തിരുവനന്തപുരം: ആര്‍.എസ്.എസ്. നേതാവിനെ എ.ഡി.ജി.പി. കണ്ടാല്‍ പാര്‍ട്ടിക്ക് എന്താണ്? എന്ന സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്റെ നിലപാട് വിശദീകരണത്തില്‍ എല്ലാമുണ്ടായിരുന്നു. ആര്‍എസ്എസ് നേതാവ് ദത്താത്രേയ ഹൊസബളയുമായി കൂടിക്കാഴ്ച നടത്തിയെന്ന് സമ്മതിച്ച് എഡിജിപി എംആര്‍ അജിത്കുമാര്‍ രംഗത്തു വരുമ്പോള്‍ ചര്‍ച്ചയാകുന്നത് ഗോവിന്ദന്റെ ഈ വാക്കുകളാണ്. വിവാദമുണ്ടായപ്പോള്‍ തന്നെ ഇക്കാര്യം സിപിഎം ഉറപ്പിച്ചുവെന്നതിന് തെളിവാണ് ഗോവിന്ദന്റെ ഈ വാക്കുകള്‍. കൂടിക്കാഴ്ച എഡിജിപിയും പോലീസിലെ സ്‌പെഷ്യല്‍ ബ്രാഞ്ചും സ്ഥിരീകരിക്കുമ്പോള്‍ അജിത് കുമാറിനെതിരെ നടപടി വരുമോ എന്നതാണ് ഉയരുന്ന ചോദ്യം.

സ്വകാര്യ സന്ദര്‍ശനം ആയിരുന്നുവെന്ന് മുഖ്യമന്ത്രിയുടെ ഓഫീസിന് എഡിജിപി വിശദീകരണം നല്‍കി. സഹപാഠിയുടെ ക്ഷണപ്രകാരം കൂടെ പോയതാണന്നും എഡിജിപി വിശദീകരണത്തില്‍ വ്യക്തമാക്കുന്നു. പാറേമേക്കാവ് വിദ്യാ മന്ദിറില്‍ ആര്‍എസ് എസ് ക്യാംപിനിടെ ആയിരുന്നു കൂടിക്കാഴ്ച. 2023 മെയ് മാസത്തിലാണ് ദത്താത്രേയ ഹോസബലയുമായി എഡിജിപി കൂടിക്കാഴ്ച നടത്തിയത്. ആര്‍എസ്എസ് നേതാവിന്റെ കാറിലാണ് എഡിജിപി എത്തിയതെന്നും സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ടില്‍ പറയുന്നു. പൂരം കലക്കാനായിരുന്നു കൂടിക്കാഴ്ച എന്നായിരുന്നു പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ ആരോപണം. അജിത് കുമാറിനെ മാറ്റേണ്ടതില്ലെന്നതാണ് സിപിഎം നിലപാട്. അതുകൊണ്ട് തന്നെ പ്രതിപക്ഷ ആരോപണത്തില്‍ നടപടി ഉണ്ടാകില്ലെന്നാണ് സൂചന.

ഈ ആരോപണം ഗോവിന്ദന്‍ നിഷേധിച്ചില്ല. പകരം കരുതല്‍ എടുക്കുകയും ചെയ്തു. ഇതിനൊപ്പം ബി.ജെ.പി.യും സി.പി.എമ്മും ധാരണയുണ്ടാക്കിയെന്ന കോണ്‍ഗ്രസിന്റെ ആരോപണം അടിസ്ഥാനരഹിതവും അസംബന്ധവുമാണെന്ന് എം.വി. ഗോവിന്ദന്‍ പറഞ്ഞു. എ.ഡി.ജി.പി. ആര്‍.എസ്.എസ്. നേതാവിനെ കണ്ട് സി.പി.എമ്മിനുവേണ്ടി ധാരണയുണ്ടാക്കിയെന്നാണ് ആരോപണം. സി.പി.എമ്മിനെ ഇല്ലാതാക്കാന്‍ ദേശീയാടിസ്ഥാനത്തില്‍ തീരുമാനിച്ച സംഘടനയാണ് ആര്‍.എസ്.എസ്. 218 പാര്‍ട്ടി പ്രവര്‍ത്തകരെയാണ് ബി.ജെ.പി.യും ആര്‍.എസ്.എസും കൊലപ്പെടുത്തിയത്. സി.പി.എമ്മും ആര്‍.എസ്.എസും തമ്മില്‍ എങ്ങനെയാണെന്ന് ജനങ്ങള്‍ക്ക് അറിയാമെന്നും അദ്ദേഹം പറഞ്ഞു.

എ.ഡി.ജി.പി. ആര്‍.എസ്.എസ്. നേതാവിനെ കണ്ടോ ഇല്ലയോ എന്നത് സി.പി.എമ്മിനെ ബാധിക്കുന്ന കാര്യമല്ല. അതില്‍ പാര്‍ട്ടിക്ക് എന്ത് കാര്യമെന്നും അദ്ദേഹം ചോദിച്ചു. ഇതില്‍ നിന്ന് തന്നെ എല്ലാം ഗോവിന്ദനും മനസ്സിലാക്കിയെന്ന് വേണം വിലയിരുത്താന്‍. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശിക്കും എ.ഡി.ജി.പി. അജിത് കുമാറിനുമെതിരേ പി.വി. അന്‍വര്‍ ഉന്നയിച്ച പരാതികളില്‍ തീര്‍പ്പിലെത്തിയ സി.പി.എമ്മിന് ആര്‍ എസ് എസ് നേതാവുമായുള്ള എഡിജിപിയുടെ കൂടിക്കാഴ്ച വലിയ തലവേദനയായി തുടരും. ആരോപണങ്ങളില്‍ പാര്‍ട്ടി അന്വേഷിക്കേണ്ട ഒന്നുമില്ല. സി.പി.എം. പാര്‍ലമെന്ററി പാര്‍ട്ടി അംഗമായ അന്‍വര്‍ ഇത്തരം കാര്യങ്ങള്‍ പരസ്യമായി പറഞ്ഞത് ശരിയായില്ലെന്നാണ് സിപിഎം നിലപാട്.

സര്‍ക്കാര്‍ പ്രഖ്യാപിച്ച അന്വേഷണം ഉചിതവും പര്യാപ്തവുമാണ്. അതില്‍ എല്ലാകാര്യവും ഉള്‍പ്പെടും. ആ അന്വേഷണത്തിന്റെ കണ്ടെത്തലില്‍ പാര്‍ട്ടി പരിശോധിക്കേണ്ടതുണ്ടെങ്കില്‍ അപ്പോള്‍ നോക്കാം. പൊളിറ്റിക്കല്‍ സെക്രട്ടറി എന്ന നിലയില്‍ പി. ശശിക്ക് ഉത്തരവാദിത്വം നിറവേറ്റുന്നതില്‍ ഒരുവീഴ്ചയും സംഭവിച്ചിട്ടില്ല. ഇതാണ് സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റിന്റെ തീരുമാനവും വിലയിരുത്തലും. ശശിയെക്കുറിച്ച് ടി.വി.യില്‍ പറഞ്ഞ കാര്യമല്ലാതെ ഒരു പരാതിയും പാര്‍ട്ടിക്ക് രേഖാമൂലം കിട്ടിയിട്ടില്ലെന്ന് എം.വി. ഗോവിന്ദന്‍ പറഞ്ഞു. അതുകൊണ്ടുതന്നെ ശശിയെക്കുറിച്ചുള്ള ഒരു പരിശോധനയും പാര്‍ട്ടി നടത്തേണ്ടതില്ല. അന്‍വറല്ല, ആരായാലും പരാതി നല്‍കിയാല്‍ പാര്‍ട്ടി പരിശോധനയുണ്ടാകും. അന്‍വര്‍ പാര്‍ട്ടി അംഗമല്ലാത്തതിനാല്‍ സംഘടനാകാര്യങ്ങള്‍ പഠിപ്പിക്കാനാകില്ലല്ലോയെന്നും ഗോവിന്ദന്‍ പറഞ്ഞു.

''പി.വി. അന്‍വര്‍ ഉന്നയിച്ചിട്ടുള്ള പരാതികള്‍ ഭരണതലത്തിലുള്ള പ്രശ്‌നങ്ങളാണ്. ഭരണതലത്തിലാണ് അതിനുള്ള പരിശോധന വേണ്ടത്. അതിനുശേഷിയുള്ള സംഘത്തെയാണ് അന്വേഷണത്തിന് സര്‍ക്കാര്‍ നിയോഗിച്ചിട്ടുള്ളത്. ഡി.ജി.പി. അല്ലാതെ പുറത്തുനിന്ന് ആളെ കൊണ്ടുവന്ന് അന്വേഷിക്കാനാകുമോ''- എം.വി. ഗോവിന്ദന്‍ ചോദിച്ചു. ആര്‍ എസ് എസ് നേതാവുമായുള്ള എഡിജിപിയുടെ കൂടിക്കാഴ്ചയിലും പോലീസ് മേധാവി തീരുമാനം എടുക്കട്ടേ എന്നതാണ് സിപിഎം പക്ഷം. ആര്‍ എസ് എസ് നേതാവിനെ സ്വകാര്യമായി കണ്ടുവെന്ന് എഡിജിപി സമ്മതിക്കുമ്പോള്‍ അതില്‍ ഭരണപരമായ അച്ചടക്ക ലംഘനം ആയി കാണാനും കഴിയില്ല.