകുമെന്നും തുമ്മാരുകുടി പറയുന്നു. പത്തും മുപ്പതും വര്‍ഷമായി ഉപ്പു തിന്നവര്‍ ഒക്കെ അണിയറയില്‍ വെള്ളമന്വേഷിച്ച് ഓടുന്നുണ്ടാകണം, അതാണവര്‍ക്ക് ലഭിക്കുന്ന ഒന്നാമത്തെ ശിക്ഷയെന്നും തുമ്മാരുകുടി കുറിച്ചു. തങ്ങള്‍ പീഢിപ്പിച്ചവര്‍ എപ്പോള്‍ എന്ത് പുറത്തുപറയും എന്ന പേടിയോടെ ജീവിക്കേണ്ടി വരും. പിന്‍ഗാമി എന്ന ചിത്രത്തില്‍ ഷഡിയില്‍ റിമോട്ട് കണ്‍ട്രോള്‍ ബോംബും ഫിറ്റ് ചെയ്ത് ഇന്നസന്റിനെ ബംഗ്ലാവിലേക്ക് വിടുന്ന സീന്‍ ഉണ്ട്, അതുപോലെ മലയാള സിനിമാരംഗത്ത് അവരുടെ സ്വാധീനവും അധികാരവും ഉപയോഗിച്ച് സ്ത്രീകളെ ഹരാസ്സ് ചെയ്യുകയും പീഢിപ്പിക്കുകയും ചെയ്തവരെല്ലാം ഇപ്പോള്‍ ഷഡ്ജത്തില്‍ ടൈം ബോംബുമായി നടക്കുകയാണെന്നും തുമ്മാരുകുടി ഫേസ്ബുക്കില്‍ കുറിക്കുന്നു.

മുരളീ തുമ്മാരുകുടിയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ:

ആരോപണ വിധേയര്‍ അവര്‍ വഹിക്കുന്ന സ്ഥാപനങ്ങളില്‍ നിന്നും രാജിവച്ചു
ഇതൊരു നല്ല തുടക്കമാണ്
ഇതിനെ കറ്റ സമ്മതമായോ ശിക്ഷയായോ കാണേണ്ടതില്ല
പക്ഷെ തുറന്നു പറച്ചിലുകളെ മാധ്യമങ്ങളും സമൂഹവും പിന്‍തുണക്കുന്നതിന്റേയും സമൂഹത്തിന്റെ മൊത്തമായ എതിര്‍പ്പിന് മുന്നില്‍ ഒരു പവര്‍ ഗ്രൂപ്പും നിലനില്‍ക്കുകയില്ല എന്നതിന്റേയും തെളിവാണ്.
ഇനിയും തുറന്നു പറച്ചിലുകള്‍ ഉണ്ടാകും
രാജികളും
പത്തും മുപ്പതും വര്‍ഷമായി ഉപ്പു തിന്നവര്‍ ഒക്കെ അണിയറയില്‍ വെള്ളമന്വേഷിച്ച് ഓടുന്നുണ്ടാകണം
അതാണവര്‍ക്ക് ലഭിക്കുന്ന ഒന്നാമത്തെ ശിക്ഷ.
തങ്ങള്‍ പീഢിപ്പിച്ചവര്‍ എപ്പോള്‍ എന്ത് പുറത്തുപറയും എന്ന പേടിയോടെ ജീവിക്കേണ്ടി വരും
പിന്‍ഗാമി എന്ന ചിത്രത്തില്‍ ഷഡിയില്‍ റിമോട്ട് കണ്‍ട്രോള്‍ ബോംബും ഫിറ്റ് ചെയ്ത് ഇന്നസന്റിനെ ബംഗ്ലാവിലേക്ക് വിടുന്ന സീന്‍ ഉണ്ട്
മലയാള സിനിമാരംഗത്ത് അവരുടെ സ്വാധീനവും അധികാരവും ഉപയോഗിച്ച് സ്ത്രീകളെ ഹരാസ്സ് ചെയ്യുകയും പീഢിപ്പിക്കുകയും ചെയ്തവരെല്ലാം ഇപ്പോള്‍ ഷഡ്ജത്തില്‍ ടൈം ബോംബുമായി നടക്കുകയാണ്.
നടക്കട്ടെ
ഇതൊക്കെ ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിന്റെ പിറ്റേന്ന് നടക്കേണ്ടതായിരുന്നു.
അത്രയും കാലം കൂടി പീഢകര്‍ നമ്മുടെ മുന്നില്‍ മാന്യരായി നടന്നു
ഇക്കാലത്തും അവര്‍ സിനിമാരംഗത്തേക്ക് വരുന്നവരെ മുതലെടുക്കാന്‍ ശ്രമിച്ചിട്ടുണ്ടാകും. അതില്‍ വിജയിച്ചിട്ടുണ്ടാകും
അതിന് തല്‍ക്കാലമെങ്കിലും ഒരു ഇടവേള
തുറന്നു പറച്ചിലുകള്‍ ഇനിയും ഉണ്ടാകും
രാജികളും
അന്വേഷണങ്ങളും
അറസ്റ്റുകളും
നിയമം നിയമത്തിന്റെ വഴിക്ക് നീങ്ങുമ്പോള്‍ അതിനെ പിന്തുണച്ച് കൊടുത്താല്‍ മതി

മുരളി തുമ്മാരുകുടി