തിരുവനന്തപുരം: മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ സംഘടനാ നേതാവ് എ.വി. വിനോദിനെതിരെ വിചിത്ര നടപടിയെടുക്കുമ്പോള്‍ ചര്‍ച്ചയാകുന്നത് പത്തനാപുരത്തെ ലോറി പിടിത്തം. മണ്ണ് മാഫിയയുടെ ഭീഷണിയെ ചെറുത്ത് അമിത ലോഡുകളുമായുള്ള ലോറി പിടിച്ച ഉദ്യോഗസ്ഥനാണ് എവി വിനോദ്.

സാമ്പത്തിക പ്രതിസന്ധിയിലുഴലുന്ന സര്‍ക്കാരിന് ക്വാറി മാഫിയയില്‍ നിന്നും മണല്‍ കടത്തു കാരില്‍ നിന്നും പിഴ എത്തിച്ച ഉദ്യോഗസ്ഥന്‍. പത്തനാപുരത്തെ റെയ്ഡുകളെ മന്ത്രി കെബി ഗണേഷ് കുമാറിന് അംഗീകരിക്കാന്‍ കഴിഞ്ഞിരുന്നില്ല. ഇത് തന്നെയാണ് വിനോദിന്റെ സ്ഥലം മാറ്റത്തിന് കാരണമെന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍. കേരളത്തില്‍ ഇന്നോളം ഇറങ്ങാത്ത വിധമാണ് സ്ഥലം മാറ്റ ഉത്തരവ്.

പൊതുജന താല്‍പര്യ പ്രകാരം സ്ഥലം മാറ്റുന്നതായാണ് ഉത്തരവ്. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഫീല്‍ഡ് ഡ്യൂട്ടിയിലോ ജനങ്ങളുമായി സമ്പര്‍ക്കം വരുന്ന ഡ്യൂട്ടിയിലോ നിയോഗിക്കാന്‍ പാടില്ലെന്നും ഉത്തരവില്‍ പറയുന്നു. ഈ അടുത്ത ദിവസങ്ങളില്‍ കൊല്ലം ജില്ലയില്‍ ടിപ്പറുകള്‍ക്കെതിരെ താന്‍ നടപടി എടുത്തിരുന്നുവെന്നും ഇതാണോ വിചിത്ര ഉത്തരവിന് കാരണമെന്ന് അറിയില്ലെന്നും വിനോദ് പറഞ്ഞു.

കൊല്ലത്ത് ജോലി ചെയ്യുന്ന വിനോദിനെ ഇടുക്കി കണ്‍ട്രോള്‍ റൂമിലേക്ക് ആണ് മാറ്റിയത്. എന്ത് പരാതിയുടെ അടിസ്ഥാനത്തിലാണ് ഇതെന്ന് ആര്‍ക്കും അറിയില്ല. സംഘടനാ നേതാവായ വിനോദിനെതിരെ അഴിമതി ആരോപണങ്ങളും ഉയര്‍ന്നിട്ടില്ല. വിജിലന്‍സിന്റെ നോട്ടപ്പുള്ളിയുമല്ല. എന്നിട്ടും സ്ഥലം മാറ്റിയത് വിചിത്ര ന്യായത്തിലാണെന്നതാണ് വസ്തുത. ഇ ചെല്ലാന്‍ അപ്രൂവ് ചെയ്യാനുള്ള മഹത്തരമായ ജോലിയാണ് വിനോദിന് നല്‍കുന്നത്.

തനിക്കെതിരെ യാതൊരു അന്വേഷണവും നടക്കുന്നില്ലെന്നും തന്റെ ട്രാക്ക് റെക്കോഡ് മികച്ചതാണെന്നും വിനോദ് പറഞ്ഞു. ഈ അടുത്ത ദിവസങ്ങളില്‍ കൊല്ലം ജില്ലയില്‍ ടിപ്പറുകള്‍ക്കെതിരെ താന്‍ നടപടി എടുത്തിരുന്നുവെന്നും ഇതാണോ സ്ഥലം മാറ്റാന്‍ കാരണമെന്ന് അറിയില്ലെന്നും വിനോദ് വ്യക്തമാക്കി. പല ക്വാറി മാഫിയകളും വിനോദിനെതിരെ നിലപാട് എടുത്തിരുന്നു.


കാണിച്ചു തരുമെന്ന് മണല്‍ മാഫിയയും മുന്നറിയിപ്പ് നല്‍കി. ഇതിന്റെ പ്രതിഫലനമായി സ്ഥലം മാറ്റത്തെ വിശദീകരിക്കുന്നവരുമുണ്ട്. മന്ത്രി കെബി ഗണേഷ് കുമാറുമായി ഒരിക്കലും നല്ല ബന്ധത്തിലായിരുന്നി വിനോദ്. ഇതും നടപടിയെ സ്വാധീനിച്ചുവെന്നാണ് സൂചനകള്‍.