മൂവാറ്റുപുഴ: മൂവാറ്റുപുഴ എംഎല്‍എയുടെ ആവശ്യപ്രകാരം റോഡ് ഉദ്ഘാടനം ചെയ്ത ട്രാഫിക് എസ്‌ഐയെ സസ്‌പെന്‍ഡ് ചെയ്തു. മൂവാറ്റുപുഴ ട്രാഫിക് എസ് എച്ച് ഒ കെ പി സിദ്ദിഖിനെ ആണ് സസ്‌പെന്‍ഡ് ചെയ്തത്. മേലുദ്യോഗസ്ഥരുടെ അനുമതിയില്ലാതെ ഉദ്ഘാടനത്തില്‍ പങ്കെടുത്തു എന്നാരോപിച്ചാണ് നടപടി.

പോലീസ് ഉദ്യോഗസ്ഥന്‍ രാഷ്ട്രീയ നാടകം കളിച്ചു എന്ന് കാണിച്ച് സിപിഎം രംഗത്തുവന്നിരുന്നു. സിപിഎം മൂവാറ്റുപുഴ ഏരിയ സെക്രട്ടറി അനീഷ് എം മാത്യു മുഖ്യമന്ത്രിക്കും ഡി ജി പി ക്കും പരാതി നല്‍കിയിരുന്നു. രാഷ്ട്രീയ അജണ്ടയ്ക്ക് ഉദ്യോഗസ്ഥര്‍ കൂട്ടുനിന്നു എന്ന് സിപിഐഎം വിമര്‍ശനം ഉന്നയിച്ചിരുന്നു.

നിര്‍മാണം പൂര്‍ത്തിയാകാത്ത റോഡാണ് കഴിഞ്ഞദിവസം ഉദ്ഘാടനം ചെയ്തത്. നഗര വികസനത്തിന്റെ ഭാഗമായുള്ള ടാറിങ് പൂര്‍ത്തിയാക്കി റോഡ് വാഹനങ്ങള്‍ക്കായി തുറന്നു നല്‍കി. കച്ചേരിത്താഴം മുതല്‍ പിഒ ജംക്ഷന്‍ വരെയുള്ള എംസി റോഡ് 151 ദിവസത്തിനു ശേഷമാണ് തുറന്നു നല്‍കിയത്. ട്രാഫിക് പൊലീസ് എസ്എച്ച്ഒ കെ.പി. സിദ്ദിഖ് നാട മുറിച്ച് വാഹനങ്ങള്‍ കടത്തി വിട്ടു.

മാത്യു കുഴല്‍നാടന്‍ എംഎല്‍എ, നഗരസഭാ ചെയര്‍മാന്‍ പി.പി. എല്‍ദോസ്, വൈസ് ചെയര്‍പഴ്‌സന്‍ സിനി ബിജു, സ്ഥിരസമിതി അധ്യക്ഷരായ ജോസ് കുര്യാക്കോസ്, കൗണ്‍സിലര്‍മാരായ ജോളി മണ്ണൂര്‍, കെ.കെ. സുബൈര്‍, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് സാബു ജോണ്‍, കെ.എ. സലിം, കെ.എം. അബ്ദുല്‍ സലാം, സലാം എവറസ്റ്റ് എന്നിവരുടെ സാന്നിധ്യത്തിലാണ് റോഡ് തുറന്നത്.

റോഡിന്റെ ഇരുവശങ്ങളിലൂടെയും ഇനി മുതല്‍ വാഹനങ്ങള്‍ക്ക് സുഗമമായി കടന്നു പോകാം. എന്നാല്‍ കച്ചേരിത്താഴത്ത് പാലത്തിനു സമീപം ഗതാഗത നിയന്ത്രണം തുടരും. പാലത്തിലൂടെ ഒരു വരി ഗതാഗതം മാത്രമേ അനുവദിക്കുകയുള്ളൂ. പാലത്തിനു സമീപമുള്ള കുഴി മൂടുന്നതു വരെ പാലത്തിലും സമീപത്തും ഉള്ള ഗതാഗത നിയന്ത്രണം തുടരാനാണു തീരുമാനം. കുഴി മൂടുന്നതിനു മുന്നോടിയായുള്ള പ്രവര്‍ത്തനങ്ങള്‍ അതിവേഗം പുരോഗമിക്കുകയാണ്.

നഗര റോഡ് വികസനത്തിന്റെ ഭാഗമായി കച്ചേരിത്താഴത്തു നിന്നു പിഒ ജംക്ഷന്‍ വരെയുള്ള ഭാഗത്ത് റോഡിന്റെ ഒരു ഭാഗത്തു കൂടി മാത്രമേ ഗതാഗതം അനുവദിച്ചിരുന്നുള്ളൂ. കാവുംപടി റോഡ് വഴിയാണ് വാഹനങ്ങള്‍ തിരിച്ചു വിട്ടിരുന്നത്. റോഡ് തുറന്നതോടെ എംസി റോഡില്‍ അനുഭവപ്പെട്ടിരുന്ന ഗതാഗതക്കുരുക്കിന് ഒരു പരിധിവരെ പരിഹാരം ആകും. നാട്ടുകാര്‍ക്ക് ആശ്വാസമാകാന്‍ വേണ്ടി നടത്തിയ ഇടപെടലിന്റെ പേരിലാണ് ഇപ്പോഴത്തെ പ്രതികാര നടപടി ഉണ്ടായത്.

നടപടിക്ക് പിന്നാലെ പ്രതികരണവുമായി മാത്യു കുഴല്‍നാടന്‍ എം.എല്‍.എ രംഗത്തെത്തി. ഇങ്ങനെയാണോ പക തീര്‍ക്കേണ്ടതെന്ന് കോണ്‍ഗ്രസ് എം.എല്‍.എ ചോദിക്കുന്നു. ഫേസ്ബുക്കില്‍ പങ്കുവെച്ച വീഡിയോയിലൂടെയാണ് എം.എല്‍.എയുടെ പ്രതികരണം.

മൂവാറ്റുപുഴയിലെ ആളുകള്‍ക്ക് വളരെ ആശ്വാസം നല്‍കിയ കാര്യമായിരുന്നു കച്ചേരിതാഴം മുതല്‍ പി.ഒ ജങ്ഷന്‍ വരെയുള്ള റോഡ് തുറന്നുകൊടുത്തത്. നഗരസഭാ ചെയര്‍മാന്‍, കെ.ആര്‍.ബി ഉദ്യോഗസ്ഥര്‍, ട്രാഫിക് പൊലീസ്, നാട്ടുകാര്‍ എന്നിവര്‍ ചേര്‍ന്നാണ് റോഡ് തുറന്നുകൊടുത്തതെന്നും മാത്യു കുഴല്‍നാടന്‍ പറഞ്ഞു.

റോഡ് ഗതാഗതം തടഞ്ഞുകൊണ്ടുള്ള സ്ലിപ്പ് മാറ്റിവെച്ച് വണ്ടികളെ കടത്തിവിടുക എന്ന ലളിതമായ ചടങ്ങാണ് അവിടെ നടന്നത്. എന്നോടാണ് സ്ലിപ്പ് മുറിക്കാന്‍ ആവശ്യപ്പെട്ടത്. പക്ഷെ അതിനുള്ള അധികാരം ട്രാഫിക് പൊലീസിനാണ്. ട്രാഫിക് എസ്.ഐയുടെ സാന്നിധ്യവും അവിടെ ഉണ്ടായിരുന്നു. അതിനാലാണ് താന്‍ റോഡ് തുറന്നുകൊടുക്കാന്‍ അദ്ദേഹത്തെ നിര്‍ബന്ധിച്ചത്. കാരണം രാവും പകലെന്നുമില്ലാതെ ഈ മേഖലയിലെ ഗതാഗത കുരുക്ക് പരിഹരിച്ചിരുന്നത് ട്രാഫിക് പൊലീസാണെന്നും മാത്യു കുഴല്‍നാടന്‍ ചൂണ്ടിക്കാട്ടി.