കോട്ടയം: ഏറ്റുമാനൂര്‍ ഉത്സവത്തിന് ആനകളെ വാടകയ്‌ക്കെടുത്ത വകയില്‍ 23.57 ലക്ഷം രൂപ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് നല്‍കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ രേഖ പുറത്തു വരുമ്പോള്‍ തെളിയുന്നത് സര്‍വ്വത്ര ദുരൂഹത. ദേവസ്വം ചട്ടപ്രകാരം 15,000 രൂപ മാത്രമേ അനുവദിക്കാവൂ എന്നിരിക്കെ ആന ഒന്നിന് 1.48 ലക്ഷം രൂപ കൊടുക്കണം എന്നതാണ് ആവശ്യം. ഏറ്റുമാനൂരിലെ ആന കൊള്ളയ്ക്ക് തെളിവാണ് ഈ റിപ്പോര്‍ട്ട്. ശബരിമല സ്വര്‍ണക്കവര്‍ച്ച കേസില്‍ അറസ്റ്റിലായ ദേവസ്വം ഉദ്യോഗസ്ഥന്‍ മുരാരിബാബുവായിരുന്നു ഉത്സവ നടത്തിപ്പിന്റെ സ്‌പെഷ്യല്‍ ഓഫീസര്‍. മഹാക്ഷേത്രങ്ങളില്‍ ആനകളെ സംഘടിപ്പിച്ചുകൊടുക്കുന്നത് അടക്കമുള്ള കാര്യങ്ങളിലെ കഴിവ് പരിഗണിച്ചാണ് മുരാരി ബാബുവിനെ സ്‌പെഷ്യല്‍ ഓഫീസറാക്കിയത്. എന്നാല്‍ കണക്ക് റിപ്പോര്‍ട്ട് തട്ടിപ്പിന്റേതുമാകുന്നു.

മുരാരി ബാബു ആന എഴുന്നള്ളിപ്പിലും വന്‍ തരികിട നടത്തിയിരുന്നതായി ആരോപണം ഉയര്‍ന്നിരുന്നു. തിരുവിതാകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള പ്രമുഖ ക്ഷേത്രങ്ങളിലെ ഉത്സവത്തിന് സ്‌ഫെഷ്യല്‍ ഓഫീസറായി പ്രവര്‍ത്തിച്ചപ്പോഴുള്ള തട്ടിപ്പാണ് പുറത്തുവരുന്നത്. ആന എഴുന്നള്ളിപ്പിന്റെയും ഉത്സവ നടത്തിപ്പിന്റെയും മറവിലാണ് കമ്മിഷന്‍ ഏര്‍പ്പാടിലൂടെ തട്ടിപ്പ് നടത്തിയതെന്നാണ് ആക്ഷേപം. കരയോഗം ഭാരവാഹിത്വവും എന്‍.എസ്.എസ് നേതൃത്വത്തിന്റെ അടുപ്പക്കാരനെന്ന പിന്‍ബലവും വഴി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ വലിയ സ്വാധീനമുള്ളയാളാണ് മുരാരി ബാബു. വര്‍ഷങ്ങളായി പ്രമുഖ ക്ഷേത്രങ്ങളിലെല്ലാം ഉത്സവങ്ങള്‍ക്ക് സ്ഥിരം സ്‌പെഷ്യല്‍ ഓഫീസറായിരുന്നു. ആന എഴുന്നള്ളിപ്പിന്റെ ക്വട്ടേഷന്‍ ഏറ്റെടുക്കും. സ്‌പോണ്‍സര്‍മാരില്‍നിന്ന് വലിയ 'ഏക്കത്തുക' കൈപ്പറ്റും. ആന ഉടമകള്‍ക്ക് നാമമാത്ര തുകനല്‍കി ബാക്കി പോക്കറ്റിലാക്കുന്നതിലായിരുന്നു 'സ്‌പെഷ്യലൈസേഷന്‍' എന്നാണ് ഉയര്‍ന്ന ആരോപണം. നല്‍കിയ കണക്കു തുക പരിശോധിച്ചാലും ഇതിന് സാധ്യത ഏറെയാണ്.

ഇക്കഴിഞ്ഞ ഉത്സവവുമായി ബന്ധപ്പെട്ടുണ്ടായ ചെലവ് തുക ആവശ്യപ്പെട്ടാണ് ബോര്‍ഡിന് റിപ്പോര്‍ട്ട് കൊടുത്തത്. മുരാരിബാബു ഇടപെട്ട സാമ്പത്തിക കാര്യങ്ങള്‍ പ്രത്യേക അന്വേഷണസംഘത്തിന്റെയും ദേവസ്വം വിജിലന്‍സിന്റെയും നിരീക്ഷണത്തിലും പരിശോധനയിലും ആയതിനാല്‍ പണം നല്‍കേണ്ടതില്ലെന്നാണ് ബോര്‍ഡ് തീരുമാനം. ഏറ്റുമാനൂര്‍ ദേവസ്വം അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ക്കുവേണ്ടി വൈക്കം ഡെപ്യൂട്ടി ദേവസ്വം കമ്മിഷണറാണ് ബോര്‍ഡിലേക്ക് ധനാഭ്യര്‍ഥനാ റിപ്പോര്‍ട്ട് കൊടുത്തത്. മുരാരിബാബുവും ഡെപ്യൂട്ടി കമ്മിഷണര്‍ റാങ്കിലുള്ള ഉദ്യോഗസ്ഥനാണ്. ഇവിടെ ഉത്സവനടത്തിപ്പിന് വൈക്കം ഡെപ്യൂട്ടി കമ്മിഷണര്‍ ഉണ്ടെന്നിരിക്കെ, മുരാരിയെക്കൂടി സ്‌പെഷ്യല്‍ ഓഫീസറായി എന്തിന് അയച്ചു എന്നതിനും ആര്‍ക്കും ഉത്തരമില്ല.

ഏറ്റുമാനൂരില്‍ 58 ആനകളെ ആവശ്യമായി വന്നതില്‍ മൂന്നെണ്ണത്തിനെ മാത്രമേ ഗുരുവായൂര്‍ ദേവസ്വത്തില്‍നിന്ന് കിട്ടിയുള്ളൂ എന്നാണ് റിപ്പോര്‍ട്ടിലുള്ളത്. എഴുന്നള്ളിച്ച ആനകളുടെ ആകെ വാടക 52 ലക്ഷത്തിലധികം രൂപയായിരുന്നു. ഇതില്‍ 26 ലക്ഷം രൂപ സ്‌പോണ്‍സര്‍ഷിപ്പിലൂടെ കണ്ടെത്തി. ഉത്സവത്തിന് ബോര്‍ഡ് മുന്‍കൂര്‍ നല്‍കുന്ന തുകയായ 25 ലക്ഷം അടച്ചാണ് ബാക്കി ആനകളെ എത്തിച്ചത്. സ്‌പോണ്‍സര്‍ഷിപ്പില്‍ കിട്ടിയതില്‍ നീക്കിയിരിപ്പുണ്ടായിരുന്ന 1.43 ലക്ഷം ദേവസ്വത്തിലേക്ക് അടച്ചിരുന്നു. ബാക്കി 23.57 ലക്ഷം രൂപ ബോര്‍ഡ് അനുവദിച്ച് അഡ്വാന്‍സ് തുകയിലേക്ക് വരവ് വെക്കണമെന്നാണ് ആവശ്യം. അതായത് പണം ഇതിനോടകം തന്നെ കൊടുത്തതാണ്. അതുകൊണ്ട് തന്നെ ഈ തുക കൊടുക്കേണ്ടെന്ന് തീരുമാനിച്ചാലും മുരാരി ബാബുവിനും കൂട്ടര്‍ക്കും പ്രശ്‌നമില്ല.

റിപ്പോര്‍ട്ടില്‍ പറയുന്ന കണക്കുകളില്‍ത്തന്നെ അവ്യക്തതയുണ്ടെന്നത് മറ്റൊരു കാര്യം. ഒരു ആനയ്ക്കുതന്നെ പല സ്‌പോണ്‍സര്‍മാരെ കണ്ടെത്തി പണം ശേഖരിച്ചു. ഇതില്‍ ഒരു സ്‌പോണ്‍സറുടെ മാത്രം കണക്ക് കാണിച്ചു എന്നതാണ് ആരോപണം. മഹാക്ഷേത്രങ്ങളില്‍ ഉത്സവത്തിന് ആനകളെ നല്‍കുന്നത് ഉടമകള്‍ക്ക് താത്പര്യമുള്ള കാര്യമാണ്. ഇത് ഏക്കത്തുക പിന്നീട് കൂട്ടാന്‍ മാനദണ്ഡമാക്കും. പലരും ഏക്കത്തുക ഈടാക്കാതെ തന്നെ വഴിപാടായി ആനകളെ നല്‍കുകയുംചെയ്യും. അവയൊന്നും പരിഗണിക്കാതെയാണ് ആനച്ചെലവില്‍ പണം ബോര്‍ഡിനോട് ചോദിക്കുന്നത്.

പല ക്ഷേത്ര ഉത്സവങ്ങളിലേക്കും മുരാരി വഴി ബുക്കിംഗ് ലഭിക്കുമെന്നതിനാല്‍ വലിയ കമ്മിഷന്‍ കൊടുക്കാനും ആന ഉടമകള്‍ തയ്യാറാകും. ഏറ്റുമാനൂര്‍ അസി.ദേവസ്വം കമ്മിഷണര്‍, വൈക്കം ഡെപ്യൂട്ടി കമ്മിഷണര്‍, തിരുനക്കര അസി. ദേവസ്വം കമ്മിഷണര്‍ തുടങ്ങിയ സ്ഥാനങ്ങള്‍ മുരാരിബാബു വഹിച്ചിരുന്നു. വര്‍ഷങ്ങളായുള്ള ഉത്സവ നടത്തിപ്പിലൂടെ ആന ഉടമസ്ഥരുമായുള്ള അടുപ്പത്തില്‍ ആനകളെ ബുക്ക് ചെയ്യുന്നതിന്റെ ചുമതല ഏറ്റെടുക്കും. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് ആനകളുണ്ടെങ്കിലും ഉത്സവസമയത്ത് നീരെന്നും മറ്റും പറഞ്ഞ് ഒഴിവാക്കും. പകരം സ്വകാര്യവ്യക്തികളുടെ ആനകളെ എഴുന്നള്ളിക്കും. ഉത്സവ കമ്മിറ്റിക്കു പകരം മുഴുവന്‍ ആനകളുടെ ക്വട്ടേഷനും മുരാരി ഏറ്റെടുക്കും. ഓരോ ആനയ്ക്കും വലിയ തുക സ്‌പോണ്‍സര്‍ഷിപ്പായി ഈടാക്കാറുണ്ട്.

ആന ഉടമസ്ഥര്‍ക്ക് വാടക ഇനത്തില്‍ എത്രകൊടുത്തുവെന്ന് അറിയാവുന്നത് മുരാരിക്കു മാത്രമാണ്. ഓരോ ദിവസവും ദേവന്റെ തിടമ്പേറ്റേണ്ടത് ഏത് ആന എന്നു തീരുമാനിക്കുന്നത് വരെ മുരാരിയായിരുന്നു. തിടമ്പേറ്റുക വലിയ അംഗീരം ആയതിനാല്‍ ആന ഉടമസ്ഥരില്‍ നിന്ന് ഇതിന് വന്‍ തുക കോഴ വാങ്ങുമെന്നാണ് ആരോപണം. പണം കൊടുക്കാത്തവരുടെ ആനകളെ തിടമ്പേറ്റുകയോ ഇടം വലം നിറുത്തുകയോ ഇല്ല. ഓഫ് സീസണില്‍ ഉത്സവം നടക്കുന്ന ക്ഷേത്രങ്ങളിലേക്ക് കുറഞ്ഞ ഏക്കത്തിന് ആനകളെ ബുക്ക് ചെയ്തിട്ട് വന്‍ തുക എഴുതിയെടുത്തിരുന്നതായും ആരോപണമുണ്ട്.

മുരാരി ബാബു വീട് നിര്‍മ്മിച്ചതിന്റെ സാമ്പത്തിക സ്രോതസ്സ് അന്വേഷിക്കുമെന്നും സൂചനയുണ്ട്. ചങ്ങനാശേരി പെരുന്നയില്‍ കോടികള്‍ ചെലവഴിച്ച് നിര്‍മിച്ചതെന്ന് കരുതപ്പെടുന്ന വീട്ടിലേക്ക് ക്ഷേത്ര ആവശ്യങ്ങള്‍ക്കായി തെറ്റിദ്ധരിപ്പിച്ചാണ് തേക്ക് വാങ്ങിയതെന്ന് റിപ്പോര്‍ട്ട്. 28 വര്‍ഷം മുമ്പ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ ജീവനക്കാരനായ മുരാരി ബാബു 2019ലാണ് ഇരുനില വീട് നിര്‍മ്മിച്ചത്. വീടിന് മാത്രം ഏകദേശം രണ്ട് കോടി രൂപ ചെലവഴിച്ചതായി കരുതപ്പെടുന്നു. തടികൊണ്ടുള്ള നിര്‍മ്മിതികള്‍ ഉള്‍പ്പെടെ മുന്തിയ നിലവാരമുള്ള വസ്തുക്കള്‍ മാത്രമാണ് വീടുപണിക്കായി ഉപയോഗിച്ചത്.

മുരാരി ബാബു ശബരിമലയിലെ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ ആയിരുന്നു. വിവാദമായ സ്വര്‍ണമോഷണവും ഇയാള്‍ വീട് വച്ചതും ഒരേ സമയത്തെന്ന് അന്വേഷണസംഘം കണ്ടെത്തി. ആയതിനാല്‍, വീട് നിര്‍മ്മിക്കുന്നതിനുള്ള സാമ്പത്തിക സ്രോതസ്സിനെക്കുറിച്ചും അന്വേഷണമുണ്ട്. തിരുനക്കര, ഏറ്റുമാനൂര്‍ ക്ഷേത്രങ്ങളുടെയും ദേവസ്വം ഗസ്റ്റ് ഹൗസിന്റെയും നിര്‍മ്മാണത്തിന് തേക്കിന്‍ തടി ആവശ്യമാണെന്ന് പറഞ്ഞ് കോട്ടയം നട്ടാശ്ശേരിയിലെ വനം വകുപ്പിന്റെ തടി ഡിപ്പോയുമായി ഇയാള്‍ ബന്ധപ്പെട്ടിരുന്നു.