- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മൂന്നു മുറി കെട്ടിടത്തിന് നമ്പർ നൽകാതെ സുബേദാർ മേജറെ മെഴുവേലി പഞ്ചായത്ത് വട്ടം ചുറ്റിച്ചത് 13 വർഷം: പഞ്ചായത്തിന്റെ ഭാഗത്ത് നിന്നുള്ള വീഴ്ചയ്ക്ക് മുൻ സൈനികനിൽ നിന്ന് ഒടുക്കം ഈടാക്കിയത് പിഴ അടക്കം 1.25 ലക്ഷം: പ്രശ്നം പരിഹരിച്ചതിന്റെ നേട്ടം ഏറ്റെടുക്കാൻ സിപിഎമ്മും
പത്തനംതിട്ട: വിരമിച്ച സൈനികനെ ഒരു പഞ്ചായത്ത് വട്ടം ചുറ്റിച്ചത് ഒരു വ്യാഴവട്ടത്തിലധികം. 70 ലക്ഷത്തോളം രൂപ അദ്ദേഹത്തിന് നഷ്ടമുണ്ടാക്കി. പ്രായത്തിന്റെ സിംഹഭാഗവും പഞ്ചായത്ത് ഓഫീസും കോടതിയും കയറിയിറങ്ങി. ഒറ്റ തെറ്റേ അദ്ദേഹം ചെയ്തുള്ളൂ. ഇന്നാട്ടിലെ നിയമം അനുശാസിക്കുന്ന തരത്തിൽ ഒരു കെട്ടിടം പണിതു. അതും വായ്പയെടുത്ത്. ചട്ടമനുസരിച്ച് നിർമ്മാണം പൂർത്തിയാക്കി കെട്ടിട നമ്പരിനായി സമീപിച്ചപ്പോൾ പഞ്ചായത്ത് അധികൃതർ കൊടുക്കില്ല.
അതിനോടകം മാറി വന്ന നിർമ്മാണ ചട്ടങ്ങൾ ചൂണ്ടിക്കാണിച്ചായിരുന്നു ആദ്യത്തെ നിഷേധം. പിന്നീട് പല കാരണങ്ങൾ പറഞ്ഞ് അദ്ദേഹത്തെ ബുദ്ധിമുട്ടിച്ചു. ഒടുവിൽ 13 വർഷത്തിന് ശേഷം അദ്ദേഹത്തിന് കെട്ടിട നമ്പർ അനുവദിച്ചു കൊടുത്തു. പക്ഷേ, ഇതു വരെയുള്ള കുടിശികയിനത്തിൽ വാങ്ങിയെടുത്തത് 1.24 ലക്ഷം രൂപ. എന്നിട്ട് ഇത് തങ്ങളുടെ നേട്ടമാക്കി മാധ്യമങ്ങളിൽ വാർത്ത നൽകാൻ മൽസരിക്കുകയാണ് സിപിഎം നേതൃത്വം നൽകുന്ന പഞ്ചായത്ത് ഭരണ സമിതി.
മെഴുവേലി പഞ്ചായത്ത് ഒമ്പതാം വാർഡിൽ താമസിക്കുന്ന ആതിരയിൽ എം.ഡി നടരാജൻ എന്ന വിമുക്തഭടനെയാണ് പഞ്ചായത്തിലെ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ചേർന്ന് കഴിഞ്ഞ പതിനൊന്നിൽപ്പരം വർഷങ്ങളായി ദ്രോഹിച്ചു കൊണ്ടിരുന്നത്. രാജ്യസേവനം കഴിഞ്ഞു വന്ന് വിശ്രമജീവിതം നയിക്കുമ്പോൾ ഒരു വരുമാന സ്രോതസാകുമെന്ന് കരുതിയാണ് അദ്ദേഹം കൊമേഴ്സ്യൽ ബിൽഡിങ്സിന്റെ പണി തുടങ്ങിയത്. റിട്ട. സുബേദാർ മേജറായിരുന്ന നടരാജനും റിട്ട. അദ്ധ്യാപികയായ ഭാര്യ സുധാമണിയും ചേർന്ന് തങ്ങളുടെ പെൻഷൻ വിഹിതത്തിൽ നിന്ന് ലോണെടുത്താണ് ഇലവുംതിട്ട ജങ്ഷന് സമീപം മൂന്നു കടമുറിയുള്ള കെട്ടിടം പണിതത്. അന്ന് നടരാജന് വയസ് 67. ഇന്നിപ്പോൾ ഈ 80-ാം വയസിലാണ് ഈ കെട്ടിടം നിയമവിധേയമാക്കിയിരിക്കുന്നത്. ഇതിന് നമ്പർ നൽകാതിരിക്കാൻ വമ്പൻ കളികളാണ് പഞ്ചായത്തിന്റെ ഭാഗത്ത് നിന്ന് നടന്നിട്ടുള്ളത്.
2010-ലാണ് ഇവർ നാലേകാൽ സെന്റിൽ കെട്ടിടം പണി ആരംഭിച്ചത്. ചട്ടമനുസരിച്ചുള്ള അനുമതികൾ പഞ്ചായത്തിൽ നിന്ന് വാങ്ങി നിർമ്മാണം തുടങ്ങി. അന്ന് നിലവിലുള്ള നിയമം പാലിച്ചായിരുന്നു നിർമ്മാണം. റോഡിൽ നിന്ന് 3.6 മീറ്റർ തള്ളിയാണ് നിർമ്മാണം തുടങ്ങിയത്. ഇതിനിടയിൽ റോഡ് വികസനവുമായി ബന്ധപ്പെട്ട് കെട്ടിടത്തിന് മുന്നിൽ ഒരു മീറ്റർ സ്ഥലം വിട്ടു കൊടുക്കേണ്ടി വന്നു. ഇതോടെ കെട്ടിടവും റോഡുമായുള്ള അകലം 2.6 മീറ്റായി കുറഞ്ഞു. ഇതായിരുന്നു നമ്പർ കിട്ടാനുള്ള ആദ്യ തടസം. പിന്നീട് പറഞ്ഞത് കെട്ടടിത്തിന്റെ ഷേഡ് റോഡിലേക്ക് തള്ളി നിൽക്കുന്നുവെന്നായിരുന്നു. അത് മുറിച്ചു കളഞ്ഞാൽ നമ്പർ നൽകാമെന്നായി അധികൃതർ.
അതനുസരിച്ച് ഷേഡ് 1.30 മീറ്റർ നീളത്തിൽ മുറിച്ചു മാറ്റി. ഇതോടെ റോഡിൽ നിന്നുള്ള അകലം കൃത്യം മൂന്നു മീറ്ററായി. ഈ ഘട്ടം ശരിയായതോടെ അടുത്ത മുട്ടാപ്പോക്കുമായി അധികൃതർ വന്നു. പുതിയ നിർമ്മാണ ചട്ടം അനുസരിച്ച് വസ്തുവിന്റെ 60 ശതമാനത്തിൽ കൂടുതൽ കെട്ടിടത്തിന്റെ കവറേജ് ഏരിയ വരാൻ പാടില്ലത്രേ. എന്നാൽ, തങ്ങൾക്ക് അനുമതി കിട്ടിയപ്പോഴുള്ള സമയത്ത് അനുവദിക്കപ്പെട്ട കവറേജ് ഏരിയ അനുസരിച്ചുള്ള നിർമ്മാണമാണ് നടത്തിയതെന്നും 2011 ൽ നിലവിൽ വന്ന ചട്ടം ഇതിന് ബാധകമല്ലെന്നും ചൂണ്ടിക്കാട്ടി നടരാജൻ പരാതി നൽകി.
ഇതിനിടെ ഹൈക്കോടതിയെയും സമീപിച്ചു. പരാതിക്കാരനെ കേട്ട് രണ്ടു മാസത്തിനകം മെഴുവേലി പഞ്ചായത്ത് കമ്മറ്റി തീരുമാനമെടുക്കണമെന്ന് 2013 മാർച്ച് നാലിന് കോടതി ഉത്തരവിട്ടു. പക്ഷേ, അത് പാലിക്കാൻ പഞ്ചായത്ത് കമ്മറ്റി തയാറായില്ല. 2019 ൽ നടരാജൻ വീണ്ടും ഹൈക്കോടതിയെ സമീപിച്ചപ്പോൾ ട്രിബ്യൂണലിനെ സമീപിക്കാൻ നിർദ്ദേശം വന്നു. ഇതിനോടകം വൻ തുക ചെലവു വന്നതിനാൽ ട്രിബ്യൂണലിനെ സമീപിക്കാൻ പണമില്ലാതെ വന്നു. അതു കൊണ്ട് താൻ പഞ്ചായത്ത് ഓഫീസ് കയറിയിറങ്ങാൻ തുടങ്ങിയെന്ന് നടരാജൻ പറയുന്നു. ഓരോ തവണ ചെല്ലുമ്പോഴും ഓരോ പുതിയ ന്യൂനതകൾ ചൂണ്ടിക്കാണിക്കുകയാണ് എൽഎസ്ജിഡി എൻജിനീയറും സെക്രട്ടറിയും ചെയ്തത്.
ഒടുവിൽ സംസ്ഥാന സർക്കാരിന്റെ താലൂക്ക് തല അദാലത്തിൽ നടരാജന്റെ പരാതിക്ക് തീരുമാനമായി. ഇദ്ദേഹത്തിന് കെട്ടിട നമ്പർ കൊടുക്കാൻ മന്ത്രി തന്നെ ഉത്തരവിട്ടു. എന്നിട്ടും രണ്ടു മാസത്തിന് ശേഷം കഴിഞ്ഞദിവസമാണ് ഇദ്ദേഹത്തോട് നികുതി അടച്ച് നമ്പർ കൈപ്പറ്റാൻ ആവശ്യപ്പെട്ടത്. അതിന് ചെന്നപ്പോഴാണ് അടുത്ത പകൽക്കൊള്ള. ഇക്കഴിഞ്ഞ 13 വർഷത്തെയും നികുതി പിഴ സഹിതം 1,24,831 രൂപ നടരാജന് അടയ്ക്കേണ്ടി വന്നു. കെട്ടിട നമ്പർ കിട്ടുന്നതിന് കാലതാമസം വരുത്തിയത് പഞ്ചായത്ത് അധികൃതർ. അത് നടരാജന്റെ കുഴപ്പമന്നെത് പോലെ അദ്ദേഹത്തിൽ നിന്ന് പിഴ ഈടാക്കുന്നു.
എന്തായാലും തുക അടച്ച് കെട്ടിടം നിയമവിധേയമാക്കിയ നടരാജൻ അപ്പോൾ തന്നെ ഒരു പരാതി പഞ്ചായത്ത് സെക്രട്ടറിക്ക് നൽകി. തന്റേതല്ലാത്ത കാരണത്താൽ അധികമായി കൈപ്പറ്റിയ തുക തിരികെ നൽകണം. അല്ലാത്ത പക്ഷം നിയമനടപടി സ്വീകരിക്കും. ലോണെടുത്ത് നിർമ്മിച്ച കെട്ടിടം കൊണ്ട് നടരാജന് ഇതു വരെയുള്ള നഷ്ടം 70 ലക്ഷത്തോളം രൂപയാണ്. ഇലവുംതിട്ട ജങ്ഷനിൽ കണ്ണായ ഭാഗത്ത് നിർമ്മിച്ചിട്ടുള്ള കെട്ടിടത്തിൽ വൻ തുക വാടക ഇനത്തിൽ ഇദ്ദേഹത്തിന് ലഭിക്കേണ്ടിയിരുന്നു. കെട്ടിടം നിർമ്മിച്ച വകയിൽ എടുത്ത ലോണും പലിശയും മറ്റൊരു ബാധ്യത.
ഇത്രയും നാൾ പഞ്ചായത്ത് ഓഫീസ് കയറിയിറങ്ങിയ നടരാജന് ഒടുക്കം കെട്ടിട നമ്പർ കിട്ടിയപ്പോൾ അതു തങ്ങളുടെ നേട്ടമാക്കി ചിത്രീകരിക്കാൻ സിപിഎം രംഗത്ത് എത്തിയിട്ടുണ്ട്. തങ്ങളുടെ നേതാക്കളുടെയും മന്ത്രിയുടെയും ശ്രമഫലമായിട്ടാണ് ഇപ്പോൾ പ്രശ്നം പരിഹരിച്ചത് എന്നാണ് ഇവരുടെ അവകാശവാദം. പഞ്ചായത്ത് പ്രസിഡന്റ് പിങ്കി ശ്രീധറാണ് ഇവർക്ക് കെട്ടിട നമ്പർ കൈമാറിയത്. ഏറെ രസകരമായ കാര്യം നടരാജൻ അലഞ്ഞ ഈ 13 വർഷവും പഞ്ചായത്ത് ഭരിച്ചിരുന്നത് സിപിഎം ആണെന്നുള്ളതാണ്. അന്നൊന്നും ഒരു ചെറുവിരൽ പോലും അനക്കാതെ ഇരുന്നവരാണ് ഇപ്പോൾ ഇത് നേട്ടമാക്കി ആഘോഷിക്കുന്നത് എന്നതാണ് വിരോധാഭാസം.
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്