പാലക്കാട് ജില്ലയിലെ മുതിര്‍ന്ന നേതാവും മുന്‍ എംഎല്‍എയുമായ പികെ ശശിയ്ക്ക് കെടിഡിസി ചെയര്‍മാന്‍ പദവി നഷ്ടമാകും. പദവി രാജിവയ്ക്കാന്‍ ശശിയ്ക്ക് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ അന്ത്യശാസനം നല്‍കി. രാജിവച്ചില്ലെങ്കില്‍ ശശിയെ പുറത്താക്കും. ശശിക്കെതിരെ അതിശക്തമായ നിലപാടാണ് ഗോവിന്ദന്റേത്. മുഖ്യമന്ത്രി പിണറായി വിജയന്റെ പാലക്കാട്ടെ പ്രധാന വിശ്വസ്തനായിരുന്നു ശശി. ശശിക്കെതിരേ സിപിഎമ്മില്‍ അച്ചടക്ക നടപടി വന്നിരുന്നു. പാര്‍ട്ടിയുടെ തിരഞ്ഞെടുക്കപ്പെട്ട എല്ലാ സ്ഥാനങ്ങളില്‍ നിന്നും പി.കെ ശശിയെ നീക്കി. ഞായറാഴ്ച സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ സാന്നിധ്യത്തില്‍ ചേര്‍ന്ന പാര്‍ട്ടി ജില്ലാ സെക്രട്ടേറിയേറ്റ് യോഗത്തിലാണ് തീരുമാനമുണ്ടായത്.

ജില്ലാനേതൃത്വത്തിന്റെ ഈ തീരുമാനം സംസ്ഥാനകമ്മിറ്റി അംഗീകരിക്കുന്നതോടെ നടപടി നിലവില്‍ വരും. ഈ സാഹചര്യത്തിലാണ് കെടിഡിസിയുടെ ചുമതലയില്‍ നിന്ന് കൂടി ശശിയെ മാറ്റുന്നത്. ഇത് മൂന്നാം തവണയാണ് പി.കെ. ശശിക്കെതിരേ പാര്‍ട്ടിനടപടി വരുന്നത്. മണ്ണാര്‍ക്കാട് ഏരിയ കമ്മിറ്റി ഓഫീസ് നിര്‍മാണ ഫണ്ടില്‍ തിരിമറി നടത്തിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് പാര്‍ട്ടി നടപടി. വിഭാഗീയപ്രശ്നങ്ങളെത്തുടര്‍ന്ന് യു.ടി. രാമകൃഷ്ണന്‍ സെക്രട്ടറിയായ മണ്ണാര്‍ക്കാട് ഏരിയാകമ്മിറ്റി പിരിച്ചുവിടാനും തീരുമാനിച്ചിട്ടുണ്ട്. പി.കെ ശശി അധ്യക്ഷനായ യൂണിവേഴ്‌സല്‍ കോളേജ് നിയമനത്തിലും ക്രമക്കേട് കണ്ടെത്തിയിട്ടുണ്ട്.

സിഐടിയു ജില്ലാ പ്രസിഡന്റും പാര്‍ട്ടി ജില്ലാ കമ്മിറ്റി അംഗവുമായിരുന്നു പി.കെ ശശി. ഈ പദവികള്‍ അടുത്ത സംസ്ഥാന കമ്മറ്റിയോടെ നഷ്ടമാകും. തരംതാഴ്ത്തല്‍ നടപടിയും ഉണ്ടാകും. പുത്തലത്ത് ദിനേശന്റെ നേതൃത്വത്തിലുള്ള സമിതിയാണ് ഈ വിഷയത്തില്‍ അന്വേഷണം നടത്തിയത്. അന്വേഷണ റിപ്പോര്‍ട്ട് എം.വി ഗോവിന്ദന്റെ നേതൃത്വത്തില്‍ ജില്ലാ സെക്രട്ടേറിയേറ്റ് യോഗത്തില്‍ ചര്‍ച്ച ചെയ്തിരുന്നു. തുടര്‍ന്നായിരുന്നു നടപടി. കെടിഡിസി പദവിയിലും തുടരാന്‍ ശശിയ്ക്ക് അര്‍ഹതയില്ലെന്നാണ് ഗോവിന്ദന്റെ പക്ഷം.

സി.പി.എം. ജില്ലാസെക്രട്ടേറിയറ്റ് അംഗം ടി.എം. ശശിക്ക് ഏരിയാകമ്മിറ്റിയുടെ താത്കാലികചുമതല നല്‍കിയിട്ടുണ്ട്. ഞായറാഴ്ച ചേര്‍ന്ന യോഗത്തിലെ തീരുമാനങ്ങള്‍ ഐകകണ്ഠ്യേന ആയിരുന്നുവെന്നാണ് സൂചന. സമ്മേളനക്കാലത്തേക്ക് കടക്കാനിരിക്കെ ഉണ്ടായ ശക്തമായ ഈ നടപടി കടുത്ത നിലപാടുകളുണ്ടാവുമെന്ന സൂചനയാണ് നല്‍കുന്നത്. ജില്ലാസെക്രട്ടറി ഇ.എന്‍. സുരേഷ് ബാബുവിന് കൂടുതല്‍ കരുത്തു നല്‍കുന്നതാണ് തീരുമാനങ്ങള്‍. ഇത് പാലക്കാട് ഇനി നടക്കുന്ന സമ്മേളനങ്ങളിലും നിര്‍ണ്ണായകമാകും. ശശിയെ എല്ലാ അര്‍ത്ഥത്തിലും ഒതുക്കുകയാണ് ഗോവിന്ദന്‍.

സഹകരണസ്ഥാപനങ്ങളുടെ നടത്തിപ്പിനെക്കുറിച്ച് പാര്‍ട്ടിനിര്‍ദേശം ലംഘിക്കുന്ന പ്രവര്‍ത്തനങ്ങളുണ്ടായെന്നും മണ്ണാര്‍ക്കാട്ടെ പാര്‍ട്ടിനിയന്ത്രണത്തിലുള്ള സഹകരണ കോളേജിന്റെ പ്രവര്‍ത്തനങ്ങളിലും ഇതിലേക്ക് പാര്‍ട്ടി നിയന്ത്രണത്തിലുള്ള സഹകരണസ്ഥാപനങ്ങളില്‍നിന്ന് ഫണ്ട് സ്വീകരിച്ചതിലും ക്രമക്കേടുണ്ടായെന്നുമുള്ള ആരോപണങ്ങളാണ് ശശിക്കെതിരേ ഉയര്‍ന്നത്. ഇതിനായി വി. ചെന്താമരാക്ഷന്റെ നേതൃത്വത്തിലുള്ള കമ്മിറ്റി തെളിവെടുപ്പു നടത്തിയിരുന്നു.

സംസ്ഥാനസെക്രട്ടേറിയറ്റ് അംഗങ്ങളായ പുത്തലത്ത് ദിനേശന്‍, ആനാവൂര്‍ നാഗപ്പന്‍ എന്നിവരടങ്ങുന്ന സമിതിയുടെ റിപ്പോര്‍ട്ടും പരിഗണിച്ചാണ് നടപടിയെന്നാണ് സൂചന. വി.കെ. ചന്ദ്രനെ ജില്ലാസെക്രട്ടേറിയറ്റിലേക്കും ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.കെ. ചാമുണ്ണിയെ ജില്ലാ കമ്മിറ്റിയിലേക്കും തിരിച്ചെടുക്കാനും തീരുമാനമായി. ഇതും ശശിക്ക് തിരിച്ചടിയാണ്.