കോട്ടയം: ആശമാര്‍ക്ക് പ്രതിമാസം 7000 രൂപ അധിക സഹായം നല്‍കുമെന്ന് ബിജെപി ഭരിക്കുന്ന മുത്തോലി പഞ്ചായത്ത്. ബജറ്റിലാണ് പ്രഖ്യാപനം. കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകള്‍ക്ക് പുറമെയാണ് സഹായമായി തുക നല്‍കുക. ഒരു വര്‍ഷം ഒരു ആശക്ക് 84000 രൂപ അധികമായി ലഭിക്കും. ഇതിനായി 12 ലക്ഷം രൂപ ബജറ്റില്‍ വകയിരുത്തി. ആകെ 13 ആശമാരാണ് പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്നത്. ഫലത്തില്‍ ആശാ വര്‍ക്കര്‍മാര്‍ക്ക് മുത്തോലിയില്‍ പ്രതിമാസം 20000 രൂപയില്‍ അധികം കിട്ടും. കഴിഞ്ഞ ദിവസങ്ങളില്‍ യുഡിഎഫ് ഭരിക്കുന്ന ചില പഞ്ചായത്തുകളും ആശമാര്‍ക്ക് സഹായം കൂട്ടിയിരുന്നു. ആ പഞ്ചായത്തുകള്‍ രണ്ടായിരം രൂപ വരെയാണ് നല്‍കാന്‍ തീരുമാനിച്ചത്. എന്നാല്‍ ബിജെപി ഭരണത്തിലുള്ള മുത്തോലിയില്‍ സഹായം 7000 രൂപയാകുന്നുവെന്നതാണ് ശ്രദ്ധേയം.

സര്‍ക്കാര്‍ കൊടുക്കുന്ന വേതനത്തിന് തുല്യ തുക നല്‍കാന്‍ ആണ് പഞ്ചായത്ത് ഭരണ സമിതിയുടെ തീരുമാനമെന്ന് മുത്തോലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രണ്‍ജിത് ജി അറിയിച്ചു. ആശാ വര്‍ക്കര്‍മാര്‍ക്ക് മാത്രമായി ബജറ്റില്‍ മാറ്റി വെച്ചത് 12 ലക്ഷം രൂപയാണ്. ഒരു വര്‍ഷം ആശ പ്രവര്‍ത്തകര്‍ക്ക് അധികമായി 84,000 രൂപ ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ നിരവധി തദ്ദേശ സ്ഥാപനങ്ങള്‍ ആശാവര്‍ക്കര്‍മാര്‍ക്കായി അധിക ആനുകൂല്യം പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഏറ്റവും തുക വകയിരുത്തിയതും പ്രതിമാസം ഏറ്റവും അധിക തുക നല്‍കുമെന്ന് പ്രഖ്യാപിച്ചത് മുത്തോലി ഗ്രാമപഞ്ചായത്ത് ആണെന്നതാണ് പ്രത്യേകത.

ബിജെപി ഭരിക്കുന്ന പാലക്കാട് നഗരസഭയും ആശാ വര്‍ക്കര്‍മാര്‍ക്ക് സഹായം പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്നലെ പാലക്കാട് നഗരസഭ ഓരോ ആശ വര്‍ക്കര്‍ക്കും പ്രതിവര്‍ഷം 12000 രൂപ ധനസഹായം പ്രഖ്യാപിച്ചിരുന്നു. മാസം ആയിരം രൂപ തോതിലാണ് തുക നല്‍കുകയെന്നായിരുന്നു പ്രഖ്യാപനം. എന്നാല്‍ മുത്തോലിയിലേത് സമാനതകളില്ലാത്ത ഉയര്‍ത്തലായി. ഇനി മിക്ക പഞ്ചായത്തുകള്‍ക്കും ഈ മാതൃക സ്വീകരിക്കേണ്ടി വരും. അതിനിടെ യുഡിഎഫ് ഭരിക്കുന്ന മണ്ണാര്‍ക്കാട് നഗരസഭയും ആശമാര്‍ക്ക് ധനസഹായം പ്രഖ്യാപിച്ചു. മാസം തോറും 2100 രൂപ വീതം നല്‍കുമെന്നാണ് പ്രഖ്യാപനം. ആകെ 30 ആശമാരാണ് നഗരസഭയിലുള്ളത്. ഇവര്‍ക്ക് മാസം 63000 രൂപയാണ് നഗരസഭ നീക്കിവെക്കുക. 756000 (ഏഴ് ലക്ഷത്തി അമ്പത്തി ആറായിരം) രൂപയാണ് വര്‍ഷം ഇതിലൂടെ നഗരസഭയ്ക്കുണ്ടാകുന്ന അധിക ബാധ്യത.

ആശ വര്‍ക്കര്‍മാരുടെയും അങ്കണവാടി ജീവനക്കാരുടെയും സമരം നീണ്ടുപോകുന്നതിനിടെ, സര്‍ക്കാരിനെ വെട്ടിലാക്കാനാണ് ബിജെപി നീക്കം. കോണ്‍ഗ്രസും ഇതേ മാതൃകയില്‍ ഇനി തുക കൂട്ടാന്‍ സാധ്യതയുണ്ട്. പ്ലാന്‍ ഫണ്ടില്‍നിന്നോ തനതുഫണ്ടില്‍നിന്നോ ആശവര്‍ക്കര്‍മാര്‍ക്കും അങ്കണവാടി ജീവനക്കാര്‍ക്കും മറ്റു സമാന തൊഴില്‍ചെയ്യുന്നവര്‍ക്കും ഓണറേറിയവും ഇന്‍സന്റീവും നല്‍കണമെന്നു നിര്‍ദേശിച്ച് രാജീവ്ഗാന്ധി പഞ്ചായത്ത് രാജ് സംഘടന കെപിസിസിക്ക് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. കോണ്‍ഗ്രസ് ഭരിക്കുന്ന ഏതാനും പഞ്ചായത്തുകള്‍ ആശവര്‍ക്കര്‍മാരുടെ ഓണറേറിയം 2000 രൂപ വീതം കൂട്ടാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ കേരളത്തിലെ ബഹുഭൂരിഭാഗം പഞ്ചായത്തുകളും ഭരിക്കുന്ന സിപിഎം ഇത്തരത്തില്‍ പണം കൂട്ടി നല്‍കില്ല. ഫലത്തില്‍ കേരളത്തിലെ പല തദ്ദേശ സ്ഥാപനങ്ങളിലും ആശമാര്‍ക്ക് പലതരത്തിലാകും ഇനി ഓണറേറിയം കിട്ടുക.

കേരളത്തിലെ ആശാ സമരം ദേശീയ തലത്തിലേക്ക് എത്തുമ്പോള്‍ ആശാ വര്‍ക്കര്‍മാരുടെ ഓണറേറിയം 18,000 രൂപയായി ഉയര്‍ത്താന്‍ പുതുച്ചേരി സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ബജറ്റ് ചര്‍ച്ചയ്ക്ക് മറുപടിപറയവേ മുഖ്യമന്ത്രി എന്‍. രംഗസാമിയാണ് പ്രതിഫലം ഉയര്‍ത്തണമെന്ന ആശമാരുടെ ആവശ്യം സര്‍ക്കാര്‍ അംഗീകരിച്ചതായി അറിയിച്ചത്. കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിലെ ആശമാര്‍ക്ക് നിലവില്‍ 10,000 രൂപയാണ് ഓണറേറിയമായി ലഭിക്കുന്നത്. അതില്‍ 7000 രൂപ സംസ്ഥാനം നല്‍കുന്നതാണ്. 3000 രൂപയാണ് കേന്ദ്രവിഹിതം. ഇന്‍സെന്റീവ് ഇതിനുപുറമേയാണ്. സംസ്ഥാനത്ത് 328 ആശവര്‍ക്കര്‍മാരാണുള്ളത്. കേന്ദ്രാനുമതി ലഭിച്ചാല്‍ 305 പേരെക്കൂടി നിയമിക്കുമെന്ന് മുഖ്യമന്ത്രി കഴിഞ്ഞദിവസം പറഞ്ഞിരുന്നു.

ഓണറേറിയം18000 ആകുന്നതോടെ 2.88 കോടി രൂപയുടെ അധിക ബാധ്യതയാണ് വര്‍ഷം പുതുച്ചേരി സര്‍ക്കാരിന് ഉണ്ടാവുക. മുഖ്യമന്ത്രിയെ ആശമാര്‍ ഔദ്യോഗിക വസതിയില്‍ നേരിട്ടത്തി നന്ദി അറിയിച്ചിരുന്നു. മുഖ്യമന്ത്രി വരുന്ന വഴിയുടെ രണ്ട് വശങ്ങളിലും വരിയായി നിന്ന് പൂക്കള്‍ വിതറിയും, പുഷ്പഹാരം അണിയിച്ചുമാണ് ആശമാര്‍ സന്തോഷം പ്രകടിപ്പിച്ചത്. ഇതിന് പിന്നാലെയാണ് കേരളത്തിലെ ബിജെപി ഭരിക്കുന്ന പഞ്ചായത്തും 7000 രൂപ ആശമാര്‍ക്ക് കൊടുക്കാന്‍ തീരുമാനിക്കുന്നത്.