- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
ബസ് ബൈക്കിൽ തട്ടിയതിനെച്ചൊല്ലി തർക്കം; ആശുപത്രിയിൽ കയറിയും ക്രൂരമർദനം! ആറ്റിൽ ചാടി രക്ഷപ്പെടാൻ ശ്രമിച്ച നോയലിനെ കല്ലെറിഞ്ഞ് വെള്ളത്തിൽ താഴ്ത്തി കൊന്നു; വൈക്കത്തെ നടുക്കിയ ക്രൂരതയിൽ ഒടുവിൽ നീതി

കോട്ടയം: ബസ് ബൈക്കിൽ തട്ടിയതിനെച്ചൊല്ലിയുണ്ടായ തർക്കത്തെത്തുടർന്ന് ചെമ്പ് സ്വദേശി നോയലിനെ (23) മുറിഞ്ഞപുഴയാറ്റിൽ കല്ലെറിഞ്ഞു വീഴ്ത്തി കൊലപ്പെടുത്തിയ കേസിൽ അഞ്ച് പ്രതികൾക്ക് ഏഴുവർഷം കഠിനതടവ്. ജില്ലാ അഡീഷണൽ സെഷൻസ് കോടതി (നാല്) ജഡ്ജി വി. സതീഷ് കുമാറാണ് ശിക്ഷ വിധിച്ചത്. പ്രതികൾ 50,000 രൂപ വീതം പിഴയും ഒടുക്കണം.
ഒന്നാം പ്രതി വടക്കേമുറി വില്ലേജ് ഇരുമ്പുഴിക്കര കരയിൽ ഓണാട്ടുതറയിൽ വീട്ടിൽ ഷമീർ (45), ഇയാളുടെ സഹോദരൻ രണ്ടാം പ്രതി സിനാജ് (44), ഇവരുടെ പിതാവ് മൂന്നാം പ്രതി അബ്ദുൾ അസീസ് (64), വടക്കേമുറി വില്ലേജ് പടിഞ്ഞാറെ മുറി കരയിൽ പള്ളത്ത് വീട്ടിൽ അഞ്ചാം പ്രതി സുധീർ (സുബി-47), ഇരുമ്പൂഴിക്കര ഇന്നാംതുരുത്തിൽ വീട്ടിൽ ആറാം പ്രതി ഷാജി (54) എന്നിവരെയാണ് കോടതി കഠിനതടവിന് ശിക്ഷിച്ചത്.
2012 മാർച്ച് 16-നാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. വൈക്കത്തെ പെട്രോൾ പമ്പിൽ വച്ച് 'പ്രിയദർശിനി' ബസ് പിന്നോട്ടെടുത്തപ്പോൾ ബൈക്കിൽ തട്ടിയതുമായി ബന്ധപ്പെട്ട് ഡ്രൈവർ നോബിളും മൂന്നാം പ്രതി അസീസും തമ്മിൽ തർക്കമുണ്ടായി. അസീസ് നോബിളിനെ മർദിച്ചു. തുടർന്ന് മക്കളെയും ബന്ധുക്കളെയും കൂട്ടി എറണാകുളത്തേക്ക് പോയ ബസ് തടഞ്ഞുനിർത്തി വീണ്ടും മർദനം തുടർന്നു.
പരിക്കേറ്റ നോബിളിനെ വൈക്കം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പ്രതികൾ അവിടെയുമെത്തി അക്രമം അഴിച്ചുവിട്ടു. നോബിളിനെയും കൂടെയുണ്ടായിരുന്ന സഹോദരൻ നോയലിനെയും ഇവർ ക്രൂരമായി മർദിച്ചു. അക്രമികളിൽ നിന്ന് രക്ഷപ്പെടാൻ ഓട്ടോറിക്ഷയിൽ മുറിഞ്ഞപുഴയിലെ ബന്ധുവീട്ടിൽ അഭയം തേടിയ സഹോദരങ്ങളെ മാരകായുധങ്ങളുമായി പ്രതികൾ പിന്തുടർന്നെത്തി. വീടിനുള്ളിലേക്ക് ഇരച്ചുകയറിയ പ്രതികളിൽ നിന്ന് ജീവൻ രക്ഷിക്കാനായി നോബിളും നോയലും മുറിഞ്ഞപുഴയാറ്റിലേക്ക് ചാടുകയായിരുന്നു.
നീന്തി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും മറുകരയിലെത്താനാകാതെ ഇവർ തിരിച്ചുവന്നു. ഈ സമയം കരയിൽ നിലയുറപ്പിച്ചിരുന്ന പ്രതികൾ ആറ്റിലുണ്ടായിരുന്ന സഹോദരങ്ങളെ ലക്ഷ്യം വെച്ച് കല്ലെറിയുകയായിരുന്നു. കല്ലേറിൽ കുഴഞ്ഞുവീണ നോയൽ വെള്ളത്തിൽ താഴ്ന്നു മരിച്ചു. വൈക്കം പോലീസ് സമർപ്പിച്ച കുറ്റപത്രത്തിൽ 49 സാക്ഷികളെയും 72 രേഖകളും പ്രോസിക്യൂഷൻ ഹാജരാക്കി. പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർമാരായ പി. വിനോദ്ജി, ഗിരിജാ ബിജു എന്നിവർ കോടതിയിൽ ഹാജരായി.


