പത്തനംതിട്ട: രാഷ്ട്രപതി ദ്രൗപതി മുര്‍മു രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. രാഷ്ട്രപതിയുമായി എത്തിയ ഹെലികോപ്ടര്‍ പ്രമാടത്തെ ട്രാക്കില്‍ താഴ്ന്നു. ഇന്ന് രാവിലെയാണ് ഈ ട്രാക്കില്‍ കോണ്‍ക്രീറ്റ് ഇട്ടത്. ഉറയ്ക്കും മുമ്പേ രാഷ്ട്രപതിയുമായി ഹെലികോപ്ടര്‍ എത്തി. ഹെലികോപ്ടര്‍ പറന്നിറങ്ങി രാഷ്ട്രപതി ഇറങ്ങിയ ശേഷമാണ് ഹെലിപാടില്‍ ഹെലികോപ്ടര്‍ താഴ്ന്നത്. വന്നിറങ്ങുമ്പോള്‍ അപകടം ഉണ്ടായിരുന്നുവെങ്കില്‍ വലിയ ദുരന്തമായി മാറിയേനെ. വലിയ സുരക്ഷാ വീഴ്ചയാണ് പ്രമാടത്തേത്. കേരളത്തിന് തന്നെ നാണക്കേടാണ് ഈ സംഭവം. ഹെലികോപ്ടറില്‍ നിന്നും രാഷ്ട്രപതി ഇറങ്ങിയ ശേഷമായിരുന്നു ദുരന്തം. പ്രമാടത്ത് നിന്നും രാഷ്ട്രപതി ശബരിമലയിലേക്ക് തിരിക്കുകയും ചെയ്തു.

രാഷ്ട്രപതി ദ്രൗപതി മുര്‍മു 7.25ന് രാജ് ഭവനില്‍ നിന്ന് പുറപ്പെട്ടു. 9 മണിയോടെ പ്രമാടം ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ഹെലികോപ്റ്റര്‍ ഇറങ്ങി. തുടര്‍ന്ന് റോഡ് മാര്‍ഗം പമ്പയിലേക്ക് യാത്ര തിരിച്ചു. നേരത്തേ നിലയ്ക്കലില്‍ ഹെലികോപ്റ്റര്‍ ഇറക്കാനായിരുന്നു തീരുമാനിച്ചിരുന്നത്. അതുകൊണ്ട് തന്നെ പ്രമാടത്ത് പുലര്‍ച്ചെയാണ് ഹെലിപാട് ഒരുക്കിയത്. ഇതാണ് പ്രതിസന്ധിയായത്. പമ്പയില്‍ എത്തുന്ന രാഷ്ട്രപതി പ്രത്യേക വാഹനത്തിലായിരിക്കും സന്നിധാനത്തേക്ക് തിരിക്കുക. തുടര്‍ന്ന് ഇരുമുടിക്കെട്ടുമായി പതിനെട്ടാംപടി ചവിട്ടി അയ്യപ്പനെ ദര്‍ശിക്കും. 11.50ന് സന്നിധാനത്ത് എത്തുന്ന രാഷ്ട്രപതിയെ കൊടിമരച്ചുവട്ടില്‍ തന്ത്രി കണ്ഠര് മഹേഷ് മോഹനര് പൂര്‍ണകുംഭം നല്‍കി സ്വീകരിക്കും. ദര്‍ശനത്തിനുശേഷം ഉച്ചയ്ക്ക് 12.20 ന് സന്നിധാനത്തെ ഗസ്റ്റ് ഹൗസില്‍ എത്തി വിശ്രമിക്കും.

ഇന്ന് രാവിലെ 9.10ന് രാജ്ഭവനില്‍ നിന്ന് പുറപ്പെടുന്ന രാഷ്ട്രപതി ഹെലികോപ്ടറിലാണ് ശബരിമലയിലേക്ക് പോകുക എന്നതായിരുന്നു ആദ്യ തീരുമാനം. മഴയടക്കമുള്ള പ്രതികൂല കാലാവസ്ഥ പരിഗണിച്ച് രാഷ്ട്രപതിയുടെ ശബരിമല യാത്രയിലെ ക്രമീകരണങ്ങളില്‍ മാറ്റം വരുത്തി. അങ്ങനെയാണ് പ്രമാടം ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ഹെലികോപ്ടര്‍ എത്തിയത്. നേരത്തെ നിലയ്ക്കലില്‍ ഹെലികോപ്ടര്‍ ഇറക്കാനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാല്‍ പ്രമാടത്ത് ഇറങ്ങി റോഡ് മാര്‍ഗം പമ്പയിലേക്ക് പോകാന്‍ തീരുമാനിച്ചു. ഇതാണ് ഹെലികോപ്ടറിനെ അപകടത്തിലാക്കിയത്. ശബരിമലയില്‍ നിന്നും രാത്രിയോടെ ഹെലികോപ്റ്റര്‍ മാര്‍ഗം തിരിച്ച് തിരുവനന്തപുരത്ത് എത്തും. നിലവിലെ സാഹചര്യത്തില്‍ നിലയ്ക്കലില്‍ നിന്നും മടങ്ങാനും സാധ്യതയുണ്ട്.

തിരുവനന്തപുരത്ത് എത്തിയതിന് പിന്നാലെ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ അര്‍ലേക്കര്‍ നല്‍കുന്ന അത്താഴ വിരുന്നില്‍ രാഷ്ട്ര്പതി പങ്കെടുക്കും. രാഷ്ട്രപതിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് ശബരിമലയില്‍ ദര്‍ശനത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. രാഷ്ട്രപതി ദര്‍ശനം കഴിഞ്ഞു മടങ്ങുന്നതുവരെ മറ്റു തീര്‍ത്ഥാടകര്‍ക്ക് നിലയ്ക്കലിനപ്പുറം പ്രവേശനമില്ല. ഒക്ടോബര്‍ 24നാണ് രാഷ്ട്രപതി തിരിച്ച് ഡല്‍ഹിയിലേക്ക് മടങ്ങുക.