- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ഞങ്ങള്‍ പിന്തുടരുക ശരിയ്യ നിയമം'; സുപ്രീംകോടതിയുടെ 'രണ്ടാം ഷാബാനു വിധിക്കെതിരെ' മുസ്ലീം പേഴ്സല്‍ ലോ ബോര്‍ഡ്; വീണ്ടും തലാക്ക് വിവാദം
ന്യൂഡല്‍ഹി: വിവാഹമോചിതരായ മുസ്ലിം സ്ത്രീകള്‍ക്ക് ജീവനാംശത്തിന് സിആര്‍പിസി 125 എന്ന സെക്ഷന്‍ അനുസരിച്ച് അവകാശവാദം ഉന്നയിക്കാമെന്ന സുപ്രീംകോടതി വിധി, ഇസ്ലാമിക നിയമത്തിന് എതിരാണെന്നും, മുസ്ലീങ്ങള്‍ ശരിയ്യ നിയമമാണ് പിന്തുടരേണ്ടതെന്നും ആള്‍ ഇന്ത്യ മുസ്ലിം പേഴ്‌സണല്‍ ലോ ബോര്‍ഡ്. ഇതിനെതിരെ നിയമപരമായ നടപടിക്രമങ്ങളിലേക്ക് നീങ്ങുന്നതിനായി ആലോചിക്കുന്നുണ്ടെന്നും ബോര്‍ഡ് വ്യക്തമാക്കി.
മുസ്ലിം സ്ത്രീകളുടെ സംരക്ഷണം സംബന്ധിച്ച സുപ്രീംകോടതി വിധി ചര്‍ച്ച ചെയ്യാന്‍ എഐഎംപിഎല്‍ബി വര്‍ക്കിങ് കമ്മിറ്റിയുടെ യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനം. ശരിയ്യ നിയമ പ്രകാരം നിലവിലെ വിധി തെറ്റാണെന്നുള്ള പ്രമേയം യോഗം അംഗീകരിച്ചു. ഖുര്‍ ആന്‍ പറയുന്നത് പ്രകാരം വിവാഹ മോചനം തെറ്റാണ്. എങ്കിലും ചില സാഹചര്യങ്ങളില്‍ ദാമ്പത്യ ജീവിതം നിലനിര്‍ത്താന്‍ പ്രയാസമുണ്ടെങ്കില്‍ അതിന് പരിഹാരമായാണ് വിവാഹ മോചനം അനുവദിക്കുന്നത്. വേദനാജനകമായ ബന്ധത്തില്‍ നിന്ന് പുറത്തുകടന്ന സ്ത്രീകള്‍ക്ക് ഈ വിധി കൂടുതല്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്ന് ബോര്‍ഡ് നിരീക്ഷിച്ചു. സുപ്രീംകോടതിയുടെ ഈ തീരുമാനം പിന്‍വലിക്കുന്നതിനായി നിയമപരവും ഭരണഘടനാപരവും ജനാധിപത്യപരവുമായ എല്ലാ നടപടികളും ആരംഭിക്കാന്‍ എഐഎംപിഎല്‍ബി പ്രസിഡന്റ് ഖാലിദ് സൈഫുള്ള റഹ്‌മാനിയെ യോഗം ചുമതലപ്പെടുത്തി.
ഇന്ത്യന്‍ നിയമം ശരിയ്യയല്ല
അതേസമയം, 1986-ല്‍ ഷാബാനു കേസ് വിധിയുണ്ടായ സമയത്തുനിന്ന് മുസ്ലീം പേഴ്സണല്‍ ലോ ബോര്‍ഡ് ഒട്ടും മാറിയിട്ടില്ല എന്ന് അവരുടെ സമീപനം തെളിയിക്കുന്നുവെന്ന് പുരോഗമന സംഘടനകള്‍ വിമര്‍ശിക്കുന്നു. മുസ്ലീം പുരുഷനെയാണ് അവര്‍ പ്രതിനിധീകരിക്കുന്നത് എന്ന് വനിതാ സംഘടനകള്‍ വിമര്‍ശനം ഉന്നയിച്ചു കഴിഞ്ഞു. ദിവസങ്ങള്‍ക്ക് മുമ്പാണ് സിആര്‍പിസി 125 എല്ലാവര്‍ക്കും ബാധകമാണെന്ന്, ജസ്റ്റിസ് ബി ബി നാഗരത്ന, ജസ്റ്റിസ് അഗസ്റ്റിന്‍ ജോര്‍ജ് എന്നിവരുടെ ബഞ്ച് അസന്നിഗ്ധമായി വിധിച്ചത്. തെലങ്കാനയിലെ ഒരു മുസ്ലീം ഡൈവോഴ്സിയുടെ പരാതിയിലാണ് നടപടി. ശരീയത്ത് നിയമത്തിന്റെ അന്തസത്തയെ ചോദ്യം ചെയ്യുന്ന വിധിയായി അത് ഫലത്തില്‍ മാറി. അതേസമയം രണ്ടാം ഷാബാനു വിധിയെന്ന പേരില്‍ ഇത് പുരോഗന വൃത്തങ്ങളില്‍ അറിയപ്പെടാന്‍ തുടങ്ങി. മുസ്ലീം സ്ത്രീയുടെ അന്തസ് ഉയര്‍ത്തുന്ന ഈ വിധിയെയാണ് പേഴ്സണല്‍ ലോ ബോര്‍ഡ് ചോദ്യം ചെയ്യുന്നത്.
1985-ലെ സുപ്രീംകോടതിയിലെ ഭരണഘടനാബെഞ്ചിന്റെ ഷാബാനുകേസിലെ വിധി, ആവര്‍ത്തിക്കുന്ന വിധിയാണ് കഴിഞ്ഞ ആഴ്ച സുപ്രീം കോടതിയില്‍ നിന്ന് ഉണ്ടാഷയത്. ഷാബാനുകേസില്‍ സിആര്‍പിസി 125 പ്രകാരമാണ് സുപ്രീംകോടതി അവര്‍ക്ക് ചെലവിന് കൊടുക്കാന്‍ വിധിച്ചത്. ഇതു പ്രകാരം, ഒരുസ്ത്രീ വിവാഹം കഴിക്കുമ്പോള്‍ ഏത് തരത്തിലുള്ള ജീവിത സൗകര്യങ്ങള്‍ അനുഭവിച്ചിരുന്നോ, അതേ സൗകര്യങ്ങള്‍ അവര്‍ക്ക് തുടരാനുള്ള അവകാശമുണ്ട്. വിവാഹ മോചിതയായാലും. അവര്‍ മറ്റൊരു വിവാഹം കഴിക്കുന്നത് വരെ അല്ലെങ്കില്‍, അതിനുള്ള വരുമാനം അവര്‍ക്ക് ഉണ്ടാവുന്നതുവരെ, അവരെ വിവാഹമോചനം നടത്തിയ ഭര്‍ത്താവ് ഈ പണം കൊടുക്കണം. സിആര്‍പിസി 125 വിവാഹമോചനത്തിന്റെ കാര്യത്തില്‍ മാത്രമല്ല ബാധകമാവുക. നിയമപരമായോ, അല്ലാതെയോ ഉണ്ടായ കുട്ടികളുടെ ചിലവുകള്‍ അവര്‍ പ്രായപൂര്‍ത്തിയാവുന്നതുവരെ, മൊഴിചൊല്ലിയ പുരുഷന്‍ വഹിക്കണം. കുട്ടികള്‍ ഭിന്നശേഷിക്കാര്‍ ആണെങ്കില്‍ പ്രായപൂര്‍ത്തിയായാലും ചിലവുകള്‍ വഹിക്കണം. കേവലം വിവാഹമോചനത്തിന് അപ്പുറത്ത്, ഒരാള്‍ തന്റെ ഭാര്യയെയും മക്കളെയും ഉപേക്ഷിച്ചാല്‍ അയാള്‍ക്ക് എന്തെല്ലാം കടമകള്‍ ഉണ്ട് എന്ന് ഓര്‍മ്മിപ്പിക്കുന്ന, നിയമാണ് സിആര്‍പിസി 125. മുസ്ലീം പരുഷന് ചെലവിന് ഒന്ന് കൊടുക്കാതെ സ്ത്രീയെ മൊഴിചൊല്ലാന്‍ കഴിയുന്ന രീതിക്ക് വലിയ തിരിച്ചടിയായിരുന്നു ഇത്.
ഷാബാനു വിധിയെ തുടര്‍ന്ന് മുസ്ലീം സംഘടനകള്‍ വന്‍ പ്രതിഷേധം നടത്തിയപ്പോള്‍, 1986-ല്‍ രാജീവ്ഗാന്ധി പ്രത്യേക നിയമ നിര്‍മ്മാണത്തെ നടത്തിയാണ് ഷാബാനു വിധി അട്ടിമറിച്ചത്. ആ നിയമത്തില്‍ പ്രതിഷേധിച്ചാണ്, ഇപ്പോള്‍ ബിജെപിയിലുള്ള, കേരളാ ഗവര്‍ണ്ണര്‍ ആരിഫ്് മുഹമ്മദ് ഖാന്‍, രാജീവ് ഗാന്ധിയോട് പിണങ്ങി, കേന്ദ്ര മന്ത്രിസഭയില്‍നിന്ന് രാജിവെച്ചത്. ഈ നിയമമനുസരിച്ച്, ഒരു മുസ്ലീം പുരുഷന്‍ വിവാഹമോചനം നടത്തിയാല്‍ സ്ത്രീക്ക് മുന്നുമാസം മാത്രം നഷ്ടപരിഹാരം കൊടുത്താല്‍ മതിയാവും. കുട്ടികള്‍ക്ക് രണ്ടുവര്‍ഷവും. സിആര്‍പിസി 125നെ അട്ടിമറിക്കുന്ന നിയമമായിരുന്നു ഇത്.
പക്ഷേ രാജീവ് ഗാന്ധിയുടെ നിയമം അവിടെയുള്ളപ്പോഴും സിആര്‍പിസി 125 അസാധുവല്ലെന്ന് ജസ്റ്റിസ് ബി ബി നാഗരത്ന, ജസ്റ്റിസ് അഗസ്റ്റിന്‍ ജോര്‍ജ് എന്നിവര്‍ കഴിഞ്ഞ ആഴ്ച വധിച്ചത്. സുപ്രീം കോടതി ഇങ്ങനെ നിരീക്ഷിക്കുന്നു- '86-ല്‍ രാജീവ്ഗാന്ധി മന്ത്രിസഭ പാസാക്കിയ, മുസ്ലീം സ്ത്രീകളുടെ വിവാഹ മോചന അവകാശങ്ങള്‍ സംരക്ഷിക്കുന്ന നിയമം നല്ലതാണ്. അത് നിലനില്‍ക്കട്ടെ. ആ നിയമമനുസരിച്ച് ഏതെങ്കിലുമൊരു മുസ്ലീം സ്ത്രീക്ക് എന്തെങ്കിലും ഒരു നേട്ടം വേണമെങ്കില്‍ അവര്‍ പോയി വാങ്ങിക്കോട്ടെ. ഒരു കുഴപ്പവുമില്ല. എന്നാല്‍ സിആര്‍പിസി, 125 അസാധുവാക്കിയിട്ടില്ല. അത് മതേതര നിയമമാണ്. ആ നിയമത്തിന്റെ താഴെ മാത്രമേ പുതിയ നിയമം വരൂ. അതുകൊണ്ടുതന്നെ മുസ്ലീം സ്ത്രീകള്‍ അടക്കമുള്ള സകല ഇന്ത്യന്‍ സ്ത്രീകള്‍ക്കും, സിആര്‍പിസി 125 അനുസരിച്ചുള്ള നഷ്ടപരിഹാരത്തിന്, അധികാരമുണ്ടെന്നാണ് കഴിഞ്ഞ ദിവസം സുപ്രീം കോടതി അസന്നിഗ്ധമായി വ്യക്തമാക്കിയത്. അതായത് 86-ലെ രാജീവ്ഗാന്ധിയുടെ നിയമം അനുസരിച്ച് നഷ്ടപരിഹാരം വേണമെങ്കില്‍ വാങ്ങാം. വാങ്ങിയാലും വാങ്ങിയില്ലെങ്കിലും സിആര്‍പിസി 125 എല്ലാവര്‍ക്കും ബാധകമാണ്.". അതായത് 85-ല്‍ സുപ്രീംകോടതി വിധിച്ചത് ഇപ്പോഴും നിലനില്‍ക്കുന്നു. അതിനെ അട്ടിമറിക്കാന്‍ 86-ലെ നിയമത്തിന് സാധിച്ചിട്ടില്ല. അതായത് ഷാബാനുവിധി വീണ്ടും വരുന്നുന്നെന്ന് ചുരുക്കം. അതോടെ വീണ്ടും അത് അട്ടിമറിക്കാന്‍ പേഴ്സണല്‍ ലോ ബോര്‍ഡ് രംഗത്തിറങ്ങിയിരിക്കയാണ്!