സുല്‍ത്താന്‍ ബത്തേരി: ഏറെ വിവാദമായ മുട്ടില്‍ മരംമുറിയില്‍ എല്ലാ കേസുകളിലും കുറ്റപത്രം സമര്‍പ്പിച്ചു പോലീസ്. മരംമുറിയുമായി ബന്ധപ്പെട്ട 36 കേസുകളിലാണ് പോലീസ് കുറ്റപത്രം സമര്‍പ്പിച്ചത്. ഇതോടെ അഗസ്റ്റില്‍ സഹോദരങ്ങള്‍ പ്രതിയായ മുഴുവന്‍ കേസിലും കുറ്റപത്രമായി. റിപ്പോര്‍ട്ടര്‍ ചാനലിന്റെ അമരക്കാരായ റോജി അഗസ്റ്റിന്‍, ആന്റോ അഗസ്റ്റിന്‍, ജോസുകുട്ടി അഗസ്റ്റിന്‍ എന്നിവരാണ് കേസിലെ മുഖ്യപ്രതികള്‍. സുല്‍ത്താന്‍ ബത്തേരി ബത്തേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. പ്രതികളെ പൂട്ടാന്‍ പ്രാപ്തമായതാണ് കുറ്റപത്രമെന്ന് പോലിസ്.

ഉപാധികളോടെ പട്ടയംലഭിച്ച ഭൂമിയിലെ ചന്ദനമൊഴികെയുള്ള മരങ്ങള്‍ മുറിക്കാന്‍ 2020 ഒക്ടോബറിലാണ് റവന്യൂവകുപ്പ് ഉത്തരവിറക്കിയത്. 1960ന് ശേഷം നട്ടുവളര്‍ത്തിയതും സ്വയംകിളിര്‍ത്തതുമായ ചന്ദനമൊഴികെയുള്ള മരങ്ങള്‍ മുറിക്കാനായിരുന്നു ഉത്തരവിറങ്ങിയത്. 2020-21ല്‍ റവന്യൂ സെക്രട്ടറി ഇറക്കിയ വിവാദ ഉത്തരവിന്റെ മറവിലാണ് മുട്ടില്‍ സൗത്ത് വില്ലേജില്‍ നിന്ന് വ്യാപകമായി ഈട്ടിത്തടികള്‍ മുറിച്ച് കടത്തിയത്.

ഉത്തരവിന്റെ മറവില്‍ വ്യാപകമായി ഈട്ടിക്കൊള്ള നടന്നതോടെ 2021 ഫെബ്രുവരിയില്‍ സര്‍ക്കാര്‍ ഉത്തരവ് പിന്‍വലിച്ചു. ഇതിനകം 100 മുതല്‍ 250 വര്‍ഷം പഴക്കമുള്ള ഈട്ടി മരങ്ങള്‍ മുറിച്ചു. വനംവകുപ്പ് 41 കേസുകള്‍ ചുമത്തിയിരുന്നു. വനം, പോലിസ്, റവന്യൂ വകുപ്പുകള്‍ 120ലധികം കേസുകളെടുത്തു. പലകേസുകളിലും കുറ്റപത്രം സമര്‍പ്പിക്കുന്ന നടപടി തുടരുന്നുമുണ്ട്. ജില്ല ഗവ. പ്ലീഡര്‍ അഡ്വ ജയപ്രമോദാണ് കേസില്‍ ഹാജരായത്.

10കോടിയിലധികം രൂപ വിലമതിക്കുന്ന 120 ഈട്ടിത്തടികള്‍ കണ്ടുകെട്ടിയ നടപടിക്കെതിരേ പ്രതികളായ ആന്റോ അഗസ്റ്റില്‍, റോജി അഗസ്റ്റിന്‍, ജോസുകുട്ടി അഗസ്റ്റിന്‍ എന്നിവര്‍ നല്‍കിയ അപ്പീല്‍ കഴിഞ്ഞദിവസം കോടതി തള്ളിയിരുന്നു. ഈട്ടിത്തടികള്‍ കണ്ടു കെട്ടിയ ഡിഎഫ്ഒയുടെ നടപടി നിയമപരമെന്ന് കോടതി അടിവരയിട്ടു. തടികള്‍ സര്‍ക്കാറിന്റെതല്ലെന്ന് തെളിയിക്കാന്‍ ഒരു കീറക്കടലാസ് പോലും ഹാജരാക്കാന്‍ പ്രതികള്‍ക്ക് കഴിഞ്ഞില്ല. തടിക്കച്ചവടത്തിന് ലൈസന്‍സ് ഉണ്ടെന്ന വാദവും പ്രതികള്‍ക്ക് തെളിയിക്കാനായില്ലായിരുന്നു കോടതി വ്യക്തമാക്കിയത്.

പിടിച്ചെടുത്ത തടികള്‍ സര്‍ക്കാരിന്റേതല്ല എന്ന് തെളിയിക്കാന്‍ ഒരു കീറക്കടലാസ് പോലും ഹാജരാക്കാന്‍ പ്രതികള്‍ക്ക് കഴിഞ്ഞില്ലെന്നും കോടതി വിധിന്യായത്തില്‍ പറയുന്നു. പിടിച്ചെടുക്കുന്ന ഉല്‍പ്പന്നങ്ങള്‍ വനവിഭവമാണോ എന്ന് തീരുമാനിക്കാന്‍ സര്‍ക്കാരിന് നിയമപരമായ അവകാശമുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. വനവിഭവങ്ങള്‍ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയും കോടതി എടുത്തുപറഞ്ഞു.

കേസിലെ ഏറ്റവും പ്രധാനപ്പെട്ട നിരീക്ഷണം നിലവിലുള്ള നിയമങ്ങളെ സംബന്ധിച്ചുള്ളതാണ്. നാട്ടിലെ നിയമങ്ങളെ സര്‍ക്കാര്‍ ഉത്തരവുകള്‍ കൊണ്ടോ സര്‍ക്കുലറുകള്‍ കൊണ്ടോ മറികടക്കാന്‍ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി. നിലവിലെ ചീഫ് സെക്രട്ടറിയും അന്നത്തെ റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമായിരുന്ന ജയതിലക് ഇറക്കിയ വിവാദ സര്‍ക്കുലര്‍ ഉപയോഗിച്ചാണ് പ്രതികള്‍ മരംമുറി നടത്തിയത്. എന്നാല്‍ ഇത്തരം സര്‍ക്കുലറുകള്‍ക്ക് നിയമപരമായ സാധുതയേക്കാള്‍ മുകളില്‍ നില്‍ക്കാന്‍ കഴിയില്ലെന്ന് കോടതി ഓര്‍മ്മിപ്പിച്ചു.

'സൂര്യ ടിമ്പേഴ്സ്' എന്ന പേരില്‍ തടിക്കച്ചവടം നടത്താന്‍ തങ്ങള്‍ക്ക് ലൈസന്‍സ് ഉണ്ടെന്നായിരുന്നു പ്രതികളുടെ മറ്റൊരു വാദം. എന്നാല്‍, ഇതിനാവശ്യമായ വനംവകുപ്പിന്റെ പ്രോപ്പര്‍ട്ടി മാര്‍ക്ക് രജിസ്ട്രേഷനോ മറ്റ് ഔദ്യോഗിക രേഖകളോ ഹാജരാക്കാന്‍ അവര്‍ക്ക് സാധിച്ചില്ല. ഈ സാഹചര്യത്തില്‍ ഈട്ടിത്തടികള്‍ കണ്ടുകെട്ടിയ ഡി.എഫ്.ഒയുടെ നടപടി നിയമപരവും മുന്‍കാല കോടതി വിധിന്യായങ്ങള്‍ക്ക് അനുസൃതവുമാണെന്ന് കോടതി വിധിച്ചു. തങ്ങളുടെ ഭാഗം വിശദീകരിക്കാന്‍ ഡി.എഫ്.ഒ നോട്ടീസ് നല്‍കിയിട്ടില്ലെന്ന പ്രതികളുടെ വാദവും കോടതി തള്ളിക്കളഞ്ഞു. ഹിയറിങ്ങിനായി പലതവണ നോട്ടീസ് നല്‍കിയിട്ടും പ്രതികള്‍ ഹാജരാവുകയോ മറുപടി നല്‍കുകയോ ചെയ്തില്ലെന്ന് കോടതി നിരീക്ഷിച്ചു.