വാഷിങ്ടണ്‍ ഡിസി: വിദേശ രാജ്യങ്ങള്‍ക്ക് മാനുഷിക സഹായം നല്‍കാന്‍ ദൗത്യം ഉണ്ടായിരുന്ന യുഎസ് ഏജന്‍സി ഫോര്‍ ഇന്റര്‍നാഷണല്‍ ഡവലപ്‌മെന്റിന്( യുഎസ്എയ്ഡ്) താഴിട്ട് യുഎസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപും ആത്മസുഹൃത്ത് ശതകോടീശ്വരന്‍ ഇലോണ്‍ മസ്‌കും. ഈ ആഴ്ചയാണ് യുഎസ് എയ്ഡ് പൂട്ടാന്‍ ട്രംപ് പച്ചക്കൊടി വീശിയത്.

തിങ്കളാഴ്ച രാവിലെ ഉണര്‍ന്ന യുഎസ് എയ്ഡ് ജീവനക്കാര്‍ ഞെട്ടിപ്പോയി. വാഷിങ്ടണ്‍ ഡിസിയിലെ ഏജന്‍സിയുടെ ആസ്ഥാനത്തേക്ക് വരേണ്ട എന്നായിരുന്നു ഇ-മെയില്‍. ' ഒരുപുഴു മാത്രമുള്ള ആപ്പിള്‍ അല്ല, മറിച്ച് നിറയെ പുഴുക്കളാണ്. മുഴുവന്‍ ആപ്പിളും കളഞ്ഞേ മതിയാവൂ. ശരിയാക്കി എടുക്കാന്‍ കഴിയില്ല', ആറ് പതിറ്റാണ്ടിന്റെ പാരമ്പര്യമുള്ള യുഎസ് എയ്ഡിനെ കുറിച്ച് മസ്‌ക് തന്റെ എക്‌സിലെ ഓഡിയോ സന്ദേശത്തില്‍ പറഞ്ഞു. ' ഞങ്ങള്‍ അത് അടച്ചുപൂട്ടുകയാണ്'- അര്‍ഥശങ്കയില്ലാതെ മസ്‌ക് വ്യക്തമാക്കി. ട്രംപുമായുള്ള കൂടിയാലോചനയിലാണ് തീരുമാനം എടുത്തതെന്നും ടെസ്ല, സ്‌പേസ് എക്‌സ് മേധാവി പറഞ്ഞു.

2016 ലെ കണക്കുപ്രകാരം ഏകദേശം 10,235 ജീവനക്കര്‍ യുഎസ് എയ്ഡിന്റെ ശമ്പളം പറ്റുന്നുണ്ട്. 130 ഓളം രാജ്യങ്ങള്‍ക്ക് വികസനത്തിനും സഹായത്തിനുമായി ഫണ്ട് നല്‍കുന്ന ഏജന്‍സിയാണ് യുഎസ് എയ്ഡ്. ഈ സാമ്പത്തിക വര്‍ഷം 28.3 ബില്യന്‍ ഡോളറാണ് വിദേശസഹായത്തിനായി പ്രസിഡന്റിന്റെ ബജറ്റ് ആവശ്യത്തില്‍ രേഖപ്പെടുത്തിയിരുന്നത്. 600 ഓളം ജീവനക്കാര്‍ രാത്രിക്ക് രാത്രി ഏജന്‍സിയുടെ കംപ്യൂട്ടര്‍ സംവിധാനത്തില്‍ നിന്ന് പുറത്തായി. കംപ്യൂട്ടര്‍ സംവിധാനത്തില്‍ അവശേഷിച്ചവര്‍ക്ക് കിട്ടിയ മെയിലാകട്ടെ ആസ്ഥാന കെട്ടിടം തിങ്കളാഴ്ച അടച്ചുപൂട്ടും എന്നായിരുന്നു.

യുഎസ് എയ്ഡിന്റെ വെബ്‌സൈറ്റും തിങ്കളാഴ്ച പ്രവര്‍ത്തിച്ചില്ല. ട്രംപ് ഭരണകൂടം രണ്ട് ഉന്നത യുഎസ്എഐഡി സുരക്ഷാ ഉദ്യോഗസ്ഥരെ അവധിയില്‍ പറഞ്ഞു വിട്ടതിന് പിന്നാലെയാണ് ഓഫീസ് പൂട്ടിയത്. ജോണ്‍ വൂര്‍ഹീസും ഡെപ്യൂട്ടി ബ്രയാന്‍ മക്ഗില്ലുമാണ് ഇവര്‍. ഇലോണ്‍ മസ്‌കിന്റെ നേതൃത്വത്തിലുള്ള ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഗവണ്‍മെന്റ് എഫിഷ്യന്‍സി (DOGE) യുടെ പരിശോധനാ സംഘങ്ങള്‍ക്ക് രഹസ്യ രേഖകള്‍ നല്‍കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്നാണ് ഇത്. ഡോജ് സംഘം ശനിയാഴ്ച ഈ രഹസ്യ രേഖകള്‍ നേടിയെടുത്തു.

സെനറ്റര്‍ എലിസബത്ത് വാറന്‍ ട്രംപ് ഭരണകൂടത്തിന്റെ നടപടികളെ അപലപിച്ചു. യുഎസ്എയ്ഡ് എന്നന്നേക്കുമായി അടച്ചുപൂട്ടുകയാണെങ്കില്‍, അത് ലോകമെമ്പാടും ഗുരുതരമായ മാനുഷിക പ്രതിസന്ധികള്‍ക്ക് കാരണമാകുമെന്ന് എയ്ഡ് സംഘടനകള്‍ മുന്നറിയിപ്പ് നല്‍കി. സാമ്പത്തിക വികസനം, ദുരന്ത നിവാരണം, സുരക്ഷാ പിന്തുണ എന്നിവയ്ക്കായി സഹായം ആശ്രയിക്കുന്ന രാജ്യങ്ങള്‍ക്ക് കാര്യമായ തിരിച്ചടികള്‍ നേരിടേണ്ടി വന്നേക്കാം എന്നും സംഘടനകള്‍ പറഞ്ഞു.

വിദേശരാജ്യങ്ങള്‍ക്ക് സൈനികേതര സഹായം നല്‍കുന്ന ലോകത്തിലെ ഏറ്റവും വലിയ ഔദ്യോഗിക സംഘടനയാണ് യുഎസ്എയ്ഡ്. എന്നാല്‍ ജൈവായുധങ്ങള്‍ വികസിപ്പിക്കാനും തീവ്രവാദം വളര്‍ത്താനുമാണ് യുഎസ്എയ്ഡ് ഫണ്ട് ചെലവഴിക്കുന്നതെന്നാണ് മസ്‌കിന്റെ ആരോപണം. യുഎസ്എയ്ഡിന്റെ പ്രവര്‍ത്തനങ്ങളെ നിര്‍ത്തലാക്കുന്നതിന്റെ ഭാഗമായി ട്രംപ് ചില നീക്കങ്ങള്‍ കഴിഞ്ഞ ദിവസങ്ങളിലായി നടത്തിയിരുന്നു. എച്ച്‌ഐവി, മലേറിയ, ക്ഷയം എന്നീ രോഗങ്ങള്‍ക്കുള്ള ജീവന്‍രക്ഷാ മരുന്നുകളുടെയും നവജാത ശിശുക്കള്‍ക്കുള്ള മെഡിക്കല്‍ സപ്ലൈകളുടെയും വിതരണം നിര്‍ത്താന്‍ ട്രംപ് ഉത്തരവിട്ടിരുന്നു. യുഎസ്എയ്ഡുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുന്ന കരാറുകാര്‍ക്ക് ജോലി ഉടനടി നിര്‍ത്താന്‍ മെമ്മോകള്‍ ലഭിച്ചതായി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ഇസ്രയേലിനും ഈജിപ്റ്റിനും ഒഴിച്ചുള്ള രാജ്യങ്ങള്‍ക്ക് വിദേശ സഹായം നിര്‍ത്തിവച്ചിരിക്കുകയാണെന്നാണ് ജനുവരി 24 നാണ് ട്രംപ് പ്രഖ്യാപിച്ചത്. യുക്രെയ്ന് നല്‍കുന്നതടക്കം എല്ലാ വിദേശ സഹായങ്ങളും മരവിപ്പിക്കാനാണ് ട്രംപ് സര്‍ക്കാരിന്റെ തീരുമാനം. 1979ല്‍ ഇസ്രയേലുമായി സമാധാന ഉടമ്പടി ഒപ്പുവച്ചതു മുതല്‍ ഉദാരമായി യുഎസ് പ്രതിരോധ ധനസഹായം ലഭിച്ചുവരുന്ന ഈജിപ്തിനുള്ള സഹായവും ട്രംപ് തുടരും.

വിദേശ സഹായം കര്‍ശനമായി നിയന്ത്രിക്കുമെന്ന് അധികാരത്തിലെത്തിയതിന് പിന്നാലെ ഡോണള്‍ഡ് ട്രംപ് നിലപാടെടുത്തിരുന്നു. 90 ദിവസത്തേക്ക് വിദേശ സഹായം താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുന്ന എക്സിക്യൂട്ടീവ് ഉത്തരവില്‍ ട്രംപ് ഒപ്പുവച്ചിട്ടുമുണ്ട്. എല്ലാ വിദേശ സഹായങ്ങളിലും 85 ദിവസത്തിനകം ആഭ്യന്തര അവലോകനം നടത്തണമെന്നാണ് പുതിയ തീരുമാനം. അതുവരെ ഒരു ധനസഹായങ്ങള്‍ക്കുമായി ഫണ്ട് അനുവദിക്കില്ലെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറിയുടെ മെമ്മോയില്‍ പറഞ്ഞിരുന്നു. അവലോകനത്തിന് ശേഷം ട്രംപിന്റെ നിലപാടിനോട് ചേര്‍ന്നു നില്‍ക്കുന്ന രാജ്യങ്ങള്‍ക്ക് മാത്രം ധനസഹായം എന്ന തീരുമാനത്തിലേക്കാകും സര്‍ക്കാര്‍ നീങ്ങുക. ട്രംപിന്റെ അമേരിക്ക ആദ്യം നയപ്രകാരമാണ് വിദേശസഹായം മരവിപ്പിക്കല്‍. ലോകത്ത് ഏറ്റവുമധികം പണം വിദേശ രാജ്യങ്ങള്‍ക്ക് സഹായം നല്‍കുന്ന രാജ്യമാണ് അമേരിക്ക. ഏതാണ്ട് ആറു ലക്ഷം കോടി രൂപയാണ് ഒരു വര്‍ഷം അമേരിക്ക മറ്റ് രാജ്യങ്ങള്‍ക്ക് സഹായമായി നല്‍കുന്നത്.