തൃശൂര്‍: പാകിസ്താന്‍ മുന്‍ പ്രസിഡന്റും പട്ടാള മേധാവിയുമായ പര്‍വേസ് മുശര്‍റഫിനെച്ചൊല്ലി കേരളത്തില്‍ വിവാദം, അതും ബാങ്കിഗ് രംഗത്ത്. മുഷാറഫിനെ ചൊല്ലിയുള്ള വിവാദത്തില്‍ കേരളത്തിലെ 13 ബാങ്ക് ഓഫ് ഇന്ത്യ ജീവനക്കാര്‍ക്ക് കുറ്റപത്രം നല്‍കി ബാങ്ക് ഓഫ് ഇന്ത്യ മാനേജ്‌മെന്റ.

ഓള്‍ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷനില്‍ (എ.ഐ.ബി.ഇ.എ) അഫിലിയേറ്റ് ചെയ്ത ഫെഡറേഷന്‍ ബാങ്ക് ഓഫ് ഇന്ത്യ സ്റ്റാഫ് യൂനിയന്‍ കേരള ഘടകം കഴിഞ്ഞ 27ന് ആലപ്പുഴയില്‍ നടത്തിയ ദ്വൈവാര്‍ഷിക സമ്മേളനത്തിന്റെ അനുശോചനപ്രമേയ കരടിലെ 2023ല്‍ അന്തരിച്ച അന്തര്‍ദേശീയ, ദേശീയ, പ്രാദേശിക പ്രാധാന്യമുള്ള പേരുകളില്‍ പാകിസ്താന്‍ പ്രസിഡന്റിന്റെ പേര് ഉള്‍പ്പെട്ടതാണ് വിവാദമായത്. ഈ വിഷയത്തില്‍ കാരണം കാണിക്കല്‍ നോട്ടീസ് പോലുമില്ലാതെ നേരിട്ട് കുറ്റപത്രം ചുമത്തിയതിനെതിരെ കേരളത്തിലെ എല്ലാ ബാങ്കുകളിലെയും എ.ഐ.ബി.ഇ.എ ഘടകങ്ങള്‍ ഈമാസം 28ന് പണിമുടക്കിന് നോട്ടീസ് നല്‍കിയിരിക്കുകയാണ്.

അനുശോചന പ്രമേയമടക്കമുള്ള കരട് റിപ്പോര്‍ട്ട് ഭേദഗതികള്‍ക്കായി ബ്രാഞ്ച് ഘടകങ്ങള്‍ക്ക് അയച്ചുകൊടുക്കുന്ന പതിവ് സംഘടനക്കുണ്ട്. അതുപ്രകാരം പോയ റിപ്പോര്‍ട്ടില്‍ പര്‍വേസ് മുശര്‍റഫിന്റെ പേരും ഉള്‍പ്പെട്ടുവത്രേ..! ഇത് മനസ്സിലാക്കിയ, ഒരു സംഘടനയിലും അംഗമല്ലാത്ത ബാങ്ക് ഓഫ് ഇന്ത്യ ജീവനക്കാരനാണ് വിഷയം ഉന്നതങ്ങളിലേക്ക് എത്തിച്ചതത്രെ. അദ്ദേഹം ഒരു വിമുക്തഭടനാണെന്നും പറയുന്നു. ബി.ജെ.പി സംസ്ഥാന കമ്മിറ്റി ഇതില്‍ ഇടപെടുകയും ആലപ്പുഴ ജില്ല കമ്മിറ്റി സമ്മേളനസ്ഥലത്തിനടുത്ത് പ്രതിഷേധിക്കുകയും ചെയ്തു. ബി.ജെ.പി ആഭിമുഖ്യമുള്ള രണ്ടു ബാങ്ക് സംഘടനകള്‍ കേന്ദ്ര ധനകാര്യ മന്ത്രാലയ തലത്തിലേക്ക് ഇക്കാര്യം എത്തിച്ചു.

ഇതോടെ സോഷ്യല്‍ മീഡിയ ഇടപെടല്‍ കൂടിയായതോടെ വിഷയം ചൂടായി. കാര്‍ഗില്‍ യുദ്ധത്തിന് കാരണക്കാരനായ മുശര്‍റഫിനെ മഹാനാക്കിയെന്ന വിധത്തിലാണ് വിവാദം വളര്‍ന്നത്. ഇതോടെ ബാങ്ക് അധികൃതരും ഭയന്നു. അന്തിമ പ്രമേയത്തില്‍ മുശര്‍റഫിന്റെ പേര് ഉണ്ടായില്ലെങ്കിലും വിഷയം അതിനകം ചൂടായി. കേന്ദ്ര ധനമന്ത്രാലയം ഇക്കാര്യത്തില്‍ അന്വേഷണം ആവശ്യപ്പെട്ട പശ്ചാത്തലത്തിലാണ് സംഘടനാ ഭാരവാഹികളായ 13 പേര്‍ക്ക് നേരിട്ട് കുറ്റപത്രം നല്‍കിയതത്രെ. കുറ്റപത്രം ലഭിച്ചവരില്‍ മൂന്നു പേര്‍ കാര്‍ഗില്‍ യുദ്ധത്തില്‍ പങ്കെടുത്തവരാണെന്നതാണ് വിരോധാഭാസം.