തിരുവനന്തപുരം: ശബരിമല സ്വര്‍ണപ്പാളി വിവാദത്തില്‍ സസ്പെന്‍ഷനിലായ മുരാരി ബാബുവിനെതിരെ കൂടുതല്‍ ആരോപണങ്ങള്‍. മുരാരി ബാബു മുമ്പ് ജോലിചെയ്ത ക്ഷേത്രങ്ങളിലേക്കും അനേഷണം നീളും ഏറ്റുമാനൂര്‍ മഹാദേവക്ഷേത്രത്തിലെ സ്വര്‍ണനാഗപ്പത്തി നഷ്ടപ്പെട്ടതും സംശയത്തിലാണ്. എന്നിട്ടും മുരാരിയെ ശബരിമലയിലെ തന്ത്രപ്രധാനതസ്തികയില്‍ നിയമിച്ചതിന് പിന്നില്‍ രാഷ്ട്രീയ സ്വാധീനമാണ്. മുമ്പ് കോണ്‍ഗ്രസ് സംഘടനയ്‌ക്കൊപ്പമായിരുന്നു മുരാരി ബാബു. ദേവസ്വം റഫറണ്ടത്തില്‍ ആ സംഘടനയ്ക്ക് അംഗീകാരം പോയി. ഇതോടെ സിപിഎം സംഘടനയുമായി അടുത്തു. ആരോപണവിധേയരെ ശബരിമലയില്‍ നിയമിക്കരുതെന്ന ഹൈക്കോടതി വിധിപോലും മറികടന്നാണ് മുരാരിയെ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറാക്കിയത്. ഇതിനെല്ലാം പിന്നില്‍ സമുദായ കരുത്തുമുണ്ടെന്നാണ് സൂചന.

ചങ്ങനാശേരി പെരുന്ന സ്വദേശിയായ മുരാരി ബാബു പ്രമുഖ സമുദായസംഘടനയുടെ നോമിനിയെന്ന വ്യാജേനയാണ് ബോര്‍ഡില്‍ സ്വാധീനശക്തിയായതെന്നു മറ്റ് ജീവനക്കാര്‍ പറയുന്നുവെന്ന് മംഗളം റിപ്പോര്‍ട്ട് ചെയ്യുന്നു. എന്‍ എസ് എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായരുമായുള്ള അടുപ്പമുണ്ടെന്ന തരത്തിലാണ് പ്രചരണം. മുരാരി ബാബുവിനെതിരെ പല വിവാദങ്ങളും ഉയര്‍ന്നിരുന്നു. ഏറ്റുമാനൂര്‍ ക്ഷേത്രത്തില്‍ സ്വര്‍ണരുദ്രാക്ഷമാല മോഷണത്തിനു പുറമേ മറ്റ് തട്ടിപ്പുകളും നടന്നതായി ദേവസ്വം വിജിലന്‍സ് റിപ്പോര്‍ട്ടുണ്ടായിരുന്നു. ഏറ്റുമാനൂര്‍ ക്ഷേത്രത്തില്‍ 2021 ജനുവരി 17-നു വൈകിട്ട് നാലരയോടെ ശ്രീകോവിലിനുള്ളിലുണ്ടായ അഗ്നിബാധ മറച്ചുവച്ചു, അഗ്‌നിബാധയില്‍ കേടുസംഭവിച്ച സ്വര്‍ണപ്രഭയുടെ നാഗപ്പത്തികള്‍ ദേവസ്വം ബോര്‍ഡിന്റെ അനുമതിയില്ലാതെ വിളക്കിച്ചേര്‍ത്തു, ഇവയെല്ലാം മറച്ചുവച്ച് ഒറ്റരാശിപ്രശ്നത്തിലൂടെ പരിഹാരക്രിയയ്ക്കായി 10 ലക്ഷം രൂപ ഭക്തരില്‍നിന്നു പിരിച്ചെടുത്തു എന്നിവയാണ് വിജിലന്‍സ് കണ്ടെത്തിയത്.

ക്ഷേത്രത്തിലെ സ്വര്‍ണച്ചാര്‍ത്തുള്ള കുടയിലെ ഇളകിയ ചന്ദ്രക്കല ഉറപ്പിക്കാന്‍ ദേവസ്വം ബോര്‍ഡില്‍നിന്നു നേടിയ അനുമതിയുടെ മറവിലാണ് സ്വര്‍ണനാഗപ്പത്തികള്‍ വിളക്കിച്ചേര്‍ത്തതെന്നും റിപ്പോര്‍ട്ടിലുണ്ട്. ഏറ്റുമാനൂര്‍ ക്ഷേത്രത്തില്‍ 2005-06ല്‍ അഡ്മിനിസ്ര്ടേറ്റീവ് ഓഫീസറായിരുന്ന മാവേലിക്കര ചെട്ടികുളങ്ങര സ്വദേശി ജെ. ജയലാല്‍ വഴിപാടായി സമര്‍പ്പിച്ച സ്വര്‍ണം കെട്ടിയ രുദ്രാക്ഷമാല കാണാതായതു സംബന്ധിച്ച അന്വേഷണ റിപ്പോര്‍ട്ടിലാണ് ഈ വിവരങ്ങള്‍ ഉള്ളത്. മുമ്പ് ഏറ്റുമാനൂര്‍ ക്ഷേത്രത്തിലെ തിരുവാഭരണം സ്ട്രോങ്റൂമില്‍നിന്ന് സ്വര്‍ണം, വെള്ളി ഇനത്തില്‍പ്പെട്ട ആറ് ഉരുപ്പടികള്‍ കാണാതായിരുന്നു. എന്നാല്‍, അന്വേഷണം നടക്കുന്നതിനിടെ, 16 ദിവസത്തിനുശേഷം ഇവയെല്ലാം സ്ട്രോങ് റൂമില്‍ തിരിച്ചുവച്ചതായി കണ്ടെത്തി.

2019ല്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ ആയിരുന്ന മുരാരി ബാബുവിനെ കഴിഞ്ഞ ദിവസം സസ്‌പെന്‍ഡ് ചെയ്തിരുന്നു. ദേവസ്വം ബോര്‍ഡിന്റെ ഉത്തരവില്‍ സ്വര്‍ണപ്പാളിയെ ചെമ്പുപാളി എന്നെഴുതിയതിനാണ് നടപടി. എന്നാല്‍, സ്വര്‍ണപ്പാളി മോഷണത്തില്‍ പങ്കില്ലെന്ന് മുരാരി ബാബു പ്രതികരിച്ചിരുന്നു. ''ചെമ്പുപാളിയെന്ന് രേഖപ്പെടുത്തിയത് തന്ത്രിയുടെ കത്തിന്റെ അടിസ്ഥാനത്തിലാണ്. വിജയ് മല്യ സ്വര്‍ണം പൊതിഞ്ഞത് എല്ലായിടത്തും ഒരുപോലെയല്ലെന്നും മുരാരി ബാബു പറഞ്ഞു. ദേവസ്വം ബോര്‍ഡിന്റെ നടപടി ശിരസാവഹിക്കുന്നു. അനുസരിക്കുന്നു. അതിനെ വിമര്‍ശിക്കുന്നില്ല. തനിക്ക് 30 വര്‍ഷത്തെ സര്‍വീസുള്ളയാളാണ്. ദേവസ്വം ബോര്‍ഡിന് വിധേയനായിട്ടേ പ്രവര്‍ത്തിച്ചിട്ടുള്ളൂ. നടപടിക്കെതിരെ നിയമനടപടിക്ക് പോവുന്നില്ലെന്നും'' മുരാരി ബാബു വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ വിവരങ്ങള്‍ പുറത്തു വന്നത്.

ശബരിമലയിലെ ദ്വാരപാലക ശില്പത്തിലെ സ്വര്‍ണ്ണം പൂശലിനായി ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് വേണ്ടി മുരാരി ബാബു ഇടപെട്ടതിന്റെ തെളിവും പുറത്തു വന്നു. 2024ല്‍ ദ്വാരപാലക പീഠം ഉണ്ണികൃഷ്ണന്‍ പോറ്റി വഴി സ്മാര്‍ട്ട് ക്രിയേഷന്‍സില്‍ എത്തിക്കാന്‍ നീക്കം നടത്തിയെന്നുള്ള കത്താണ് പുറത്തുവന്നത്. ദേവസ്വം ബോര്‍ഡിനെ അറിയിക്കും മുന്‍പ് മുരാരി ബാബു സ്മാര്‍ട്ട് ക്രിയേഷന് കത്ത് അയച്ചു. ദ്വാരപാലക പീഠം ഉണ്ണികൃഷ്ണന്‍ പോറ്റി വഴി എത്തിക്കുമെന്നായിരുന്നു മുരാരി ബാബു കമ്പനിക്ക് അയച്ച കത്ത് പുറത്തുവന്നത്. വിവരങ്ങള്‍ അറിയിച്ചു സ്മാര്‍ട്ട് ക്രിയേഷന്‍സ് തിരിച്ചും കത്ത് അയച്ചു. കത്തില്‍ ഉണ്ണികൃഷ്ണന്‍ പോറ്റി വഴി പീഠം കൊടുത്തു വിടണമെന്ന് ആവശ്യപ്പെടുന്നുണ്ട്. കത്തില്‍ എക്സിക്യുട്ടീവ് ഓഫീര്‍ ആയിരുന്ന മുരാരി ബാബു തുടര്‍ അനുമതിക്കായി ഒപ്പുമിട്ടു. എന്നാല്‍ മുരാരി ബാബുവിന്റെ നീക്കം ദേവസ്വം ബോര്‍ഡ് തടഞ്ഞു. ഉണ്ണികൃഷ്ണന്‍ പോറ്റിയ്ക്ക് ശബരിമലയില്‍ വഴി വിട്ട ഇടപെടലിനു മുരാരി ഇടപെട്ട് വിവരം ദേവസ്വം വിജിലന്‍സ് കണ്ടെത്തിയിരുന്നു.

2024 ഒക്ടോബര്‍ 10ന് ആണ് ദേവസ്വം എക്‌സിക്യൂട്ടീവ് ഓഫീസറായിരുന്ന മുരാരി ബാബു സ്മാര്‍ട്ട് ക്രിയേഷന്‍സിന് കത്തയച്ചത്. ഒക്ടോബര്‍ 16നാണ് സ്മാര്‍ട്ട് ക്രിയേഷന്‍സ് ഇതിനുള്ള മറുപടി മുരാരി ബാബുവിന് അയയ്ക്കുന്നത്.